Saturday, July 31, 2010

മേപ്പാടി ദിനങ്ങള്‍

(ഫോട്ടോ : ഫിജിന്‍ ജേക്കബ്‌)
(വയനാട്‌ സ്‌മരണകള്‍ തുടരുന്നു....)

ടമുറിയാതെ പെയ്യുന്ന ഒരു ഞാറ്റുവേലക്കാലത്താണ്‌ ഗോകുലേട്ടനും ഗീതേച്ചിക്കുമൊപ്പം മേപ്പാടിയിലെത്തുന്നത്‌. രാവിലെ കുന്നംകുളത്തുനിന്ന്‌ വെളുപ്പിന്‌ പുറപ്പെടുമ്പോഴെ കനത്ത മഴയുണ്ട്‌. കുറ്റിപ്പുറം പാലത്തിനു കീഴെ നിള കലങ്ങി മറഞ്ഞ്‌ നിറഞ്ഞൊഴുകുന്നു. ഉച്ചഭക്ഷണം വിശപ്പുതുടങ്ങുന്നതിനും മുന്‍പായി കോഴിക്കോട്ടെ ഗോകുലിന്റെ വീട്ടില്‍ നിന്ന്‌. കല്ലുമ്മക്കായുടെ രുചിയറിയുന്നതും അന്നാണ്‌. മലബാറിന്റെ തനത്‌ വിഭവങ്ങളൊക്കെ തികഞ്ഞ കൈപുണ്യത്തോടെ തയ്യാറാക്കി എടുക്കുമായിരുന്നു ആ അമ്മ.

ലക്കിടി-കല്‍പ്പറ്റ റൂട്ടില്‍ വൈത്തിരി നിന്ന്‌ ഉള്ളിലേക്ക്‌ മാറിയാണ്‌ മേപ്പാടിയിലെ റിപ്പണ്‍ ടീ എസ്‌റ്റേറ്റ്‌. സ്ഥാപകനായ സായിപ്പിനെ ഓര്‍മ്മപ്പെടുത്തുന്നതാകണം ആ പേര്‌. അന്ന്‌ ഒരു ബംഗാളി ഗ്രൂപ്പിന്റെ അധീനതയിലായിരുന്നു കമ്പനി. ഗോകുലവിടെ എസ്റ്റേറ്റ്‌ ഡോക്ടറായി ജോലിചെയ്യുന്നു. ഉപരിപഠനസാധ്യതകളും സ്വകാര്യപ്രാക്ടീസുമൊക്കെ വേണ്ടെന്ന്‌ വെച്ച്‌, കോഴിക്കോട്ടങ്ങാടിയുടെ ബഹളങ്ങളോടും രാഷ്ടീയ പ്രവര്‍ത്തനത്തിലുള്ള താല്‍പര്യത്തോടും വിട പറഞ്ഞ്‌, വായനയും ഉറക്കവുമൊക്കെയായി അങ്ങിനെ.


തേയിലത്തോട്ടങ്ങളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍ക്കിടയിലുള്ള മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ്‌ പഴയ കൊളോണിയല്‍ ശൈലിയിലുള്ള ബംഗ്ലാവ്‌. കരിങ്കല്ലുകൊണ്ടുള്ള ചുമരുകള്‍. വെളുത്ത ചായം തേച്ച മരത്തിന്റെ ചട്ടകുടോടുകൂടിയ ചില്ലുജാലകങ്ങളും വാതിലുകളും. വീടിനുള്ളില്‍ തന്നെ തീകായാനുള്ള നെരിപ്പോട്‌. വൈവിധ്യാമാര്‍ന്ന പനിനീര്‍ പുഷ്‌പങ്ങളും മറ്റ്‌ ചെടികളും നിറഞ്ഞ വര്‍ണ്ണാഭമായ പൂന്തോട്ടം സുതാര്യമായ ജനല്‍ കര്‍ട്ടനുകള്‍ അതിനുമപ്പുറം കട്ടികര്‍ട്ടന്‍ കൊണ്ടുള്ള മറ്റൊരാവരണം. മുറ്റം അവസാനിക്കുന്നിടത്തുനിന്ന്‌ ചെറിയൊരു താഴ്‌വാരം. സില്‍വര്‍ ഓക്ക്‌ മരങ്ങള്‍, തേയില തോട്ടങ്ങള്‍ അങ്ങകലെ വെറൊരു കുന്നത്ത്‌ അതുപോലെയുള്ള മറ്റൊരു ബംഗ്ലാവ്‌. പഴയബ്രിട്ടീഷ്‌ മാടമ്പിവാഴ്‌ച്ചക്കാലത്തെ ആചാരപരമായ ചില ശേഷിപ്പുകള്‍ അന്നും ചെറിയതോതിലെങ്കിലും നില നിന്നിരുന്നു ഈ എസ്‌റ്റേറ്റുകളില്‍.

