എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (4)
---------------------------------------------------------
തിയയിലെ ശിലാസ്മാരകങ്ങളും ചെറുപുരാവസ്തു പ്രദര്‍ശനശാലയും കണ്ട് തിരികെയെത്തിയപ്പോഴേക്കും കോഫിസെറിമണിക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായിരുന്നു. കരകൗശല വില്‍പ്പനശാലയും അതോടൊപ്പം ഒരു പെട്ടിക്കടയുമൊക്കെയായ ആ ചെറുകുടില്‍ ഒരു നാടന്‍ കാപ്പിക്കടയായി രൂപം മാറിയിരുന്നു അപ്പോഴേക്കും. എല്ലാവരെയും വൃത്താകൃതിയില്‍ അഭിമുഖമായിട്ട പീഠങ്ങളിലേക്ക് ക്ഷണിച്ചു അവര്‍. കഴിക്കാനായി വറുത്തധാന്യം തന്നു. കാപ്പി തയ്യാറാകുന്നത് വരെ അത് കൊറിച്ചിരിക്കാം. തിരഞ്ഞെടുത്ത മികച്ച കാപ്പിക്കുരു കഴുകി വറുത്തെടുക്കലാണ് ആദ്യഘട്ടം. കാപ്പിക്കുരുവില്‍ ചൂടു തട്ടിതുടങ്ങുന്നതോടെ ആസ്വാദ്യകരമായ ഒരു സൗരഭ്യം അവിടെയാകെ പരക്കും. വറചട്ടി ഇളക്കി കരിയാതെ കാപ്പിക്കുരുവിന്റെ എല്ലാഭാഗവും ഒരു പോലെ വറുത്തെടുക്കണം. ശേഷം വറുത്ത കുരുവുമായി അതിഥികള്‍ക്കടുത്തെത്തി അതവരെക്കൊണ്ട് വാസനിപ്പിക്കും. തുടര്‍ന്നാണ് ചെറു മര ഉരലില്‍ കുരു ഇടിച്ച് പൊടി തയ്യാറാക്കുന്നത്. ഒടുവില്‍ തരം തിരിച്ചെടുക്കുന്ന ആ കാപ്പിപൊടിയും മറ്റു കൂട്ടുകളുമുപയോഗിച്ച് കടുപ്പത്തില്‍ ബുന്ന എന്ന് വിളിക്കുന്ന എത്യോപ്യന്‍ കാപ്പി തയ്യാറാക്കും. കനലില്‍ മണ്‍കൂജയില്‍ വെച്ചാണ് കാപ്പി തിളപ്പിച്ചെടുക്കുന്നത്. മൂന്ന് തവണയായാണ് സല്‍ക്കാരം. ആദ്യം നെയ്യും ഉപ്പും ചേര്‍ത്താണ് നല്‍കുക. പിന്നീട് മധുരമോ ഉപ്പോ ഇട്ട് നല്‍കും. പലവിധ പലഹാരങ്ങളും ഇതിനെത്തുടര്‍ന്ന് സല്‍ക്കരിക്കും. കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളും പാട്ടും നൃത്തവുമൊക്കെ ചേര്‍ന്നതാണ് എത്യോപ്യന്‍ വീടുകളിലെ പരമ്പരാഗത കോഫിസെറിമണി. രണ്ടും മുന്നും മണിക്കൂര്‍ നീണ്ടു നില്‍ക്കും ആചാരപരമായ ആ എത്യോപ്യന്‍ കാപ്പി സല്‍ക്കാരം.
ഏഴാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ കഫ പ്രദേശത്ത് വെച്ച് കല്‍ദി എന്ന ഇടയനാണ് ഒരു പ്രത്യേക മരത്തിന്റെ കായ കഴിച്ച തന്റെ ആടുകള്‍ പതിവില്ലാത്ത ഉന്‍മേഷത്തോടെ തിമിര്‍ക്കുന്നത് കണ്ട് കാപ്പിയുടെ ഗുണങ്ങള്‍ ആദ്യമായി തിരിച്ചറിയുന്നത്. അങ്ങിനെ എത്യോപ്യന്‍ വിശിഷ്‌ട പാനീയമായി തീര്‍ന്ന കാപ്പി പിന്നീട് യെമന്‍വഴി തുര്‍ക്കി സാമ്രാജ്യത്തിലെത്തി. അവിടെ നിന്ന് പിന്നീട് ഫ്രാന്‍സ് വഴി യൂറോപ്യന്‍മാരിലെത്തുകയും അവരിലൂടെ ലോകം കീഴടക്കുകയും ചെയ്തു ഈ കറുത്ത പാനീയം. പെട്രോളിയം കഴിഞ്ഞാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കാണ് കാപ്പി. 12 ഓളം രാജ്യങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നം. ലോകത്താകമാനമുള്ള 100 മില്യണ്‍ ജനങ്ങളുടെ ഉപജീവനം ഇന്ന് ഇതുമായി ബന്ധപ്പെട്ടാണ്. എത്യോപ്യയുടെ സാമൂഹ്യജീവിതത്തിലെന്ന പോലെ സാമ്പത്തിക രംഗത്തും അവഗണിക്കാനാകാത്ത സ്ഥാനമുണ്ട് കാപ്പിക്ക്. ലോകത്തെ അഞ്ചാമത്തെ ദരിദ്രരാജ്യമാണ് എത്യോപ്യ. ജനസംഖ്യയിലെ മൂന്നില്‍ രണ്ടു പേരുടേയും വരുമാനം ദിവസം 1 ഡോളറില്‍ താഴെ മാത്രമാണ് ഇവിടെ. ആ എത്യോപ്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് ഒരു പരിധിവരെ കാപ്പിയാണ്. ലോക കാപ്പി ഉല്‍പ്പാദനത്തില്‍ 3% മാത്രമാണ് എത്യോപ്യയുടെ സംഭാവനയെങ്കിലും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യവരുമാനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത് കാപ്പിയുടെ കയറ്റുമതിയില്‍ നിന്നാണ്. ഇന്ന് പല പ്രമുഖ അന്താരാഷ്ട്ര കോഫി ബ്രാന്‍ഡുകളും ഉപയോഗിക്കുന്നത് ഇവിടെ നിന്നും വരുന്ന കാപ്പികുരുവാണ്. 15 മില്യണ്‍ ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നു ഇവിടെ. ലോകത്തിലെ പല വന്‍നഗരങ്ങളിലും എത്യോപ്യന്‍ ബുന്ന ഷോപ്പുകളുണ്ട്.
ഹൈവേയിലേക്ക് കയറുന്നതിന് മുന്‍പായി ഒരു ചെറിയ പുരയില്‍ നിന്ന് പതുക്കെ പോകുന്ന ഞങ്ങളുടെ വണ്ടിയിലേക്ക് നോക്കി ആരോ എന്തോ വിളിച്ച് പറയുന്നതുകേട്ടു. അബ്ദു ഡോക്ടറോടെന്തോ പറഞ്ഞു. ഡോക്ടര്‍ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു 'നാടന്‍ കള്ളു ഷാപ്പാണ് കയറാം'. ആര്‍ക്കും വിരോധമുണ്ടായിരുന്നില്ല. അബ്ദുവിനും ഡോ.