വര : റഫീക്ക് അഹമ്മദ്
പഴയ നാട്ടുമരങ്ങളും പാറ്റത്തെങ്ങുകളും ആരോഗ്യമില്ലാത്ത കവുങ്ങുകളും നിറഞ്ഞ ആ പുരയിടം ബാപ്പയ്ക്ക് കൊടുത്തത് പരീത് ഹാജിയാണ്. കുന്നംകുളം മാര്‍ക്കറ്റിലെ മീന്‍ ലേലത്തിന്റെ കുത്തകയുണ്ടായിരുന്ന ഹാജി പൊട്ടി എന്നുകേട്ടിരുന്ന കാലമായിരുന്നു അത്. അന്നത്തെ മാര്‍ക്കറ്റ് നിരക്കിലും താഴ്ന്ന് ഭൂമി കച്ചവടം ചെയ്യുമ്പോ ഹാജി പറഞ്ഞത് ഇത്രയാണ് " വേറൊന്നും ഉണ്ടായിട്ടല്ല പൈസയ്ക്ക് കുറച്ച് അത്യാവശ്യം ഉണ്ട്, എത്രയും പെട്ടെന്ന് തീറ് നടത്തി കായി തരാന്‍ പറ്റിയ ഒരാളെ വെറെ കിട്ടിയില്ല അതോണ്ടാ ഇങ്ങയ്ക്കീ വിലയ്ക്ക് തരുന്നത് ". തീറിന്റെ തലേന്ന് മാമ വന്നിരുന്നു "അളിയാ നമുക്കീ പറമ്പുവേണ്ട, അത് വാങ്ങി ഒരു മാസം തികയുന്നതിനു മുന്പാ മുഹമ്മദ് സായ്വ് മരണപ്പെട്ടത്. പരീത്ഹാജിയുടെ കച്ചവടം പൊളിഞ്ഞു പാളീസായതും ഈ പറമ്പുവാങ്ങിയതില്‍ പിന്നെയാണത്രെ". അകത്തു നിന്ന് ഉമ്മയെ വിളിച്ചുവരുത്തി ബാപ്പ പറഞ്ഞു "കണ്ടോ ഞാന്‍ നന്നാവുന്നത് നിന്റെ ആങ്ങളയ്ക്ക് പിടിക്കിണില്ല്യ, ചുളുവില്‍ ഒരു പറമ്പ് ഒത്തു വന്നപ്പോ അത് വാങ്ങാന്‍ പാടില്ല്യാന്ന് " ഒന്നും മിണ്ടാതെ അന്നിറങ്ങിപ്പോയ മാമ പിന്നെ ഉപ്പ വീണന്ന് വൈകീട്ടാണ് വീണ്ടും പടിചവിട്ടിയത്.

