(ഫോട്ടോ : കെ. എ. അജീഷ്)
(തുടര്‍ച്ച - ഒരു കുന്നിന്റെ കഥ ഒരു ഗ്രാമത്തിന്റെയും)
ചെറിയ രീതിയില്‍ ആരംഭിച്ച മണ്ണെടുപ്പ് ഒരു വ്യവയായം എന്ന രീതിയില്‍ വളര്‍ന്ന് വന്നത് വളരെ പെട്ടെന്നായിരുന്നു. കുന്നിന്റെ വടക്കേചെരുവിലായിരുന്നു തുടക്കം. കാര്‍ഷിക മേഖലയ്‌ക്കായി ദേശസാല്‍കൃത ബാങ്കുകള്‍ വകയിരുത്തിയ തുകയില്‍ സബ്‌സിഡിയോടെ ട്രാക്ട്‌റുനുള്ള ലോണും ഉണ്ടായിരുന്നു അക്കാലത്ത്. കൃഷി രീതികള്‍ എളുപ്പമാക്കാനായി കൊണ്ടുവന്ന ട്രാക്‌ടര്‍ തന്നെ നെല്‍വയലുകളുടെ അന്തകനാകുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. സ്വയംതൊഴില്‍ എന്ന പേരില്‍ പലരും ബാങ്ക് ലോണെടുത്ത് ട്രാക്ടര്‍വാങ്ങി പുറകില്‍ ടിപ്പര്‍ കൂടി ഘടിപ്പിച്ച് മണ്ണ് വില്‍പ്പനക്കിറങ്ങി. തിരിച്ചടവ് കൃത്യമാകും എന്നതിനാല്‍ ബാങ്കുകളും ഇതിന് കൂട്ടുനിന്നു . നാട്ടുപണിയെടുത്താല്‍ കിട്ടുന്നതിന്‍െ മൂന്ന് മടങ്ങ് കൂലി വരെ കിട്ടുന്നതിനാല്‍ കാര്‍ഷിക തൊഴിലാളികള്‍ ഈ രംഗത്തേക്ക് ചേക്കേറി. അന്ന് JCB കള്‍ രംഗത്തെത്തിയിട്ടില്ല. കുന്നിനുള്ളിലേക്ക് തുരങ്കം നിര്‍മ്മിച്ച് അതിലേക്ക് ലോറി കയറ്റി നിറുത്തി മുകളില്‍ നിന്ന് മണ്ണ് ഇടിച്ചിറക്കുന്ന രീതി വരെ പരീക്ഷിച്ചുതുടങ്ങി ലാഭക്കൊതി മൂത്ത മണ്ണ് കരാറുകാര്‍. ചെറുതല്ലാത്ത അപകടങ്ങള്‍ ഇങ്ങനെ മണ്ണെടുക്കുന്നതിനിടയില്‍ ഉണ്ടായെങ്കിലും പണക്കൊഴുപ്പില്‍ കേസുകള്‍ മുങ്ങി. കുന്നിന്റെ ദൂരക്കാഴ്‌ച്ചകളില്‍ പച്ചപ്പില്‍ പ്രത്യക്ഷപ്പെട്ട ചുവന്ന മുറിവുകള്‍ വലുതായിത്തുടങ്ങി.
