Sunday, February 16, 2014

രാമേശ്വരത്തെ കടല്‍കാക്കകള്‍

Photo : Nithu Chichu
 
ധനുഷ്‌കോടിയിലേക്കുള്ള യാത്രയില്‍ റോഡവസാനിക്കുന്നിടത്ത്‌ ബസ്സിറങ്ങുമ്പോഴും പുലരിയുടെ ഒരു അടയാളവും വെളിപ്പെട്ടുതുടങ്ങിയിരുന്നില്ല അവിടെയൊന്നും. കടല്‍ക്കാറ്റ്‌ വീശിയടിക്കുന്നുണ്ട്‌. അടുത്തുനിന്നുതന്നെ തിരയടിച്ചുകയറുന്നതിന്റെ ശബ്ദം കാതിലേക്കെത്തുന്നുമുണ്ട്‌. തീര്‍ത്ഥാടകരൊ യാത്രികരോ എന്നു തോന്നിപ്പിക്കുന്ന ആരും തന്നെയുണ്ടായിരുന്നില്ല, ധനുഷ്‌കോടിയിലേക്കുള്ള ആ ആദ്യ ബസ്സില്‍. മത്സ്യത്തൊഴിലാളികള്‍ക്കും വിവിധങ്ങളായ ജീവിതാവശ്യങ്ങള്‍ക്കായെത്തിയ നാട്ടുകാര്‍ക്കും പുറകെ ആ അവസാന സ്റ്റോപ്പില്‍ ഞങ്ങളും ഇറങ്ങി. കൂരിരുട്ടില്‍ വെളിച്ചം പരത്തിക്കൊണ്ട്‌ സമീപത്തുതന്നെ ഒരു ചായക്കട. പരിസരത്തിന്റെ വിജന്നതയിലും അപരിചിതത്ത്വത്തിലും നിന്ന്‌ ഏറെ വ്യത്യസ്ഥവും സജീവമായിരുന്നു ആ ചെറിയ തീന്‍പുര. ബസ്സിലെ യാത്രക്കാര്‍ കൂടി എത്തിയതോടെ അവിടത്തെ തിരക്കേറി. മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ നില്‍ക്കുന്നവരാണെന്നു തോന്നുന്നു ആ നേരത്തെ ഇടപാടുകാരില്‍ അധികവും. വലിയ ചീനച്ചട്ടിയില്‍ വറുത്തെടുക്കുന്ന മൈദവട പിന്നെ ചായ. മെഴുകിയ തറയും പനയോലകൊണ്ടുള്ള ചുമരുകളും. ഒരു വശത്തായി ചായക്കടക്ക്‌ പെട്ടിക്കടയുടെ രൂപം കൂടി കൈവരുന്നു. കൊക്കക്കോളയും പെപ്‌സിയും തൊട്ട്‌ സോപ്പ്‌ ചീപ്പ്‌ കണ്ണാടി വരെ. കടക്കകത്തും പുറത്തുമായി ഒട്ടും അലോസരമുണ്ടാക്കാതെ ചുറ്റിക്കറങ്ങുന്ന രണ്ട്‌ മൂന്ന്‌ നായ്‌ക്കള്‍.  ചൂടോടെ ചായകുടിച്ച്‌ കടലിനടുത്തേക്ക്‌ നടന്നു. കടലോരത്ത്‌ വളരെ നേരിയ നാട്ടുവെളിച്ചമുണ്ട്‌. അതില്‍ വീശിയടിച്ചാര്‍ക്കുന്ന തിരമാലകളെ സ്വപ്‌നത്തിലെന്നോണം കാണാം.