ഹൈവേയില്‍ നിന്നും മാറി ശാന്തമായ അവിടെ നല്ലൊരു വീട് പിന്നെ ചെറിയ രീതിയില്‍ കുറച്ച് കൃഷി ഇതൊക്കെ മനസ്സിലുണ്ടായിരുന്നു അന്ന്. ഇന്നും ഹൈവേയിലുള്ള സ്ഥലം വിറ്റ് അങ്ങോട്ടുമാറിയാല്‍ തന്റെ പ്രശ്നങ്ങളൊക്കെ തീരും പക്ഷെ എൈഷയും മക്കളും ഒട്ടും സമ്മതിക്കുന്നില്ല. കളരിത്തറയും കാവുമൊക്കെയുണ്ടായിരുന്ന പുരാതന കുടുംബമാണ് കാവില്‍വട്ടത്തുകാരുടേത്. പിന്നെ ക്രമേണ ക്ഷയിച്ചു അവസാനം ബാക്കിയായ അമ്മുക്കുട്ടി അമ്പ്രാളാണ് ആ സ്ഥലം പരീത്ഹാജിക്ക് കിട്ടിയ കാശിനുകൊടുത്ത് മദ്രാസിലുള്ള മകളുടെ അടുത്തേക്ക് പോയത്. ഹാജിയുടെ ചെറിയ മകന് ദുബായില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ചതും കച്ചവടം പൊളിഞ്ഞതും ഈ പറമ്പുമൂലമാണെന്ന് ആദ്യം കണ്ടെത്തിയത് ആരാണെന്നറിയില്ല. ഹാജിയുടെ മകള്‍ നാദിറയുടെ വിവാഹമോചനം കൂടിയായപ്പോള്‍ പതുക്കെ ആ വാദത്തിന് സ്വീകാര്യത വന്നു. പിന്നെ കൃഷ്ണന് മാഷുടെ ഊഴമായിരുന്നു പെട്ടെന്നുള്ള വയറുവേദന, ഓപ്പറേഷന്, മരണം. അര്‍ബുദമായിരുന്നുവെന്ന് അറിഞ്ഞതു തന്നെ മരണശേഷമാണ്. അതോടെ വിശ്വാസം ഏറി. പിന്നീട് ആ പറമ്പിന്റെ ഉടമസ്ഥനായ കൊട്ടേക്കാട്ടില്‍ മുഹമ്മദ് അറ്റാക്ക് വന്ന് മരിച്ചപ്പോഴും ആളുകള്‍ കാരണം കണ്ടത് കാവില്‍വട്ടം പറമ്പായിരുന്നു. പിന്നെയാണത് ബാപ്പയുടെ കൈയ്യിലെത്തുന്നത് ബാപ്പ പറമ്പു നന്നാക്കി എടുത്തതോടെ പഴയ വിശ്വാസത്തിന് ഇളക്കം തട്ടി. അതിനിടയിലാണ് ഹൈവേയില്‍ വെച്ച് കോഴിക്കോട് ബസ്സുമായി മോപ്പഡ് കൂട്ടിയിടിച്ച് ഉപ്പ മരിക്കുന്നത്. സ്ഥലം കൈയ്യില്‍ വെക്കുന്നത് ബുദ്ധിയല്ല എന്നു കണ്ട അനിയന് വില്‍പ്പനക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. ആരും വരുന്നില്ല എന്ന് കണ്ടപ്പോള്‍ ആധാരം ഗുരുവായൂരുള്ള ഒരു ബ്ലേയ്ഡ് കമ്പനിയില്‍ പണയം വെച്ച് കിട്ടാവുന്നതിന്റെ പരമാവധി തുക വാങ്ങി. പലിശയും കൂട്ടു പലിശയുമായി കടം പെരുകി. തുക തിരിച്ചുചോദിച്ചുവന്ന അവരോട് പറമ്പെടുത്തുകൊള്ളാന്‍ പറഞ്ഞു സുലൈമാന്‍.
ആയിടക്കാണ് കാവില്‍വട്ടം തറവാട്ടിലെ തന്നെ ഗോവിന്ദന്‍നായര്‍ക്ക് ലോട്ടറി കിട്ടുന്നത് കടം വീട്ടലും വീതം വെക്കലും കഴിഞ്ഞ് ബാക്കിയായ ഒന്‍പത് ലക്ഷം രൂപയുംകൊണ്ട് ഗോവിന്ദന് നായര്‍ ബ്ലേഡുകാരെ പോയികണ്ടു. പതിനൊന്നു കിട്ടിയാല്‍ തരാമെന്നേറ്റ അവരോട് മറുപടി പറയാതെ നായര്‍ മടങ്ങി. ഒടുവില്‍ 4 മാസം കഴിഞ്ഞ് കൈയ്യില്‍ വന്നുപെട്ട സ്ഥലത്തിന്റെ യഥാര്‍ത്ഥ കുരുക്കറിഞ്ഞ ബ്ലേഡുകാര്‍ നായരെ തേടിയെത്തി അപ്പോഴേക്കും നായരുടെ കൈയ്യിലുള്ള തുക വീണ്ടും കുറഞ്ഞിരുന്നു. ഒടുവില്‍ നായരെ കൈയ്യോടെ കൂട്ടികൊണ്ടുപോയി സ്ഥലം 7.5 ലക്ഷത്തിന് തീറെഴുതി കൊടുത്ത് അവരും രക്ഷപ്പെട്ടു. നായരവിടെ കപ്പയും വാഴയുമൊക്കെ കൃഷിചെയ്യുന്നു. തറവാട്ടുകാരനായതുകൊണ്ടാണത്രെ നായര്‍ക്ക് ഉപദ്രവമില്ലാത്തത്. എന്നാലും വീടു വെക്കാന്‍ ഇപ്പോള്‍ നായര്‍ക്കും ഭയമാണ്.
