Sunday, March 29, 2015

നിറപറ, നവകേരളം, മുതലമട...


കേരളത്തിന്റെ യാത്ര എങ്ങോട്ടാണ് എന്ന് വ്യക്തമാക്കുന്ന ഒരു സംഭവം കൂടി അടുത്തിടെ പാലക്കാട് ജില്ലയിലെ മുതലമടയില്‍ നടന്നു. മനുഷ്യന്റെ അനിയന്ത്രിതമായ ദുരയും ലാഭേച്ഛയും മൂലം ഏറെക്കാലമായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് മുതലമടയിലെ ആദിവാസികളും ദളിതരുമടക്കമുള്ള സാധരണക്കാരായ ജനങ്ങള്‍. പച്ചക്കറികളുടെ സമൃദ്ധിയുടെ നാടായിരുന്നു ഒരുകാലത്ത് മുതലമട. പിന്നീടത് മാന്തോട്ടങ്ങള്‍ക്ക് വഴിമാറി. Mango City എന്നപ്പേരില്‍ പ്രശസ്തമായി ഇവിടം. കൃഷി വാണിജ്യകൃഷിയായി. അതോടെ ഭൂമിയുടകളില്‍ ഭൂരിഭാഗവും പുറം നാട്ടുകാരായി, നാട്ടുകാരാകട്ടെ കോളനികളിലേക്ക് ചുരുങ്ങി. കാലം ചെന്നതോടെ ലാഭക്കൊതിമൂത്ത മാങ്ങാകര്‍ഷകരും കരാറെടുത്ത കച്ചവടക്കാരും മാവിനുള്ള കീടനാശിനിയായി ഏന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങി. മുതലമടയില്‍ അതുണ്ടാക്കിയ ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായിരുന്നില്ല. ആ കാലവും പോയി ഇന്ന് മുതലമടയിലെ കൃഷി കരിങ്കല്ലാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കസ്തൂരിരംഗന്‍ കമ്മറ്റി പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച മുതലമടയില്‍ 4 വന്‍കിട ക്വാറികളുള്‍പ്പടെ 24 ക്വാറികളാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. പാറമടകള്‍ വന്നതോടെ ജലക്ഷാമം രൂക്ഷമാകുകയും മുതലമടയിലെ മാന്തോട്ടങ്ങള്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. പല രാഷ്ടീയനേതാക്കള്‍ക്കും ബിനാമി പങ്കാളിത്തമുള്ള വന്‍ ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങി ചെറിയ ക്വാറികള്‍ വരെ മലയിടിച്ചില്‍ തുടര്‍ച്ചയായ ഈ ഭൂചലന സാധ്യതാമേഖലയിലുണ്ട്.

24 ക്വാറികളില്‍ ഇരുപതെണ്ണം അനധികൃതമായി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ക്വാറികളാകട്ടെ പ്രവര്‍ത്തനനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗരേഖകളൊന്നും തന്നെ പാലിക്കാന്‍ തയ്യാറാകുന്നുമില്ല. ചുള്ളിയാര്‍ - മീങ്കര ഡാമുകള്‍ക്കും ഇവ ഭീഷണിയാണ്. ക്രഷര്‍ യൂണിറ്റുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക മലിനീകരണവും ഭീകരമായ പൊടിശല്യവും ടിപ്പറുകളുടെ മത്സരഓട്ടവും വീടുകളുടെയും കെട്ടിടങ്ങളുടെയും വിള്ളലും കൃഷിനാശവും റോഡുകളുടെ തകര്‍ച്ചയും ജലലഭ്യതയിലുണ്ടായ കുറവം മൂലം സഹികെട്ട നാട്ടുകാര്‍ ഏറെക്കാലമായി ഈ ഖനനലോബിക്കെതിരെ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. സമരങ്ങള്‍ ശക്തമാകുമ്പോള്‍ താല്‍ക്കാലിക സ്‌റ്റോപ്പ് മെമ്മോ നല്‍കുക എന്നതിനപ്പുറം ശാശ്വതമായ പരിഹാരങ്ങള്‍ ഒരു കാലത്തും ഉണ്ടാകാറില്ല. ഈ ക്വാറിരാജക്കന്‍മാരില്‍ നിന്ന് സംഭാവനയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതുകൊണ്ട് തന്നെ വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാദേശിക നേതൃത്ത്വങ്ങള്‍ ഒരിക്കലും ഈ സമരങ്ങളെ പിന്തുണച്ചിരുന്നില്ല. അതോടൊപ്പം തന്നെ പോലീസും മൈനിങ്ങ് & ജിയോളജി വകുപ്പും റവന്യൂ വകുപ്പുമൊക്കെ വേണ്ടത് വാങ്ങി വേണ്ടത് ചെയ്ത് കൊടുക്കുകയും ചെയ്തു പോന്നു. അതുകൊണ്ടുതന്നെ തന്നെ ഈ സമരങ്ങളൊന്നും ഫലം കാണാതെ പോയി. എങ്കിലും തകര്‍ന്ന് പോകുന്ന ജീവിതത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത പരിസരവാസികളും തെറ്റുകള്‍ക്ക് നേരെ കണ്ണടക്കാന്‍ കഴിയാത്ത കുറച്ച് സാമുഹ്യപ്രവര്‍ത്തകരും ഈ സമരത്തെ മുന്നോട്ട് തന്നെ കൊണ്ടുപോകുയായിരുന്നു.


ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് സമരസമിതി പ്രവര്‍ത്തകരായ അറുമുഖന്‍ പത്തിച്ചിറ, കണ്ണദാസന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മെറ്റലുമായി മത്സര ഓട്ടം നടത്തുന്ന ഫൈവ്സ്റ്റാര്‍ മെറ്റല്‍സിന്റെ ടിപ്പര്‍ലോറി തയടുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. പിന്നെ നടന്നത് തട്ട് പൊളിപ്പന്‍ തമിഴ് സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു. ക്വാറിമാഫിയക്ക് എന്നും പിന്തുണ നല്‍കിപ്പോന്ന സ്ഥലത്തെ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേതൃത്ത്വത്തിലുള്ള ഗുണ്ടാസംഘം നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി അറുമുഖനെ വെട്ടിപരിക്കേല്‍പ്പിച്ചു. സമരസമിതി നേതാക്കളായ കണ്ണദാസനെയും രാജന്‍മാഷെയും സുമനെയും ആക്രമിച്ചു. അറുമുഖനെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ട സമരപ്രവര്‍ത്തകരുടെ കാറിനെ ഗുണ്ടകള്‍ വടിവാളും വടിയുമായി പിന്തുടരുകയും പല തവണ കാറ് തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ പത്ത് കിലോമീറ്ററോളം യാത്ര ചെയ്ത് തലക്ക് വെട്ടേറ്റ് ചോരയൊലിക്കുന്ന അറുമുഖനെയും കൊണ്ട്  കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടുകയായിരുന്നു ഇവര്‍. പോലീസ് സംരക്ഷണത്തോടെയാണ് പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടും തീര്‍ന്നില്ല. പിറ്റേന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായാരുന്ന പരിസ്ഥിതിപ്രവര്‍ത്തകരെയും സ്ത്രീകളടക്കമുള്ള സമരസമിതി പ്രവര്‍ത്തകരെയും പഞ്ചായത്തംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ.ജി. പ്രദീപ് കുമാറിന്റെ നേതൃത്ത്വത്തില്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരും ടിപ്പര്‍ലോറി ജീവനക്കാരും ചേര്‍ന്ന് തല്ലിയൊതുക്കി. പോലീസ് നോക്കിനില്‍ക്കേ തന്നെ.