രാമേശ്വരം എന്ന സ്ഥലപ്പേരിനോട്‌ വലിയൊരു ആകര്‍ഷണം തോന്നിയിരുന്നു ചെറുപ്പത്തില്‍ തന്നെ. ആ സ്ഥലത്തെക്കുറിച്ച്‌ മനസ്സില്‍ ചില സങ്കല്‍പ്പങ്ങളുമുണ്ടായിരുന്നു. വീട്ടില്‍ ചെറിയച്ഛാച്ഛാനെ പറ്റിയുള്ള സംസാരം വരുമ്പോഴൊക്കെ കാശി രാമേശ്വരം എന്ന വാക്ക്‌ കയറി വരും. രണ്ടിടത്തും പോയ ആളാണ്‌ ചെറിയച്ഛാച്ഛന്‍. പട്ടാമ്പി പുന്നശ്ശേരി ഗുരുകുലത്തില്‍ നീലകണ്‌ഠശര്‍മ്മക്കുകീഴില്‍ സംസ്‌‌കൃതവും വൈദ്യവും പഠിച്ചിറങ്ങിയപ്പോള്‍ സന്യാസമാണ്‌ തന്റെ മാര്‍ഗ്ഗം എന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അങ്ങിനെ ബ്രഹ്മചാരിയായി. കുറച്ചുകാലം കഴിഞ്ഞ്‌ സ്വന്തബന്ധുക്കളോടൊക്കെ യാത്രപറഞ്ഞ്‌ കാല്‍നടയായി കാശിക്ക്‌ പുറപ്പെട്ടു. അന്ന്‌ കാശിക്ക്‌ പോകുന്നവര്‍ തിരിച്ച്‌ വരാറില്ല. കാശിയില്‍ വെച്ച്‌ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്തും എന്നാണ്‌ വിശ്വാസം. പക്ഷെ എന്തുകൊണ്ടോ ചെറിയച്ഛാച്ഛന്‍ മടങ്ങിവന്നു. വൈദ്യം തുടങ്ങി. തൃശ്ശൂര്‍ പാട്ടുരായ്‌ക്കലില്‍ വൈദ്യശാല സ്ഥാപിച്ചു. തറവാട്ടിലെ കൃഷികാര്യങ്ങള്‍ നോക്കിനടത്തി. വൈദ്യവൃത്തിയേക്കാള്‍ കോടതി വ്യവഹാരങ്ങളിലേക്കായി പിന്നെ ശ്രദ്ധ. വൈദ്യവും കൃഷിയും പുറകോട്ടുപോയി. ബ്രഹ്മചര്യം തുടര്‍ന്നു. ഒടുവില്‍ ക്ഷയം എന്ന മഹാവ്യാധിക്ക്‌ കീഴടങ്ങി. ശരീരം സമാധി വെക്കണമെന്നായിരുന്നു നിര്‍ദ്ദേശം. തറവാടിന്റെ തെക്കെമുറ്റത്ത്‌ ഉപ്പും കര്‍പ്പൂരവും മറ്റ്‌ കൂട്ടുകളുമിട്ട്‌ സമാധിതീര്‍ത്തു. കൃഷ്‌ണന്‍ എന്ന ചെറിയച്ഛാച്ഛന്റെ പേര്‌ തന്നെയായിരുന്നു എനിക്കായി അച്ഛമ്മ കരുതി വെച്ചിരുന്നതും. അച്ഛനിട്ട പേര്‌ വേറെയാണെങ്കിലും അച്ഛമ്മ പലപ്പോഴും ആ പേര്‌ വിളിച്ചുപോന്നു.

