അന്നത്തെ കുന്നംകുളം-പട്ടാമ്പി റോഡിന് ഇത്ര വീതിയില്ല. പാറേമ്പാടം അങ്ങാടിക്കപ്പുറത്തും ഇപ്പുറത്തും വയല്‍ നികത്തിയെടുത്ത പുരയിടങ്ങളും കെട്ടിടസമുച്ചയങ്ങളും ഉണ്ടായിരുന്നുമില്ല. ചക്കുണ്ണി അയ്യപ്പന്റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ അയ്യപ്പത്ത് റോഡ് ഇന്നത് വിക്ടറി ഇന്നാണ് പിന്നെ പോര്‍ക്കുളം റോഡ്. അതും കഴിഞ്ഞാണ് പാറേമ്പാടം ബസ്സ്റ്റോപ്പ്. പഴഞ്ഞി അങ്ങാടിയില്‍ അച്ഛനോടൊപ്പം കള്ളി അടയ്ക്ക വില്ക്കാന് പോകും. അടയ്ക്ക കൊടുത്ത് പണം വാങ്ങി ബസ്സു പിടിച്ച് പാറേമ്പാടം എത്തുമ്പേേഴക്കും ഇരുട്ടിയിരിക്കും കുരുവി അമ്മിണിയേടത്തിക്ക് അന്ന് വീടിനുമുന്പില് കച്ചവടമുണ്ട്. അവിടെ നിന്ന് ഓലച്ചുട്ടോ അരിപ്പചൂട്ടോവാങ്ങി ഒന്നാഞ്ഞുനടന്നാല് ഇതാ എന്ന് പറയുമ്പേഴേക്കും അകതിയൂര്‍ സെന്ററിലെത്തും. പിന്നെ ഇടത്തോട്ട് അടുത്തലാന്റ് മാര്‍ക്ക് ഗോപാലേട്ടന്റെ കടയാണ്. കമ്പിപ്പാലം റോഡും പാറേമ്പാടത്തുനിന്നും അകതിയൂര്‍ സെന്റര്‍ വഴി വരുന്നറോഡും ചേര്‍ന്ന് ഇന്നത്തെ സെഞ്ച്വറി പ്രസ് റോഡിലേക്ക് തിരിയുന്നിടത്തായിരുന്നു ഗോപാലേട്ടന്റെ കട. അവിടെ നിന്ന് കിഴക്കോട്ട് ഒരു ഫര്‍ലോങ്ങ് കൂടി പോയാല്‍ വീടായി. അന്നവിടെ ഗോപാലേട്ടന് പുറമേ ബാര്‍ബര്‍ ജോര്‍ജ്ജും ടൈലര്‍ വിശ്വനും പിന്നെയൊരു ചാരായഷാപ്പുമാണുള്ളത്. ഗോപാലേട്ടന്റ കച്ചവടം ചായയാണ്. പപ്പടവട, മുറുക്ക്, പുട്ട്, പപ്പടം ദോശ അതൊക്കെതന്നെ ആര്‍ഭാടമാണ് അന്ന്. എപ്പോഴും ചെറിയൊരു ആള്‍ക്കൂട്ടം അവുടെയുണ്ടാകും. വലിയ പ്ലാവിന് കീഴെ സൈക്കിളുകള്‍, ചീട്ടുകളി, നാട്ടുവര്‍ത്തമാനം, പുളുവടി. ലഹരി മൂത്ത് സ്നേഹം വര്‍ദ്ധിക്കുമ്പോഴുള്ള ചില കശപിശകള്. രാവേറെ ചെന്നാലും ആരെങ്കിലുമൊക്കെ ആ പരിസരത്തുണ്ടാകും. കോഴിക്കോട്ടുന്നും ചെത്തുകാരന് പുഷ്പാകരേട്ടന് നാട്ടിലെത്തിയതൊടെയാണ് തെക്കുവടക്ക് സംഘം ഒന്നുകൂടി ഉഷാറായി. ചേര, കുറുക്കന്, മെരു, ഉടുമ്പ് കിട്ടുന്നതെന്തും 'P' കമ്പനിക്ക് വൈകീട്ടത്തേക്കുള്ള മെനുവായി. അകതിയൂരിന്െ ദേശിയപാനീയമായ കള്ളിനൊപ്പം തൊട്ടുകൂട്ടാന്‍ പുതു വിഭവങ്ങളെത്തിതുടങ്ങുന്നത് പുഷ്പാകരന്റെ വരവോടുകൂടിയാണ്.അന്ന് വീടിന്റെ മുകള്‍ഭാഗത്ത് മൂന്നേക്കറോളം സ്ഥലം മാവും പ്ലാവും കരിമ്പനയും അകിലും മറ്റ് കുറ്റിച്ചെടികളുമൊക്കെയായി നല്ലോരു കാടാണ് അതിനുള്ളില്‍ എവിടെയെങ്ങിലുമൊക്കെയായി പുഷ്പാകരന്റെ ഒരു കൂടുമുണ്ടാകും അതിന്റെ ഒരു കള്ളിയില്‍ കോഴി കുറുക്കനെ പിടിക്കാനുള്ള കെണിയാണ്. വല്ലപ്പോഴുമൊക്കെ കുറുക്കന് കുടങ്ങും. അന്ന് ഒരാള്ക്കുട്ടമുണ്ടാകും അവിടെ കുറുക്കനെ കുട്ടിലിട്ടുതന്നെ കൊന്ന് ആഘോഷമായാണ് മടക്കയാത്ര. അന്ന് അകതിയൂരിന്റെ രാവിന് നീളമേറും. അന്ന് അകതിയൂരില്‍ കോണ്‍ക്രീറ്റു വീടുകളില്ല. നിരത്തുകളില്‍ ടാര്‍ വീണിട്ടുമില്ല. ഇന്നത്തെ റോഡുകള്‍ പലതും കുണ്ടനിടവഴികളാണ്. ദേവിവിലാസം സ്കൂള്‍ അതുപോലെ തന്നെ. കുന്നത്തെ പീടികയും കുമാരേട്ടന്റെ ചായക്കടയും ഗോപാലേട്ടന്റെ ചായക്കടയുമാണ് മറ്റ് പൊതുസ്ഥലങ്ങള്‍. പഞ്ചായത്ത് കോണ്‍ഗ്രസ്സ് തട്ടകമായിരുന്നു. വെങ്കട്ടനാരായണയ്യര്, പ്രഞേ്ജട്ടന് സുകുമാരന്‍ വൈദ്യര് നാഷണല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് തല സാരഥികള്‍. സഖാവ് ദാമോദരേട്ടനെ പോലെ സജീവമായ നോതാക്കള്‍ മാര്‍ക്കിസ്റ്റ് പക്ഷത്തുമുണ്ട് പഞ്ചായത്ത് തലത്തില്‍ പക്ഷെ ജനസമ്മതനായ ഒരാളില്ല. ആ ഒഴിവിലേക്കാണ് ആന്തമാന്‍ ദിനങ്ങള്‍ കഴിഞ്ഞ് സി.വി.ശ്രീരാമന് എന്ന ചെറുതുരുത്തി വേലപ്പേട്ടന്റെ മകന് കടന്നുവരുന്നത്. ടി.എം.എച്ച്.എസ് പെരുമ്പിലാവില്‍ സികസ്ത്ത് ഫോറത്തില്‍ പടിക്കുമ്പോഴെ പാര്‍ട്ടി സഹയാത്രികനായിരുന്നു സി.വി. കൂടെ പി.കെ.എ റഹീം.(ബെസ്റ്റ് ബുക്സ്) റഹീം പിന്നീട് എം.എന്‍ റോയിയുടെ റാഡിക്കല്ഹ്യുമനിസത്തില് ആകൃഷ്ടനായി പാര്‍ട്ടിവിട്ടു. നീണ്ടയാത്രകള്ക്കും പ്രവാസത്തിനുമൊടുവില്‍ തിരിച്ചെത്തി കൊങ്ങുണൂരെ തറവാട്ടുവീട്ടില്‍ താമസിച്ചുതുടങ്ങിയപ്പോള്‍ അപരിചിതരെ പലരേയും കൊങ്ങുണൂരെ കുണ്ടനിടവഴികളില്‍ കണ്ടുതുടങ്ങി. ഋൃതിക്ക്ഘട്ടക്കും അരവിന്ദനും കടമ്മനിട്ടയും ജോണും ആ കൂട്ടത്തിലുണ്ടായിരുന്നു. ചെറുതുരുത്തി മാളികപ്പുരയിലെ വിളക്കുകള്‍ പുലരും വരെ തെളിഞ്ഞുകത്തി സിനിമയും കവിതയും ചര്‍ച്ചകളും ഒക്കെയായി ഉമ്മറകോലായിലും താഴത്തെ പടിപ്പുരയാലും പുലരും വരെ അവര്‍ ഉറങ്ങാതിരുന്നു. അയ്പുവക്കീല് എന്ന സി.വി.യുടെ നാട്ടുകാരനും സഹപ്രവര്‍ത്തകനും സഹചാരിയുമായ അയ്പ് പാറമേലും അവരോടൊപ്പം കൂടി.1967ല്‍ പഞ്ചായത്ത് പ്രസിഡന്റായ സി.വി. പിന്നീട് ആ സ്ഥാനം ഒഴിയുന്നത് 84ല്‍ആണ്. കാര്യമായ വരുമാനമില്ലാത്ത പഞ്ചായത്തായതുകൊണ്ടും ജനകീയാസൂത്രണത്തിന് മുന്‍പുള്ള സമയമായതുകൊണ്ടും പഞ്ചായത്തിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സി.വി.യ്ക്ക് കഴിഞ്ഞില്ല. കലശമലയിലെ മണ്ണെടുപ്പ് അപകടകരമായ രീതിയില്‍ തുടങ്ങിയതും ആ കാലത്താണ്. കുന്നിനെ രക്ഷിക്കാന്‍ കാര്യമായി ശ്രമിച്ചു സി.വി. പക്ഷെ അനുയായികള്‍ തന്നെ അതിനെ അട്ടിമറിച്ചു. തൊഴില്‍, വരുമാനം, ഉപജീവനം എന്നല്ലാതെ ഒരു മാഫിയാ പ്രവര്‍ത്തനം എന്ന രീതിയില്‍ അത് മാറിയിരുന്നില്ല. പരിസ്ഥിതി പ്രശ്നം എന്ന രീതിയില്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നുമില്ല. അറബിക്കടലില്‍ മഴപെയ്യുന്നത് മരമുണ്ടായിട്ടാണോ എന്നൊക്കെ ചേദിച്ച് സീതി ഹാജിയൊക്കെ താരമായി നില്ക്കുന്ന സമയമാണ്.
Monday, March 9, 2009
Subscribe to:
Posts (Atom)