(ഫോട്ടോ : പി.വി. പത്മനാഭന്‍)
കുന്നത്തേക്ക് മണ്ണ് ലോറികളെത്തുന്നതിനു മുന്‍പേ തന്നെ വെട്ടുകല്‍ ഘനനം തുടങ്ങിയിരുന്നു. രണ്ടോമൂന്നോപേരെ വെച്ചുകൊണ്ടുള്ള കൈവെട്ടായിരുന്നു ആദ്യം. അന്നൊക്കെ സാധാരണക്കാര്‍ മണ്ണ് ചെളിയാക്കി ഇഷ്ടിക പിടിച്ച് അതുകൊണ്ടായിരുന്നു വീടുപണിതിരുന്നത്. ഓരോ പണിയാളരും പണിക്കുപോകും മുന്‍പെ കുറച്ച് ഇഷ്ടിക പിടിച്ച് വെയിലില്‍ വെച്ച് ഉണക്കും. അങ്ങിനെ മാസങ്ങള്‍ കൊണ്ട് സ്വന്തം പുരയ്‌ക്ക് വേണ്ട ഇഷ്ടിക ഉണ്ടാക്കിയെടുക്കും. സാമ്പത്തിക ശേഷിയുള്ളവരാണ് വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിതിരുന്നത് അതിനുവേണ്ട കല്ല് വെട്ടിയിരുന്നതാകട്ടെ അവരവരുടെ പുരയിടങ്ങളില്‍ നിന്നും. വിദേശപണം നിര്‍മ്മാണമേഖലയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ കുന്നത്തെ വെട്ടുപാറയ്‌ക്കും വിപണിയായി. താമസിക്കാതെ കല്ലുവെട്ടുയന്ത്രമെത്തി. യന്ത്രവല്‍കൃത ഘനനം വന്നതോടെ കുന്നിനുമുകളില്‍ പലയിടത്തായി കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങി. കല്ലുവെട്ട് വ്യാപകമായ ഒരു വര്‍ഷം മടകളില്‍ നിന്ന് പുറത്തേക്ക് കോരി മാറ്റിയ ചരല്‍കല്ലുകളത്രയും കനത്ത കാലവര്‍ഷത്തില്‍ ചോലയിലെ ചതുപ്പിലേക്ക് ഒലിച്ചെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതാവര്‍ത്തിച്ചു. അങ്ങിനെയാണ് ചോലക്കാട്ടിലെ ചതുപ്പ് ഒരോര്‍മ്മ മാത്രമാകുന്നത്. അതോടൊപ്പം തന്നെ ചോലയിലെ ജൈവസ്വഭാവത്തിനും മാറ്റം വന്നുതുടങ്ങി. വെള്ളക്കൂരിയും നായപ്പല്ലിയും പോലുള്ള ചതുപ്പില്‍ വളരുന്ന ചെറുസസ്യങ്ങള്‍ അപ്രത്യക്ഷമായി. കുന്നത്തെ കണ്ണാന്തളിപ്പൂക്കള്‍ ഓര്‍മ്മയായിതുടങ്ങുന്നതും ഇക്കാലത്താണ്.
കുന്നംകുളം നിയോജകമണ്ഡലത്തില്‍ പെട്ട ചൊവ്വന്നൂര്‍, പോര്‍ക്കുളം പഞ്ചായത്തുകളിലായാണ് കുന്നിന്റെ കിടപ്പെങ്കിലും കുന്നിന് മുകളിലെ റവന്യൂഭൂമിയും നരിമടയും ചോലക്കാടും ഉള്‍പ്പെടുന്ന പ്രധാനസ്ഥലങ്ങളെല്ലാം പോര്‍ക്കുളം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലാണ്. ആദ്യകാലത്ത് മണ്ണ് എടുപ്പ് ഏറെ നടന്നതും ഈ പഞ്ചായത്ത് പരിധിയില്‍ നിന്നുതന്നെ.