1999- 2000 ത്തില്‍ ആണ്‌ ആദ്യമായി രാമേശ്വരത്തേക്ക്‌ പോകുന്നത്‌. ആ പഴയ ട്രെയിന്‍ യാത്രയുടെ ഓര്‍മ്മ ഇന്നും മനസ്സില്‍ നിന്ന്‌ വിട്ടുപോയിട്ടില്ല. ആമ്പല്ലൂക്കാരന്‍ പോള്‍സനായിരുന്നു അന്ന്‌ കൂടെ. ഒലവക്കോട്ട്‌ നിന്നുള്ള ട്രെയിനില്‍ തിരക്ക്‌ ഏറെയുണ്ടായിരുന്നില്ല. സ്വതവേയുള്ള ട്രെയിന്‍ ഗന്ധത്തോടൊപ്പം മനംപുരട്ടുന്ന ഒരു വാട കൂടി ആ ട്രെയിനില്‍ തങ്ങി നിന്നു. യാത്രക്കാരില്‍ ഏറെയും തീര്‍ത്ഥാടകര്‍ തന്നെയായിരുന്നു. പഴയ മീറ്റര്‍ ഗേജ്‌ ട്രെയിനാണ്‌. ഒലവക്കോട്‌ നിന്ന്‌ രാമേശ്വരം വരെ. മുന്‍പത്‌ ധനുഷ്‌കോടി വരെയായിരുന്നു. 1964 ലെ കൊടുക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട്‌ ആ റെയില്‍ പാത മാത്രമല്ല ഒരു ട്രെയിനും 114 ജീവനും കൂടി കടലെടുത്തു. അന്നത്തെ വെള്ളപ്പൊക്കത്തെപറ്റിയും അതില്‍ നിന്ന്‌ രക്ഷാപ്പെടാനായി രാമേശ്വരം അമ്പലത്തില്‍ അഭയം തേടിയതിനെ പറ്റിയും എ. പി. ജെ അബ്ദുള്‍കലാം അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്‌. തിരക്കേറും മുന്‍പ്‌ ലഗേജ്‌ ബര്‍ത്തിലേക്ക്‌ കയറി. വണ്ടിയില്‍ ആളേറുന്നതിനനുസരിച്ച്‌ ലഗേജ്‌ ബര്‍ത്തിനും ഭാരമേറുന്നുണ്ട്‌. ട്രയിനിനോട്‌ ചേര്‍ന്ന്‌ കിടന്നു. ലഗേജുകള്‍ ശരീരത്തിലമരുന്നുണ്ട്‌ ഒപ്പം ശകാരവാക്കുകളും കണ്ണടച്ചുകിടന്നു എപ്പോഴൊ ഉറങ്ങിപ്പോയി. ഉണര്‍ന്നത്‌ മധുര എത്തിയപ്പോഴാണ്‌. ട്രെയിനില്‍ ആള്‌ കുറഞ്ഞിരിക്കുന്നു. പളനി, മധുര, രാമേശ്വരം മൂന്ന്‌ തീര്‍ത്ഥാടന നഗരികളെ കോര്‍ത്തിണക്കിയാണ്‌ ട്രെയിനിന്റെ യാത്ര. നാഗുരിലേക്കും വേളാങ്കണ്ണിയിലേക്കുമുള്ള തീര്‍ത്ഥാടകരെയും ഈ ട്രെയിനില്‍ കാണാം.  
Dhanushkodi

