Monday, December 23, 2019

അഡാഡി മറിയത്തിലെ ശിലാത്ഭുതം....


എത്യോപ്യന്‍ ഓര്‍മ്മകള്‍ തുടരുന്നു... (2)
---------------------------------------------------------
ക്രിസ്തുമതം അതിന്റെ പ്രാരംഭകാലത്ത് തന്നെ സ്വാധീനമുറപ്പിച്ച ഇടങ്ങളിലൊന്നാണ് എത്യോപ്യ. ലോകചരിത്രത്തിലെ രണ്ടാമത്തെ ക്രൈസ്തവരാജ്യം (ആദ്യ രാജ്യം അര്‍മേനിയയാണ്). ഡോ. അജിനോടൊപ്പം എത്യോപ്യയുടെ ഉള്‍നാടുകളിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ആദ്യമെത്തിയത് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമതത്തിന്റെ പൗരാണിക കേന്ദ്രങ്ങളിലൊന്നായ അഡാഡി മറിയം പള്ളിയിലാണ്. യുനസ്‌കോ സംരക്ഷിത സ്മാരകപട്ടികയില്‍ ഉള്‍പ്പെട്ടതാണിതിന്ന്. ആഡിസ് അബാബയില്‍ നിന്ന് തെക്ക് പടിഞ്ഞാറായി 66 കിലോമീറ്ററോളം അകലെയായാണ് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കല്‍ഗുഹാദേവാലയം.

അലേംജെന-ബുട്ടാച്ചിറ ഹൈവേയില്‍ നിന്ന്  അഡാഡി മറിയത്തിലേക്കുള്ള ഗ്രാമപാതയിലേക്ക് വണ്ടി തിരിയുമ്പോള്‍ പുലര്‍വെയിലിന് ചൂട്‌ പിടിച്ച് തുടങ്ങിയിരുന്നില്ല. മുമ്പ് ഒന്നോ രണ്ടോ തവണയേ അബ്ദുവും ഡോക്ടറും അവിടെ പോയിട്ടുള്ളു. വഴി സുപരിചിതമല്ല ഇരുവര്‍ക്കും. ആഫ്രിക്കന്‍ സമതലത്തിലൂടെ നീളുന്ന നിരപ്പല്ലാത്ത കല്ലുനിറഞ്ഞ മണ്‍പാത. വിജന്നമായ പരിസരങ്ങള്‍. ഇടക്ക് തരിശ് ഭൂമിയില്‍ നിലമുഴുന്ന ഗ്രാമീണര്‍. കാളകളെ മേയ്ക്കുന്ന ഇടയര്‍. ഇടക്കൊക്കെ ഒറ്റപ്പെട്ട് ഗ്രാമീണ ഭവനങ്ങള്‍ കാണാം. ഗൂഗിള്‍മാപ്പില്‍ ഈ വഴി ഇനിയും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. വഴിയോരങ്ങളില്‍ വല്ലപ്പോഴും മാത്രം കാണുന്ന ഗ്രാമീണരോട് വഴി ചോദിച്ച് യാത്ര തുടര്‍ന്നു.

വഴിയിലൊരിടത്ത് വലിയൊരു ഒട്ടകക്കൂട്ടം. ഫോട്ടോക്കായി വണ്ടി നിറുത്തണമെന്നായി എല്ലാവരും. ചിത്രങ്ങളെടുത്ത് തുടങ്ങിയതോടെ വലിയ വടിയും ചുഴറ്റി മുന്നോട്ട് നീങ്ങി കൂട്ടത്തിലൊരിടയന്‍. അനുവാദം ചോദിക്കാതെ ചിത്രമെടുത്തത് മുപ്പരെ വല്ലാതെ ക്രുദ്ധനാക്കിയിരിക്കുന്നു. ആളുടെ വരവു കണ്ടതോടെ ഇടയില്‍ കയറി നില്‍പ്പുറപ്പിച്ചു അബ്ദു. നയവും ശാസനയും ഒക്കെ കലര്‍ത്തി പണിപ്പെട്ട് ഒരുവിധം ആളെ സമാധാനിപ്പിച്ചു. ഡോക്ടറും എത്യോപ്യന്‍ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞതോടെ ആളൊന്നടങ്ങി. 82 ഓളം ഭാഷകളുണ്ട് എത്യോപ്യയില്‍.ഗ്രാമ്യഭാഷകളും പ്രദേശിക വാമൊഴികളുമായി 200ഓളം വേറെയും. ദേശീയ ഭാഷയും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഭാഷയും അമാരിക് (Amharic) അണ്. ഏഴ് വര്‍ഷത്തെ എത്യോപ്യന്‍ വാസം മോശമില്ലാത്ത രീതിയില്‍ ഭാഷ ഉപയോഗിക്കാന്‍ പ്രാപ്തനാക്കിയിട്ടുണ്ട് ഡോക്ടറെ.

