Wednesday, January 6, 2010

പച്ചയിലെ നിറഭേദങ്ങള്‍


ഫോട്ടോ : പി. വി. പത്മനാഭന്‍

(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും...)

കല്ലായിക്കുന്ന്‌ എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത്‌, കല്ലഴിക്കുന്ന്‌ എന്നും ചിലര്‍ വിളിച്ചു. ചിലര്‍ക്കിത്‌ നരിമടക്കുന്നായിരുന്നു. കലശമല എന്ന പേര്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നില്ല അന്നൊന്നും. ചുറ്റുമുള്ള സ്ഥലങ്ങളുടെ മോഹിപ്പിക്കുന്ന കാഴ്‌ച്ചയാണ്‌ കുന്നിന്റെ പ്രധാന ആകര്‍ഷണം പിന്നെ കുന്നിന്‍ മുകളിലെ വിശാലമായ തുറസ്സും അവിടത്തെ പുല്‍പ്പരപ്പും. മേഘങ്ങളൊഴിഞ്ഞ നേരത്ത്‌, കിഴക്ക്‌ കടങ്ങോടന്‍ മലനിരകള്‍ക്കപ്പുറത്ത്‌ നോക്കെത്താ ദൂരത്തോളം മലകളുടെ ശിഖരങ്ങള്‍ കാണാം. കിഴക്ക്‌ തെക്കായി കലാര്‍ണപ്പാടം, ചെവ്വന്നൂര്‍പാടം, അതിനുമപ്പുറം ചൂണ്ടല്‍പ്പാടം അതിനിടയിലൂടെ കുന്നംകുളം വടക്കാഞ്ചേരി റോഡ്‌. വടക്ക്‌ പടിഞ്ഞാറായി കുന്നംകുളം-കോഴിക്കോട്‌ റോഡ്‌ കടന്നുപോകുന്ന കമ്പിപ്പാലം അക്കിക്കാവ്‌ ഭാഗങ്ങള്‍. ഋതുക്കള്‍ മാറുന്നതിനനുസരിച്ച്‌ കാഴ്‌ച്ചകളും മാറും. ചിങ്ങം - കന്നി മാസങ്ങളില്‍ പച്ചപ്പിന്റെ ഒരു ലോകമാണ്‌ ചുറ്റിലും. താഴെയുള്ള പാടശേഖരങ്ങളിലൊക്കെ ഞാറ്‌ വളര്‍ന്ന്‌ വരുന്ന സമയം. പച്ചപരവതാനി വിരിച്ച പോലെയാകും പാടങ്ങള്‍. ധനു മകരം മാസങ്ങളിലെ പോക്കുവെയിലില്‍ സ്വര്‍ണ്ണനിറമാകും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്ക്‌. കരഭൂമിയിലൊക്കെ പച്ചപ്പ്‌ മാത്രമേകാണൂ. തൊടികള്‍ക്കുള്ളിലെ വീടുകള്‍ മരങ്ങള്‍ക്കുള്ളില്‍ നിന്ന്‌ പുറത്തുകാണാനാകില്ല. കുലച്ചപനകളും കട്ടയിട്ടമുളങ്കൂടുകളും പുത്തതേക്കുമരങ്ങളും പച്ചക്കുള്ളില്‍ നിറഭേദങ്ങള്‍ തീര്‍ക്കും.
