അന്ന്‌ ആ കംപാര്‍ട്ട്‌മെന്റില്‍ തന്നെ ഒരു വിദേശിയുമുണ്ടായിരുന്നു ഏഡ്വിന്‍. ബാക്ക്‌ പാക്കറാണ്‌. ആര്‍ക്കിടെക്‌ച്ചര്‍ പഠനത്തിനിടക്ക്‌ ഊരു ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നു. രാമേശ്വരത്ത്‌ യൂത്ത്‌ ഹോസ്‌റ്റലുണ്ടോ എന്നാണ്‌ കക്ഷിക്ക്‌ അറിയേണ്ടത്‌.  ഇസ്രായേലയാണ്‌ സ്വദേശം. ദില്ലിയും രാജസ്ഥാനും കറങ്ങിയാണ്‌ കേരളത്തിലെത്തിയത്‌. ഫോര്‍ട്ട്‌ കൊച്ചിയും തിരുവനന്തപുരവുമൊക്കെ കറങ്ങി. രാമേശ്വരം മധുര ചിദംബരം കുംഭകോണം തഞ്ചാവൂര്‍ അങ്ങിനെ തമിഴ്‌ നാടന്‍ ശില്‌‌പ - വാസ്‌തു വിദ്യയെപറ്റി പഠിക്കണം. പിന്നെ പോണ്ടിച്ചേരി ഓറോവില്ലില്‍, അവിടെ ഒരു സൃഹൃത്തുണ്ട്‌ കാണണം. ന്യൂ ഇയര്‍ ഗോവയില്‍. അപ്പോഴേക്കും കൂട്ടുകാരി ഗോവയിലെത്തും. കേരളത്തെപറ്റി ചോദിച്ചു അന്ന്‌ ഏഡ്വിനോട്‌. സുന്ദരമാണ്‌ എന്നതിനപ്പുറം ഒന്നും പറഞ്ഞില്ല കക്ഷി. പ്രാചീനത തളം കെട്ടിക്കെട്ടി നിന്ന സ്റ്റേഷനുകളിലൂടെ യായിരുന്നു അന്ന്‌ വണ്ടി കടന്നുപോയത്‌. തമിഴ്‌ നാടിന്റെ തനതു ഗ്രാമീണ ദൃശ്യങ്ങള്‍. വരള്‍ച്ച, വെളിപറമ്പുകള്‍, മൂള്‍ക്കൂട്ടങ്ങള്‍ ഇടയില്‍ പച്ചപുതച്ചകൃഷിയിടങ്ങള്‍. നല്ലൊരു നാടന്‍പാട്ടുകാരന്‍ കൂടിയായിരുന്നു പോള്‍സന്‍. പാട്ടൊക്കെ പാടി ഗ്രാമീണരെയൊക്കെ ചിരിപ്പിച്ച്‌ അവിസ്‌മരണീയമായൊരു യാത്രയായിരുന്നു അന്നത്തേത്‌. 12 വര്‍ഷത്തിന്‌ ശേഷമാണ്‌ വീണ്ടും ഇതേ വഴിയ്‌ക്ക്‌. അന്നത്തെ യാത്ര ഒലവക്കോട്‌ നിന്ന്‌ നേരിട്ട്‌ ട്രയിനിലായിരുന്നെങ്കില്‍ ഇന്ന്‌ മധുരവരെ ബസ്സിലും അവിടെ നിന്ന്‌ ട്രെയിനിലും. Photo : Ajilal
തലേന്നാള്‍ രാവിലെ 11 മണിക്ക്‌ പുറപ്പെട്ടതാണ്‌ നോങ്ങല്ലൂര്‌ നിന്നും. പാലക്കാട്‌ കെ. എസ്‌. ആര്‍. ടി. സി സ്‌റ്റാന്‍ഡില്‍ വെച്ച്‌ ജലീലുമായി സന്ധിച്ചു. അവിടെ നിന്ന്‌ ബസ്സില്‍ പളനിയിലെത്തുമ്പോഴേക്കും പോക്കുവെയില്‍ പരന്നു തുടങ്ങിയിരുന്നു. സായന്തനക്കാഴ്‌ച്ചകള്‍ കണ്ട്‌ പളനിമല കയറിയിറങ്ങി. പിന്നെ വീണ്ടും ലൈന്‍ബസ്സിലൊന്നില്‍ കയറി മധുരയിലേക്ക്‌. ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ റെയില്‍വേസ്റ്റഷനിലേക്ക്‌ ബസ്സ്‌ കയറി. വഴിയിലെവിടെയോ ഇറക്കി. പിന്നെ നഗരത്തിന്റെ രാക്കാഴ്‌ച്ചകളൂടെ അലഞ്ഞ്‌ റെയില്‍വേസ്റ്റേഷനിലേക്ക്‌. അവിടെ ഞങ്ങള്‍ക്കായെന്നോണം കാത്തുകിടന്നിരുന്നു രാമേശ്വരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍. രാമേശ്വരം റെയില്‍വേസ്റ്റേഷനില്‍ നിന്നു ഒട്ടും സമയം മിനക്കെടുത്താതെ ടൗണിലെത്തി പിന്നെ അവിടെ നിന്നുള്ള ആദ്യബസ്സില്‍ തന്നെ ധനുഷ്‌കോടിയിലേക്ക്‌. ഉദയം കാണാന്‍ ധനുഷ്‌കോടിയിലെത്തണമെന്ന്‌ യാത്രാരംഭത്തിലെ കരുതിയിരുന്നു. അങ്ങിനെ ഒടുവില്‍ ഇരുട്ടിന്റെ ആഴമളന്ന്‌ വീശിയടിക്കുന്ന കടല്‍ക്കാറ്റിനെ അറിഞ്ഞ്‌ ഈ മണല്‍ തീരത്ത്‌.