ജനറല്‍ മാനേജര്‍ക്കും മാനേജര്‍മാര്‍ക്കുമുള്ളതാണ്‌ മറ്റ്‌ ബംഗ്ലാവുകള്‍. നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള അവയോരൊന്നും തികഞ്ഞ സൗന്ദര്യരാധകരമായ വാസ്‌തുശില്‌പികളാല്‍ സ്ഥാനം നിര്‍ണ്ണിയിപ്പിച്ച്‌ പണിതീര്‍ത്തവയാവണം. കട്ടിയുള്ള ജനല്‍ കര്‍ട്ടനുകള്‍ മാറ്റി കിടക്കിയിലിരുന്നാല്‍ സുതാര്യമായ ചില്ലുജാലകങ്ങള്‍ക്കപ്പുറം കാറ്റിനും മഴയ്‌ക്കും മഞ്ഞിനും നിലാവിനുമൊക്കെ അനുസരിച്ച്‌ രൂപം മാറിവരുന്ന മറ്റൊരു ലോകം കാണം. ആ അവധി ദിവസങ്ങളില്‍ അവിടെ ഇരുന്നാണ്‌ ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ വായിക്കുന്നത്‌. ഒരു മായാലോകത്തുനിന്ന്‌ മറ്റൊന്നിലേക്ക്‌.

ഗീതേച്ചിക്കും ഗോകുലേട്ടനും പുറമെ അന്നവിടെ ഉണ്ടായിരുന്നത്‌ ഗോകുലിന്റെ മുത്തശ്ചിയാണ്‌. ചിട്ടയായ ജീവിതശൈലി കൊണ്ടാവണം പ്രായം അതിനനുസരിച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നില്ല അവരെ. അടുക്കളയുടെ മേല്‍നോട്ടവും വീടിന്റെ വൃത്തിയും പരിപാലനവുമൊക്കെ അവരുടെ മേല്‍നോട്ടത്തിലായിരുന്നു. അടുക്കളജോലിക്ക്‌ ഒരാളുണ്ട്‌, തോട്ടത്തിലെ ജോലികള്‍ക്ക്‌ മറ്റൊരാള്‍, വീടുകാവലിന്‌ വേറൊരാള്‍. പഴയ ബ്രിട്ടീഷ്‌ വാഴ്‌ച്ചയുടെ കാലം തോട്ടങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായി മാഞ്ഞുപോയിരുന്നില്ല അന്നും. പഴയ ശൈലിയിലുള്ള പാര്‍ട്ടികളും നൃത്ത വിരുന്നുകളും അവിടെ തുടര്‍ന്നുപോന്നു. കീഴ്‌ ജീവനക്കാരില്‍ നിന്ന്‌ അകലം പാലിച്ചു. വെറുപ്പുള്ളവാക്കുന്ന അച്ചടക്കവും കുലീനത്വവും തുടര്‍ന്നു പോന്നു. ജീവിതശൈലികളിലും പെരുമാറ്റത്തിലും ആചാരമര്യാദകളിലും പഴയകാലത്തെ അനുകരിക്കാന്‍ ശ്രമിച്ചു.

അതിലൊന്നും ഇടപെടാതെ പുസ്‌തകങ്ങളും രോഗികളുമായി ഒരു ഡോക്ടറെന്ന നിലയില്‍ മാത്രം ഒതുങ്ങി ജീവിച്ചുപോന്നു ഗോകുലന്ന്‌. ചില കാലങ്ങളിലൊഴിച്ചാല്‍ വലിയ ജോലിയൊന്നുമില്ല പിന്നെ പരിചയസമ്പന്നരായ സഹായികള്‍. തോട്ടം തൊഴിലാളികള്‍ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു അന്നദ്ദേഹം. ജനതാപാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചുപോന്ന ഒരു കാലത്തുനിന്നാണ്‌ ഗോകുല്‍ വരുന്നത്‌. അരങ്ങില്‍ ശ്രീധരനും നാണുവും പോലുള്ള സോഷ്യലിസ്‌റ്റുകളുടെ ഉറച്ച അനുയായിയായിരുന്ന ഒരു ഭൂതകാലം വിട്ട്‌.