സുഹൃത്തും സഹപാഠിയുമായിരുന്ന പ്രഭാകരന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി എന്നറിഞ്ഞ് യാവുട്ടിക്കാ അദ്ദേഹത്തെ പോയികണ്ടു. പണ്ട് അന്ധവിശ്വാസങ്ങള്‍ക്കെതിരെ തോളോടു തോള് ചേര്‍ന്ന് പേരാടിയ സഖാവാണ്. പ്രഭാകരന് കുറച്ച് സ്ഥലം വാങ്ങണമെന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞ് യാവുട്ടി കേട്ടിരുന്നു. ആദ്യം പല ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം പ്രഭാകരന് സത്യം പറഞ്ഞു. "മുന്‍പ് നാടകം കളിച്ച്, പന്ത് തട്ടി, കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെയും ഇ.ടി. കോവൂരിന്റെയും പുസ്തകങ്ങള്‍ വായിച്ച് നടന്നിരുന്ന കാലത്ത് നമുക്കൊന്നും ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല യാവുട്ട്യേ ഇപ്പോ അങ്ങിനെയാണോ, ദുബായിലെ ബിസിനസ്സ്, കുട്ടികളുടെ പഠനം, വിവാഹം, റിസ്ക്ക് എടുക്കാന്‍ വയ്യ". ദേഷ്യം സഹിക്കാനാകാതെ പഴയ സംസ്കൃത വാക്കുകള്‍ പുറത്തെടുത്ത യാവുട്ടിയോട് പ്രഭാകരന് പറഞ്ഞു " എന്നാലൊരു കാര്യം ചെയ്യാം നിന്റെ ഹൈവേയിലെ വീടും സ്ഥലവും മറ്റാരും തരുന്നതിനേക്കാള്‍ സെന്റിന് 10 കൂട്ടി ഞാനെടുക്കാം നീ കാവില്‍വട്ടം പറമ്പിലേക്ക് മാറിക്കോ ". എൈഷയുടെ ദൈന്യമായ മുഖവും ഭീതിപുരണ്ട കണ്ണുകളും യാവുട്ടിയുടെ മനസ്സിലേക്ക് വന്നു. "ആദ്യം സ്വന്തം ജീവിതം കൊണ്ട് വിപ്ലവം കാണിക്ക് യാവുട്ട്യേ എന്നിട്ടാകാം പാവങ്ങളുടെ നെഞ്ചത്തേക്ക് കയറണത്" പ്രഭാകരന് പറഞ്ഞത് കേട്ടില്ലെന്ന് നടിച്ച് യാവുട്ടി പടിയിറങ്ങി.