ബസ്സവസാനിക്കുന്നിടത്തു നിന്നും ധനുഷ്‌കോടിയിലേക്ക്‌ എങ്ങിനെയെത്തും എന്ന്‌ ബസ്സില്‍ വെച്ച്‌ പരിചയപ്പെട്ട ഒരാളോട്‌ ചോദിച്ചുവെച്ചിരുന്നു. മണലിലൂടെ യാത്രികരെ കൊണ്ടുപോകുന്ന പിക്കപ്പ്‌ വാനുകള്‍ കിട്ടണമെങ്കില്‍ നേരം നന്നായി വെളുക്കേണ്ടിവരും, പറ്റുമെങ്കില്‍ നടക്കാം എട്ടു കിലോമീറ്ററേ ഉള്ളൂ പഴയ ധനുഷ്‌കോടി പട്ടണത്തിലേക്ക്‌ വെയിലുറയ്‌ക്കുന്നതിനു മുന്‍പെ നടന്നെത്തിയാല്‍ ക്ഷീണമറിയില്ല പകുതി ദൂരം ഞാനുമുണ്ടാകും, രാമേശ്വരത്തുകാരനായ സേവ്യര്‍ ധര്‍മ്മരാജ്‌ പറഞ്ഞു. മീന്‍പിടുത്ത തൊഴിലാളിയാണ്‌ കടലില്‍ പോകാനായി മറ്റുള്ളവരെപ്പോലെ തന്നെ ആദ്യബസ്സില്‍ രാമേശ്വരത്തുനിന്നും വന്നതാണ്‌. സേവ്യറിനു പുറകെ യാത്രതുടങ്ങി. നടന്നെത്തുമോ എന്ന പേടി തുടക്കത്തിലുണ്ടായെങ്കിലും നില്‍ക്കാതെ തന്നെ യാത്ര തുടര്‍ന്നു. മണലില്‍ നടന്നാല്‍ കാലുപുതഞ്ഞു പെട്ടെന്ന്‌ തളരും തീരം പറ്റി തന്നെ നടന്നോളൂ സേവ്യര്‍ പറഞ്ഞു. കടല്‍തിരകള്‍ കയറിയിറങ്ങിയ നനഞ്ഞ മണല്‍ നോക്കി സേവ്യറിനു പുറകെ നടത്തം തുടര്‍ന്നു ഞങ്ങള്‍.
 

വഴിയിലെരിടത്തുവെച്ച്‌ സേവ്യര്‍ വേര്‍പ്പിരിഞ്ഞു. വലിയ കാല്‍പ്പാടുകള്‍, അധികം മുന്‍പല്ലാതെ ആരോ നടന്നുപോയിട്ടുണ്ട്‌ ഈ നനഞ്ഞ മണലിലൂടെ. നനുത്ത നാട്ടുവെളിച്ചവുമായി കണ്ണ്‌ പെരുത്തപ്പെട്ടതാണോ അതോ വെട്ടം പതുക്കെ പരന്നുതുടങ്ങിയതോ. ജലീല്‍ തളര്‍ച്ച അറിയാതെ മുന്നേറുക തന്നെയാണ്‌. ചന്ദ്രിക ദിനപ്പത്രത്തിന്റെ മലപ്പുറം ന്യൂസ്‌ എഡിറ്ററായ ജലീല്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി പ്രകൃതിജീവനവും യോഗയുമൊക്കെ പിന്‍തുടരുന്ന യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടിയാണ്‌. അതുകൊണ്ടുതന്നെയാകണം മുന്‍പിന്‍ നോക്കാതെ പെട്ടെന്ന്‌ തീരുമാനിക്കപ്പെടുന്ന ഇത്തരം യാത്രകള്‍ക്ക്‌ ജലീല്‍ മുന്‍കെയ്യുടുക്കുന്നതും. വെളിച്ചം പതുക്കെ പരന്നു തുടങ്ങി. ഏറിയാല്‍ ഒരു കിലോമീറ്റര്‍ വീതിയില്‍ കടലിലേക്ക്‌ നീണ്ടുകിടക്കന്ന ഒരു ഭൂഭാഗം. അതിന്റെ പടിഞ്ഞറെ ഓരത്തുകൂടി നടക്കുമ്പോള്‍ തന്നെ മണല്‍ പരപ്പിനപ്പുറം കിഴക്ക്‌ വശത്തും കടല്‍ കാണാം. പലയിടത്തും മണല്‍കുന്നുകള്‍ മറു വശത്തെ കടലിന്റെ കാഴ്‌ചയെ മറക്കുന്നു. പുലര്‍ച്ചയുടെ ഛായക്കൂട്ടുകള്‍ കണ്ടുതുടങ്ങി. ചക്രവാളത്തില്‍ മേഘങ്ങള്‍ നിറഞ്ഞിരുന്നതിനാല്‍ ഉദയം കാണാനായില്ല. വെളിച്ചം പരന്നുതുടങ്ങി. ദൂരെ സ്‌തൂപം പോലെ എന്തോ ഒന്ന്‌ കാണുന്നുണ്ട്‌. മണല്‍ പരപ്പില്‍ കള്ളിമുള്‍ച്ചെടികള്‍. ഒരു മൃതനഗരത്തിന്റെ അവശിഷ്ടങ്ങളിലേക്കാണ്‌ നടന്നടുക്കുന്നത്‌.

