Saturday, January 4, 2020

തിയയിലെ മഹാശിലാസ്മാരകങ്ങള്‍



എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (3)
---------------------------------------------------------
ഡാഡി മറിയത്തിലെ കല്‍ഗുഹാദേവാലയത്തില്‍ നിന്ന് മടങ്ങും വഴി വിശപ്പിനെക്കുറിച്ച് പരാതിപ്പെട്ടുതുടങ്ങിയിരുന്നു എല്ലാവരും. ആഡിസ് അബാബ-ബുട്ടാചിറ പെരുംപാതയിലേക്ക്‌ തിരികെ പ്രവേശിച്ചശേഷം ആദ്യം കണ്ട കവലയിലെ ഒരു സാധാരണ നാടന്‍ ഭക്ഷണശാലക്ക് മുന്‍പില്‍ അബ്ദു വണ്ടി നിറുത്തി. നാട്ടുകാരുടെ ഒരു ചെറു തീന്‍പുര. സമയം പത്തുമണിയോടടുത്തിരുന്നു ഒട്ടും തിരക്കില്ല. നമ്മുടെ ഹോട്ടലുകള്‍ പോലെ അടച്ചുപൂട്ടിയതല്ല എത്യോപ്യന്‍ ഗ്രാമീണ ഭോജനശാലകള്‍. തണലുള്ള തുറന്ന സ്ഥലത്താണ് ഇരിപ്പുവട്ടങ്ങള്‍. മേല്‍ക്കൂരക്ക് കീഴെയുള്ള ഭക്ഷണശാലകള്‍ക്കാകട്ടെ സാധരണയായി ചുമരുകളുമുണ്ടാകില്ല.

മുന്‍പിലെ മാംസവില്‍പ്പനശാലയില്‍ അന്ന് രാവിലെ വെട്ടിയ കാളയിറച്ചി തൂങ്ങിക്കിടപ്പുണ്ട്. ഇഞ്ചിറയും കാളയിറച്ചി വറുത്തതും ഓര്‍ഡര്‍ ചെയ്തു. മാംസകടയില്‍ നിന്ന് കാളയിറച്ചയുമായി ഒരു സ്ത്രീ ഭക്ഷണശാലക്കുപുറകിലെ കൂരയിലേക്ക് പോകുന്നുണ്ട്. അവിടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രാദേശികമായ മദ്യമുണ്ടോ എന്നന്വേഷിക്കാന്‍ ഡോക്ടര്‍ അബ്ദുവിനോട് പറഞ്ഞു. അബ്ദു ഹോട്ടലുകാര്‍ വഴി അത് ഏര്‍പ്പാടാക്കി. താമസിക്കാതെ ബൈക്കില്‍ ഒരു ചെറിയ കന്നാസ് മദ്യവുമായി ഒരു യുവാവെത്തി. പ്രാദേശികമായി തയ്യാറാക്കുന്ന നാട്ടു മദ്യങ്ങള്‍ ഒട്ടേറേയുണ്ട് എത്യോപ്യയില്‍ വിവിധതരം ധാന്യങ്ങള്‍ പുളിപ്പിച്ചും വാറ്റിയുമൊക്കെ നിര്‍മ്മിക്കുന്ന വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യങ്ങള്‍.

ഇഞ്ചിറ എത്തി. കൂടെ ചട്‌നി പോലെ മുളക് കലക്കിയതും. പച്ച കാളയിറച്ചിയാണ് എത്യോപ്യക്കാരുടെ ഇഷ്ടവിഭവം. അതവര്‍ കഴിക്കുക ഈ ചുവന്ന മുളക് ദ്രാവകത്തില്‍ മുക്കിയാണ്. ഇഞ്ചിറയാണ് എത്യോപ്യയുടെ ദേശീയഭക്ഷണമെന്ന് വേണമെങ്കില്‍ പറയാം തെഫ് ധാന്യം ഉപയോഗിച്ച് ദോശ പോലെ ഉണ്ടാക്കുന്ന ഒന്ന്. ചെറിയെരു പുളിപ്പുണ്ടാകും ഇതിന്. ഇതിന് നിരവധിയായ വകഭേദങ്ങളുണ്ട്. ഇപ്പോള്‍ അരിപ്പൊടികൊണ്ടും ഇഞ്ചിറ ഉണ്ടാക്കാറുണ്ടത്രെ. അസാമാന്യമായ ശാരീരികക്ഷമത നേടിക്കൊടുക്കുന്ന ധാന്യമാണ് തെഫ്. ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ എത്യോപ്യക്കാരെ ലോകജേതാക്കളാക്കുന്നതില്‍ ഈ ധാന്യത്തിന് വലിയ പങ്കുണ്ടെന്നാണ് വിശ്വാസം.