മലബാര്‍ ക്രിസ്‌റ്റിയന്‍ കോളേജിലും കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും കൊണ്ടു നടന്നു ഗോകുല്‍. ഒടുവില്‍ ഗ്രൂപ്പ്‌ കളികളില്‍ ഇഷ്ടനേതാക്കള്‍ പുറംതള്ളപ്പെടുന്നതുകണ്ട്‌ ആ രംഗം വിട്ടു. രാഷ്ടീയ പ്രവര്‍ത്തനകാലത്തെ ജനകീയ ബന്ധം തന്റെ ജോലിയിലും ഗോകുലിനെ സഹായിച്ചു പോന്നു. രോഗികളുടെ പശ്ചാത്തലവും ജീവിതവും മനസ്സിലാക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും അയാള്‍ക്കായി. ഔപചാരിക സൗഹൃദങ്ങള്‍ക്കപ്പുറം തോട്ടത്തിലെ മറ്റ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദവും ഗോകുലിനുണ്ടായിരുന്നതായി തോന്നിയില്ല.

രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞാല്‍ പിന്നെ മുന്‍വരാന്തയിലിരുന്ന്‌ പത്രം വായനയാണ്‌. മഴയില്ലെങ്കില്‍ കോടയുണ്ടാകും. വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകിവരും. കണ്‍മുന്നിലെ തേയിലത്തോട്ടങ്ങള്‍ നോക്കിയിരിക്കെ കാഴ്‌ച്ചയില്‍ നിന്നും മറയും. മുറ്റത്തെ അതിര്‍ത്തിയിലെ പൂമരമാകും പിന്നെ കാണാതാകുക. പിന്നെ പുല്‍തകിടിയിലെ ഇരുമ്പൂഞ്ഞാല്‍, പിന്നെ നമ്മളും അതിനുള്ളിലാകും. രാവിലത്തെ ഭക്ഷണവും ഉച്ചക്കുള്ള പാചകവും തീര്‍ന്ന്‌ മുത്തശ്ശിയും ഗീതേച്ചിയും ഉറക്കറകളിലേക്ക്‌ പിന്‍വാങ്ങിയിരിക്കും. മുത്തശ്ശി ഉച്ചയ്‌ക്ക്‌ മുന്‍പായി ഉറങ്ങാറില്ല. എന്തെങ്കിലുമൊക്കെ നെയ്‌തുകൊണ്ടിരിക്കും അല്ലെങ്കില്‍ വായിക്കും. ഗോകുലിന്‌ ചെറുതല്ലാത്ത വൈവിധ്യമാര്‍ന്ന ഒരു പുസ്‌തകശേഖരം സ്വന്തമായുണ്ടായിരുന്നു. ദല്‍ഹി ദൂരദര്‍ശന്റെ കൃഷിദര്‍ശനില്‍ തുടങ്ങുന്ന ഹിന്ദിപരിപാടികള്‍ക്കപ്പുറം ടെലിവിഷന്‍ അന്ന്‌ ശൂന്യമാണ്‌ അതാകട്ടെ തോട്ടത്തില്‍ കിട്ടിയിരുന്നുമില്ല.

വടക്കേ മലബാറിലെ ബ്രിട്ടീഷ്‌ സിലബസ്സിലുള്ള മിഷനറി സ്‌ക്കൂളിലാണ്‌ മുത്തശ്ശി പഠിച്ച്‌ വളര്‍ന്നത്‌. വര്‍ഷങ്ങള്‍ക്കപ്പുറം  താനംഗമായിരുന്ന വനിത ക്രിക്കറ്റ്‌ ടീമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ പങ്കുവെക്കുമായിരുന്നു. തികഞ്ഞ ആഡ്യത്ത്വത്തോടൊപ്പം പഴയൊരു മലബാറുകാരിയുടെ ഗ്രാമീണമായ ലാളിത്യവും അവരുടെ ഓരോ ചലനങ്ങളിലുമുണ്ടായിരുന്നു. ദൃഡതയാര്‍ന്ന വ്യക്തിത്വത്തില്‍ സ്‌നേഹവും അച്ചടക്കവും സര്‍വ്വചരാചരങ്ങളോടുമുള്ള കരുണയും ഒരേ സമയം നിറഞ്ഞുനിന്നു. ആ കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട്‌ അവരെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി.