അതിനിടയില്‍ നടത്തം പതുക്കെ പടിഞ്ഞാറേ തീരത്തേക്ക്‌ മാറ്റിയിരുന്നു. നടന്നു നടന്നെത്തിയത്‌ തകര്‍ന്ന വലിയൊരു കരിങ്കല്‍ കെട്ടിടത്തിനടുത്തേക്കായിരുന്നു സമീപത്തു തന്നെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും. പരിസരത്ത്‌ പുതിയ ചില കുടിലുകളുമുണ്ട്‌. ഇതായിരുന്നത്ര ധനുഷ്‌കോടിയിലെ പഴയ റെയില്‍വേ സ്റ്റേഷന്‍. ബോട്ട്‌ മെയില്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പഴയ ഇന്‍ഡോ - സിലോണ്‍ എകസ്‌പ്രസ്‌ എന്ന മീറ്റര്‍ഗേജ്‌ തീവണ്ടി വന്നു നിന്നിരുന്നത്‌ ഈ സ്റ്റേഷനിലാണ്‌. ഇവിടെതന്നെയാണ്‌ കൊളമ്പ്‌ എന്ന സ്വപ്‌നസാമ്രാജ്യം തേടി നോങ്ങല്ലൂര്‍ക്കാരായ ഉണ്ണീരിയേട്ടനും, കൃഷ്‌ണേട്ടനും ഒക്കെ വന്നിറങ്ങിയതും. ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്കും അവിടെ നിന്ന്‌ സിലോണിന്റെ ഉള്‍പ്രാന്തങ്ങളിലേക്കും ഉപജീവനത്തിനായി പോയ ഒരു തലമുറ അലഞ്ഞുതിരിഞ്ഞ നഗരവീഥികളായിരുന്നിരിക്കണം ഒരിക്കല്‍ ഇത്‌. 

തകര്‍ന്ന കെട്ടിടങ്ങള്‍ക്ക്‌  സമീപത്തുതന്നെയായി കക്കയും കരകൗശലങ്ങളും വില്‍ക്കുന്ന ചെറിയ കുടിലുകള്‍. ചില സന്യാസിമാരുടെ താമസസ്ഥലങ്ങള്‍. സേതുസമുദ്രം പദ്ധതി വിവാദത്തിനിടയിലൂടെ നേട്ടം കൊയ്യാന്‍ കാത്തിരിക്കുന്ന വിശ്വഹിന്ദുപരിഷത്തിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍. പഴയറെയില്‍വേസ്റ്റേഷന്റെ കരിങ്ങള്‍കെട്ടുകള്‍ക്കിടയില്‍ മുള്‍ച്ചെടികള്‍ പടര്‍ന്നുകയറിയിരിക്കുന്നു. മുന്നോട്ട്‌ തന്നെ നടന്നു. ഏറെ താമസിക്കാതെ കണ്ടു മുന്‍പില്‍ തകര്‍ന്ന നഗരത്തിന്റെ ശേഷിപ്പുകളുടെ വലിയൊരു നിര. അവയില്‍ സ്‌ക്കുളുണ്ട്‌, പള്ളിയുണ്ട്‌, സര്‍ക്കാര്‍ ഓഫീസുകളുണ്ട്‌, പാണ്ടിക ശാലകളുണ്ട്‌, കെട്ടിടങ്ങളുണ്ട്‌. അവയൊക്കെ പിന്നിട്ട്‌ ഉണക്കാനിട്ട ഉപ്പുപുരട്ടിയ മത്സ്യങ്ങള്‍ക്കിടയിലൂടെ കടല്‍ത്തീരത്തേക്ക്‌ നടന്നു. മീനുമായെത്തിയ വള്ളങ്ങളും വലവേര്‍പ്പെടുത്തുകയും തുന്നിച്ചേര്‍ക്കുകയും ചെയ്യുന്ന മുക്കുവരും മീന്‍ശേഖരിക്കാനെത്തിയ സ്‌ത്രീകളും ഓടിക്കളിക്കുന്ന കുട്ടികളുമൊക്കെയായി സജീമമായിരുന്നു അവിടെ. പിറകില്‍ നടന്നു തീര്‍ത്ത പ്രേതനഗരത്തില്‍ നിന്നും ഒരു മോചനം കിട്ടിയതുപോലെ തോന്നി. ഇളം ചൂടില്‍ മീന്‍മണമുള്ള കാറ്റില്‍ കണ്ണുകളടച്ച്‌ ആ മണല്‍ത്തീരത്ത്‌ അങ്ങിനെകിടന്നു. 
(തുടരും)