ഫോട്ടോ : വിനീത്‌ നായര്‍

കുന്നിന്റെ വടക്കേചെരുവിലാണ്‌ കലശമല ചിറയില്‍ ശിവക്ഷേത്രം. അമ്പലത്തോട്‌ ചേര്‍ന്ന്‌ തന്നെ കുളവെട്ടിമരങ്ങള്‍ തിങ്ങിനിറഞ്ഞ കാവ്‌. അതിനിടയിലൂടെ ഒഴുകുന്നചോല. ഒരു കാലത്ത്‌ തികഞ്ഞ ചതുപ്പായിരുന്നു ഈ ചോല. മേയാന്‍ വിടുന്ന കാലികള്‍ പലപ്പോഴും ഈ ചതുപ്പില്‍ പെട്ട്‌ താഴുന്നതും പിന്നീട്‌ അവയെ വലിച്ചുകയറ്റാന്‍ ബുദ്ധിമുട്ടിയതും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. വാറ്റുചാരായം തയ്യാറാക്കിനുള്ള കോടയുടെ സൂക്ഷിപ്പ്‌ കേന്ദ്രം കുടിയായിരുന്നു ഇടക്കാലത്ത്‌ ഈ ചതുപ്പ്‌. കലശമല ക്ഷേത്രത്തെപ്പറ്റിയും ഒട്ടേറെ മിത്തുകളും പഴംകഥകളും നിലനില്‍ക്കുന്നുണ്ട്‌. അതിലൊന്ന്‌ അമ്പലത്തിലെ കുളത്തിന്‌ കടലുമായി ബന്ധമുണ്ടെന്നാണ്‌ ചില പ്രത്യേകദിവസങ്ങളില്‍ അമ്പലക്കുളത്തില്‍ കടല്‍ മത്സ്യങ്ങളെ കാണാറുണ്ടത്ര. കര്‍ക്കടകമാസത്തിലെ വാവിന്‌ ബലിയിടാനായി സമീപപ്രദേശത്തുനിന്നൊക്കെ ആളുകളെത്തുക ഇവിടേക്കാണ്‌. അന്ന്‌ തന്നെയാണ്‌ ചിറയിലെ ഉത്സവവും. നാട്‌ ചുട്ടുപൊള്ളുന്ന മീന-മേട മാസങ്ങളിലും ശീതികരിച്ച്‌ മുറിയിലെന്ന പോലെ സുഖകരമായ കാലാവസ്ഥയാണ്‌ ഈ ചോലക്കാട്ടില്‍. സമീപത്തെ വീട്ടുകാര്‍ വെള്ളമെടുക്കാനും കുളിക്കാനുമായി ഇവിടെ എത്തും.














ഫോട്ടോ : പി. വി. പത്മനാഭന്‍

കുന്നത്ത്‌ കണ്ണാന്തളികള്‍ നിറയെ പൂത്തിരുന്ന ഒരു കാലത്തെ പറ്റി അകതിയൂര്‍ നാസര്‍ മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുറത്തിറക്കിയ സ്‌പന്ദനം എന്ന സ്‌മരണികയില്‍ മാധവന്‍ അയ്യപ്പത്ത്‌ ഏഴുതിയിരുന്നു. കുന്നിന്‌ നേരെ കിഴക്ക്‌ വശത്തുള്ള അയ്യപ്പത്ത്‌ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങള്‍. വീട്ടില്‍ നിന്ന്‌ കവുങ്ങിന്‍ പറമ്പിലൂടെ നേരെ കിഴക്കോട്ടിറങ്ങിയാല്‍ കലാര്‍ണ്ണപ്പാടം. ഈ കുന്നിനും പാടത്തിനും പരിസരത്തിനും തന്നെ എഴുത്തുകാരനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന്‌ തൃശ്ശൂര്‍ കോട്ടപ്പുറം രാഗമാലികപുരത്തെ ഇപ്പോഴത്തെ വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്‌ച്ചകളില്‍ അദ്ദേഹം പറയാറുണ്ട്‌. കണ്ണാന്തളിക്കും തുമ്പയ്‌ക്കും പുറമെ പേരറിയാത്ത ഒട്ടേറെ നാട്ടുപൂക്കളുടെ കലവറകൂടിയായിരുന്നു കുന്ന്‌. ഒരടിയോളം പൊന്തിനില്‍ക്കുന്ന ഭ്രാന്തന്‍പുല്ല്‌ കാറ്റില്‍ ഇളകിആടും. കാറ്റിന്റെ ദിശ മാറുന്നതിനനുസരിച്ച്‌ അതിന്റെ നിറവും മാറി വരും. മഞ്ഞ്‌ വീണ പുല്ലില്‍ പുലര്‍വെയിലടിക്കുന്നത്‌ മനസ്സില്‍ നിന്ന്‌ മായാത്ത മറ്റൊരു കാഴ്‌ച്ചയാണ്‌. പക്ഷെ കാലം മാറിയതിനനുസരിച്ച്‌ കാഴ്‌ച്ചകളിലും മാറ്റം വന്നു. നരിമടക്ക്‌ തൊട്ടുതാഴെയായി തന്നെ കുന്നിടിച്ച്‌ കോണ്‍ക്രീറ്റ്‌ സൗദങ്ങള്‍ ഉയര്‍ന്നു. ചൊവന്നൂര്‍ പാടത്തെ റോഡിനിരുവശത്തും പാടം നികത്തി കെട്ടിടങ്ങള്‍ വന്നു. കുന്നുംകുളം കോഴിക്കോട്‌ ഹൈവേയിലും ഇതു തന്നെയായി സ്ഥിതി. കുന്നിന്റെ താഴ്‌വാരങ്ങളിലെ മണ്ണ്‌ തുരന്ന്‌ വിറ്റ്‌ പണമുണ്ടാക്കിതുടങ്ങി ചിലര്‍. ചിലഭാഗങ്ങളില്‍ വെട്ടുകല്‍ ഘനനം തുടങ്ങി. വേനലേറുന്നതൊടെ കരിഞ്ഞുണങ്ങുന്ന കുന്നിന്‍മുകളിലെ പുല്ല്‌ തീയ്യിട്ട്‌ നശിപ്പിക്കാനും ആളുണ്ടായി.



കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍

സ്‌പ്‌ന്ദനത്തില്‍ തന്നെ മാധവന്‍ അയ്യപ്പത്ത്‌ ഇങ്ങനെ എഴുതി " വഴി തെളിഞ്ഞു വളര്‍ച്ചയ്‌ക്ക്‌ സൗകര്യങ്ങള്‍ നിരന്നു. ഊരുണര്‍ന്നു. ചെറുപ്പക്കാര്‍ക്ക്‌ ഉണര്‍വ്വും ഉശിരും ഒരുമയും കൂടി. കേയ്‌ക്ക്‌ മുറിച്ചെടുക്കും പോലെ കുന്ന്‌ മുറിച്ചുമാറ്റുന്നത്‌ തടയായില്ല". ഒരു മാഫിയാപ്രവര്‍ത്തനം എന്ന രീതിയിലൊന്നുമായിരുന്നില്ല ഇവിടത്തെ മണ്ണെടുപ്പും കല്ലുവെട്ടും തുടങ്ങിയത്‌. അന്ന്‌ കുന്നംകുളം അക്കിക്കാവ്‌ റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ കുന്നംകുളം മുതലാളിമാരുടെ പാടങ്ങളായിരുന്നു. ഇടയിലൊരു പാറേമ്പാടം അങ്ങാടി, പിന്നീട്‌ വീണ്ടും പാടം കമ്പിപ്പാലം വരെ. പാടം പതുക്കെ കരയായി തുടങ്ങിയതൊടെയാണ്‌ കുന്ന്‌ ഇവിടെയും ലോറി കാത്ത്‌ നില്‍ക്കാന്‍ തുടങ്ങിയത്‌.

(തുടരും)

6 comments:

  1. പച്ചപ്പിന്റെ കഥകളിപ്പോള്‍ വായിക്കുന്നത് ആര്‍ത്തിയോടെയാണ്. കേക്ക് മുറിച്ച് മാറ്റുന്നതുപോലെ കുന്നുകളും മലകളും അതോടൊപ്പമുള്ള ഹരിതഭംഗിയുമൊക്കെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ ?

    ReplyDelete
  2. നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞത് ശരി വയ്ക്കുന്നു

    ReplyDelete
  3. Grihathirathwa chinthakal unarunnu... Oppam oru vedhanayum..... nandhi pramod..nandhi.

    ReplyDelete
  4. ...കുന്ന്‌ ഇവിടെയും ലോറി കാത്ത്‌ നില്‍ക്കാന്‍ തുടങ്ങി...

    ഗ്രാമക്കാഴ്ചകൾ നന്നായിരിക്കുന്നു....

    ആശംസകൾ..

    ReplyDelete
  5. ഗ്രാമക്കാഴ്ചകൾ നന്നായിരിക്കുന്നു....

    ആശംസകൾ..

    ReplyDelete
  6. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇതൊരു കുന്നിന്റെ മാത്രം കഥയല്ല. എല്ലാ ഇടനാടന്‍ ചെങ്കല്‍ കുന്നുകള്‍ക്കും അതിനുചുറ്റുമായി വളര്‍ന്നു വന്ന ഗ്രാമങ്ങള്‍ക്കും പറയാനുള്ളത്‌ ഈ കഥകളൊക്കെ തന്നെയാകും.
    നമ്മുടെ പുഴകളെപ്പോലെ....

    ReplyDelete