Wednesday, February 24, 2010

മണ്ണിന്റെ നിറവും കൊടികളുടെ നിറങ്ങളും


                                                                               (ഫോട്ടോ : കെ. എ. അജീഷ്‌)

(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു ഗ്രാമത്തിന്റെയും)

ചെറിയ രീതിയില്‍ ആരംഭിച്ച മണ്ണെടുപ്പ്‌ ഒരു വ്യവയായം എന്ന രീതിയില്‍ വളര്‍ന്ന്‌ വന്നത്‌ വളരെ പെട്ടെന്നായിരുന്നു. കുന്നിന്റെ വടക്കേചെരുവിലായിരുന്നു തുടക്കം. കാര്‍ഷിക മേഖലയ്‌ക്കായി ദേശസാല്‍കൃത ബാങ്കുകള്‍ വകയിരുത്തിയ തുകയില്‍ സബ്‌സിഡിയോടെ ട്രാക്ട്‌റുനുള്ള ലോണും ഉണ്ടായിരുന്നു അക്കാലത്ത്‌. കൃഷി രീതികള്‍ എളുപ്പമാക്കാനായി കൊണ്ടുവന്ന ട്രാക്‌ടര്‍ തന്നെ നെല്‍വയലുകളുടെ അന്തകനാകുന്ന കാഴ്‌ച്ചയാണ്‌ പിന്നീട്‌ കണ്ടത്‌. സ്വയംതൊഴില്‍ എന്ന പേരില്‍ പലരും ബാങ്ക്‌ ലോണെടുത്ത്‌ ട്രാക്ടര്‍വാങ്ങി പുറകില്‍ ടിപ്പര്‍ കൂടി ഘടിപ്പിച്ച്‌ മണ്ണ്‌ വില്‍പ്പനക്കിറങ്ങി. തിരിച്ചടവ്‌ കൃത്യമാകും എന്നതിനാല്‍ ബാങ്കുകളും ഇതിന്‌ കൂട്ടുനിന്നു . നാട്ടുപണിയെടുത്താല്‍ കിട്ടുന്നതിന്‍െ മൂന്ന്‌ മടങ്ങ്‌ കൂലി വരെ കിട്ടുന്നതിനാല്‍ കാര്‍ഷിക തൊഴിലാളികള്‍ ഈ രംഗത്തേക്ക്‌ ചേക്കേറി. അന്ന്‌ JCB കള്‍ രംഗത്തെത്തിയിട്ടില്ല. കുന്നിനുള്ളിലേക്ക്‌ തുരങ്കം നിര്‍മ്മിച്ച്‌ അതിലേക്ക്‌ ലോറി കയറ്റി നിറുത്തി മുകളില്‍ നിന്ന്‌ മണ്ണ്‌ ഇടിച്ചിറക്കുന്ന രീതി വരെ പരീക്ഷിച്ചുതുടങ്ങി ലാഭക്കൊതി മൂത്ത മണ്ണ്‌ കരാറുകാര്‍. ചെറുതല്ലാത്ത അപകടങ്ങള്‍ ഇങ്ങനെ മണ്ണെടുക്കുന്നതിനിടയില്‍ ഉണ്ടായെങ്കിലും പണക്കൊഴുപ്പില്‍ കേസുകള്‍ മുങ്ങി. കുന്നിന്റെ ദൂരക്കാഴ്‌ച്ചകളില്‍ പച്ചപ്പില്‍ പ്രത്യക്ഷപ്പെട്ട ചുവന്ന മുറിവുകള്‍ വലുതായിത്തുടങ്ങി.

(ഫോട്ടോ : പി.വി. പത്മനാഭന്‍)

കുന്നത്തേക്ക്‌ മണ്ണ്‌ ലോറികളെത്തുന്നതിനു മുന്‍പേ തന്നെ വെട്ടുകല്‍ ഘനനം തുടങ്ങിയിരുന്നു. രണ്ടോമൂന്നോപേരെ വെച്ചുകൊണ്ടുള്ള കൈവെട്ടായിരുന്നു ആദ്യം. അന്നൊക്കെ സാധാരണക്കാര്‍ മണ്ണ്‌ ചെളിയാക്കി ഇഷ്ടിക പിടിച്ച്‌ അതുകൊണ്ടായിരുന്നു വീടുപണിതിരുന്നത്‌. ഓരോ പണിയാളരും പണിക്കുപോകും മുന്‍പെ കുറച്ച്‌ ഇഷ്ടിക പിടിച്ച്‌ വെയിലില്‍ വെച്ച്‌ ഉണക്കും. അങ്ങിനെ മാസങ്ങള്‍ കൊണ്ട്‌ സ്വന്തം പുരയ്‌ക്ക്‌ വേണ്ട ഇഷ്ടിക ഉണ്ടാക്കിയെടുക്കും. സാമ്പത്തിക ശേഷിയുള്ളവരാണ്‌ വെട്ടുകല്ല്‌ ഉപയോഗിച്ച്‌ വീട്‌ പണിതിരുന്നത്‌ അതിനുവേണ്ട കല്ല്‌ വെട്ടിയിരുന്നതാകട്ടെ അവരവരുടെ പുരയിടങ്ങളില്‍ നിന്നും. വിദേശപണം നിര്‍മ്മാണമേഖലയിലേക്ക്‌ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ കുന്നത്തെ വെട്ടുപാറയ്‌ക്കും വിപണിയായി. താമസിക്കാതെ കല്ലുവെട്ടുയന്ത്രമെത്തി. യന്ത്രവല്‍കൃത ഘനനം വന്നതോടെ കുന്നിനുമുകളില്‍ പലയിടത്തായി കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങി. കല്ലുവെട്ട്‌ വ്യാപകമായ ഒരു വര്‍ഷം മടകളില്‍ നിന്ന്‌ പുറത്തേക്ക്‌ കോരി മാറ്റിയ ചരല്‍കല്ലുകളത്രയും കനത്ത കാലവര്‍ഷത്തില്‍ ചോലയിലെ ചതുപ്പിലേക്ക്‌ ഒലിച്ചെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതാവര്‍ത്തിച്ചു. അങ്ങിനെയാണ്‌ ചോലക്കാട്ടിലെ ചതുപ്പ്‌ ഒരോര്‍മ്മ മാത്രമാകുന്നത്‌. അതോടൊപ്പം തന്നെ ചോലയിലെ ജൈവസ്വഭാവത്തിനും മാറ്റം വന്നുതുടങ്ങി. വെള്ളക്കൂരിയും നായപ്പല്ലിയും പോലുള്ള ചതുപ്പില്‍ വളരുന്ന ചെറുസസ്യങ്ങള്‍ അപ്രത്യക്ഷമായി. കുന്നത്തെ കണ്ണാന്തളിപ്പൂക്കള്‍ ഓര്‍മ്മയായിതുടങ്ങുന്നതും ഇക്കാലത്താണ്‌.


കുന്നംകുളം നിയോജകമണ്ഡലത്തില്‍ പെട്ട ചൊവ്വന്നൂര്‍, പോര്‍ക്കുളം പഞ്ചായത്തുകളിലായാണ്‌ കുന്നിന്റെ കിടപ്പെങ്കിലും കുന്നിന്‌ മുകളിലെ റവന്യൂഭൂമിയും നരിമടയും ചോലക്കാടും ഉള്‍പ്പെടുന്ന പ്രധാനസ്ഥലങ്ങളെല്ലാം പോര്‍ക്കുളം പഞ്ചായത്ത്‌ അതിര്‍ത്തിക്കുള്ളിലാണ്‌. ആദ്യകാലത്ത്‌ മണ്ണ്‌ എടുപ്പ്‌ ഏറെ നടന്നതും ഈ പഞ്ചായത്ത്‌ പരിധിയില്‍ നിന്നുതന്നെ.

ആന്തമാന്‍ ദിനങ്ങളും കല്‍ക്കട്ടാ ജീവിതവുമൊക്കെ കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ്‌ കൊളമ്പുക്കാരന്‍ ചെറുതുരുത്തി വേലപ്പേട്ടന്റെ മകനും കഥാകൃത്തുമായ സി. വി. ശ്രീരാമന്‍ പോര്‍ക്കുളം പഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്‌. 1979 ലെ പഞ്ചായത്തിലക്ഷനില്‍ കൊങ്ങുണൂര്‍ വാര്‍ഡില്‍ നിന്ന്‌ ജയിച്ച്‌ വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്സ്‌ കുത്തക തകര്‍ത്ത്‌ പഞ്ചായത്തു പ്രസിഡന്റായ സി.വി. പിന്നീട്‌ ചെറിയൊരു ഇടവേളയൊഴിച്ച്‌ 17 വര്‍ഷക്കാലം പോര്‍ക്കുളം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു.

ജനകീയാസൂത്രണത്തിനുമുന്‍പുള്ള കാലം. വീട്ടു നികുതിക്കുപുറമെ വരുമാനമെന്ന്‌ പറയാന്‍ ആകെയുള്ളത്‌ പഞ്ചായത്തിലെ ഏക സിനിമാതിയ്യറ്ററില്‍ നിന്നുള്ള നികുതി മാത്രം. വരുമാനമില്ലാത്തതുകൊണ്ടു തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണവുമില്ല. വല്ലപ്പോഴും കടമ്പക്കളൊക്കെ കടന്ന്‌ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഫണ്ടുകളെത്തിയെങ്കിലായി. അതുകൊണ്ടുതന്നെ സാഹിത്യപ്രവര്‍ത്തനവും, വക്കീല്‍ പണിയും കൃഷിയും പൊതുജീവിതത്തോടൊപ്പം കൊണ്ടുപോകാന്‍ സി.വി.ക്കായി. അക്കാലത്താണ്‌ കുന്നത്തെ മണ്ണെടുപ്പ്‌ ശക്തമാകുന്നതും വിഷയം സി.വി.യ്‌ക്ക്‌ മുന്നിലെത്തുന്നതും. പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കളും മണ്ണ്‌ കച്ചവടത്തിലുണ്ടായിരുന്നു. ഒരു തൊഴില്‍ പ്രശ്‌നം എന്ന രീതിയിലും പാര്‍ട്ടി അതിനെ കണ്ടിരുന്നു. മണ്ണെടുപ്പ്‌ വരുത്തിവെയ്‌ക്കുന്ന നാശത്തെക്കുറിച്ച്‌ സാധാരണജനങ്ങളും അന്ന്‌ അജ്ഞ്‌നരായിരുന്നു. അതു കൊണ്ടു തന്നെ ആദ്യമൊന്നും സി. വി. യ്‌ക്ക്‌ വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല. പിന്നീട്‌ മണ്ണെടുപ്പ്‌ രൂക്ഷമായതൊടെ പാര്‍ട്ടിയെ കാത്തുനില്‍ക്കാതെ തന്നെ സി. വി. ഇതിനെതിരെ രംഗത്തുവന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളെയും പരാതികളെയും തുടര്‍ന്ന്‌ കുറച്ചുകാലം മണ്ണെടുപ്പ്‌ പൂര്‍ണ്ണമായി നിലച്ചു.

(ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌)

പക്ഷെ ഇടവേളയുടെ ദൈര്‍ഘ്യം കുറവായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെയായി പിന്നീട്‌ മണ്ണെടുപ്പ്‌. മണ്ണ്‌ കോണ്‍ട്രാകട്ടര്‍മാരില്‍ എല്ലാ രാഷ്ടീയകക്ഷികളിലും പെട്ടവരുണ്ടായിരുന്നു. ഇടതു - വലതു ശക്തികള്‍ക്ക്‌ ബദലായി സ്ഥലത്തെ വര്‍ഗ്ഗീയപാര്‍ട്ടി വളര്‍ന്നു വന്നതുതന്നെ ഒരു മണ്ണുകരാറുകാരനന്റെ പിന്‍ബലത്തിലായിരുന്നു. കല്ലഴി കുന്നത്തെ മണ്ണിന്റെ നിറത്തിന്‌ ചുവപ്പിനോടാണോ കാവിയോടാണോ കൂടുതല്‍ ചേര്‍ച്ച എന്ന്‌ തമാശയായി ചോദിക്കാറുണ്ട്‌ ഇന്നാട്ടുകാര്‍.


(തുടരും)

Saturday, February 6, 2010

നോങ്ങല്ലൂര്‍ രേഖകള്‍ മാതൃഭൂമി ബ്ലോഗനയില്‍

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ - ജനുവരി 31 - ഫെബ്രുവരി 6

പേജ്‌ 84

പേജ്‌ 85

Wednesday, January 20, 2010

നീര്‍ച്ചോല പോലെ കാലം...


ഫോട്ടോ : പി. വി. പത്മനാഭന്‍

(ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും - തുടര്‍ച്ച)
സത്യത്തില്‍ ഇത്‌ കല്ലഴിക്കുന്നിന്റെ മാത്രം കഥയല്ല. കേരളത്തിലെ എല്ലാ ഇടനാടന്‍ ചെങ്കല്‍കുന്നുകള്‍ക്കും പറയാനുള്ളത്‌ ഈ കഥകളൊക്കെതന്നെയാണ്‌.

പഴയ ഭൂപ്രഭുക്കളുടെ കൈയ്യിലുള്ള ചെറുകാടായിരുന്നു ഈ കുന്ന്‌ ആദ്യം. താഴത്തെ ക്ഷേത്രവും ചോലക്കാടും പരിസരവും കിള്ളിമംഗലം മനക്കാരുടെ മേല്‍നോട്ടത്തിലുള്ള ബ്രഹ്മസ്വം ഭൂമിയും. കുന്നത്തെ കാട്‌ പിന്നീട്‌ പറങ്ങിമാവിന്‍ തോട്ടത്തിന്‌ വഴിമാറി. ശേഷിക്കുന്ന സ്ഥലത്ത്‌ ഞാവലുകള്‍ വളര്‍ന്നു. എങ്കിലും നരിയും കുറുക്കനും മുയലും മയിലും മുള്ളന്‍പന്നിയും അടങ്ങുന്ന ഒരു ജന്തുജാലം ഇവിടെ ജീവിച്ചുപോന്നു. കശുവണ്ടി പറക്കാനും കാലിമേക്കാനുമായി നാട്ടുകാരും ഒറ്റയ്‌ക്കും തെറ്റയ്‌ക്കുമായി കുന്നുകയറി. അതിനിടയില്‍ സ്വാതന്ത്രസമരത്തിന്റെ അലയൊലികള്‍ കൊച്ചിരാജ്യത്തുമെത്തി. തണത്തറപാലം കടന്നുവരുന്ന മലബാറുകാരായ രാഷ്ടീയപ്രവര്‍ത്തകര്‍ക്ക്‌ ഈ കുന്ന്‌ അഭയമൊരുക്കി.



ഫോട്ടോ : സുര്‍ജിത്ത്‌ അയ്യപ്പത്ത്‌

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വരവിനും പഴയ കോഴിക്കോട്‌ സാമൂതിരിയുടെ പണ്ഡിത സദസ്സിലെ അംഗങ്ങളായിരുന്ന പയ്യൂര്‍ പട്ടേരിമാരുടെ പിന്‍മുറക്കാര്‍ വരെ കമ്മ്യൂണിസ്റ്റുകളാകുന്നതിനും ഈ കുന്ന്‌ സാക്ഷിയായി. ക്ഷേത്രപ്രവേശനവും അയിത്തോച്ചാടനവും കിടങ്ങുര്‍ കോവിലിന്റെ സ്ഥാപനവും ഇയ്യാല്‍ കുറിയേടത്തുമനയ്‌ക്കലെ സ്‌മാര്‍ത്തവിചാരവും ഈ കുന്നിന്‌ ചുറ്റും അരങ്ങേറി. കാലത്തിന്റെ കുത്തെഴുക്കില്‍ ചെവ്വന്നൂര്‍ സഭാമഠം എന്ന വൈദിക പഠനകേന്ദ്രത്തിന്റെ പഴയ പ്രധാന്യം കുറഞ്ഞു. കടവല്ലൂര്‍ അന്യേന്യം നിലച്ചു. പുതിയ വിദ്യാലയങ്ങള്‍ വന്നു. ജന്മിയുടെയും കുടിയാന്റെയും നമ്പൂതിരിയുടെയും പുലയന്റെയും കുട്ടികള്‍ പതുക്കെ ഒരു ബഞ്ചില്‍ തന്നെയിരുന്ന്‌ പഠിക്കാന്‍ തുടങ്ങി. മനസ്സുകള്‍ തമ്മിലുള്ള അകലം കുറഞ്ഞുവന്നു. പിന്നീട്‌ എൈക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളായി. കെ.പി . കേശവമോനോനും മാധവന്‍ നായരും ചേര്‍ന്ന്‌ തുടങ്ങി വെച്ച മാതൃഭൂമിയെ മുന്നോട്ട്‌ നയിക്കുക എന്ന മഹാദൗത്യമേറ്റെടുത്ത്‌ അയ്യപ്പത്ത്‌ കൃഷ്‌ണനായര്‍ കോഴിക്കോട്ടേക്ക്‌ യാത്രയായി.


ഫോട്ടോ : വിജീഷ്‌ സുദേവ്‌

ഇന്ത്യയുടെ സ്വാതന്ത്ര്യം വിളംബരം ചെയ്‌തുകൊണ്ട്‌ കൊടവംപറമ്പില്‍ മാധവേട്ടന്റെ നേതൃത്വത്തില്‍ വരിവെച്ച്‌ കടന്നു പോയ കോണ്‍ഗ്രസ്സ്‌ പഥയാത്രയേയും ഈ കുന്ന്‌ കണ്ടു. എൈക്യ കേരളത്തിന്‌ പിന്നേയും കാത്തിരിക്കേണ്ടി വന്നു. പ്രതീക്ഷകള്‍ വാനത്തോളമുയര്‍ത്തി ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ. ഭൂപരിഷ്‌ക്കരണനിയമവും വിദ്യാഭാസ ബില്ലും. നോങ്ങല്ലൂര്‍ പാടത്തും കൂലികൂടുതലിനുവേണ്ടി സമരം നടന്നു. കൊയ്‌ത്ത്‌ മുടങ്ങി. "ഞങ്ങളെ തല്ല്യല്‍ ഞങ്ങളും തല്ലും" എന്ന മുദ്രാവാക്യം ഉശിരോടെ തൊഴിലാളികള്‍ ഏറ്റുവിളിച്ചു. പാര്‍ട്ടി സെല്‍ഭരണം നടത്തുന്നു എന്ന ആരോപണം ഇവിടെയും ഉയര്‍ന്നു. പിന്നീട്‌ വന്ന വിമോചനസമരത്തെ പിന്തുണക്കാന്‍ ഇവിടുന്നും ആളുണ്ടായി. ജന്മിത്തത്തിന്റെ തകര്‍ച്ചയോടെ ക്ഷേത്രങ്ങള്‍ ആളനക്കമില്ലാതെ കിടന്നു. ചിറയിലെ അമ്പലം ഭ്രാന്തന്‍ ശങ്കരന്റെ താവളമായി. എഴുപതുകളില്‍ വീണ്ടും ഭൂപരിഷ്‌ക്കരണം. ഒരു ബ്രാഹ്മണിക്കല്‍ വില്ലേജല്ലാതായിരുന്നതുകൊണ്ടുതന്നെ പ്രബലരായ അബ്രാഹ്മണ ഭൂവുടമകളും ഇതിനുചുറ്റുമുള്ള ഗ്രാമങ്ങളിലുണ്ടായിരുന്നു. അവരുടെ ഭൂമിയും മിച്ചഭൂമികളായി. റബ്ബര്‍ തോട്ടങ്ങളെ മിച്ചഭൂമിയില്‍ നിന്ന്‌ ഒഴിവാക്കിയതുകൊണ്ട്‌ അയ്‌പ്‌ പാറമേലിനെയും കൊടവംപറമ്പില്‍ സത്യഭാമയേയും പോലുള്ള ഭൂവുടമകള്‍ ജന്മികളായി തന്നെ തുടര്‍ന്നു. മരത്തംകോടിനും കിടങ്ങൂരിനും ചിറമനേങ്ങാടിനും ഇടയ്‌ക്ക്‌ കിടന്നിരുന്ന 120 എക്കറോളം വരുന്ന കാട്ടാമ്പക്കാരന്റെ മാട്ടം മിച്ചഭൂമിയായി. അക്കിക്കാവ്‌ താന്തിരുത്തിയിലും, നോങ്ങല്ലൂര്‍ തെക്കെമാട്ടത്തിലും, ചിറമനേങ്ങാട്‌ കൈതക്കുന്നിലും, പരുവക്കുന്നത്തും കോളനികള്‍ വന്നു. ഒപ്പം കല്ലഴിക്കുന്നിന്റെ പടിഞ്ഞാറേ കുന്നത്തും. ശേഷിക്കുന്ന കുന്ന്‌ ഭൂവുടമകളുടെ കൈയ്യില്‍ നിന്നും ഏറ്റെടുത്ത്‌ വിമുക്തഭടന്‍മാര്‍ക്കായി പതിച്ചുകൊടുത്തു. അവരാരും ആ മണ്ണില്‍ വാസമുറപ്പിച്ചില്ല. ഗുഹയും പരിസരവുമടങ്ങുന്ന രണ്ടര ഏക്കറോളം ഭൂമി മാത്രം സര്‍ക്കാരിന്റെ കൈവശം വന്നു. മരങ്ങളത്രയും മുറിച്ച്‌ പോയി കല്ലഴിക്കുന്ന്‌ ഒരു മൊട്ടക്കുന്നായി മാറുന്നതും അക്കാലത്താണ്‌. വാഴയും കപ്പയുമൊക്കെ കൃഷി ചെയ്‌തിരുന്ന കക്കാട്‌ അപ്പുനായരെപ്പോലുള്ള കര്‍ഷകര്‍ കുന്നിറങ്ങി.