പ്രധാനമായും മുന്ന് വന്‍കിട
ക്രഷര്‍യൂണിറ്റുകളാണ് മുതലമടയില്‍ പ്രവര്‍ത്തിക്കുന്നത്. ഫൈവ്സ്റ്റാര്‍, എ വണ്‍, തോംസണ്‍. ഇതില്‍ ഫൈവ്സ്റ്റാര്‍ കമ്പനിയുടെ ഉടമ നിറപറ അരിയുടെ കൂടി ഉടമസ്ഥനായ നിറപറ കര്‍ണ്ണനാണ്. കര്‍ണ്ണനും മറ്റ് ക്വാറി ഉടമകളും ചേര്‍ന്ന് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയെടുത്ത അനുചരസംഘമാണ് കെ.ജി. പ്രദീപ് കുമാറിന്റെ നേതൃത്ത്വത്തില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്. എന്നാല്‍ ആര്‍. എസ്. എസിന്റെ സംസ്ഥാന നേതൃത്ത്വത്തിന്റെ കൂടി അറിവും പിന്തുണയും ഉള്ളതുകൊണ്ട് കൂടിയാണ് പ്രാദേശിക നേതൃത്ത്വം ക്വാറി മാഫിയക്ക് വേണ്ടി ഇത്രയും പരസ്യമായി ഗുണ്ടായിസം കാണിക്കുന്നത് എന്ന സംശയമാണ് നാട്ടുകാര്‍ക്കുള്ളത്. കര്‍ണ്ണന്റെ ഉന്നത തലത്തിലുള്ള സംഘപരിവാര്‍ ബന്ധം അതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. എസ്. എന്‍. ഡി. പി നേതാവ് കൂടിയാണ് കര്‍ണ്ണന്‍. തന്റെ രാഷ്ടീയ ബന്ധങ്ങള്‍ ഗുണ്ടയിയത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുകയാണ് കര്‍ണ്ണന്‍. കാക്കിടൗസറിട്ട് ആഭ്യന്തരം ഭരിക്കുന്ന ഒരു മന്ത്രി തലപ്പത്തിരിക്കുമ്പോള്‍ കര്‍ണ്ണും പരിവാരത്തിനും ഇനിയും ഒന്നും സംബവിക്കാന്‍ പോകുന്നുമില്ല. ആ ധൈര്യം തന്നെയാണ് തലേന്ന് അറുമുഖനെ വെട്ടിയവര്‍ തന്നെ പിറ്റേന്ന് പ്രതിഷേധപ്രകടനക്കാരെ അടിച്ചൊതുക്കാന്‍ മുന്നില്‍ നിന്നതിനു കാരണവും. പ്രധാനമന്ത്രിയായുള്ള നരേന്ദ്രമോഡിയുടെ സ്ഥാനാരോഹണത്തോടെ ചങ്ങലപൊട്ടിച്ചുതുടങ്ങിയ തനിനിറം കാണിച്ചുതുടങ്ങിയ  ഹൈന്ദവഫാസിസ്റ്റുകള്‍ അവരുടെ യഥാര്‍ത്ഥമുഖമാണ് മുതലമടയിലൂടെ തുറന്ന് കാണിച്ചത്. പൂര്‍ണ്ണമായി തകര്‍ന്ന സംസ്ഥാനത്തെ ക്രമസമാധാന നിലയും അടിമുടി അഴിമതിയിലാണ്ട ഉദ്ദ്യോഗസ്ഥ രാഷ്ടീയ സംവിധാനവും ഇതിന് വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു. കസ്തൂരി രംഗന്‍ പോര സാക്ഷാല്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരായിരുന്നു ഇവിടത്തെ ബി.ജെ.പി ക്കാര്‍. മുതലമട സംഭവംഅവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടുവന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിലവറ തുറക്കരുതെന്ന് ആവശ്യപ്പെടുന്നവര്‍ക്കും ചുംബന സമരത്തില്‍ പങ്കെടുത്തവരെ ചവുട്ടിക്കൂട്ടുന്നവര്‍ക്കും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ നിന്ന് മറ്റ് മതസ്ഥര്‍ ഒഴിഞ്ഞ് പോകണമെന്ന് ആക്രോശിക്കുന്നവര്‍ക്കും ഗോമാംസം നിരോധിക്കാന്‍ മുറവിളികൂട്ടുന്നവര്‍ക്കും എല്ലാം ഒരേ മുഖം തന്നെയാണ്. വംശഹത്യആരോപണം നേരിടുന്ന നേതാവിനെ തന്നെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജയിപ്പിച്ചെടുത്തവരുടെ അതേ മുഖം. അവരുടെ അതേ സ്വരം തന്നെയാണ് ഇനിയും പാറമടകള്‍ക്കെതിരെ്‌യുള്ള സമരവുമായി ഈ വഴി വന്നാല്‍ ഇനിയും വെട്ടിയെരിയും എന്ന് മുതലമടയില്‍ നിന്ന് ഉയരുന്ന ആക്രോശങ്ങള്‍ക്ക പുറകിലുള്ളതും. ഈ ശബ്ദങ്ങള്‍ കേട്ട് മൗനിയായി ഇരുന്നാല്‍ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടും, ഇവിടെയും കൊലക്കളങ്ങള്‍ നിറയും. ഇതിവിടെ വെച്ച് തന്നെ ചെറുക്കേണ്ടതുണ്ട് കേരളം മുതലമടയിലേക്ക് നീങ്ങേണ്ടതുണ്ട്. അധികാര കസേര കൈവിട്ടുപോകുന്നതിന് മുന്‍പ് പരമാവധി കൈപ്പിടിയിലൊതുക്കാന്‍ വെപ്രാളപ്പെടുന്ന സംസ്ഥാന ഭരണ നേതൃത്ത്വവും അടിമുടി അഴിമതിയില്‍ ആണ്ടുപോയ പോലീസ് - ഉദ്യോഗസ്ഥ സംവിധാനങ്ങളും ഇതിനെതിരെ ചെറുവിരലനക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. പരസ്യം മുടങ്ങുമെങ്കില്‍ വാര്‍ത്ത മുക്കാന്‍ ഒരു ഉളുപ്പുമില്ലാത്ത മാധ്യമങ്ങളും അര്‍ദ്ധസത്യങ്ങളല്ലാതെ മുഴുവന്‍ സത്യവും ജനങ്ങള്‍ക്ക് മുന്‍പിലെത്തിക്കാന്‍ പോകുന്നുമില്ല. ഇടപെടേണ്ടത് നമ്മളോരോരുത്തരുമാണ്.


