![]() |
ഫോട്ടോ : അരുണ്‍ |
പുഴയെ സ്നേഹിക്കുന്നവരുടെ അനൗപചാരികമായ ഒരു ഒത്തുചേരല്‍. പുഴ ഓര്‍മ്മകളും പുഴയെ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ആലോചനകളും ആശയങ്ങളുടെ പങ്കുവെയ്ക്കലും കഥയും കവിതയും സംഗീതവും ഒക്കെയായി ഒരു രാവ്. കുറ്റിപ്പുറം സ്ക്കുളിന് താഴെയായി മണല്‍ പരപ്പ് അല്‍പ്പം ശേഷിക്കുന്ന പുഴ വളഞ്ഞൊഴുകുന്ന തീര്‍ത്തും ശാന്തമായ ഒരിടത്തായിരുന്നു ഒത്ത് ചേരല്‍. മുട്ടിന് താഴെ മാത്രം വെള്ളമുള്ള ചെറിയൊരു ഒഴുക്ക് മുറച്ച് കടന്നാല്‍ പുഴയ്ക്ക് നടുവിലെ വിശാലമായ ഒരു മണല്‍ തിട്ടിലെത്താം അവിടെയായിരുന്നു ഒത്ത് ചേരലിന് തിരഞ്ഞെടുത്തത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ
അവിടെ എത്താനായി മുളയും കവുങ്ങുമുപയോഗിച്ച് ചെറിയൊരു താല്‍ക്കാലിക പാലവുമൊരുക്കിയിരുന്നു. വേദിയും സദസ്സും ഒന്നുമില്ല. പഞ്ചാരമണല്പ്പില് വട്ടം ചേര്‍ന്ന് അങ്ങിനെ. പക്ഷെ മാധ്യമ ഇടപെടല്‍ കൂടി ആയതോടെ വൈകീട്ട് നാല് മണിയോടെ തന്നെ ആളുകളെത്താന്‍ തുടങ്ങി. പൗര്‍ണ്ണമി ദിവസമായിരുന്നു അന്ന്. വൈകീട്ട് 7 മണിയോടെ പരിപാടികള്‍ തുടങ്ങാനിരിക്കുമ്പോഴേക്കും വലിയൊരു പുരുഷാരം ഈ മണല്‍പ്പുറം കൈയ്യടക്കിയിരുന്നു. തെളിഞ്ഞ ധനു മാസനിലാവില് ഹരി ആലംകോടിന്റെ സന്ദൂര്‍ വാദനത്തോടെയാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്.
ഫോട്ടോ : സതീഷ്നായര്‍ |
പുഴയില്‍ രാവ് കനക്കുമ്പോള്‍ തന്നെ മുകളില്‍ കുറ്റിപ്പുറം സ്ക്കൂളിന്റെ ഊട്ടുപുരയില്‍ കഞ്ഞിയും പുഴുക്കും വിളമ്പിത്തുടങ്ങിയിരുന്നു. പുഴ വലിയൊരു വികാരമായി മാറുന്നതാണ് പിന്നെ കണ്ടത്. പുഴയോരത്ത് ജനിച്ച് ഈ പുഴയ്ക്കൊപ്പം വളര്‍ന്ന് പുഴയെ അറിഞ്ഞ് അനുഭവിച്ച് ജീവിച്ചിട്ടും പുഴയ്ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെപോയതിന്റെ വിഷമം പലരും പങ്കുവെച്ചു. പതുക്കെ നാടന്‍ പാട്ട് സംഘങ്ങളും ഗസല്‍ ഗായകരും മണല്‍പരപ്പ് കൈയ്യടക്കി. ധനുമാസ രാവിലേക്ക് നിലാവിനൊപ്പം മഞ്ഞും പെയ്തിറങ്ങി തുടങ്ങി. പിന്നെ പിന്നെ പതുക്കെ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങി. ശേഷിക്കുന്നവര്‍ പുഴ മണലില്‍ പലയിടത്തായി ചിതറി. ഛായാചിത്രം കണക്കെയുള്ള പുഴയുടെ ദൃശ്യം മതിവരുവോളം മനസ്സിലേക്കിറക്കാന്‍ വേണ്ടിയാകണം ഒറ്റപ്പെട്ട് ഉറങ്ങാതിരിക്കുന്നവരും ഉണ്ടായിരുന്നു മണല്പരപ്പില്. സ്്ക്കുളിലായിരുന്നു. ദൂരദേശങ്ങളില്‍ നിന്ന് വന്നവര്‍ക്കുള്ള താമസസൗകര്യമൊരുക്കിയിരുന്നത്. സ്ത്രീകള്‍ക്ക് സമീപപ്രദേശങ്ങളിലുള്ള വീടുകളിലും. പക്ഷെ മിക്കവാറും എല്ലാവരും പുഴമണലില്‍ തന്നെ കിടന്നുറങ്ങി. പുലര്‍ച്ചെയുടെ ചെറുവെട്ടങ്ങള്‍ വന്നുതുടങ്ങുമ്പോള്‍ ഞങ്ങള്‍ പുഴയിലായിരുന്നു. പ്രഭാതത്തിന്റെ പുഴക്കാഴ്ച്ചകളില് ലയിച്ച് അങ്ങിനെ കിടക്കുമ്പോള്‍ കുളിരും തണുപ്പും ശരീരം പോലും മറന്നുപോയിരുന്നു.