നാഗരികമായ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ തീര്‍ത്തും വൃത്തിരഹിതമെന്ന് തോന്നുന്ന അന്തരീക്ഷം. ആദ്യമായാകണം കുറച്ച് വിനോദസഞ്ചാരികള്‍ അവിടെ കയറുന്നത്. ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കണ്ടം തിന്നണം എന്നാണ് ഡോക്ടറുടെ പക്ഷം. എത്യോപ്യന്‍ ഗ്രാമീണരില്‍ നിന്നും ഒട്ടും അകലം പാലിക്കാത്ത വിവേചനം മനസ്സില്‍ പോലും കൊണ്ടുനടക്കാത്ത ആളാണ് അജിന്‍. എല്ലാവരും മനുഷ്യരാണെന്ന് കരുതുന്ന ആരോടും വലിപ്പചെറുപ്പം കാണിക്കാത്ത ഒരാള്‍. അപരിചിതരെ കണ്ട് അകലത്തോടെ നില്‍ക്കുന്ന ഒരു കൂട്ടത്തിനുള്ളില്‍ പുഞ്ചിരിയും ഫലിതവും കലര്‍ത്തി അവരുടെ ഭാഷയില്‍ സംസാരിച്ച് വളരെപ്പെട്ടെന്ന് അവരിലൊരാളായി മാറും അജിന്‍.

എത്യോപ്യന്‍ മലയാളി സമാജം പ്രസിഡന്റെന്ന നിലയിലും മെഡിക്കല്‍ കോളേജ് അധ്യാപകനെന്ന നിലയിലും സര്‍ക്കാരിന്റെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുകളിലൊരാളെന്ന നിലയിലും വിപുലമായ ബന്ധങ്ങളാണ് എത്യോപ്യയില്‍ ഡോ. അജിനുള്ളത്. താമസിക്കാതെ വറുത്ത കാളയിറച്ചി എത്തി. പച്ച കാളയിറച്ചി ട്രെ ചെയ്യണോ എന്ന് ചോദിച്ചു ഡോക്ടര്‍. പക്ഷെ ആര്‍ക്കും അതിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. തണുത്ത ബിയര്‍ അതിന് മുന്‍പേ തന്നെ എത്തിയിരുന്നു. അബ്ദുവിന് ബിയറിനൊപ്പമല്ലാതെ ഒരു ഭക്ഷണമില്ല. യാത്രകളുടെ ഇടവേളകളിലൊക്കെ അബ്ദുവിന്റെ കൈകളില്‍ ബിയര്‍കുപ്പിയുണ്ടാകും. എത്യോപ്യന്‍ യാത്രയുടെ ചിത്രങ്ങള്‍ കണ്ട സുഹൃത്ത് പ്രദീപ് കണ്ണത്ത് ചോദിച്ചത്. ഇയ്യാളുടെ ശരിരത്തിന്റെ ഒരവയവമാണോ ബിയര്‍കുപ്പി എന്നാണ്.

വിശപ്പടക്കി നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് കുറച്ചുനേരം അങ്ങിനെയിരുന്നു. നാട്ടുമദ്യത്തിന്റെ ചുവയ്ക്ക് മുന്നില്‍ ഞങ്ങള്‍ക്കൊപ്പമുള്ള മദ്യപ്രേമികള്‍ കീഴടങ്ങിയിരുന്നു. ബാക്കിയായ മദ്യം അവിടത്തെ പരിചാരകന് കൈമാറി ഞങ്ങളിറങ്ങി. ഇനി തിയയിലേക്കാണ്. മഹാശിലാസ്മാരകകാലത്തെ സ്മാരക ശിലകള്‍ നിറഞ്ഞ ഒരു പ്രദേശത്തേക്ക്. ഭക്ഷണശാലയില്‍ നിന്നറിങ്ങി 10-20 മിനിറ്റിനുള്ളില്‍ തന്നെ തിയയിലെത്തി. ആഡിസ് അബാബ - ബുട്ടാചിറ പെരുംപാതയില്‍ നിന്ന് കുറച്ച് കിഴക്കുമാറിയാണ് തിയ. അഡാഡി മറിയത്തില്‍ വിശ്വാസികള്‍ കൂടി എത്തുമെങ്കില്‍ തിയയിലെത്തുന്നത് ചരിത്രാന്വേഷികളായ സഞ്ചാരികള്‍ മാത്രമാണ്.

