തിരുവിതാംകൂര്‍ രാജവംശത്തില്പെട്ട ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട രാജഭകതി കേരളമാകെ കുത്തിയൊലിക്കുകയാണ്. തിരുവനന്തപുരം ജില്ലക്ക് മാത്രമല്ല കേരളത്തിനൊട്ടാകെ അവധി വേണമായിരുന്നെന്ന് വരെ പറഞ്ഞുവെക്കുന്നു പ്രജകള്‍. രാജഭക്തി മുതലെടുക്കാമെന്ന ചിന്തയില്‍ ക്ഷീരമുള്ള അകിടുനോക്കി നടക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും രാജസ്തുതികളുമായി രംഗത്തുവരുന്നു. അവധിക്കെതിരെ ഫേസ്ബുക്കില്‍ ഒരു കമന്റിട്ടതിന് നിബിലെന്ന ചെറുപ്പക്കാരനെയും ആ കമന്റ് ഷെയര്‍ചെയ്ത് സ്വന്തം അഭിപ്രായം കൂടി ചേര്‍ത്ത് സ്റ്റാറ്റസ് ഇട്ടതിന് വി.ടി.ബലറാം എം.എല്‍.എ യെയും തെറിവിളികള്‍ കൊണ്ടും ഭീഷണികൊണ്ടും പൊതിയുന്നു രാജഭക്തരായ സൈബര്‍ സേവകര്‍. ചരിത്രബോധം ഇല്ലാതാകുക എന്നത്, മറവിയിലേക്ക് മടങ്ങുക എന്നത് ഒരു സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. അതിനെ പിന്‍പറ്റിയാണ് ഫാസിസം കടന്നുവരുന്നതും. അങ്ങിനെയാണ് ഗാന്ധിഘാതകരുടെ പിന്മുറക്കാര്ക്ക് ഗാന്ധിയുടെ പ്രിയ ശിഷ്യനായ പട്ടേലിന്റെ പൈതൃകത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നത്.
ഇൗ നൂറ്റാണ്ടിലെ അടിമത്വം നാം സ്വയം സൃഷ്ടിക്കുന്നതാണ്. ആ മാനസിക അടിമത്വത്തിന്റെ സുഖമറിഞ്ഞവരാണ് അതിന് പറ്റിയ ഒരു ഉടമയെ കിട്ടാതെ വരുമ്പോള്‍ തിരുവിതാകൂര്‍ രാജാവ് എന്നൊക്കെ പറഞ്ഞ് 1947ടെ അധികാരം ഇല്ലാതായ ഒരു രാജകുടുംബത്തിലെ ഒരംഗത്തെ പൊക്കികൊണ്ട് വരുന്നത്. മറ്റൊരു കൂട്ടര് ജനാധിപത്യത്തില്‍ കോരനും ചാത്തനും മേത്തനുമൊന്നും നമ്മെ ഭരിക്കുന്നത് ഇഷ്ടമാകാത്ത ജാതിക്കോമരങ്ങളും വര്‍ഗ്ഗീയ ഭ്രാന്തന്മാരുമാണ്. അവരൊക്കെ ചേര്‍ന്നാണ് കൂലിക്ക് ചരിത്രമെഴുതിയ പഴയ തിരുവിതാകൂര്‍ ചരിത്രകാരന്മാര് നീട്ടിപ്പാടിയ അപദാനങ്ങള്‍ ഇന്നും ഏറ്റുപാടുന്നത്. രാജഭക്തന്മാരുടെ വോട്ടുപിടിച്ചിട്ടായാലും കേരളത്തിലൊരു അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്ന സംഘികള്‍ കൂടി ഒത്തുചേരുന്നതോടെ എല്ലാം പൂര്‍ണ്ണമാകുന്നു. തിരുവിതാകൂറില് നടന്ന പരിഷ്ക്കാരങ്ങള്‍ക്കെല്ലാം ഉത്തരവാദി ശ്രീ ചിത്തിരത്തിരുനാളാണെന്നും എല്ലാകൊള്ളരുതായ്മകള്‍ക്കും ഉത്തരവാദി സി.പി.രാമസ്വാമി അയ്യരാണെന്നും നമ്മെ പറഞ്ഞുപടിപ്പിച്ച ആസ്ഥാനചരിത്രകാരന്മാര് ഇന്നും കര്‍ത്തവ്യനിരതരായി രംഗത്തുണ്ട്. കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ അസഹിഷ്ണുതയൊടെ കാണുന്ന അവരൊക്കെ ചേര്‍ന്നാണ് ജാതി-മത-ഫ്യൂഡല്‍ അധികാര ശ്രേണി പുന:സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. അവരാണ് രാഷ്ടീയത്തിലെ പുഴുക്കുത്തുകളെ മാത്രം ചൂണ്ടിക്കാണിച്ച് വീണ്ടും പഴയ ഫ്യൂഡല്‍ കാലഘട്ടത്തെ നന്മനിറഞ്ഞ കാലമെന്ന പൊതുബോധം പതുക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