 

12 comments:

 1. രാമേശ്വരം യാത്ര വായിക്കാന്‍ ഞാനെത്തി
  തുടര്‍ന്ന് പോസ്റ്റുകള്‍ വരുമല്ലോ

  (രാമേശ്വരവും കാശിയും തമ്മിലെന്താണ് ബന്ധം? എന്തെങ്കിലുമുള്ളതായി അറിയാമോ?)

  ReplyDelete
 2. സന്തോഷം അജിത്തേട്ടാ... കാശിതീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെങ്കില്‍ രാമേശ്വരത്തുകൂടി വന്ന്‌ ക്ഷേത്രദര്‍ശനവും സമുദ്രസ്‌നാനവും കൂടി നടത്തമെന്നാണ്‌ പറയുക. രണ്ടും പിതൃകര്‍മ്മങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന സ്ഥലങ്ങളായതു കൊണ്ടുകൂടിയാകണം ഇങ്ങിനെ ചേര്‍ത്തുപറയുന്നത്‌ എന്ന്‌ തോന്നുന്നു....

  ReplyDelete
 3. നന്നായിരിക്കുന്നു ഈ യാത്രാ വിവരണം. രണ്ടോ മൂന്നോ തവണ രാമേശ്വരം പോയിരുന്നെങ്കിലും ധനുഷ്കോടിയിൽ ഇതുവരെ പോയിട്ടില്ല. തുടർച്ചയ്ക്കായി കാത്തിരിക്കുന്നു

  ReplyDelete
 4. തുടരാം അരുണ്‍, വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി....

  ReplyDelete
 5. യാത്രാവിവരണം നന്നായിരിക്കുന്നു.
  ആശംസകൾ....

  ReplyDelete
 6. nlla vivaranam ........ ishamaayi .........
  best wishes

  ReplyDelete
 7. വായിച്ചതിനും അഭിപ്രായമറിയിച്ചതിനും വീകെ ക്കും അസീസിനും നന്ദി.... ഇനിയും ഈ വഴി വരണേ...

  ReplyDelete
 8. നന്നായിരിയ്ക്കുന്നു മാഷേ.

  കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഈ വഴി.

  ReplyDelete
 9. അതേ ശ്രീ കുറേ നാളായി കണ്ടിട്ട്‌... സന്തോഷം വന്നതിലും കുറിപ്പെഴുതിയതിലും....

  ReplyDelete
 10. YADHARTHAATHIL JEEVVIKKUNNATH

  THARAMYATHRAKALILAANU

  ReplyDelete
 11. Excellent narration Pramodettan, Dhanushkodi kandu parichithamaayoru pratheethi. Always keep this harmony on in your writing.

  tk care
  vineeth

  ReplyDelete
 12. ജലീലിനും വിനീതിനും നന്ദി... ജലീല്‍ പറഞ്ഞതുപോലെ യാത്ര തന്നെയാണ്‌ ജീവിതം. വിനീത,്‌ കത്തിക്കച്ചവടം ഇനിയും തുടരും ജാഗ്രതൈ....

  ReplyDelete