ചിറയിലെ ചോല പോലെ കാലം പിന്നെയും ഒഴുകി നീങ്ങി. പാറേമ്പാടത്ത്‌ വായനശാലവന്നു. വൈകുന്നേരങ്ങളില്‍ വായനശാലയില്‍ നിന്ന്‌ പുസ്‌തകമെടുത്ത്‌ മടങ്ങും വഴി നാട്ടിലെ ചെറുപ്പക്കാര്‍ കുന്ന്‌ കയറാരുണ്ടായിരുന്നു. അവിടെ പുല്ലില്‍ വട്ടം കൂടിയിരിക്കുമ്പോള്‍ നാട്ടുവര്‍ത്തമാനത്തോടൊപ്പം കലയും സംസ്‌ക്കാരവും സാഹിത്യവും ചര്‍ച്ചകളില്‍ വന്നു. വസന്തത്തിന്റെ ഇടിമുഴക്കം കേരളത്തിലും കേട്ടുതുടങ്ങിയ കാലത്ത്‌ അതിന്റെ അനുയായികളും ഈ കുന്നത്തെ സദസ്സുകളില്‍ നിന്നുണ്ടായി. ന്യുസ്‌ പേപ്പറില്‍ ചുവന്നചായം കൊണ്ടെഴുതിയ ജനകീയ സാംസ്‌ക്കാരികവേദിയുടെ പോസ്‌റ്ററുകളുടെ പിറവി ഇവിടെനിന്നായിരുന്നു. മുകുന്ദന്റെ 'ദല്‍ഹി ' ക്കാലത്ത്‌ അസ്‌തിത്ത്വദുഖത്തിന്‌ ഇവിടെയും പിന്‍മുറക്കാരുണ്ടായി കുന്നിന്‍പ്പുറത്ത്‌ പുകച്ചുരുളുകളിലൂടെ മായികലോകത്തേക്കെത്തിയ ചിലര്‍ മാനം നോക്കിക്കിടന്നു. വിജാതീയ പ്രണയത്തിന്റെ ദുരന്തപര്യവസാനിയായ ചില രംഗങ്ങള്‍ക്കും ഈ കുന്ന്‌ സാക്ഷിയായി അക്കാലത്ത്‌. പ്രാദേശിക ക്ഷേത്രോത്സവങ്ങള്‍ക്ക്‌ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ മുന്നിട്ടിറങ്ങി നാടങ്ങള്‍ എഴുതി അവതരിപ്പിച്ചു. നാട്ടിലെ ചെറുബാല്യക്കാരായിരുന്ന രത്‌നാകരനും, ബാഹുലേയനും, പ്രഭാകരനുമൊക്കെ നോങ്ങല്ലൂരിന്റെ നാടക താരങ്ങളായി. വി. സാംബശിവനും കെടാമംഗലം സദാനന്ദനും പോലുള്ള കാഥികര്‍ അകതിയൂര്‍ ദേവീവിലാസം സ്‌ക്കൂള്‍ മൈതാനിയിലെ പുരുഷാരത്തെ ഇളക്കിമറിച്ചു.


ഫോട്ടോ : വിനീത്‌ നായര്‍

സാമ്പത്തികജീവിതവും ഇതോടൊപ്പം മാറുകയായിരുന്നു. കരഭൂമിയ്‌ക്ക്‌ വിലകുറവായിരുന്ന അന്ന്‌ പാടത്തിനായിരുന്നു വില. അതിനിടയിലാണ്‌ ഭക്ഷ്യക്ഷാമം വരുന്നത്‌. ഓരോകര്‍ഷകനും സൂക്ഷിയ്‌ക്കാവുന്ന നെല്ലിന്‌ പരിധിവന്നു. കൂടുതലുള്ള നെല്ല്‌ സര്‍ക്കാര്‍ ഏറ്റെടുക്കും. പാട്ടത്തിക്കാരനും (വില്ലേജ്‌ ഓഫീസര്‍) സഹായികളും പറയും ചാക്കുമായി നാട്ടിലിറങ്ങി. അറകളും പത്തായങ്ങളും തുറന്ന്‌ നെല്ല്‌ പുറത്തെടുത്തു. കൊട്ടാരപ്പാട്ട്‌ ബാലകൃഷ്‌ണനെപ്പോലുള്ള ചിലര്‍ക്കെതിരെ വില്ലേജ്‌ ഓഫീസറെ കൈയ്യേറ്റം ചെയ്‌ത കുറ്റത്തിന്‌ കേസുവന്നു. കരഭൂമികളിലും നെല്‍കൃഷി തുടങ്ങി. പിന്നെ ഹരിതവിപ്ലവത്തിന്റെ വരവായി. കീടനാശിനികളുടെ കുത്തൊഴുക്കില്‍ പാടങ്ങളില്‍ തവളകളും മീനും നീര്‍ക്കോലിയും ചത്തുമലച്ചു കിടന്നു. അവയെ തിന്ന പരുന്തും കഴുകനും അടക്കമുള്ള പക്ഷികളുടെ കുലം മുടിഞ്ഞു. കറുകപ്പുല്ല്‌ തിന്നാനെത്തിയ മുയലുകള്‍, മീനിനെ തിന്ന കുറുക്കന്‍മാര്‍ ഒക്കെ പലയിടത്തുമായി ചത്തുകിടന്നു. കാലം പിന്നെയും കടന്നുപോയി ഭക്ഷ്യക്ഷാമം പഴംകഥയായി. അരിയ്‌ക്ക്‌ വില കുറഞ്ഞു. അതിനിടയില്‍ തന്നെ ഗള്‍ഫ്‌ പണത്തിന്റെ വരവും തുടങ്ങിയിരുന്നു. ക്രമേണ ഭൂമി കൃഷിയിക്കുള്ള വസ്‌തു എന്നതില്‍ നിന്ന്‌ മാറി കച്ചവടത്തിനുള്ള ചരക്കായി തീര്‍ന്നു. പെരുമ്പിലാവ്‌ കാലി ചന്തയിലെ തിരക്ക്‌ കുറഞ്ഞുതുടങ്ങി. ഗ്രാമങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും ഗള്‍ഫുകാരും കച്ചവടക്കാരുമടങ്ങുന്ന പുതിയ മധ്യവര്‍ഗ്ഗം പതുക്കെ നഗരങ്ങളിലേയ്‌ക്ക്‌ കുടിയേറി. ഈ മാറ്റം ഇവിടെയും കണ്ടുതുടങ്ങി. കുന്നംകുളത്തിനും അക്കിക്കാവിനുമിടയില്‍ ഹൈവേക്കിരുപുറവുമായി കിടക്കുന്ന ഭൂമി മണ്ണിട്ട്‌ നികത്തി വീടുവെയ്‌ക്കാമെന്ന്‌ ചിലര്‍ കണ്ടെത്തി. തൊട്ടപ്പുറത്തുള്ള കരഭൂമി വാങ്ങേണ്ടുന്നതിന്റെ പകുതി ചിലവില്‍ കാര്യം നടക്കും. സ്വാഭാവികമായും കണ്ണ്‌ കല്ലഴിക്കുന്നിലേയ്‌ക്ക്‌ നീണ്ടു. മറ്റുനിര്‍മ്മാണമേഖലകള്‍ സജീവമായതോടെ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും കൂലിച്ചിലവ്‌ ഏറിയതും കൃഷിയ്‌ക്ക്‌ വന്ന മാന്യതക്കുറവും മൂലം പാടങ്ങള്‍ തരിശായിതുടങ്ങിയത്‌ കാര്യങ്ങള്‍ എളുപ്പമാക്കി. കമ്പിപ്പാരയും പിക്കാസും മണ്‍വെട്ടിയുമായി ഒരു ലോറി തൊഴിലാളികള്‍ ആദ്യമായി കുന്നുകയറിയെത്തി. അതോടെ നാട്ടില്‍ ഒരു പുതിയ തൊഴില്‍ സാധ്യതകൂടി തുറക്കുകയായിരുന്നു.

(തുടരും)

Wednesday, January 6, 2010

പച്ചയിലെ നിറഭേദങ്ങള്‍


ഫോട്ടോ : പി. വി. പത്മനാഭന്‍

(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും...)

കല്ലായിക്കുന്ന്‌ എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത്‌, കല്ലഴിക്കുന്ന്‌ എന്നും ചിലര്‍ വിളിച്ചു. ചിലര്‍ക്കിത്‌ നരിമടക്കുന്നായിരുന്നു. കലശമല എന്ന പേര്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നില്ല അന്നൊന്നും. ചുറ്റുമുള്ള സ്ഥലങ്ങളുടെ മോഹിപ്പിക്കുന്ന കാഴ്‌ച്ചയാണ്‌ കുന്നിന്റെ പ്രധാന ആകര്‍ഷണം പിന്നെ കുന്നിന്‍ മുകളിലെ വിശാലമായ തുറസ്സും അവിടത്തെ പുല്‍പ്പരപ്പും. മേഘങ്ങളൊഴിഞ്ഞ നേരത്ത്‌, കിഴക്ക്‌ കടങ്ങോടന്‍ മലനിരകള്‍ക്കപ്പുറത്ത്‌ നോക്കെത്താ ദൂരത്തോളം മലകളുടെ ശിഖരങ്ങള്‍ കാണാം. കിഴക്ക്‌ തെക്കായി കലാര്‍ണപ്പാടം, ചെവ്വന്നൂര്‍പാടം, അതിനുമപ്പുറം ചൂണ്ടല്‍പ്പാടം അതിനിടയിലൂടെ കുന്നംകുളം വടക്കാഞ്ചേരി റോഡ്‌. വടക്ക്‌ പടിഞ്ഞാറായി കുന്നംകുളം-കോഴിക്കോട്‌ റോഡ്‌ കടന്നുപോകുന്ന കമ്പിപ്പാലം അക്കിക്കാവ്‌ ഭാഗങ്ങള്‍. ഋതുക്കള്‍ മാറുന്നതിനനുസരിച്ച്‌ കാഴ്‌ച്ചകളും മാറും. ചിങ്ങം - കന്നി മാസങ്ങളില്‍ പച്ചപ്പിന്റെ ഒരു ലോകമാണ്‌ ചുറ്റിലും. താഴെയുള്ള പാടശേഖരങ്ങളിലൊക്കെ ഞാറ്‌ വളര്‍ന്ന്‌ വരുന്ന സമയം. പച്ചപരവതാനി വിരിച്ച പോലെയാകും പാടങ്ങള്‍. ധനു മകരം മാസങ്ങളിലെ പോക്കുവെയിലില്‍ സ്വര്‍ണ്ണനിറമാകും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്ക്‌. കരഭൂമിയിലൊക്കെ പച്ചപ്പ്‌ മാത്രമേകാണൂ. തൊടികള്‍ക്കുള്ളിലെ വീടുകള്‍ മരങ്ങള്‍ക്കുള്ളില്‍ നിന്ന്‌ പുറത്തുകാണാനാകില്ല. കുലച്ചപനകളും കട്ടയിട്ടമുളങ്കൂടുകളും പുത്തതേക്കുമരങ്ങളും പച്ചക്കുള്ളില്‍ നിറഭേദങ്ങള്‍ തീര്‍ക്കും.
















ഫോട്ടോ : വിനീത്‌ നായര്‍

കുന്നിന്റെ വടക്കേചെരുവിലാണ്‌ കലശമല ചിറയില്‍ ശിവക്ഷേത്രം. അമ്പലത്തോട്‌ ചേര്‍ന്ന്‌ തന്നെ കുളവെട്ടിമരങ്ങള്‍ തിങ്ങിനിറഞ്ഞ കാവ്‌. അതിനിടയിലൂടെ ഒഴുകുന്നചോല. ഒരു കാലത്ത്‌ തികഞ്ഞ ചതുപ്പായിരുന്നു ഈ ചോല. മേയാന്‍ വിടുന്ന കാലികള്‍ പലപ്പോഴും ഈ ചതുപ്പില്‍ പെട്ട്‌ താഴുന്നതും പിന്നീട്‌ അവയെ വലിച്ചുകയറ്റാന്‍ ബുദ്ധിമുട്ടിയതും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. വാറ്റുചാരായം തയ്യാറാക്കിനുള്ള കോടയുടെ സൂക്ഷിപ്പ്‌ കേന്ദ്രം കുടിയായിരുന്നു ഇടക്കാലത്ത്‌ ഈ ചതുപ്പ്‌. കലശമല ക്ഷേത്രത്തെപ്പറ്റിയും ഒട്ടേറെ മിത്തുകളും പഴംകഥകളും നിലനില്‍ക്കുന്നുണ്ട്‌. അതിലൊന്ന്‌ അമ്പലത്തിലെ കുളത്തിന്‌ കടലുമായി ബന്ധമുണ്ടെന്നാണ്‌ ചില പ്രത്യേകദിവസങ്ങളില്‍ അമ്പലക്കുളത്തില്‍ കടല്‍ മത്സ്യങ്ങളെ കാണാറുണ്ടത്ര. കര്‍ക്കടകമാസത്തിലെ വാവിന്‌ ബലിയിടാനായി സമീപപ്രദേശത്തുനിന്നൊക്കെ ആളുകളെത്തുക ഇവിടേക്കാണ്‌. അന്ന്‌ തന്നെയാണ്‌ ചിറയിലെ ഉത്സവവും. നാട്‌ ചുട്ടുപൊള്ളുന്ന മീന-മേട മാസങ്ങളിലും ശീതികരിച്ച്‌ മുറിയിലെന്ന പോലെ സുഖകരമായ കാലാവസ്ഥയാണ്‌ ഈ ചോലക്കാട്ടില്‍. സമീപത്തെ വീട്ടുകാര്‍ വെള്ളമെടുക്കാനും കുളിക്കാനുമായി ഇവിടെ എത്തും.