ആന്തമാന്‍ ദിനങ്ങളും കല്‍ക്കട്ടാ ജീവിതവുമൊക്കെ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കൊളമ്പുക്കാരന്‍ ചെറുതുരുത്തി വേലപ്പേട്ടന്റെ മകനും കഥാകൃത്തുമായ സി. വി. ശ്രീരാമന്‍ പോര്‍ക്കുളം പഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്. 1979 ലെ പഞ്ചായത്തിലക്ഷനില്‍ കൊങ്ങുണൂര്‍ വാര്‍ഡില്‍ നിന്ന് ജയിച്ച് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്സ് കുത്തക തകര്‍ത്ത് പഞ്ചായത്തു പ്രസിഡന്റായ സി.വി. പിന്നീട് ചെറിയൊരു ഇടവേളയൊഴിച്ച് 17 വര്‍ഷക്കാലം പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ജനകീയാസൂത്രണത്തിനുമുന്‍പുള്ള കാലം. വീട്ടു നികുതിക്കുപുറമെ വരുമാനമെന്ന് പറയാന്‍ ആകെയുള്ളത് പഞ്ചായത്തിലെ ഏക സിനിമാതിയ്യറ്ററില്‍ നിന്നുള്ള നികുതി മാത്രം. വരുമാനമില്ലാത്തതുകൊണ്ടു തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണവുമില്ല. വല്ലപ്പോഴും കടമ്പക്കളൊക്കെ കടന്ന് സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഫണ്ടുകളെത്തിയെങ്കിലായി. അതുകൊണ്ടുതന്നെ സാഹിത്യപ്രവര്‍ത്തനവും, വക്കീല്‍ പണിയും കൃഷിയും പൊതുജീവിതത്തോടൊപ്പം കൊണ്ടുപോകാന്‍ സി.വി.ക്കായി. അക്കാലത്താണ് കുന്നത്തെ മണ്ണെടുപ്പ് ശക്തമാകുന്നതും വിഷയം സി.വി.യ്‌ക്ക് മുന്നിലെത്തുന്നതും. പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കളും മണ്ണ് കച്ചവടത്തിലുണ്ടായിരുന്നു. ഒരു തൊഴില്‍ പ്രശ്‌നം എന്ന രീതിയിലും പാര്‍ട്ടി അതിനെ കണ്ടിരുന്നു. മണ്ണെടുപ്പ് വരുത്തിവെയ്‌ക്കുന്ന നാശത്തെക്കുറിച്ച് സാധാരണജനങ്ങളും അന്ന് അജ്ഞ്‌നരായിരുന്നു. അതു കൊണ്ടു തന്നെ ആദ്യമൊന്നും സി. വി. യ്‌ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല. പിന്നീട് മണ്ണെടുപ്പ് രൂക്ഷമായതൊടെ പാര്‍ട്ടിയെ കാത്തുനില്‍ക്കാതെ തന്നെ സി. വി. ഇതിനെതിരെ രംഗത്തുവന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളെയും പരാതികളെയും തുടര്‍ന്ന് കുറച്ചുകാലം മണ്ണെടുപ്പ് പൂര്‍ണ്ണമായി നിലച്ചു.
(ഫോട്ടോ : സുര്‍ജിത്ത് അയ്യപ്പത്ത്)
പക്ഷെ ഇടവേളയുടെ ദൈര്‍ഘ്യം കുറവായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെയായി പിന്നീട് മണ്ണെടുപ്പ്. മണ്ണ് കോണ്‍ട്രാകട്ടര്‍മാരില്‍ എല്ലാ രാഷ്ടീയകക്ഷികളിലും പെട്ടവരുണ്ടായിരുന്നു. ഇടതു - വലതു ശക്തികള്‍ക്ക് ബദലായി സ്ഥലത്തെ വര്‍ഗ്ഗീയപാര്‍ട്ടി വളര്‍ന്നു വന്നതുതന്നെ ഒരു മണ്ണുകരാറുകാരനന്റെ പിന്‍ബലത്തിലായിരുന്നു. കല്ലഴി കുന്നത്തെ മണ്ണിന്റെ നിറത്തിന് ചുവപ്പിനോടാണോ കാവിയോടാണോ കൂടുതല്‍ ചേര്‍ച്ച എന്ന് തമാശയായി ചോദിക്കാറുണ്ട് ഇന്നാട്ടുകാര്‍.
(തുടരും)
nice article
ReplyDeletehridhyam kondu ezhuthiya rekhakal...
ReplyDeleteനന്നായിരിക്കുന്നു ഈ ഓർമ്മകൾ...
ReplyDeleteആശംസകൾ...
ഒഴാക്കനും കൃഷ്‌ണപ്രസാദിനും വീ. കെ. ചേട്ടനും നന്ദി.
ReplyDelete