ഒടുവില്‍ അതു തന്നെ തീരുമാനിച്ചു യാവുട്ടിക്കാ. 5 സെന്റ് വീതം വീടു വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 5 പേര്‍ക്ക് തീര്‍ത്തും സൗജന്യമായി കൊടുക്കും. കാവില്‍വട്ടം പറമ്പില്‍ വീടുവരുന്നതോടെ പതുക്കെ ആളുകളുടെ പേടി മാറും ബാക്കിസ്ഥലത്തിന് വിലയേറും അങ്ങിനെ ആ പറമ്പ് മുറിച്ചുകൊടുക്കാം ഇതൊക്കെയായിരുന്നു മൂപ്പരുടെ കണക്കുകൂട്ടല്‍. അങ്ങിനെ അയല്‍ പ്രദേശങ്ങളിലൊക്കെ അറിയിപ്പുകൊടുത്തു. ജാതി - മത പരിഗണനകളൊന്നുമില്ലാതെയാണ് ആളെ തിരഞ്ഞെടുക്കുക. സ്വന്തമായി ഒരു സെന്റു പോലും ഭൂമിയുണ്ടായിരിക്കരുത്, സാക്ഷ്യപ്പെടുത്തിക്കൊണ്ട് സ്വന്തം ദേശത്തെ വാര്‍ഡുമെമ്പറുടെ കത്തുവേണം. പേരിലാക്കിതരുന്ന സ്ഥലം വില്‍ക്കാനോ വെറുതെ ഇടാനൊ പാടില്ല. വീട് വെച്ച് താമസമാക്കണം. പല നാട്ടിലുമായുള്ള സുഹൃത്തുക്കള്‍ വഴിയും അറിയിപ്പുകൊടുത്തു. അതിനിടയില്‍ അതേ വേഗത്തില്‍ തന്നെ കാവില്‍ വട്ടം പറമ്പിനെപ്പറ്റിയുള്ള കഥകളും സമീപപ്രദേശങ്ങളിലൊക്കെ പരന്നു തുടങ്ങിയിരുന്നു. ഒരു ലോക്കല്‍ ടി. വി.. ചാനലില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും വെച്ചുകൂട്ടി സ്റ്റോറിയും വന്നു. ഫോണ്‍ വഴിയും മറ്റുമുള്ള ചില അന്വേഷണങ്ങളൊഴിച്ചാല്‍ സൗജന്യഭൂമി രജിസ്ട്രര്‍ ചെയ്തുവാങ്ങാന്‍ ആരും എത്തിയില്ല.
അങ്ങിനെയിരക്കെ ഒരു നാള് യാവുട്ടിക്കായുടെ പറമ്പ് തേടി ചാവക്കാട്ടുകാരന് ഒരു രമേശന് പാറേമ്പാടം ബസ്റ്റോപ്പില്‍ വന്നിറങ്ങി്. വഴി പറഞ്ഞു തന്ന ഓരോരുത്തരുടെ മുഖത്തും പരിഹാസമോ, അവജ്ഞയോ, സഹതാപമോ അതോ ഇതൊക്കെ കൂടി കലര്‍ന്ന ഭാവമോ ഉള്ളതായി അയാള്‍ക്ക് തോന്നിയത്രെ. പാറേമ്പാടത്തു നിന്നും രണ്ടുകിലോമീറ്ററോളം നടന്ന് അകതിയൂര്‍ സെന്ററിലെത്തിയപ്പോഴേക്കും രമേശന് ക്ഷീണിച്ചിരുന്നു. അസുഖമായതില്‍ പിന്നെ ഇത്ര ദൂരയാത്ര പതിവില്ല എന്ന് രമേശന് ആരോടോ പറഞ്ഞുപോലും. സെന്ററിലെ കടയില്‍ ചായ കുടിക്കാന്‍ കയറിയ രമേശനോട് ബാലകൃഷ്ണേട്ടന് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. പതുക്കെ വാര്‍ത്ത