നിറങ്ങളുടെ ഇന്ദ്രജാലമാകുന്നു ഈ പുഴയിലെ ഓരോ സുര്യോദയവും അസ്തമയവും നിലാവൊഴുകുന്ന രാവുകളുമെന്ന് തിരിച്ചറിഞ്ഞത് അന്നാണ്. പ്രകൃതിയുടെ ഛായക്കുട്ടുകള്‍. ഇളം കാറ്റിന്റെ സ്വാന്ത്വനം ജലത്തിന്റെ പുന:രുജ്ജീവന ശേഷി ഇതൊക്കെ അറിയാഞ്ഞിട്ടാകുമോ അതോ അനുഭവിക്കാന്‍ കഴിയാഞ്ഞിട്ടാണോ അതോ പണമെന്ന പ്രലോഭനത്തിന് മേല്‍ ഇതെല്ലാം നിഷ്പ്രഭമാകുന്നതുകൊണ്ടോ ഈ പുഴയെ അറിഞ്ഞ അനുഭവിച്ച ഒരു വിഭാഗം ജനങ്ങള്‍ തന്നെ കൂട്ടുനില്‍ക്കുന്നത്. രാവിലെ നടന്ന ഭാരതപ്പുഴ കണ്‍വെന്‍ഷനില്‍ ഇന്ത്യന്നൂര്‍ ഗോപിമാഷും ഡോ.പി.എസ് പണിക്കരും ഡോ. എ. ബിജുകുമാറും തുടങ്ങി പുഴയുടെ ശേഷിക്കുന്ന നീരൊഴുക്കിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഏറെ പേര് പങ്കാളികളായി. തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ നടന്നു. പ്രവര്‍ത്തനപരിപാടികളും രൂപരേഖകളും തയ്യാറാക്കപ്പെട്ടു. ഏറെ പ്രതീക്ഷകളോടെയാണ് ഉച്ചഭക്ഷണവും കഴിഞ്ഞ് ആ കൂട്ടായ്മ പിരിഞ്ഞത്. തുടര്‍ പരിപാടികള്‍ പട്ടാമ്പിയിലും കുറ്റിപ്പുറത്തുമായി വീണ്ടും നടന്നെങ്കിലും പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് കരുതിയിരുന്ന ആ സംഗമത്തിനും പുഴയെ രക്ഷിക്കാന്‍ കഴിയാതെ പോയതാണ് പിന്നീട് കണ്ടത്. കുറേ പേരുടെ മനസ്സുകളില്‍ പുഴയെ മായാതെ ശേഷിപ്പിച്ചു എന്നത് മാത്രമാകും ഒരു പക്ഷെ ആ കൂട്ടായ്മയുടെ ബാക്കിയായത്. കലശുമലയില് വെച്ച് നടന്ന ആദ്യ നിലാവ് കൂട്ടായ്മ ഒരു വിജമായിരുന്നെങ്കില്‍ ഭാരതപ്പുഴ കൂട്ടായ്മ ലക്ഷ്യം കാണാതെ പോയി... പുഴയ്ക്കുവേണ്ടി പലപ്പോഴായി നടന്ന മറ്റു മുന്നേറ്റങ്ങളെപ്പോലെ....
(തുടരും)