വീണ്ടും യാത്ര തുടരുമ്പോള്‍ സ്‌ക്കൂളിലേക്ക് പോകുന്ന കുട്ടികളെ കണ്ടുതുടങ്ങി. കളിക്കളത്തില്‍ നിന്നെന്നോണം പോകുന്ന കുട്ടികള്‍. മുഷിഞ്ഞ വസ്ത്രങ്ങള്‍. ഒതുക്കമില്ലാത്ത പൊടിപുരണ്ട മുടി. കൈയ്യിലും ചെറിയ കവറുകളിലുമായി കുറച്ച് പുസ്തകങ്ങള്‍. പക്ഷെ സന്തോഷം നിറഞ്ഞ മുഖങ്ങള്‍. താമസിക്കാതെ ചെറിയൊരു ഗ്രാമീണ പള്ളിക്കൂടം കണ്ടു. വീണ്ടും വിജന്നമായ വഴിയോരങ്ങള്‍. കാലി മേയ്ക്കുന്ന ചില കുട്ടികള്‍ വണ്ടിക്ക് പുറകെ ഓടുന്നുണ്ട് ഇടക്കൊക്കെ. ഒടുവില്‍ ജനവാസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ചെറിയൊരു ഗ്രാമം. സ്‌ക്കൂള്‍ ചില കടകള്‍.

അബ്ദു വണ്ടി അഡാഡി മറിയം പള്ളിയുടെ മതില്‍ക്കെട്ടിന് പുറത്തായി പാര്‍ക്ക് ചെയ്തു. കൗതുകം പൂണ്ട മിഴികളോടെ ചിലര്‍ ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് നിന്നു. ടിക്കറ്റെടുക്കണം. ആരോ പോയി ടിക്കറ്റ് കൗണ്ടറിന്റെ ചുമതലയുള്ള ആളെ വിളിച്ചുകൊണ്ടു വന്നു. പ്രായമായ ഒന്ന് രണ്ട് സ്ത്രീകള്‍  പണത്തിനായി അടുത്തുവന്നു. മതില്‍കെട്ടിനപ്പുറം പുല്ലും മരങ്ങളും നിറഞ്ഞ തൊടി അതില്‍ താഴേക്ക് കുഴിച്ചുണ്ടാക്കിയിരിക്കുകയാണ് കല്ലുകൊണ്ടുള്ള പള്ളി. പള്ളിയുടെ മുകള്‍ ഭാഗം  ഭൂമിയുടെ അതേ നിരപ്പിലാണ് ചുറ്റോട് ചുറ്റ് കിടങ്ങ് പോലുള്ള വീതിയുള്ള ഒരു ചാല്‍. അതിലേക്കിറങ്ങി പാറയില്‍ തുരന്നുണ്ടാക്കിയ പള്ളിയിലേക്ക് പ്രവേശിക്കാം. കല്ലില്‍ വെട്ടിയുണ്ടാക്കിയ മുറികള്‍. ആള്‍ത്താരയും വൈദികരുടെ അറയും മറ്റു തയ്യാറെടുപ്പുകള്‍ക്കുള്ള ഇടങ്ങളും സൂക്ഷുപ്പുമുറികളുമൊക്കെ ചേര്‍ന്ന ഒരു സ്ഥലം. പുരാതനമായൊരു നിര്‍മ്മിതി.