ഫോട്ടോ : പി. വി. പത്മനാഭന്‍

കുന്നത്ത്‌ കണ്ണാന്തളികള്‍ നിറയെ പൂത്തിരുന്ന ഒരു കാലത്തെ പറ്റി അകതിയൂര്‍ നാസര്‍ മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പുറത്തിറക്കിയ സ്‌പന്ദനം എന്ന സ്‌മരണികയില്‍ മാധവന്‍ അയ്യപ്പത്ത്‌ ഏഴുതിയിരുന്നു. കുന്നിന്‌ നേരെ കിഴക്ക്‌ വശത്തുള്ള അയ്യപ്പത്ത്‌ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകൗമാരങ്ങള്‍. വീട്ടില്‍ നിന്ന്‌ കവുങ്ങിന്‍ പറമ്പിലൂടെ നേരെ കിഴക്കോട്ടിറങ്ങിയാല്‍ കലാര്‍ണ്ണപ്പാടം. ഈ കുന്നിനും പാടത്തിനും പരിസരത്തിനും തന്നെ എഴുത്തുകാരനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന്‌ തൃശ്ശൂര്‍ കോട്ടപ്പുറം രാഗമാലികപുരത്തെ ഇപ്പോഴത്തെ വീട്ടില്‍ വെച്ചുള്ള കൂടിക്കാഴ്‌ച്ചകളില്‍ അദ്ദേഹം പറയാറുണ്ട്‌. കണ്ണാന്തളിക്കും തുമ്പയ്‌ക്കും പുറമെ പേരറിയാത്ത ഒട്ടേറെ നാട്ടുപൂക്കളുടെ കലവറകൂടിയായിരുന്നു കുന്ന്‌. ഒരടിയോളം പൊന്തിനില്‍ക്കുന്ന ഭ്രാന്തന്‍പുല്ല്‌ കാറ്റില്‍ ഇളകിആടും. കാറ്റിന്റെ ദിശ മാറുന്നതിനനുസരിച്ച്‌ അതിന്റെ നിറവും മാറി വരും. മഞ്ഞ്‌ വീണ പുല്ലില്‍ പുലര്‍വെയിലടിക്കുന്നത്‌ മനസ്സില്‍ നിന്ന്‌ മായാത്ത മറ്റൊരു കാഴ്‌ച്ചയാണ്‌. പക്ഷെ കാലം മാറിയതിനനുസരിച്ച്‌ കാഴ്‌ച്ചകളിലും മാറ്റം വന്നു. നരിമടക്ക്‌ തൊട്ടുതാഴെയായി തന്നെ കുന്നിടിച്ച്‌ കോണ്‍ക്രീറ്റ്‌ സൗദങ്ങള്‍ ഉയര്‍ന്നു. ചൊവന്നൂര്‍ പാടത്തെ റോഡിനിരുവശത്തും പാടം നികത്തി കെട്ടിടങ്ങള്‍ വന്നു. കുന്നുംകുളം കോഴിക്കോട്‌ ഹൈവേയിലും ഇതു തന്നെയായി സ്ഥിതി. കുന്നിന്റെ താഴ്‌വാരങ്ങളിലെ മണ്ണ്‌ തുരന്ന്‌ വിറ്റ്‌ പണമുണ്ടാക്കിതുടങ്ങി ചിലര്‍. ചിലഭാഗങ്ങളില്‍ വെട്ടുകല്‍ ഘനനം തുടങ്ങി. വേനലേറുന്നതൊടെ കരിഞ്ഞുണങ്ങുന്ന കുന്നിന്‍മുകളിലെ പുല്ല്‌ തീയ്യിട്ട്‌ നശിപ്പിക്കാനും ആളുണ്ടായി.



കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍

സ്‌പ്‌ന്ദനത്തില്‍ തന്നെ മാധവന്‍ അയ്യപ്പത്ത്‌ ഇങ്ങനെ എഴുതി " വഴി തെളിഞ്ഞു വളര്‍ച്ചയ്‌ക്ക്‌ സൗകര്യങ്ങള്‍ നിരന്നു. ഊരുണര്‍ന്നു. ചെറുപ്പക്കാര്‍ക്ക്‌ ഉണര്‍വ്വും ഉശിരും ഒരുമയും കൂടി. കേയ്‌ക്ക്‌ മുറിച്ചെടുക്കും പോലെ കുന്ന്‌ മുറിച്ചുമാറ്റുന്നത്‌ തടയായില്ല". ഒരു മാഫിയാപ്രവര്‍ത്തനം എന്ന രീതിയിലൊന്നുമായിരുന്നില്ല ഇവിടത്തെ മണ്ണെടുപ്പും കല്ലുവെട്ടും തുടങ്ങിയത്‌. അന്ന്‌ കുന്നംകുളം അക്കിക്കാവ്‌ റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ ഇറക്കം കഴിഞ്ഞാല്‍ പിന്നെ കുന്നംകുളം മുതലാളിമാരുടെ പാടങ്ങളായിരുന്നു. ഇടയിലൊരു പാറേമ്പാടം അങ്ങാടി, പിന്നീട്‌ വീണ്ടും പാടം കമ്പിപ്പാലം വരെ. പാടം പതുക്കെ കരയായി തുടങ്ങിയതൊടെയാണ്‌ കുന്ന്‌ ഇവിടെയും ലോറി കാത്ത്‌ നില്‍ക്കാന്‍ തുടങ്ങിയത്‌.

(തുടരും)

Sunday, December 20, 2009

ഒരു കുന്നിന്റെ കഥ ഒരു നാടിന്റെയും......

ഒരു രാത്രികൊണ്ട്‌ ഒരായിരം കിണറുകുത്താനായരുന്നു ഭൂതത്താന്‍മാരുടെ പരിപാടി. പണി തുടങ്ങിയപ്പോഴേക്കും കോഴികൂവി. ആദ്യം ഒന്ന്‌ പുറകെ ദേശത്തെ കോഴികളൊക്കെ. സൂര്യനുദിക്കാറായെന്ന്‌ കരുതി പണിപാതിവഴിക്കിട്ട്‌ ഭൂതഗണങ്ങള്‍ ഓടിപ്പോയി. ജേഷ്ടാനുജത്തിമാരായ രണ്ട്‌ തട്ടകത്തെ പരദേവതകള്‍ തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തിന്റെ ബാക്കിപത്രമായിരുന്നു ഈ കിണറുകുഴിക്കല്‍ യജ്ഞനം. അന്നത്തെ വെളിച്ചപ്പാടായിരുന്ന രൈരുനായരാണത്ര ആദ്യം കോഴിയുടെ സ്വരത്തില്‍ കൂവിയത്‌. കാടക്കണ്ണന്‍ പാറമേല്‍ അസ്യഖ്യം ദ്വാരങ്ങളുമായി നില്‍ക്കുന്ന നോങ്ങല്ലൂര്‍ പാടത്തിനുനടുവിലെ അരിപ്പകിണറുമാത്രമാണ്‌ അന്ന്‌ ഭൂതങ്ങള്‍ക്ക്‌ മുഴുമിക്കാനായത്‌. അന്നത്തെ ഭൂതഗണങ്ങളുടെ തലവന്റെതാണ്‌ നരിമടക്കുമുകളില്‍ കാണുന്ന കാലടി. മറ്റൊരു കാലുവെച്ചത്‌ കടങ്ങോട്‌ മല്ലന്റെ കുന്നത്‌ ഇടയില്‍ വടി കുത്തിയതാണത്ര ഒന്നര കോല്‌ മാത്രം വിസ്‌തീര്‍ണ്ണമുള്ള തിപ്പലശ്ശേരിയിലെ കിണര്‍. വീട്ടില്‍ നിന്ന്‌ നോങ്ങല്ലൂര്‍ പാടത്തേക്കിറങ്ങുന്ന താഴത്തെ പടിയുടെ കല്‍പ്പടവുകളിലിരുന്നാണ്‌ വേലായുധേട്ടന്‍ ഈ കഥകള്‍ പറയുക.

ആടു കൃഷിയാണ്‌ വേലായുധേട്ടന്‌. ഒരു കാല്‌ പാദത്തിന്‌ മുകളില്‍ വെച്ച്‌ മുറിച്ചുകളഞ്ഞിരിക്കുന്നു. അര്‍ബുദമായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയാണ്‌ കാലുകൊത്തിയത്‌. അവിടെ വണ്ടിയുടെ റ്റിയൂബ്‌ കഷ്‌ണം ചൂടികയറുവെച്ച്‌ കെട്ടിയിരിക്കിക്കുന്നു. ഒറ്റ വടിയും കുത്തി ആടുങ്ങളെ തെളിച്ച്‌ എന്നും ഉച്ച തിരിഞ്ഞാല്‍ നോങ്ങല്ലൂര്‍ പാടത്തുണ്ടാകും വേലായുധേട്ടന്‍. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ കൊളമ്പിലായിരുന്നു. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലേബറായി. പട്ടാളക്കാര്‍ക്കുള്ള ക്യാമ്പ്‌ ഒരുക്കലും കിടങ്ങ്‌ കുഴിക്കലും വഴിവെട്ടലുമൊക്കെയായിരുന്നു ജോലി. വീട്ടുകാരുമായി വഴക്കിട്ട്‌ നാടുവിട്ടതാണ്‌, മദ്രാസിലെത്തി അന്നവിടെ പട്ടാളത്തിലേക്ക്‌ ആളെയെടുക്കുന്നു. മറക്കാനാവാത്ത ഒട്ടെറെ ഓര്‍മ്മകളുമായി രണ്ടുകൊല്ലത്തിന്‌ ശേഷം മടങ്ങി. കുന്നിനെക്കുറിച്ച്‌ വേറെയും നിരവധി കഥകള്‍ പറയാനുണ്ടായിരുന്നു വേലായുധേട്ടന്‌. ചിറയിലെ ഹനുമൊന്റ സാന്നിദ്ധ്യം. മുത്തപ്പനും പറങ്ങോടച്ചാച്ഛനും വേട്ടനായ്‌ക്കളോടൊപ്പം കുന്നിനു മുകളിലെ ഗുഹയായ നരിമടയിലെ നരിയെപിടിക്കാന്‍ പോയത്‌. നരി കുതറി തെറുപ്പിക്കാന്‍ നോക്കിയിട്ടും നഖത്തിന്‌ മാന്തിയിട്ടും വിടാതെ ചേക്കു എന്ന മുത്തപ്പന്റെ വളര്‍ത്തുനായ നരിയുടെ വലത്തെ ചെവികടിച്ച്‌ തൂങ്ങിക്കിടന്നത്‌. ഒടുവില്‍ നരിയെ ഇന്നത്തെ തിപ്പലശ്ശേരി പള്ളിക്കുളത്തിനടുത്തുവെച്ച്‌ തല്ലിക്കൊന്നത്‌. ഓരോ കഥകേള്‍ക്കുമ്പോഴും കുന്നുകയറണമെന്ന്‌ തോന്നും. പക്ഷെ കലാര്‍ണപാടത്തു നിന്നുള്ള ദൂരക്കാഴ്‌ച്ചക്കപ്പുറം ഒരു സ്വപ്‌നമായിതന്നെ കിടന്നു കുന്ന്‌ അന്നൊക്കെ. നോങ്ങല്ലൂര്‍ പാടത്ത്‌ നിന്ന്‌ നോക്കിയാല്‍ കുന്ന്‌ കാണാനാകില്ല. കലാര്‍ണപാടത്ത്‌ പണിക്കാരുള്ളപ്പോള്‍ അച്ഛനോടൊപ്പം പോകും അവിടെ നിന്ന്‌ നോക്കിയാല്‍ കുന്നിന്റെ കിഴക്കേ ചെരിവ്‌ കാണാം. കലാര്‍ണപാടത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ നരിമട രണ്ട്‌ തട്ടായാണ്‌ കാണുക. അന്നൊക്കെ കരുതിയിരുന്നത്‌. ഒന്നിന്‌ മുകളിലായി ഒന്ന്‌ എന്ന കണക്കില്‍ രണ്ടുഗുഹകളുണ്ടെന്നായിരുന്നു. 