സായാഹനങ്ങള്‍ യാത്രകളുടെതായിരുന്നു. വെട്ടിനിറുത്തിയ കുറ്റിച്ചെടികള്‍ അതിരിടുന്ന തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടയുള്ള റോഡിലൂടെ ഏറെ ദൂരം നടക്കും ചിലപ്പോള്‍ മഴയുണ്ടാകും അല്ലെങ്കില്‍ മഞ്ഞ്‌. വേഗത്തില്‍ നടക്കാനാകില്ല അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവുമൂലം ശ്വാസം മുട്ടലനുഭവപ്പെടും. മഴയില്ലെങ്കില്‍ എസ്‌റ്റേറ്റ്‌ പാടികള്‍ക്കടുത്തുള്ള മൈതാനത്ത്‌ ചെറുപ്പക്കാരുടെ കാല്‍പ്പന്ത്‌ കളിയുണ്ടാകും കുറച്ച്‌ നേരം അത്‌ കണ്ടിരുന്ന്‌ തിരിച്ച്‌ നടക്കും വയനാട്ടിലെ മഴയെ, മഞ്ഞിനെ, കാറ്റിനെ, മണ്ണിനെ, ഗന്ധത്തെ അറിഞ്ഞ്‌ അനുഭവിച്ച്‌ അങ്ങിനെ...
(തുടരും)

Sunday, July 18, 2010

മാനന്തവാടി, തിരുനെല്ലി....



(തുടര്‍ച്ച)

അലസമായ ഒരു സാഹായ്‌നസവാരിക്കൊടുവിലാണ്‌ പഴശ്ശി സ്‌മാരകത്തിലെത്തുന്നത്‌. മാനന്തവാടി അങ്ങാടിയും പരിസരങ്ങളും അത്രയൊന്നും സജീവമായിരുന്നില്ല അന്ന്‌. കണ്ണുകളില്‍ വായിച്ചെടുക്കാനാവാത്ത ഭാവങ്ങളുമായി പുകയില ചവയ്‌ക്കുന്ന ചില ആദിവാസികളുടെ മുഖങ്ങള്‍ നേരിയ ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്‌. സുഖകരമായ തണുപ്പുണ്ടായിരുന്നു അന്തരീക്ഷത്തിന്‌. സന്ദര്‍ശകരുടെ ഒന്നോ രണ്ടോ കുടുംബങ്ങളൊഴിച്ചാല്‍ വിജന്നമായിരുന്നു സ്‌മാരക പരിസരം. പരമേശ്വരന്‍ മാഷുടെ ക്ലാസുകളിലൂടെ പഴശ്ശിയുടെ വയനാട്‌ മനസ്സിലുണ്ടായിരുന്നു. തന്റെ വിഷയം മലയാളമായിരുന്നിട്ടും എരുമപ്പെട്ടി സ്‌ക്കൂളിലെ 9 ബി. യിലെ ക്ലാസധ്യാപകനായ മാഷ്‌ കുട്ടികളെ പലപ്പോഴും ചരിത്രത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി. പഴശ്ശിയുടെ പഴയ വയനാടിനെക്കുറിച്ചും ഭൂരഹിതരായ ആദിവാസികളെക്കുറിച്ചും അവിവാഹിതരായ ആദിവാസി അമ്മമാര്‍ പെരുകിവരുന്ന പുതിയ വയനാടിനെക്കുറിച്ചും ഞങ്ങള്‍ക്ക്‌ പറഞ്ഞുതന്നതും മാഷാണ്‌.

















ഫോട്ടോ: സതീഷ്‌


വയനാട്‌ ജില്ലാആശുപത്രിയോട്‌ ചേര്‍ന്നാണ്‌ പഴശ്ശിസ്‌മാരകം. ഉയര്‍ന്ന ആ കുന്നിന്‍പുറത്ത്‌ നിന്ന്‌ ദൂരക്കാഴ്‌ച്ചകള്‍ ദ്യശ്യമായിരുന്നു. വൈകീട്ടത്തെ റൗണ്ടസ്‌ കഴിഞ്ഞ്‌ വരാമെന്നേറ്റിരുന്ന ദാസേട്ടനെകാത്ത്‌ ഞങ്ങള്‍ പുല്ലിലിരുന്നു. പഴശ്ശിയെക്കുറിച്ചുള്ള ചില അറിവുകള്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു പാപ്പന്‍. വല്യമ്മയും ചേച്ചിമാരും അപ്പോഴും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി അവരുടെ ലോകത്തായിരുന്നു.