അതിമനോഹരമായ ഒരു നാട്ടിന്‍പുറം. അവിടെ ഒരു കുന്നിന്‍ ചെരുവിലാണ് സ്മാരകമിരിക്കുന്ന കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന സ്ഥലം. അവിടെ നിന്നും നോക്കിയാല്‍ കുന്നില്‍ ചെരുവുകളില്‍ പരന്നുകിടക്കുന്ന വയലുകള്‍ കാണാം. നിലമൊരിക്കുന്ന ചില കര്‍ഷകര്‍ ദൂരക്കാഴ്ച്ചയില്‍ ദൃശ്യമാകുന്നുണ്ട്. കവാടത്തിനരികില്‍ തന്നെയായി ഒരു ചെറിയ കുടില്‍. അവിടെയാണ് സ്മാരകത്തിലെ വഴികാട്ടിയുള്ളത്‌. ചില കരകൗശലവസ്തുക്കളും ഭക്ഷണസാധനങ്ങളുമൊക്കെ വാങ്ങാന്‍ കിട്ടും അവിടെ. ഒരു കാപ്പിക്കട കൂടിയാണിത്. കാപ്പിയുടെ ജന്മദേശമാണല്ലോ എത്യോപ്യ. എത്യോപ്യയിലെത്തിയില്‍ തീര്‍ച്ചയായും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് എത്യോപ്യന്‍ (Coffee ceremony) കോഫി സെറിമണി. സ്മാരകങ്ങളും പ്രദര്‍ശനശാലയും കണ്ട് തിരിച്ചുവരുമെന്നും അപ്പോഴേക്കും കാപ്പി സല്‍ക്കാരത്തിനായി തയ്യാറാകണമെന്നും ഡോക്ടര്‍ അവിടത്തെ പെണ്‍കുട്ടിയോട് ശട്ടം കെട്ടിയിരുന്നു.

പുരാവസ്തുഗവേഷകരുടെ ഇഷ്ടപ്രദേശമാണ് ആഡിസ് അബാബക്ക് തെക്കായി സ്ഥിതി ചെയ്യുന്ന സോഡോമേഖല. ഏകദേശം 160 ഓളം സ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെ പുരാവസ്തുഅവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. അതില്‍ പ്രാധാനപ്പെട്ടതാണ് തിയ. എത്യോപ്യയില്‍ യുനസ്‌കോ അടയാളപ്പെടുത്തിയ 9 ലോകപൈതൃക സ്ഥലത്തില്‍പെട്ട ഒന്നുകൂടിയാണ് ഈ മഹാശിലാസ്മാരകം. 41 ഓളം ശിലാസ്തംഭങ്ങളാണ് ഇവിടെയുള്ളത്‌. രണ്ടടി മുതല്‍ 10 അടി വരെ ഉയരമുള്ളവയാണ് ഈ ശിലാസ്തംഭങ്ങള്‍. ഈ ഫലകങ്ങളിലെ ചിഹ്നങ്ങളും രൂപങ്ങളുമാണ് അവരുടെ വിജയങ്ങളേയും ലിംഗപദവിയേയും വൈവാഹികസ്ഥിതിയെയും സൂചിപ്പിക്കുന്നത്. മഹാശിലാസ്മാരകങ്ങളുടെ കാലം പൊതുവെ ബി.സി.യിലാണെങ്കിലും പഴക്കം കുറഞ്ഞ മഹാശിലാസ്മാരകം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ഇതിന്റെ നിര്‍മ്മാണകാലമായി കണ്ടെത്തിയിരിക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനുമിടയിലാണ്.