കാലപ്പഴക്കം കൊണ്ടും മനുഷ്യ ഇടപെടലുകള്‍ കൊണ്ടും നാശോന്‍മുഖമായ ഈ പൈതൃകസ്ഥലം സ്വിസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് അടുത്തിടെ പുനരുദ്ധരിക്കപ്പെട്ടത്. ലാലിബെല രാജാവ് (ജെബ്രെ മെസ്‌കല്‍ ലാലിബെല [1162 – 1221]) നിര്‍മ്മിച്ച 76 കല്‍ദേവാലയങ്ങളില്‍ പ്രശസ്തമായ ലാലിബെല്ല ദേവാലയ സമുച്ചയം കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള പുരാതന ശിലാ നിര്‍മ്മിതികളിലൊന്നാണ് അഡാഡി മറിയം. സാഗ്വെ രാജവംശത്തിലെ കരുത്തനായ രാജാവായിരുന്ന ലാലിബെലക്ക് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വിശുദ്ധന്റെ സ്ഥാനമാണ് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. 1187ല്‍ ജറുസലേം മുസ്‌ലീമുകള്‍ (സുല്‍ത്താന്‍ സലാഹുദ്ദീന്‍) പിടിച്ചടക്കിയപ്പോള്‍ അതുപോലൊരു വിശുദ്ധനഗരം എത്യോപ്യയില്‍ പുന:സൃഷ്ടിക്കാന്‍ ശ്രമിച്ച രാജ്യാവാണ് ലാലിബെല. ബൈബിളിലെ പലസ്ഥലനാമങ്ങളും അദ്ദേഹം തന്റെ രാജ്യത്തെ പ്രദേശങ്ങള്‍ക്ക് നല്‍കുകയുണ്ടായി. 

ഓര്‍ത്തഡോക്‌സ് പാരമ്പര്യമാണ് എത്യോപ്യന്‍ ക്രിസ്ത്യാനിറ്റി പിന്‍തുടരുന്നത്. എത്യോപ്യന്‍ ജനസംഖ്യയുടെ 63 ശതമാനത്തോളം വരുന്ന ക്രിസ്തുമത വിശ്വാസികളില്‍ 46 ദശലക്ഷത്തോളം പേര്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ്. 14 ദശലക്ഷത്തോളമാണ് പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍. പിന്‍കാലത്ത് എത്യോപ്യയിലെത്തിപ്പെട്ട റോമന്‍കാത്തലിക്ക് വിശ്വാസികളുടെ ജനസംഖ്യ 5 ലക്ഷത്തോളം മാത്രമാണ്. എ.ഡി  ആദ്യ ശതകങ്ങളില്‍ തന്നെ എത്യോപ്യയില്‍ ക്രിസ്തുമതം കടന്നുവന്നു. അബീസീനിയ എന്നാണ് എത്യോപ്യയുടെ പഴയ പേര്. അന്ത്യോഖ്യയില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മതപ്രചാരകരാണ് ക്രിസ്തുമതം ഇവിടെ പ്രചരിപ്പിച്ചത്. ഭരണാധികാരികളില്‍ നിന്ന് പിന്‍തുണയും പ്രോത്സാഹനവും ലഭിച്ചതോടെ എത്യോപ്യയിലെമ്പാടും അത് വ്യാപിച്ചു.

നിരവധിയായ വിശുദ്ധന്‍മാരും അവരുടെ അപദാനകഥകളും ദിവ്യാത്ഭുദങ്ങളും പൗരാണികമായ സന്യാസാശ്രമങ്ങളും വേദപഠനകേന്ദ്രങ്ങളുമൊക്കെയായി പൊതുവായുള്ള ആഫ്രിക്കന്‍ പാരമ്പര്യത്തില്‍ നിന്നും വിഭിന്നമായ മറ്റൊരു മുഖം കൂടിയുണ്ട് എത്യോപ്യക്ക്. ചുമര്‍ചിത്രങ്ങളിലും പുരാതന ചിത്രബൈബിളിലും യേശുവിനും മറിയത്തിനും മറ്റു വിശുദ്ധന്‍മാര്‍ക്കുമൊക്കെ എത്യോപ്യന്‍ മുഖച്ഛായയാണ്. ഇന്ത്യയുടെ മൂന്നിലൊന്നോളം വലിപ്പമുള്ള ഈ രാജ്യം കാത്തുസൂക്ഷിക്കുന്ന വൈവിധ്യങ്ങളും ഇന്ത്യയെപ്പോലെ തന്നെ വിസ്‌മയാവഹമാണ്.