ആകാശത്ത്‌ മഴയ്‌ക്കുള്ള ചില മുന്നൊരുക്കങ്ങള്‍. ദാസേട്ടനെ കാക്കാതെ ഞങ്ങള്‍ ഓട്ടോറിക്ഷ പിടിച്ച്‌ മടങ്ങി. വീടെത്തുംമുന്‍പ്‌ കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴയെത്തി. കറന്റും പോയിരിയ്‌ക്കുന്നു.

.................................................................................




രാവിലത്തെ പൂജകളൊക്കെ കഴിഞ്ഞ്‌ നടയടച്ച സമയത്താണ്‌ തെങ്കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയിലെത്തുന്നത്‌. ക്ഷേത്രവും പരിസരവും വലിയ ആളനക്കങ്ങളില്ലാതെ കിടന്നു. തെളിഞ്ഞ അന്തരീക്ഷം. ഇളം ചൂടിന്‌ വല്ലാത്തൊരു സുഖവും പ്രസന്നതയും. കല്ലുപാകിയ പ്രദക്ഷിണ വഴികള്‍ പിന്നിടുമ്പോള്‍ കാണുന്ന ബ്രഹ്മഗിരിയുടെ ചേതോഹരമായ കാഴ്‌ച്ച. മലമുകളില്‍ ക്ഷേത്രത്തിലേയ്‌ക്ക്‌ കൊടും വേനലിലും വെള്ളമെത്തിക്കുന്ന കല്‍പ്പാത്തി. പക്ഷെ പാപനാശിനിയോളം തെളിമകിട്ടുന്നില്ല മറ്റ്‌ ചിത്രങ്ങള്‍ക്കൊന്നും.


പ്രകൃതിക്കപ്പുറം ഉപാസിക്കേണ്ട മറ്റൊരു ശക്തിയില്ല പ്രപഞ്ചത്തില്‍ എന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നു ഈ കാട്ടരുവി. വിശ്വാസത്തിനോട്‌ മതത്തിനോട്‌ ചെറിയൊരു പരിഭവം, നിഷേധം അന്നുമുണ്ട്‌. അതുകൊണ്ടുതന്നെ ചെയ്‌ത പാപങ്ങളെല്ലാം കഴുകികളയാനായി ആചാരപരമായ ഒരു കുളി വേണ്ടെന്ന്‌ മുന്നേ മനസ്സിലുറപ്പിച്ചിരുന്നു. തെളിഞ്ഞ ആ ജലപ്രവാഹത്തില്‍ കണ്ണുടക്കിയപ്പോഴെ മുന്‍തീരുമാനം മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി. പാപ്പനോടൊപ്പം ജലശയ്യയിലേയ്‌ക്ക്‌. മൂകാംബികയായാലും തിരുനെല്ലിയായാലും ശബരിമലയായാലും പ്രകൃതിയുടെ ഏറ്റവും അനുഗ്രഹീതമായ ഇടങ്ങളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മനസ്സിനെ ഏകാഗ്രമാക്കാനും ശരീരത്തെ ആയാസരഹിതവും ഭാരരഹിതവുമാക്കാനും അങ്ങിനെ പരുവപ്പെടുന്ന മനുഷ്യനെ ദൈവ സങ്കല്‍പ്പത്തിലേക്കെത്തിക്കാനുമായിരിക്കണം ഈ ഇടങ്ങള്‍ തന്നെ പൂര്‍വ്വികര്‍ കണ്ടെത്തിയത്‌. അവിടങ്ങളിലെ ആരാധനകളായിരിക്കണം സൗഖ്യത്തിലേയ്‌ക്കും സമാധാനത്തിലേയ്‌ക്കും അവനെ കൊണ്ടുചെന്നെത്തിച്ചിരുന്നതും.