കേട്ട് ചെറിയൊരാള്‍ക്കൂട്ടം സെന്ററില്‍ രൂപപ്പെട്ടു. വലിയൊരു ദുരന്തത്തിലേക്ക് നടന്നടുക്കുന്ന ഒരാളോടുള്ള കാരുണ്യത്തോടെയെന്നോണം ആള്‍ക്കൂട്ടം രമേശനെ യാത്രയാക്കി. അതിനിടയില്‍ തന്നെ കാവില്‍വട്ടം പറമ്പുമായി ബന്ധപ്പെട്ട കഥകള്‍ ഒട്ടുമുക്കാലും രമേശന് കേട്ടുകഴിഞ്ഞിരുന്നു. എങ്കിലും തന്റെ കഷ്ടപ്പാടുകളുടെയും ഇല്ലായ്മകളുടെയും ഇടയില്‍ അതില്‍ കവിഞ്ഞൊരു ദുരന്തമൊന്നും കാവില്‍ വട്ടം പറമ്പ് കൊണ്ടുവരില്ലെന്ന് അയാള്‍ക്ക് തോന്നി. രമേശനോടൊപ്പം സ്ഥലം കാണിച്ചുകൊടുക്കാനായി സെന്ററില്‍ നിന്നുമുള്ള ചിലരും കൂടി ചേര്‍ന്നു. കാവില്‍ വട്ടം പറമ്പിലേക്ക് ആ സംഘം നടക്കും വഴി എതിരെ വരുന്നു വട്ടംപറമ്പിലെ മാധവേട്ടന് "എവിടേക്കാ മക്കളെ" വലിയവളപ്പിലെ വിജേഷ് കാര്യം പറഞ്ഞു. "ആരൊക്കെയുണ്ട് വീട്ടില്‍" രമേശനോടായി മാധവേട്ടന് ചോദിച്ചു. "ഭാര്യയും രണ്ട് മക്കളും അമ്മയും". "അവരോടൊക്കെ വിവരങ്ങള്‍ ശരിക്ക് പറഞ്ഞിട്ടുണ്ടോ തനിക്ക് ജീവിക്കണന്നില്ലെങ്കിലും അവര്‍ക്ക് ജീവിക്കാന്‍ മോഹണ്ടാവും". മാധവേട്ടന്റെ ശബ്ദം ഉയര്‍ന്നു. ഭാവ പകര്‍ച്ചകണ്ട് അമ്പരന്നു നില്ക്കുന്ന ചെറുപ്പക്കാരോട് പിന്നീടൊരലര്‍ച്ചയായിരുന്നു. "തിരിച്ചുകൊണ്ടോടാ ആ പാവത്തിനെ ഒരു കൂടുംബത്തിനെ കൊല്ക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കണ മഹാപാപികള്‍, ആരാന്റമ്മക്ക് പ്രാന്ത് പിടിക്കണ് കാണാന്‍ നിക്കണ കുറേ മനുഷ്യമ്മാര്". നിന്ന നില്‍പ്പിലാണത്രെ രമേശനെ കാണാനില്ലാതായത്...
വര : റഫീക്ക് അഹമ്മദ്
കാവില്‍വട്ടം പറമ്പ് കാടുകയറി ഒരു ചെറുകാവായിക്കഴിഞ്ഞു. യാവുട്ടിക്കാ ഇപ്പോഴും പുതിയ കക്ഷികളെകാത്ത് ആധാരം രാമകൃഷ്ണേട്ടന്റെ പീടിക വരാന്തയിലും അക്കിക്കാവ് രജിസ്ട്രോഫീസ് പരിസരത്തും ഒക്കെ തന്നെയുണ്ട്. ചെറിയ രീതിയില്‍ സ്ഥലകച്ചവടവും തുടങ്ങിയിട്ടുണ്ടത്രെ പുള്ളി. ഇപ്പോള്‍ വഴിതെറ്റിപ്പോലും കാവില്‍വട്ടം പറമ്പുകാണാനായി ആരും ഈ വഴി വരാറില്ലത്രെ നാട്ടില്‍ നിന്ന് അജീഷ് ഓണ്‍ലൈനില്‍ തരുന്ന വാര്‍ത്തകളാണ്... സത്യമാണോ എന്തോ...