ഒടുവില്‍ ഒരു വേനലവധിക്ക്‌ അമ്മയുടെ വീട്ടില്‍ നിന്ന്‌ കുട്ടികളൊക്കെ വന്നപ്പോഴാണ്‌ കല്ലായിക്കുന്ന്‌ കയറുന്നത്‌, അവരോടൊപ്പം ഒരു ദിവസം രാവിലെ. ഞങ്ങള്‍ കുന്നത്തെത്തുമ്പോഴേക്കും പുറകെ അച്ഛനുമെത്തി. മുതിര്‍ന്നവരെ കൂട്ടാതെ പോന്നതിന്‌ കൂറേ ചീത്ത കേട്ടു. അന്ന്‌ കുന്നിന്റെ ചില ഭാഗങ്ങളിലെ വാറ്റും ചാരായവില്‍പ്പനയുമുണ്ടായിരുന്നത്ര. കൂട്ടത്തിലുള്ള പെണ്‍കുട്ടികളെ കൂളകള്‍ ഉപദ്രവിക്കുമെന്ന പേടികൊണ്ട്‌ ഓടികിതച്ച്‌ എത്തിയതായിരുന്നു അച്ഛന്‍. അച്ഛന്റെ കൂടെ കുന്നൊക്കെ നടന്നുകണ്ടു. ആദ്യമായായിരുന്നു ഇത്രയും ഉയരത്തില്‍. ഗുഹയും, കുന്നിനുമുകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളും, ഭൂതത്താന്റെ കാലടിയുമൊക്കെ മനസ്സില്‍ മായാതെ കിടന്നു. അധികകാലം കഴിയുന്നതിനുമുന്‍പേ അവിടെ സിനിമാക്കാരെത്തി - തൂവാനത്തുമ്പികള്‍ - കുന്നത്ത്‌ താല്‍ക്കാലികമായി ഒരു വീട്‌ കെട്ടിയുണ്ടാക്കി. മോഹന്‍ലാലും സുമലതയുമൊത്തുള്ള രംഗങ്ങള്‍. അന്ന്‌ വലിയ ആള്‍ക്കൂട്ടമായിരുന്നു കുന്നത്ത്‌. തിരക്ക്‌ നിയന്തിക്കാനാകാതെ പോലീസ്‌ ജനക്കൂട്ടത്തെ വിരട്ടിഓടിച്ചു. ഗുഹക്കുമുകളില്‍ നിന്ന്‌ താഴേക്ക്‌ വീണ്‌ ചിറമനേങ്ങാട്ടെ മുത്തുവാസുവിന്റെ കാലൊടിഞ്ഞു. പിന്നെ പതിവായി സിനിമാക്കാരെത്തി തുടങ്ങി. പൊന്തന്‍മാടയും ഭൂതകണ്ണാടിയും പോലെ കുന്നിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ഒട്ടേറെ സിനിമകള്‍. ഇന്നിപ്പോള്‍ സിനിമാക്കാര്‍ വന്നുപോകുന്നത്‌ ആരും അറിയാറുപോലുമില്ല.
(തുടരും) 

Friday, November 27, 2009

ചിത്രമൂലയിലെ രാത്രി


( തുടര്‍ച്ച - വനസ്ഥലികളിലൂടെ )
വിശപ്പുകൊണ്ടായിരിയ്‌ക്കാം ഭക്ഷണത്തിന്‌ നല്ല രുചി തോന്നി. ചെറിയൊരു വിശ്രമത്തിന്‌ ശേഷം വീണ്ടും മല കയറ്റം. ആദ്യം ഗണപതി ഗുഹ പിന്നെ സര്‍വജ്ഞ പീഠം അതും കഴിഞ്ഞ്‌ ചിത്രമൂല വീണ്ടും തിരിച്ച്‌ സര്‍വജ്ഞപീഠത്തിലേക്ക്‌, അവിടെ രാത്രി തങ്ങാം അങ്ങിനെയൊക്കെയാണ്‌ ആലോചന. ലഘുഭക്ഷണങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ട്‌. വഴിക്കാഴ്‌ച്ചകള്‍ കണ്ടും കുടജാദ്രി മലനിരകളില്‍ നിന്നുള്ള ദൂരക്കാഴ്‌ച്ചകളില്‍ രമിച്ചുമുള്ള യാത്രയുടെ ഒടുവില്‍ സര്‍വജ്ഞപീഠത്തിലെത്തി. ചെറിയൊരു കല്‍മണ്ഡപം അവിടെ വെച്ചാണ്‌ ശങ്കരാചാര്യര്‍ തപസ്സിലൂടെ ജ്ഞാനം നേടിയതെന്ന്‌ വിശ്വാസം. സ്വഛന്ദവും പ്രശാന്തവുമായ അന്തരീക്ഷം. തെളിഞ്ഞകാറ്റും ദൂരക്കാഴ്‌ച്ചകളുടെ സമൃദ്ധിയും. തലേന്ന്‌ രാത്രി ആരോ സര്‍വജ്ഞപീഠപരിസരത്ത്‌ തങ്ങിയിരുന്നു. അടുപ്പുകൂട്ടിയതിന്റെയും ഭക്ഷണസാധനങ്ങളുടെയും അവശിഷ്ടങ്ങളുണ്ട്‌ പരിസരങ്ങളില്‍. ഇളം കാറ്റേറ്റ്‌ സര്‍വജ്ഞപീഠത്തിനരികില്‍ കുറച്ചുനേരം. പിന്നെ ചിത്രമൂലയിലേക്ക്‌. മലമുകളിലെ പുല്‍പ്പരപ്പിലൂടെ കുറച്ച്‌നേരം നടന്ന്‌ പിന്നെ താഴേക്ക്‌ കുത്തനെയുള്ള ഇറക്കമിറങ്ങി വേണം ചിത്രമൂലയിലെത്താന്‍.

ഒറ്റയടിപ്പാതയുടെ ഒരു വശം അഗാധമായ താഴ്‌ച്ചയാണ്‌. മണ്ണിടിഞ്ഞ ചിലയിടത്ത്‌ കുറ്റിച്ചെടികളില്‍ പിടിച്ചുവേണം മുന്നോട്ട്‌ നീങ്ങാന്‍. മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലം പോലെയാകുന്നു ചിലയിടങ്ങളില്‍ യാത്രാപഥം. ചിലപ്പോഴൊക്കെ മടങ്ങിയാലോ എന്ന്‌ തോന്നും. മനോബലം കൊണ്ട്‌ മാത്രം മറികടക്കേണ്ട വഴിത്താര. കാരിക്കട്ടെയില്‍ നിന്ന്‌ കുടജാദ്രിയിലേക്കുള്ള യാത്ര ഇതിന്‌ മുന്‍പില്‍ നിസ്സാരമാകുന്നു. ഇത്രയും ദുര്‍ഘടമായ വഴിതാണ്ടിയാണ്‌ കോഴിക്കോട്ടുകാരി മീനാക്ഷിയമ്മ എല്ലാവര്‍ഷവും ഇവിടെയെത്തുന്നതും ദിവസ്സങ്ങളോളം ഈ കാടിനുള്ളിലെ ഈ ഗുഹയില്‍ തങ്ങി തപസ്സുചെയ്യുന്നതും. അവരുടെ മനസ്സിന്റെ ചെറുപ്പത്തിനും ബലത്തിനും മുന്‍പില്‍ നമിച്ചുപോകും നമ്മള്‍ ഈ വഴിപിന്നിടുമ്പോള്‍. ഒടുവില്‍ ചിത്രമൂല ഗുഹാമുഖത്തെത്തി. കുത്തനെയുള്ള മലനിരയിലെ ഒരള്ള്‌. മുന്‍പില്‍ വിശാലമായൊരു താഴ്‌വാരം പരന്നുകിടക്കുന്നു. യുഗങ്ങള്‍ക്ക്‌ മുന്‍പ്‌ കോലമഹര്‍ഷി തപസ്സനുഷ്ടിച്ചതൊടെയാണ്‌ ഇവിടം പുരാണങ്ങളില്‍ ഇടം പിടിക്കുന്നത്‌. പിന്നീട്‌ ഒരു മലയാളി തപസ്സിനായി ഇവിടം തിരഞ്ഞെടുത്തു. ആദി ശങ്കരന്‍. ജ്ഞാനം കൊണ്ട്‌ ലോകം കീഴടക്കാനും ബൗദ്ധ ജൈന മതങ്ങള്‍ക്ക്‌ മുകളില്‍ വീണ്ടും ആര്യമതത്തിന്റെ വെന്നിക്കൊടി പാറിക്കാനും വേണ്ടി ഇറങ്ങിത്തിരിച്ച ശങ്കരന്‍ ഈ വനസ്ഥലിയുടെ വശ്യതയില്‍ ആകൃഷ്ടനായെന്ന്‌ കഥ. ധ്യാനത്തിന്‌ ഉത്തമമെന്ന്‌ വിശ്വസിക്കുന്ന ഇവിടെ മീനാക്ഷിയമ്മയെപ്പോലെ എപ്പോഴും ആരെങ്കിലുമൊക്കെ തങ്ങുന്നുണ്ടാകും. ഞങ്ങളവിടെ എത്തുമ്പോള്‍ കൊല്ലത്തുകാരന്‍ ഒരു സുരേന്ദ്രനായിരുന്നു അവിടത്തെ അന്തേവാസി.