ഭാരങ്ങളേതുമില്ലാതെയാണ്‌ ആ ചെറിയ കാട്ടരുവിയില്‍ ഞാന്‍ കിടന്നത്‌. വിട്ടുപോരാന്‍ തോന്നാത്തത്ര അടുപ്പം നിമിഷ നേരം കൊണ്ട്‌ ആ ജല സ്‌പര്‍ശം നമ്മളിലുണ്ടാക്കുന്നു. പ്രകൃതി സങ്കല്‍പ്പം മാതൃസങ്കല്‍പ്പമായി മാറുന്നത്‌ ഈയൊരു വാത്സല്യം കൊണ്ടുതന്നെയാവണം. 14 വര്‍ഷത്തിനിടയില്‍ ചെയ്‌ത പാപങ്ങള്‍ കണക്കുകൂട്ടി നോക്കി അന്ന്‌, അത്രയ്‌ക്കൊന്നുമില്ല. ചിലത്‌ പാപങ്ങളാണോ അല്ലയോ എന്ന സംശയവും ഉണ്ടായി. പാപങ്ങള്‍ ഒഴുക്കികളയുക അല്ലെങ്കില്‍ പ്രകൃതി തന്നിലേക്കാവാഹിക്കുക. പക്ഷെ പാപങ്ങളുടെയും മാലിന്യങ്ങളുടെയും അളവുകളേറുമ്പോഴാകും പ്രശ്‌നം. ഗംഗയെപ്പോലെ, പമ്പയെപ്പോലെ.. വല്യമ്മയുടെ വിളിവന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മടക്കയാത്രയില്‍ കാട്ടിക്കുളത്ത്‌ ഒരിടത്ത്‌ കയറാനുണ്ട്‌. ദാസേട്ടന്റെ ഒരു ബന്ധുവീട്ടില്‍.


വയനാടിന്റെ യഥാതഥമായ ഒരു ചിത്രം ഒരു പക്ഷേ തിരുനെല്ലിയാത്രയിലാകും ലഭിക്കുക. വനസ്ഥലികള്‍, മുളങ്കാടുകള്‍, ജീരകശാലയും ഗന്ധകശാലയും പോലുള്ള വയനാടിന്റെ തനത്‌ നെല്ലിനങ്ങളും ധാന്യങ്ങളും വളരുന്ന ചതുപ്പുവയലുകള്‍,. കൃഷിയിടങ്ങള്‍ക്കു നടുവിലുള്ള കാവല്‍മാടങ്ങള്‍, മുളയും ഈറ്റയും ഉപയോഗിച്ച്‌ ചട്ടക്കുടുണ്ടാക്കി അതിന്‍മേല്‍ ചെളിതേച്ച്‌ പണിതെടുത്ത പുല്ലുമേഞ്ഞ ആദിവാസികുടികള്‍. പലയിടത്തും കാട്‌ തേക്ക്‌ പ്ലാന്റേഷനുകള്‍ക്ക്‌ വഴിമാറിയിരിക്കുന്നു. കാപ്പിത്തോട്ടങ്ങളില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വന്‍മരങ്ങള്‍ അതിനേല്‍ അടിമുടി പടര്‍ന്നുകയറിയ കുരുമുളകുവള്ളികള്‍......

(ഫോട്ടോ : സതീഷ്‌)


പുല്‍പ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ടായിരുന്നു അച്ഛനില്‍ നിന്ന്‌. അങ്ങിനെയാണ്‌ അജിതയും കുന്നിക്കല്‍ നാരായണനും മന്ദാകിനിയും ഫിലിപ്പ്‌. എം. പ്രസാദും  മനസ്സിലെത്തുന്നത്‌. പുലിക്കോടന്‍ നാരായണനും ലക്ഷണയും ജയറാം പടിക്കലും സുപരിചിതമായ പേരുകളായിരുന്നു അന്ന്‌. തട്ടിന്‍പുറത്തെ പഴയപുസ്‌തക ശേഖരത്തില്‍ വത്സലയുടെ നെല്ല്‌ പ്രസിദ്ധീകരിച്ചുവന്നിരുന്ന മാതൃഭൂമിയുടെ പഴയലക്കങ്ങളുമൂണ്ടായിരുന്നു. ഇടയ്‌ക്കും തലയ്‌ക്കുമായി വായിച്ചതൊഴിച്ചാല്‍ അന്നത്‌ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. വിഷകന്യക വായിച്ചിരുന്നു. പക്ഷെ പെറ്റെക്കാട്‌ തന്ന ചിത്രങ്ങളൊന്നും കണ്ടെത്താനായില്ല ആ വയനാട്‌ യാത്രയില്‍. കെ. പാനൂരിലൂടെ വായിച്ചറിഞ്ഞ ആദിവാസി ജീവിതം ചെറിയൊരു തിരിച്ചറിവായി അന്ന്‌ മനസ്സിലുണ്ട്‌. കെ. ജെ. ബേബിയെ പറ്റി വായിച്ചറിഞ്ഞിരുന്നുവെങ്കിലും നല്ലതമ്പിതേരയെ പറ്റി അന്ന്‌ കേട്ടറിവുപോലുമുണ്ടായിരുന്നില്ല.

(തുടരും)