അജിനും പുറകെ ഞങ്ങളും അവിടേക്ക് കയറി. ബാര്‍ളിയില്‍ നിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ ടെല (Tela) എന്ന ഒരു മദ്യമാണവിടെ വില്‍ക്കുന്നത്. സത്യത്തില്‍ ഒരു വീടാണത്. രണ്ട് സ്ത്രീകള്‍ മുന്ന് നാല് കുട്ടികള്‍ ആ പാനീയം കഴിക്കാനായി അവിടെ എത്തിയ ചില വൃദ്ധന്‍മാര്‍. ധാന്യങ്ങളില്‍ നിന്ന് വാറ്റിയെടുക്കുന്ന പ്രാദേശികമായ നിരവധി മദ്യങ്ങളുണ്ട് എത്യോപ്യയില്‍. ടെല തന്നെ ബാര്‍ളിയില്‍ നിന്നും ചോളത്തില്‍ നിന്നും തെഫില്‍ നിന്നുമൊക്കെ പ്രദേശികമായ ലഭ്യതക്കും അഭിരുചികളുമനുസരിച്ച് നിര്‍മ്മിക്കാറുണ്ട്. ടെല ഹൗസുകള്‍ എന്ന കള്ളുഷാപ്പുകള്‍ എത്യോപ്യന്‍ ഗ്രാമീണ സംസ്‌കൃതിയുടെ ഭാഗമാണ്. ലഹരി ഉപാസകര്‍ക്കുള്ളതല്ല ഈ പാനീയം. മദ്യത്തിന്റെ അംശം വളരെ കുറവാണിതില്‍ (4% ത്തില്‍ താഴെ). ലഹരി എന്നതിനുപരിയായി നേരം പോക്കാനും സാമൂഹ്യസമ്പര്‍ക്കങ്ങള്‍ക്കുമുള്ള കേന്ദ്രമായിട്ടാണ് എത്യോപ്യയില്‍ ടെല ഹൗസുകള്‍ ഉപയോഗിക്കപ്പെടുന്നതെന്ന് തോന്നുന്നു. മിക്കവാറും ടെലപ്പുരകളും ഇവിടത്തെ പോലെ തന്നെ വീടുകളുടെ ഭാഗമായി തന്നെയുള്ള വില്‍പ്പനകേന്ദ്രങ്ങളാണ്. പറ്റുവരവുകാരായ വൃദ്ധന്‍മാരും അവരുടെ ഒട്ടും ധിടുതിയില്ലാത്ത കടന്നുവരവും സ്വസ്ഥമായ ഇരിപ്പും നര്‍മ്മസംഭാഷണങ്ങളും ടെല ഹൗസുകളെ മദ്യശാലകളെന്നതിനേക്കാല്‍ ഒരു വാര്‍ദ്ധക്യവിശ്രമകേന്ദ്രങ്ങളാക്കുന്നുണ്ടെന്ന് തോന്നി അവിടയിരിക്കുമ്പോള്‍. ജീവിതസായന്തനത്തിലെത്തിയവരുടെ ഒരു പകല്‍വീടോ കൂടിയിരിപ്പ് കേന്ദ്രമോ വിനോദശാലയോ ഒക്കെയാണത്.
ചിലരൊക്കെ ആ ബാര്‍ളി കള്ളിന്റെ രുചി നോക്കി. അവരോടൊക്കെ ലോഹ്യം പറഞ്ഞ് കുറച്ച് നേരം അവിടെയിരുന്നു. പിന്നെ സമയത്തെക്കുറിച്ചുള്ള ഓര്‍മ്മ വന്നപ്പോള്‍ തിരക്കിട്ട് യാത്ര ചോദിച്ചു. സുദീര്‍ഘമായ യാത്രാപഥത്തില്‍ വിജന്നമായ പ്രദേശങ്ങളും ഗ്രാമങ്ങളും ചെറുനഗരങ്ങളും മാറി മാറി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇടത്തരമെന്ന് പറയാവുന്ന റോഡിലൂടെ പരമാവധി വേഗത്തിലാണ് അബ്ദു വണ്ടി ഓട്ടുന്നത്. ഇടക്കൊക്കെ വേഗത കുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട് ഡോക്ടര്‍. വഴിയിലെ ബുട്ടാചിറ എന്ന ചെറു നഗരത്തില്‍ നിന്ന് പഴങ്ങള്‍ വാങ്ങി. ഇന്നിനി ഉച്ചഭക്ഷണത്തിനായി എവിടെയും നിറുത്തില്ലെന്നും ഭക്ഷണം പഴങ്ങളായിരിക്കുമെന്നും തിയയില്‍ നിന്ന് പുറപ്പെടുമ്പോഴെ അജിന്‍ പറഞ്ഞിരുന്നു. എത്യോപ്യന്‍ വഴിയോരങ്ങളിലും നഗരങ്ങളിലെ തെരുവോരങ്ങളിലും നാടന്‍ പഴങ്ങള്‍ ധാരാളമായി കിട്ടും. ഉല്‍പ്പാദകര്‍ തന്നെ വിപണനത്തിനായി കൊണ്ടുവന്ന് വെച്ചവ. നാട്ടിന്‍ പുറങ്ങളില്‍ രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ വളരുന്നവയാണവ. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന വന്‍ തോട്ടങ്ങളിലേ രാസ-വള കീടനാശിനി പ്രയോഗമുള്ളു. അത് വന്‍ മാര്‍ക്കറ്റുകളിലേക്കും കയറ്റുമതിക്കുമായാണ് കൊണ്ടുപോകുക.