ചെറിയൊരു വിഗ്രഹം പൂജക്കുള്ള പരിമിതമായ സാമഗ്രികള്‍. ഭക്ഷണം പാകം ചെയ്യാനായി രണ്ടുമൂന്നുപാത്രങ്ങള്‍. ചെറിയൊരു സഞ്ചി. ഒരു പായ തീര്‍ന്നു ഗുഹക്കുള്ളിലെ സാധനങ്ങള്‍. മുകളില്‍ നിന്ന്‌ ഒറ്റി വീഴുന്ന വെള്ളം ഗുഹയുടെ ഒരു വശത്തുകൂടി താഴേക്ക്‌ ഒലിച്ച്‌ പോകുന്നു. ഒരു കോണിലായി ചുള്ളിവിറക്‌ ശേഖരിച്ച്‌ വെച്ചിട്ടുണ്ട്‌. ക്ഷീണം തീര്‍ക്കാനായി ഗുഹാമുഖത്തിരുന്നു. ഇന്നിവിടെ തങ്ങാമെന്ന്‌ ആദ്യം പറഞ്ഞത്‌ സനീഷാണ്‌. സുരേന്ദ്രസ്വാമികള്‍ എതിരൊന്നും പറഞ്ഞില്ല. ഇടക്ക്‌ കര്‍ണ്ണാടക്കാരായ ഒരു ചെറിയ സംഘം ഗുഹയില്‍ വന്നുപോയി. നോക്കിയിരിക്കെ മുന്‍പിലെ വിശാലമായ മരത്തലപ്പുകളുടെ സമുദ്രത്തിനുമുകളില്‍ കോട പരന്നു. അതിനപ്പുറം ചക്രവാളത്തില്‍ ചുവപ്പുരാശിയും. അനിര്‍വചനീയമായ അനുഭൂതിയില്‍ മുഴുകിയിരിക്കെ പകല്‍ കടന്നു പോകുന്നതിനും രാത്രിക്കു മുകളില്‍ നിലാവു പരക്കുന്നതിനും ഞങ്ങള്‍ സാക്ഷികളായി. കാടിന്റ സ്വസിദ്ധമായ ശബ്ദങ്ങള്‍ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. കുറച്ച്‌ അരിയും ശര്‍ക്കരയും ഇരിക്കുന്നുണ്ടെന്നും രാത്രിഭക്ഷണം പായസമാകാമെന്നും സ്വാമികള്‍ പറഞ്ഞു. ചുള്ളിക്കമ്പുകള്‍ വെച്ച്‌ അടുപ്പുകൂട്ടി അന്‍വറും സനീഷും പാചകം ആരംഭിച്ചു. പ്രശാന്തും സജീഷും ഞാനും ചേര്‍ന്ന്‌ പാഥേയങ്ങള്‍ പുറത്തെടുത്ത്‌ പങ്കുവെച്ചു. നേന്ത്രപഴം, അവില്‍, ബ്രഡ്‌, ഉണ്ണിയപ്പം, കായവറവ്‌, ചെറുപഴം, അവിലോസു പൊടി അങ്ങിനെ... പായസം എന്ന്‌ പറയാവുന്ന വിഭവവും അതിനിടയില്‍ തയ്യാറായി. താഴെ നിന്നു പറിച്ചെടുത്ത കാട്ടിലകളില്‍ അത്താഴം വിളമ്പി. ഒരുമിച്ചിരുന്നുള്ള ഭക്ഷണം. അതിനിടയില്‍ കാനനവാസത്തിന്റെ അനുഭവങ്ങളും കഥകളും സ്വാമി പങ്കുവെച്ചു. ഗുഹക്കു കുറച്ചുതാഴെ വരെ പുലി വരാറുണ്ടെന്നും ഇവിടെ നിന്നുള്ള വിളക്കുനോക്കി ഏറെ നേരം നിന്ന്‌ മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ചുറ്റുമുള്ള മറ്റ്‌ വന്യമൃഗങ്ങള്‍, ഗുഹക്കുളളില്‍ വന്നുപോകാറുള്ള പാമ്പുകള്‍, പിന്നെ ഗുഹാപരിസരത്തെ അത്ഭുതങ്ങള്‍ കഥകളില്‍ പലതിനും അവിശ്വസനീയതയുടെയും നിറക്കുട്ടുകഥുടെയും അകമ്പടിയുണ്ടായിരുന്നു. ചില കഥകള്‍ പ്രശാന്ത്‌ പോലും വിശ്വസിച്ചതായി തോന്നിയില്ല. ഗുഹക്കുള്ളില്‍ ഒന്നും പേടിക്കാനില്ലെന്നും പക്ഷെ ഉറക്കത്തില്‍ താഴെ വീഴാതെ നോക്കണമെന്നും സ്വാമികള്‍ പറഞ്ഞു. കാടിന്‌ മുകളില്‍ നിലാവ്‌ പെയ്‌തിറങ്ങുകയാണ്‌ ദൂരെ വെളിച്ചത്തിന്റെ ചെറു പൊട്ടുകള്‍ കാണുന്നുണ്ട്‌ മൂകാംബികയും മറ്റ്‌ ചെറു ഗ്രാമങ്ങളുമാണ്‌. മേഘങ്ങളൊഴിഞ്ഞ സമയത്ത്‌ ഉഡുപ്പിയിലെയും കുന്ദാപുരത്തിലെയും വരെ വെളിച്ചത്തിന്റെ പൊട്ടുകള്‍ ഇവിടെ നിന്ന്‌ കാണാം എന്ന്‌ പറയുന്നു.

എല്ലാവരും പുറത്തെ വിശാലതയിലേക്ക്‌ നോക്കി നിശബ്ദരായി ഇരിക്കുകയാണ്‌. പ്രകൃതി ചിലപ്പോഴൊക്കെ മനുഷ്യനെ നിശ്ശബ്ദനാക്കും മറ്റു ചിലപ്പോള്‍ തത്ത്വജ്ഞാനിയും. നാളെ മൂകാംബിക വിടുകയാണ്‌ പറ്റിയാല്‍ ഉടുപ്പില്‍ കൂടി കയറണം. പിന്നെ നാട്ടിലേക്ക്‌ ഷിമോഗയും ജോഗ്‌ ഫാള്‍സും അടുത്ത യാത്രയിലാക്കാം കേരളീയം ഇറക്കേണ്ട സമയമായിരിക്കുന്നു ഇനിയും ഒട്ടേറെ പണികള്‍ ബാക്കികിടക്കുന്നു.

ഇനി കിടക്കാം സ്വാമികള്‍ പറഞ്ഞു. ഗുഹയില്‍ 5 പേര്‍ക്ക്‌ ഒരുമിച്ച്‌ കിടക്കാന്‍ സ്ഥലമില്ല. സ്വാമി പുറകില്‍ പായ വിരിച്ചു. പെട്ടെന്ന്‌ പ്രശാന്തും തുടര്‍ന്ന്‌ സജീവും സനീഷും വിരി വിരിച്ചു അതു കണ്ടതൊടെ ഞാനും. അന്‍വര്‍ എറ്റവും അവസാനമായി. അവസാനം കിടക്കുന്ന ആള്‍ ഉറക്കത്തില്‍ ഒന്നുരുണ്ടാല്‍ താഴെയെത്തും. ഞാനെഴുനേറ്റ്‌ അന്‍വറിനെ ഇപ്പുറത്തേക്ക്‌ മാറ്റി. ഒരുമിച്ച്‌ മലകയറിയവരാണ്‌ പല അടുക്കളകളില്‍ നിന്നെത്തിയ പാഥേയങ്ങള്‍ പങ്കുവെച്ചവരാണ്‌. ഒരുമിച്ചിരുന്ന്‌ അത്താഴം കഴിച്ചവരാണ്‌. പക്ഷെ നിര്‍ണ്ണായകമായ ചില നിമിഷങ്ങളിലെ സ്വാര്‍ത്ഥത മറികടക്കാന്‍ എളുപ്പമല്ല മനുഷ്യമനസ്സിന്‌. നിലനില്‍പ്പിന്റെ ഇത്തരം ജീന്‍ ഗുണങ്ങളായിരിക്കാം അവന്റെ ജന്മത്തെ സമാനതകളില്ലാത്തതാക്കുന്നതും. വടക്കരെക്കുറിച്ച്‌ ഞങ്ങള്‍ സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരെന്ന്‌ പറയും. കുടജാദ്രിയാത്രയില്‍ തളര്‍ന്നിരുന്ന ഞങ്ങള്‍ക്ക്‌ വെള്ളം തന്ന്‌ കൂടെ കൂട്ടിയവര്‍ തന്നെയാണ്‌ ഇപ്പോള്‍ തിരക്കിട്ട്‌ സ്വന്തം സ്ഥാനം സുരക്ഷിതമാക്കിയതും.

പരുപരുത്ത പാറമേല്‍ വിരിച്ച വിരിപ്പില്‍ ഉറങ്ങാതെ കിടന്നു. മുണ്ടിനും അതിനുമുകളിലായി വീണ്ടും പുതച്ച പുതപ്പിനും തണുപ്പിനെ തടയാനാകുന്നില്ല. ഉറക്കത്തില്‍ താഴേക്ക്‌ ഉരുണ്ടു പോകാതിരിക്കാന്‍ സ്വാമി രണ്ടു കരിങ്കല്ലുകഷ്‌ണങ്ങള്‍ വെച്ച്‌ തന്നു അതിന്‌ പുറമെ ഞങ്ങളുടടെ രണ്ടു പേരുടെ ബാഗുകളും. എങ്കിലും പേടി തോന്നി. താഴെ മരങ്ങളുടെ നിഴലില്‍ ചുവന്ന കണ്ണുകള്‍ കാണുന്നുണ്ടോ, മഞ്ഞ്‌ വീണ്‌ നനഞ്ഞ കരിയിലകളില്‍ പതിഞ്ഞ കാലടികള്‍ അമരുന്നുണ്ടോ. ഉറക്കം വന്നില്ല. രണ്ടു ദിവസം മുന്‍പും ഗുഹക്കുതാഴെ വരെ പുലി വന്നിരുന്നു ഭാഗ്യമുണ്ടെങ്കില്‍ കാണാം. എന്ന്‌ സ്വാമികള്‍ പറഞ്ഞത്‌ ഓര്‍മ്മയില്‍ നിന്നും മായുന്നില്ല. പിന്നെയെപ്പോഴൊ കണ്ണുകളടഞ്ഞു. പാത്രങ്ങള്‍ തട്ടിമറയുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. തലക്കുപുറകിലായി വെച്ച ടോര്‍ച്ചുതപ്പി ചാടി എഴുന്നേറ്റു. പാമ്പാണെന്ന്‌ മനസ്സ്‌ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഭക്ഷണം തേടി വരുന്ന എലികളാണ്‌ കിടന്നോളൂ സ്വാമികള്‍ ശാന്തനായി പറഞ്ഞു.

ഉറക്കം വന്നില്ല. പുതപ്പും മുണ്ടും കൂടി വാരിപ്പുതച്ച്‌ ഗുഹാഭിത്തിയില്‍ ചാരിയിരുന്നു. മുന്‍പില്‍ കോടയൊഴിഞ്ഞ താഴ്‌വാരവും തെളിഞ്ഞ ആകാശവും കടലുപോലെ നിലാവിലങ്ങനെ പരന്നു കിടക്കുകയാണ്‌. കണ്ണിമവെട്ടാതെ നോക്കിയിരുന്നു ആ കാഴ്‌ച്ച. നിലാവും കാടും ആകാശവും ചേര്‍ന്ന്‌ ഒരുക്കിയ ഒരു മായാലോകമാണ്‌ മുന്‍പില്‍. ഞാനൊരു വിശ്വാസിയല്ല. ഒരു തീര്‍ത്ഥാടകനായല്ല സഞ്ചാരിയായാണ്‌ ഇവിടെ എത്തിയതും. പക്ഷെ ദൈവമെന്നൊന്നുണ്ടെങ്കില്‍ അത്‌ ഈ പ്രകൃതിയായിരിക്കും എന്ന്‌ എനിക്ക്‌ അപ്പോള്‍ തോന്നി. (നിലാവിന്‌ ഇത്രത്തോളം വശ്യതയും സൗന്ദര്യവുമുണ്ടെന്ന്‌ തിരിച്ചറിഞ്ഞതും അന്നാണ്‌. അന്നത്തെ ആ ഒരു നിലാവു തേടി കലശമലക്കുന്നത്തും നോങ്ങല്ലൂര്‍ പാടത്തും നിളയുടെ മണല്‍ പരപ്പിലും ഗോവന്‍ ബീച്ചുകളിലും ഉറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. ഇപ്പോള്‍ ബഹ്‌റിനിലും ആ നിലാവ്‌ തേടുന്നു. പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന മഹാഭാഗ്യം പോലെ അതെന്നെ കൈവിട്ടിരിക്കുന്നു. പക്ഷെ മനസ്സിപ്പോഴും 10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആ കാഴ്‌ച്ചയുടെ ഹാങ്ങ്‌ഓവറില്‍ തന്നെ).