9 comments:

  1. ഭയങ്കരം നമ്മുടെ ഈ കാലം!
    ഇതൊക്കെ ഇവിടെ നടക്കുന്നതില്‍ ഒരു അതിശയവുമില്ല. വേര്‍ മുതല്‍ ചീഞ്ഞ മരത്തിന്റെ ഫലങ്ങളും വിഷഫലം തന്നെയായിരിക്കുമല്ലോ.

    ReplyDelete
  2. ഒടുവില്‍ വിജയം നിങ്ങളോടൊപ്പമാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  3. സദ്മൂല്യങ്ങളെയും,ആദര്‍ശങ്ങളെയും ബലികഴിക്കുന്നുവല്ലോ?!!പണാര്‍ത്തിയും,അധികാരകൊതിയും.....
    നവോത്ഥാനനായകന്മാരെ മറന്നുകൊണ്ട് നമ്മള്‍ പിന്നോട്ടോടുകയാണല്ലോ!!!
    ആശംസകള്‍

    ReplyDelete
  4. സമരത്തിന് അഭിവാദ്യങ്ങൾ

    ReplyDelete
  5. അതെ അജിത്തേട്ടാ... വിഷവൃക്ഷങ്ങള്‍ തഴച്ച് വളരുക തന്നെയാണ് സംസ്ഥാനത്തെ പലയിടത്തും നിയമവാഴ്ച്ച എന്നൊന്ന് ഇല്ലാതായിരിക്കുന്നു...

    ReplyDelete
  6. സുധീര്‍ദാസിനും വിഷ്ണുവിനും നന്ദി... ഇനിയും ഈ വഴി വരണേ...

    ReplyDelete
  7. അതെ തങ്കപ്പേട്ടാ... നിഷാമുമാര്‍ ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല... ഗുണ്ടകളായ അനുചരന്‍മാരും... നമുക്കിടയില്‍ നിന്ന് നമ്മുടെയൊക്കെ ജാഗ്രതക്കുറവ്‌കൊണ്ട് ഉണ്ടായി വരുന്നവരാണവര്‍...

    ReplyDelete
  8. പരസ്യം മുടങ്ങുമെങ്കില്‍
    വാര്‍ത്ത മുക്കാന്‍ ഒരു ഉളുപ്പു
    മില്ലാത്ത മാധ്യമങ്ങളും അര്‍ദ്ധസത്യങ്ങളല്ലാതെ
    മുഴുവന്‍ സത്യവും ജനങ്ങള്‍ക്ക് മുന്‍പിലെത്തിക്കാന്‍
    പോകുന്നുമില്ല...
    ഇടപെടേണ്ടത് നമ്മളോരോരുത്തരുമാണ്...!

    ReplyDelete
  9. ഒരു പഞ്ചായത്ത്‌ പോലും ഭരിക്കാൻ ശേഷിയില്ലാത്ത ബി ജെ.പി ,ആർ.എസ്‌ .എസ്‌ കാർ ഇത്രയും വലിയ ഒരു സമരത്തെ അടിച്ചമർത്തി എന്നൊക്കെ വായിക്കാൻ തന്നെ കൗതുകം ഉണ്ട്‌.നന്മ നിറഞ്ഞ കമ്യൂണിസ്റ്റുകൾ ആ നാട്ടിൽ ഇല്ലാത്തതിന്റെ കുറവായിരിക്കും.ഇടുക്കി ജില്ലയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന ഇടുക്കിമാർക്ക്സിസ്റ്റുകാരെ അങ്ങോട്ടെത്തിച്ചാൽ കാര്യത്തിനു വേഗം തീരുമാനമാക്കാം.

    ReplyDelete