കുറച്ചു നേരം നൂറ്റാണ്ടുകളുടെ പഴമയില്‍ നിലനിലക്കുന്ന ആ ശിലാഭവനത്തില്‍ കഴിച്ചുകൂട്ടി. ചിത്രങ്ങളെടുത്തു. ആ പരിസരങ്ങളിലൊക്കെ കറങ്ങി നടന്നു. ചുരുക്കം ചില സന്ദര്‍ശകരെ ആ പുലര്‍ക്കാലത്ത് അവിടെ എത്തിയിട്ടുള്ളൂ. വിശ്വാസികളുടെ ഇപ്പോഴുപയോഗിക്കുന്ന ഒരു പള്ളി  മതില്‍കെട്ടിന് പുറത്ത് സമീപത്ത് തന്നെയുണ്ട്. അവിടേക്ക് പരമ്പരാഗത എത്യോപ്യന്‍ വസ്ത്രം ധരിച്ച സ്ത്രീകള്‍ പോയി വരുന്നുണ്ട്. 3 മാസങ്ങള്‍ക്ക് മുന്‍പ് ആദ്യ ക്രൈസ്തവ രാജ്യമായ അര്‍മേനിയയിലേക്കുള്ള യാത്രയില്‍ കണ്ടത് അര്‍മേനിയന്‍ രൂപഭാവങ്ങളോട് കൂടിയുള്ള ക്രിസ്തുമതമാണ്. ഇവിടെ അതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രൂപഭാവാധികളോട് കൂടിയ ക്രിസ്തുവും പ്രാദേശികവല്‍ക്കരിക്കപ്പെട്ട മറ്റൊരു സഭയും.


അങ്ങിനെ പ്രാദേശികവല്‍ക്കരിക്കപ്പെട്ട വിശ്വാസവും സഭയുമായിരുന്നല്ലോ കേരളത്തിലും. അത് കണ്ട് ഈര്‍ഷ്യയെടുത്ത പോര്‍ട്ടുഗ്രീസുകാരും അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കാതിരുന്ന കേരള ക്രൈസ്തവരും. കൂനന്‍കുരിശ് പ്രതിജ്ഞയും ഉദയംപേരൂര്‍ സുന്നഹദോസുമൊക്കെ കേരളത്തിന്റെ ഇന്നലകളിലെ ആ ഏടുകളാണല്ലോ. വൈവിധ്യങ്ങളാണ് സംസ്‌ക്കാരങ്ങളുടെ സൗന്ദര്യം. പ്രദേശികമായ ആ വൈവിധ്യങ്ങളെ അപഭ്രംശങ്ങളായി കാണുകയാണ് സംഘടിത മതങ്ങള്‍. ശുദ്ധതാവാദം തലക്ക് പിടിച്ചവര്‍ ലോകത്താകമാനമുള്ള തങ്ങളുടെ മതവിശ്വാസികള്‍ ഒരേ വസ്ത്രം ധരിക്കണമെന്നും ഒരേ ആചാരങ്ങളും ആരാധനാക്രമങ്ങളും പിന്‍തുടരണമെന്നും നിഷ്‌കര്‍ഷിക്കുന്നു അവര്‍. അതില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരെ ഒട്ടും സഹിഷ്ണുതയില്ലാതെ നേരിടുന്നു. സെമിറ്റിക് മതങ്ങളിലെ ചില തീവ്രവാദികളുടെ ഈ മാതൃക പിന്തുടരുകയാണല്ലോ ഇന്ന് ഇന്ത്യയിലെ ഹിന്ദുമതമൗലികവാദികള്‍.

ആഗോളീകരണം മതങ്ങള്‍ക്കകത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തനതായ സാംസ്‌ക്കാരിക തനിമകള്‍ ഇനിയെത്ര കാലം നിലനിറുത്താന്‍ ഇത്തരം പ്രാദേശികസംസ്‌കൃതികള്‍ക്ക് കഴിയും. ആഫ്രിക്കന്‍ മുഖത്തോട് കൂടിയ യേശുവിന്റെയും മറിയത്തിന്റെയും മനോഹരരൂപങ്ങള്‍ വിട്ടുപോകാന്‍ കൂട്ടാക്കാതെ അപ്പോഴും മനസ്സില്‍ തെളിഞ്ഞു നിന്നു.

(തുടരും)

2 comments:

  1. എത്യോപ്യ യാത്ര നന്നാവുന്നുണ്ട്. പിന്നെ മനുഷ്യകുലം ആദ്യമായി ഉടലെടുത്തത് എത്യോപ്യയിലാണെന്ന്  പറയുന്നു ...

    ReplyDelete
  2. അതെ മുരളിയേട്ടാ.... സന്തോഷം...

    ReplyDelete