എത്രനേരം ആ കാഴ്‌ച്ചകണ്ടിരുന്നു എന്നോര്‍മ്മയില്ല. സ്വാമിയുടെ വിളികേട്ടാണ്‌ ഉണര്‍ന്നത്‌. "സമയം ബ്രഹ്മമുഹൂര്‍ത്തമായിരിക്കുന്നു. മൂകാംബികയില്‍ നട തുറക്കുന്ന സമയമാണ്‌. ചിത്രമൂലയുടെ ഗുഹാമുഖം പടിഞ്ഞാറോട്ടാണ്‌ മൂകാംബികയുടെ കിഴക്കേനടക്ക്‌ നേരഭിമുഖമായി. അതു കൊണ്ടു തന്നെ ഇവിടെ ദേവിക്ക്‌ മുഖമായിരുന്ന്‌ ധ്വാനിക്കാം". സ്വാമി ക്ഷണിച്ചു.

സ്വാമി പത്മാസനത്തിലമര്‍ന്നപ്പോഴും ഞാനാഇരുപ്പു തന്നെ തുടര്‍ന്നു. കാടിനു മുകളില്‍ പതുക്കെ പകലിന്റെ വരവറിഞ്ഞു തുടങ്ങി ആകാശത്തെ നിറക്കൂട്ടുകള്‍ മാറി മറയുന്നു. മഞ്ഞും മേഘങ്ങളും സൂര്യരശ്‌മികളും നിറങ്ങളും ചേര്‍ന്നുള്ള ജ്വാലവിദ്യ. പ്രഭാതത്തിലെ പ്രകൃതിയുടെ വര്‍ണ്ണവിസ്‌മയങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ അപ്പോഴേക്കും സുഹൃത്തുക്കളുമെത്തി. കോടക്കിടയിലൂടെ സൂര്യകിരണങ്ങള്‍ കാട്ടിലേക്കിറങ്ങുകയാണ്‌.

സുരേന്ദ്രസ്വാമികള്‍ക്ക്‌ ചെറിയൊരു സംഖ്യ കൊടുത്ത്‌ ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങി. കാറ്റിലുടെയെത്തുന്ന കോട പലപ്പോഴും ചവിട്ടടികളെപ്പോലും മറയ്‌ക്കുന്നു. എങ്കിലും അങ്ങോട്ടുള്ള യാത്രയുടെ ആയാസം തോന്നിയില്ല മടക്കത്തിന്‌. മുകളിലെത്തി. സര്‍വജ്ഞ പീഠവും പരിസരവും ഒരു ഛായാചിത്രം കണക്ക്‌ കോടയില്‍ കുളിച്ചു തന്നെ കിടക്കുന്നു. കുറച്ചകലെയായി ഒരു കാട്ടുകോഴിപറ്റം പുല്‍മേട്‌ മുറിച്ചുകടക്കുന്നുണ്ട്‌. ചിത്രമൂലയ്‌ക്ക്‌ മുന്‍പിലെ മായാ ലോകമായിരുന്നു അപ്പോഴും മനസ്സില്‍........

(അവസാനിച്ചു)

Friday, October 16, 2009

വനസ്ഥലികളിലൂടെ




ഫെബ്രുവരിയുടെ അവസാനദിനങ്ങളിലൊന്നില്‍ ഒരു അപരാഹ്നത്തിലാണ് ഞങ്ങള്‍ മൂകാംബികയിലെത്തുന്നത്. ലോഡ്‌ജില്‍ ഭാരങ്ങളിറക്കി അല്‍പ്പനേരം വിശ്രമിച്ചതിന് ശേഷം സൗപര്‍ണ്ണിക തേടി യാത്രയായി. മരങ്ങള്‍ തണല്‍ വിരിച്ച വഴികള്‍ പിന്നിട്ട്‌ സൗപര്‍ണ്ണികയിലെത്തുമ്പോഴേക്കും ചെറുതായി തണുപ്പു പരന്നു തുടങ്ങിയിരുന്നു. ചെറുതല്ലാത്ത ആള്‍ക്കൂട്ടം, സോപ്പ്‌ ചിപ്പ്‌ കണ്ണാടി അവശിഷ്ടങ്ങള്‍, ഭക്ഷണ സാധങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന കവറുകള്‍, മനസ്സിലുള്ള ഒരു സൗപര്‍ണ്ണിക തീരമായിരുന്നില്ല അത്‌. വെള്ളത്തിന്‌ ചെറിയൊരു തടയണ തീര്‍ത്തിരിക്കുന്നു. ഒഴുക്കുകുറഞ്ഞ വെള്ളത്തിന്‌ ചെറിയ വഴുവഴുപ്പ്‌. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ വണ്ടിയിലും നടന്നും സൗപര്‍ണ്ണിക തീരത്തെത്തുകയും ഒരനുഷ്ടാനം പോലെ കുളിച്ചുകയറുകയും ചെയ്യുന്നുണ്ട്‌. കടവില്‍ നിന്ന്‌ കുറച്ച്‌ മുകളിലായി പുഴയിലിറങ്ങി. വെള്ളത്തിന്‌ അപ്പോഴും സുഖകരമായ ഒരിളം ചൂട്‌. തൃശ്ശുരില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള കഠിനമായ ഒരു ട്രെയിന്‍ യാത്രയും അവിടെ നിന്ന്‌ മണിക്കുറുകള്‍ നീണ്ട ബസ്‌ യാത്രയും. ചവിട്ടടി വെക്കാന്‍ പോലുമാകാത്ത തിരക്കായിരുന്നു നേത്രാവതി എക്‌സ്‌പ്‌സ്സില്‍. ഒരു പോള കണ്ണടക്കാനായില്ല രാത്രി. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച്‌ ഒരു യാത്ര അന്‍വറിനോടൊപ്പം സാദ്ധ്യമല്ല. ചെറുപ്പമാണെങ്കിലും ചെന്ത്രാപ്പിന്നി ചാമക്കാല 'മമ്മസ്രായില്ലത്ത്‌ ചാമക്കാല' തറവാടിന്റെ കാരണവസ്ഥാനമുണ്ട്‌ മൂപ്പര്‍ക്ക്‌. വിവാഹം, നിശ്ചയം, തറവാട്ടിലെ വീടുകളിലെ മറ്റു ചടങ്ങുകള്‍, പിന്നെ പറമ്പ്‌, കൃഷി, രാഷ്ടീയം ഇതിനിടയില്‍ നിന്നാണ്‌ മുങ്ങല്‍. രാവിലെയാകും ചിലപ്പോള്‍ വിളിവരുന്നത്‌ വൈകീട്ട്‌ പോകാം. പ്രത്യേകിച്ച്‌ ഒരുക്കങ്ങളുമില്ല. ഒരു ജോഡി വസ്‌ത്രം ഒരു ടവ്വല്‍. വായിക്കാനായി ഏതെങ്കിലും പുസ്‌തകം. ഭക്ഷണത്തിലും താമസത്തിലും യാതൊരു നിര്‍ബന്ധങ്ങളുമില്ല. കിട്ടിയതെന്തും കഴിക്കും റൂമുകിട്ടിയില്ലെങ്കില്‍ റെയില്‍വേപ്ലാറ്റ്‌ഫോമിലും കടവരാന്തയിലും കിടക്കും.
കടവില്‍ ആളൊഴിഞ്ഞുടങ്ങിയിരിക്കുന്നു. മരത്തലപ്പുകള്‍ക്കിടയിലുള്ള വിടവുകളിലൂടെ നിലാവു പരന്ന ആകാശം കാണം. വെള്ളത്തിലും തണുപ്പുപരക്കുകയാണ്‌. മുറിയിലേക്കുള്ള നടത്തത്തെകുറിച്ചാലോചിച്ചപ്പോള്‍ വെള്ളത്തില്‍ നിന്ന്‌ കയറാന്‍ മടി തോന്നി. അമ്പലത്തിലെ തേര്‌  പുറത്തിറക്കി പ്രദക്ഷിണമുണ്ട്‌ അന്ന്‌.


ക്ഷേത്രത്തില്‍ മോശമല്ലാത്ത തിരക്കുണ്ട്‌ മലയാളി കുടുംബങ്ങളാണ്‌ അധികവും. തേര്‌ വലിക്കാന്‍ കൂടി ഒടുവില്‍ തേരില്‍ നിന്ന്‌ നാണയങ്ങള്‍ വാരിയെറിയും അത്‌ കിട്ടുന്നവര്‍ക്ക്‌ ഭാഗ്യം കൈവരുമെന്ന്‌ വിശ്വാസം. ഞങ്ങളും ശ്രമിച്ചു അന്‍വറിനെയാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌. അമ്പലത്തിലെ ഊട്ടുപുരയില്‍ നിന്ന്‌ ആവശ്യത്തിലധികം വെന്ത പച്ചരിച്ചോറും സാമ്പാറും കൂട്ടി നന്നായി ഭക്ഷണം കഴിച്ചു. കൗമാരക്കാരായ പട്ടുപാവാടക്കാരെ കണ്ണെറിഞ്ഞും അമ്പലക്കാഴ്‌ച്ചകളില്‍ മുഴുകിയും കുറച്ചുനേരം ചുറ്റി നടന്നു. ചുറ്റുമുള്ള കടകളില്‍ കച്ചവടം പൊടിപൊടിക്കുന്നു. തണുപ്പിന്‌ കട്ടിയേറുന്നു കണ്‍ പോളകളുടെ ഭാരവും കൂടിവരികയാണ്‌. ലോഡ്‌ജ്‌മുറിയിലേക്ക്‌ നടന്നു.

രാവിലെ വൈകിയാണ്‌ എഴുന്നേറ്റത്‌. അമ്പലത്തില്‍ നിന്ന്‌ കുറച്ചുമാറിയാണ്‌ ലോഡ്‌ജ്‌. ജാലകത്തിലുടെ പരന്നുകിടങ്ങുന്ന പച്ചതലപ്പുകളും ചില സമതലങ്ങളും ദൂരെയുള്ള മലനിരകളും കാണാം. വെളിനിലങ്ങളില്‍ പണിയെടുക്കുന്നവരുടെ ദുരക്കാഴ്‌ച്ച. കുറച്ചകലെയായി ക്ഷേത്രം പോലെ എന്തോ ഒന്നിന്റെ പണി നടക്കുന്നു. വണ്ടിത്താവളത്തുകാരന്‍ തഥാഥന്റെ ആശ്രമാണെന്ന്‌ ലോഡ്‌ജിന്റെ മാനേജര്‍ പറഞ്ഞു. കണക്കുതീര്‍ത്ത്‌ തോള്‍സഞ്ചിയുമെടുത്തിറങ്ങി. ഇനി കുടജാദ്രിയിലേക്കാണ്‌.