ബുട്ടാചിറയില്‍ നിന്ന് വിട്ടാല്‍ വീണ്ടും വിജന്നമായ കൃഷിയിടങ്ങളിള്‍ക്കിടയിലൂടെ നീണ്ടുകിടക്കുന്ന പാതയാണ് ഹൊസൈനയാണ് അടുത്ത നഗരം. ഹൈവേക്കരികില്‍ പഴങ്ങളും പച്ചക്കറികളുമായി കുട്ടികളുണ്ട് ചിലയിടത്ത്. അവരവരുടെ വീട്ടിലുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും കൂടയിലാക്കി കൊണ്ടുവരുന്നവര്‍. ആ കുട്ടികള്‍ വാഹനങ്ങള്‍ക്ക് കൈകാട്ടും നിറുത്തിയാല്‍ എല്ലാവരും കൂടി ഓടിയടുക്കും. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ നമ്മെ പൊതിയും. കച്ചവടം നടക്കാതെ പോകുന്നവരുടെ മുഖം വാടും. ഓരോരുത്തരില്‍ നിന്നും ചെറുതെന്തിലും വാങ്ങാന്‍ ഞങ്ങള്‍ അബ്ദുവിനെ ചട്ടം കെട്ടും. അപ്പോഴും പക്ഷെ പലര്‍ക്കും നിരാശയും അസംതൃപ്തിയും ബാക്കിയാകും. കച്ചവടം കിട്ടിയ കുട്ടികളോടുള്ള അസൂയയും തങ്ങളില്‍ നിന്ന് വാങ്ങാത്തതിന്റെ ദേഷ്യവും ദൈന്യതയുമൊക്കെ നിറഞ്ഞ ആ കുഞ്ഞു മുഖങ്ങള്‍ കുറേനേരം നമ്മുടെ മനസ്സിനെ വേദനയോടെ പിന്തുടരും....
(തുടരും)
ഒരു മേടിറങ്ങിയതോടെ മുന്‍പില്‍ വളരെ അകലെയായി അവ്യക്തമായി ആ ദൃശ്യം കണ്ടു. മോഹനമായ വലിയൊരു താഴ്‌വാരം മുന്‍പില്‍ പരന്നങ്ങിനെ കിടക്കുന്നു. അതിന്റെ അവസാനത്തിലായി ഭൂമിയുടെ അതിര്‍രേഖ പോലെ ജല സമുദ്രം. ലെയ്ക്ക് അബായയുടെ മോഹിപ്പിക്കുന്ന വിദൂര ദൃശ്യമാണ് അതെന്ന് പിന്നീടാണ് ഞങ്ങളറിയുന്നത്. നിമിഷാര്‍ദ്ധം കൊണ്ട് എല്ലാവരും നിശബ്ദരായി. വിവരണാതീതമായ ആ കാഴ്ച്ചയുടെ മനോഹാരിതയില്‍ അത്ഭുതം കൂറി സ്വയം മറന്ന് അങ്ങിനെയിരുന്നു...!
ReplyDeleteവായിച്ചതിന് നന്ദി മുരളിയേട്ടാ...
ReplyDelete