1947ല്‍ ഇന്ത്യ സ്വാതന്ത്രം നേടിയതും 1949ല്‍ തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നതും 1950 ജനുവരി 26ന് ഭാരതം ഒരു ജനാധിപത്യ റിപ്പബ്ലിക്കായതും 1956ല്‍ ഐക്യകേരളം നിലവില്‍ വന്നതും ഒന്നും ഈ രാജ്യഭക്തര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രാകാരം ചിത്തിരത്തിരുനാളിന് രാജപ്രമുഖസ്ഥാനം അനുവദിച്ച് കൊടുക്കുകയും രാജാവ് എന്ന അധികാരപദവി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ ബലത്തിലാണ് അദ്ദേഹം മരണപ്പെടുന്നത് വരെ മുന്‍ തിരുവിതാംകൂര്‍ രാജാവ് എന്ന പദവി നിലനിര്‍ത്തിയതും തിരുവിതാംകൂറിന്റെ പതാക സ്വന്തം കാറില്‍ ഉപയോഗിച്ചതും. അദ്ദേഹത്തിന്റെ കുടുംബത്തില്‍ തുടര്‍ന്ന് ആര്‍ക്കും ഇത്തരം അവകാശം തുടര്‍ന്ന് ഉണ്ടാകില്ലെന്ന് അന്നേ കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. 1971 ജൂലൈ 31ലെ ഇരുപത്തിയാറാം ഭരണഘടന ഭേദഗതിപ്രകാരം ഇന്ത്യയിലെ എല്ലാപഴയ നാട്ടുരാജ്യാക്കന്‍മാരുടെയും അതുവരെ അനുവദിച്ചിരുന്ന എല്ലാ പദവികളും എടുത്തുകളഞ്ഞു. ഇതിനെതിരെ തിരുവിതാംകൂര്‍ ഉള്‍പ്പടെയുള്ള പഴയ രാജകുടുംബങ്ങളൊക്കെ കോടതിയെ സമീപിച്ചെങ്കിലും കേടതിയില്‍ കേസ് തള്ളിപ്പോകുകയായിരുന്നു. എങ്കിലും 71ലെ ഭേദഗതിയോടെ നിയമസാധുത ഇല്ലാതായ മുന്‍രാജാവ് എന്ന സ്ഥാനം 1949ലെ തിരുകൊച്ചി കരാറിന്റെ പേരും പറഞ്ഞ് കൊണ്ടുനടക്കുകയായിരുന്നു ചിത്തിരതിരുനാള്‍. 1991 ജൂലൈ 19ന് ചിത്തിരതിരനാള്‍ മരിച്ചതോടെ സ്വയം അവകാശപ്പെട്ടിരുന്ന പേരിലെങ്കിലും ഉണ്ടായിരുന്ന മൂന്‍രാജാവ് എന്ന അധികാരപദവികൂടി അവസാനിച്ചു. അതിന് മുകളിലേക്കാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കൂടി രാജാവാക്കി കെട്ടിയിറക്കുന്നത്.

തലക്കരവും മുലക്കരവും ഈടാക്കി കുന്നുകൂട്ടിയ സമ്പത്തിന്റെ മുകളില്‍ സാമ്രാജ്യം സ്ഥാപിച്ചവരെയാണ് ആ പണം അമ്മവീടുകള്‍ കെട്ടിപ്പൊക്കിയും മുറജപം നടത്തിയും ധൂര്‍ത്തടിച്ചവരെയാണ് പുരോഗമനകാരികളായും സ്വാത്വികരായും ഋൃഷി തുല്യരാക്കിയുമൊക്കെ ചരിത്രവ്യാഖ്യനങ്ങളിറക്കുന്നത്. രാജവംശത്തിലെ പിന്തലമുറയാകട്ടെ വോട്ടവകാശം ഒരിക്കല്‍പോലും രേഖപ്പെടുത്താതെ ജനാധിപത്യത്തോടുള്ള അവജ്ഞന വ്യക്തമാക്കുകയും ചെയ്യുന്നു.
അന്തരിച്ച ഉത്രാടംനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം മരിച്ച ഒരു വ്യക്തിയോടുള്ള എല്ലാബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ കാലം ചെയ്ത മുന്‍ ഭരണാധികാരികളുടെ പരമ്പരയില്‍ ജനിച്ചു എന്നതിന്റെ പേരില്‍ ഒരു വ്യക്തിയെ രാജാവെന്നൊക്കെ വിശേഷിപ്പിക്കുന്നത് തികഞ്ഞ അശ്ലീലം തന്നെയാണ്. ആ കാപട്യത്തില്‍ പങ്കുചേരാത്ത,വ്യജചരിത്രനിര്‍മിതികള്‍ക്കും കപടസ്തുതികള്‍ക്കും കൂട്ടുനില്‍ക്കാത്ത ചരിത്രം മറക്കാത്ത നാടോടുമ്പോള്‍ നടുവെ ഓടാത്ത ചിലരെങ്കിലും ഇവിടെ ശേഷിക്കുന്നുണ്ടെന്ന് തെളിയിച്ച വി. എസ്. അച്ഛ്യുതാനന്ദനും വി.ടി. ബലറാമിനും പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നന്ദി...