മൂകാംബികയില്‍ നിന്ന്‌ കുടജാദ്രിലേക്കുള്ളയാത്ര കാല്‍നടയായിട്ടാകണമെന്ന്‌ ആദ്യമേ തീരുമാനിച്ചിരുന്നു. നേരിട്ട്‌ നടക്കാനാകില്ലെന്നും ഷിമോഗ ബസ്സില്‍ കയറി കരന്‍കട്ടെ എന്ന സ്ഥലത്ത്‌ ബസ്സിറങ്ങി പിന്നെയൊരു 8 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ കുടജാദ്രിയെത്തും എന്നും പറഞ്ഞത്‌ രാമചന്ദ്രേട്ടനായിരുന്നു. തളിപ്പറമ്പുകാരനാണ്‌ രാമേട്ടന്‍ വര്‍ഷങ്ങളായി മൂകാംബികയില്‍ ഹോട്ടല്‍ നടത്തുന്നു. ചെറുതായി തുടങ്ങിയതാണ്‌. ഇപ്പോള്‍ ഹോട്ടലിനോട്‌ ചേര്‍ന്ന്‌ 6 മുറി കൂടി എടുത്ത്‌ തീര്‍ത്ഥാടകര്‍ക്ക്‌ ദിവസവാടക്ക്‌ കൊടുക്കുന്നു. ടൗണില്‍ നിന്ന്‌ ഉള്ളിലേക്ക്‌ മാറി രണ്ടേക്കറോളമുള്ള ഒരു സ്ഥലം വാങ്ങി ചെറിയ കൃഷികള്‍ നടത്തുന്നു. തങ്കപ്പന്‍നായരുടെ ചായക്കടയെ പറ്റി പറഞ്ഞതും രാമേട്ടനാണ്‌. ബസ്സില്‍ കാര്യമായ തിരക്കില്ല. ഗ്രാമീണരും ചില കച്ചവടക്കാരുമല്ലാതെ തീര്‍ത്ഥാടകരൊ സഞ്ചാരികളൊ ഞങ്ങള്‍ കയറിയ ബസ്സിലുണ്ടായിരുന്നില്ല. കരന്‍കട്ടെയില്‍ ബസ്സിറങ്ങുമ്പോള്‍ കുടജാദ്രിയിലേക്കുള്ള മണ്‍പാത കണ്‍ഡക്ടര്‍ കാണിച്ചുതന്നു. അടുത്തിടെ വീതി കുട്ടിയ ഒരു റോഡ്‌ കാടിനു നടുവിലൂടെ ഉള്ളിലേക്ക്‌ പോകുന്നു. മുന്‍പിലും പുറകിലും ആരുമില്ല. കാടു കടന്ന്‌ വെളിനിലങ്ങളിലേക്കെത്തി. വെട്ടുകല്ലുകള്‍ നിരത്തി അതിര്‍ത്തിതിരിച്ച ചില പറമ്പുകള്‍ ചിലതിന്‌ കാട്ടുകുറ്റിചെടികള്‍ വെച്ച്‌ വേലി തീര്‍ത്തിരിക്കുന്നു. നല്ല വെയിലുണ്ട്‌. മരത്തണലുകള്‍ കുറഞ്ഞു വരുന്നു. കുപ്പിയില്‍ കരുതിയ വെള്ളം തീര്‍ന്നുതുടങ്ങി. വഴിയില്‍ രണ്ടുമുന്നു കുടുമ വെച്ച കാവി വസ്‌ത്രധാരികള്‍ റോഡിലെ കുഴികള്‍ മൂടുന്നുണ്ട്‌. ഹരേകൃഷ്‌ണക്കാരുടെ ഭകതി വേദാന്ത എന്ന ഓര്‍ഗാനിക്ക്‌ വില്ലേജിലെ അന്തേവാസികളാണ്‌. വഴി പറഞ്ഞു തന്നു നേരെ തന്നെ കുറച്ചുകൂടി പോയാല്‍ ചായക്കടയുണ്ട്‌ അവിടെ കയറി ക്ഷീണം തീര്‍ക്കാം.

1970 കളില്‍ മല കയറി വന്നതാണ്‌ കോതമംഗലത്തുകാരന്‍ തങ്കപ്പന്‍ നായര്‍ അന്ന്‌ കുടജാദ്രിയിലേക്ക്‌ ജീപ്പില്ല. എല്ലാവരും നടന്നു തന്നെ പോകും. അവര്‍ക്കായി ചായക്കടയിട്ടു. നല്ല ഭക്ഷണം നല്ല കച്ചവടം. പുരയിടമായി ഭൂമിയായി കുടുംബമായി കുട്ടികളായി അവര്‍ക്കും കുടുംബമായി. ജീപ്പുകളുണ്ട്‌ പലചരക്ക്‌ സ്റ്റേഷനറി സാധങ്ങളുടെ കച്ചവടം. എങ്കിലും ആദ്യത്തെ തൊഴില്‍ ഉപേക്ഷിക്കുന്നില്ല നായര്‍. പുട്ടും പഴവും പപ്പടവും കടലക്കറിയും വാരി വലിച്ചുതിന്നിട്ടും ആര്‍ത്തിമാറിയില്ല ഞങ്ങള്‍ക്ക്‌. കുറച്ചുനേരമിരുന്നാല്‍ ഉച്ചഭക്ഷണം തരാം എന്നായി നായര്‍. വേണ്ട നടന്നോളൂ ഇപ്പോപ്പോയാല്‍ ഒരുമണിയോടെ മലമുകളിലെത്താം ഇരുന്നാല്‍ വൈകും പിന്നെയും ചൂടു കൂടും നായര്‍ തന്നെ പറഞ്ഞു. അപ്പോഴേക്കും അടുത്ത ബസ്സില്‍ വന്നവരാണെന്നു തോന്നുന്നു അഞ്ചെട്ടുപേരെത്തി. ചിലര്‍ തങ്കപ്പന്‍ നായരുടെ മുന്‍ പരിചയക്കാര്‍. ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ പ്രസിഡന്റ്‌ വി.കെ.ജോസഫുമുണ്ട്‌ കൂട്ടത്തില്‍.


വീണ്ടും നടന്നുതുടങ്ങി. ചിലയിടത്ത്‌ പറങ്കിമാവിന്‍ തോട്ടങ്ങളാണ്‌. കുടിയേറ്റത്തിന്റെ ബാക്കിപത്രം. സര്‍ക്കാര്‍ വനവും സ്വകാര്യഭൂമികളും ഇടകലര്‍ന്നുകിടക്കുകയാണ്‌. കയറ്റവും വെയിലും അന്‍വര്‍ വഴിയിലിരിപ്പായി. വെള്ളവും കഴിഞ്ഞുതുടങ്ങി. പുറകില്‍ വീണ്ടും ആളുകളെത്തുന്നു. ചിലരൊക്കെ കടന്നുപോയി. പാനൂരുകാരായ മൂന്നുപേരെ പരിചയപ്പെട്ടു. സനീഷും സജീഷും പ്രശാന്തും. സനീഷും സജീഷും സഹോദരങ്ങളാണ്‌ പ്രശാന്ത്‌ അവരുടെ അയല്‍വാസിയും തികഞ്ഞ ഭക്തരാണ്‌ മൂന്നുപേരും കാവി വസ്‌ത്രത്തിലാണ്‌ പ്രശാന്ത്‌ പിന്നെയുള്ള യാത്ര ഒരുമിച്ചായി. തണലിടങ്ങളില്‍ വിയര്‍പ്പാറ്റി തുറസ്സുകള്‍ മുറിച്ചുകടന്ന്‌ കുടജാദ്രി പൂജാരിമാര്‍ താമസിക്കുന്ന ഇടത്തെത്തിയപ്പോഴേക്കും ഒന്നരകഴിഞ്ഞു.


തണുത്തവെള്ളം കുടിച്ച്‌ ദാഹം മാറ്റി. മുകളിലേക്ക്‌ കയറിയാല്‍ കാട്ടരുവിയുണ്ടെന്നും കുളിച്ചുവരുമ്പോഴേക്കും ഭക്ഷണം ശരിയാക്കാമെന്നും ശാക്തേയപൂജയുള്ള വീട്ടീലെ അമ്മ പറഞ്ഞു. കുറച്ചു മല കയറിയപ്പോഴെ കേട്ടുതുടങ്ങി വെള്ളമൊഴുകുന്ന ശബ്ദം. കാട്ടരുവിയിലെ ചെറിയൊരു വെള്ളച്ചാട്ടമാണ്‌ നല്ല തണുത്ത തെളിഞ്ഞ വെള്ളം. കുത്തിനുതാഴെ നിന്നപ്പോള്‍ ക്ഷീണം അകന്നുപോകുന്നതും സമാധിതുല്യമായ ഒരവസ്ഥയിലേക്ക്‌ ശരീരം മാറുന്നതും ഞങ്ങളറിഞ്ഞു. ജലം ഔഷധതുല്യമാകുകയാണ്‌. കാട്ടരുവിയെ പൂര്‍ണ്ണമായി തന്നിലേക്കാവാഹിക്കാനെന്നോണം പ്രശാന്ത്‌ അവശേഷിക്കുന്ന വസ്‌ത്രവും ഉരിഞ്ഞെറിഞ്ഞു പുറകെ ഞങ്ങളും. പൂര്‍ണ്ണ നഗ്നരായി സ്ഥലകാലസമയബന്ധങ്ങളില്‍ നിന്നെല്ലാം വിമുക്തരായി പ്രകൃതിയിലലിഞ്ഞ്‌ എത്ര നേരം. അത്രയും ഉന്‍മേഷകരായ ഒരു കുളി അതിന്‌ മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. പ്രകൃതിയുടെ ചില സ്‌പര്‍ശനങ്ങളങ്ങനെയാണ്‌ നമ്മളെ അത്‌ മാറ്റിമറയ്‌ക്കും ജോണ്‍സി മാഷ്‌ പറയാള്ളത്‌ എത്‌ അവസ്ഥയെക്കുറിച്ചായിരുന്നു എന്ന്‌ പൂര്‍ണ്ണമായി മനസ്സിലായത്‌ അപ്പോഴാണ്‌. മലയിറങ്ങുമ്പോള്‍ എല്ലാവരും മൗനികളായിരുന്നു. കഴിഞ്ഞുപോയ കാതങ്ങള്‍ക്ക്‌ ഒരു ജന്മത്തിന്റെ ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കിലെന്ന്‌ ചിലരെങ്കിലും കരുതാറുണ്ടായിരിക്കും ഇവിടെ നിന്ന്‌ മടങ്ങുമ്പോള്‍. സൗപര്‍ണ്ണിക തന്ന നിരാശ മറികടക്കാന്‍ സഹായിച്ചതിനും ആ യാത്രയുടെ മാത്രമല്ല അതു വരെയുള്ള ജീവിത്തിന്റെ തന്നെ എല്ലാ മുഷിപ്പുകളും കഴുകികളഞ്ഞതിനും ആ കാട്ടരുവിക്ക്‌ നന്ദി. എല്ലാ ക്ഷീണവും ഒഴുക്കി കളഞ്ഞ്‌ പുതു ഊര്‍ജ്ജം നേടി തിരിച്ചിറങ്ങുമ്പോള്‍ നിഴലുകള്‍ക്ക്‌ നീളം കുടി തുടങ്ങിയിരുന്നു.
 (തുടരും)
രണ്ടാം ഭാഗം ഇവിടെ വായിക്കാം - ചിത്രമുലയിലെ രാത്രി