കോളേജ് വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയാണ് അവിടത്തെ ഗൈഡ്. ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരു പെണ്‍കുട്ടി. എത്യോപ്യന്‍ പുതുതലമുറയുടെ പ്രതിനിധി. അവള്‍ സ്മാരകങ്ങളുടെ ചരിത്രവും കാലവും അതിനോടനുബന്ധിച്ച കഥകളും പറഞ്ഞു തന്നു. ശത്രുക്കളോടും വന്യമൃഗങ്ങളോടും പോരാടിയ പഴയ ഗോത്രതലവന്‍മാരുമാരുടെയും വീരന്‍മാരുടെയും സ്മാരകങ്ങളാണ് ആ കല്‍സ്തൂഭങ്ങള്‍. അവക്കടിയിലാണ് അവരുടെ ഭൗകിതശരീരം അടക്കം ചെയ്തിരിക്കുന്നത്. ഓരോ ചിത്രശിലയിലെയും പ്രതീകങ്ങള്‍ അവരുടെ വീരസ്മൃതികളെയാണ് അടയാളപ്പെടുത്തുന്നതെന്ന് അവള്‍ പറഞ്ഞു തന്നു. അനേകായിരം കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും വരുന്ന ഞങ്ങളുടെ നാട്ടില്‍ വയനാടെന്ന ഒരു ദേശമുണ്ടെന്നും അവിടെ ഇതിനോട് ഇത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്ന സ്മാരകശിലകളുണ്ടെന്നും ഞങ്ങളവയെ വീരക്കല്ലുകളെന്ന് വിളിക്കാറുണ്ടെന്നും അവളോട് പറഞ്ഞു.

ലോകത്തിന്റെ പലഭാഗത്തും ഓരോ കാലത്തും സമാനമായ സംസ്‌കൃതികള്‍ നിലനിന്നുപോന്നിരുന്നു. എന്നിട്ടും കാലം കൊണ്ട് അവയെത്രമാത്രം അകന്നുപോയിരിക്കുന്നു. പുറം ലോകത്തിന്റെ കാഴ്ച്ചപ്പാടില്‍ ചിലത് വലുതും ചിലത് ചെറുമായിരിക്കുന്നു. നല്ലതും ചീത്തയുമായിരിക്കുന്നു. എത്യോപ്യന്‍ ഗോത്രസംസ്‌കൃതിയിലേക്കും പാരമ്പര്യത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചെറുപ്രദര്‍ശനാലയവും  വളപ്പിന്റെ ഒരു ഭാഗത്തായി ഒരുക്കിയിട്ടുണ്ട്. അതും കണ്ടു കഴിഞ്ഞ് കോഫി സെറിമണിക്കായി ഞങ്ങള്‍ പോകുമ്പോഴേക്കും ജപ്പാനില്‍ നിന്നുള്ള രണ്ട് മൂന്ന് വിനോദസഞ്ചാരികളുമായി ഒരു വാഹനമെത്തി. വഴികാട്ടിയായ പെണ്‍കുട്ടി ഞങ്ങളോട് യാത്രപറഞ്ഞ് അവരെ സ്ഥലം കാണിക്കാനായി പോയി.

(തുടരും)

4 comments:

  1. വയനാട്ടിലെ വീര്യക്കല്ലുകളെ ക്കുറിച്ച് വായിച്ച ഓർമ്മയുണ്ട്.
    ആകസ്മിക സാമ്യങ്ങൾ വല്ലാത്ത അനുഭവമാണ്.
    രസിച്ചു ട്ടാ വിവരണം.

    ReplyDelete
  2. ലോകത്തിന്റെ പലഭാഗത്തും ഓരോ കാലത്തും സമാനമായ സംസ്‌ക്കാരങ്ങള്‍ നില നിന്നിരുന്നു. എന്നിട്ടും കാലം കൊണ്ട് അവയെത്രമാത്രം അകന്നുപോയിരിക്കുന്നു. പുറം ലോകത്തിന്റെ കാഴ്ച്ചപ്പാടില്‍ ചിലത് വലുതും ചെറുത് ചെറുമായിരിക്കുന്നു.

    ReplyDelete
    Replies
    1. സന്തോഷം മുരളിയേട്ടാ...

      Delete