(മഴനൂലുകള്‍ മലമ്പാതകള്‍ - 5)
പഴയ വെട്ടിനിരത്തല്‍ പ്രതിഛായ മാറി വി.എസ്. അച്യുതാനന്ദന്‍ മീഡിയകള്‍ക്ക് പ്രിയങ്കരനായി തുടങ്ങുന്ന കാലം. മതികെട്ടാനും പൂയ്യംകുട്ടിയുമൊക്കെ നടന്നുകയറി കേരളത്തിലെ ഗ്രീന്‍പൊളിറ്റീഷ്യന്‍ എന്ന പേര് അദ്ദേഹം നേടിയെടുത്തുകൊണ്ടിരിക്കുന്ന കാലത്താണ് തട്ടേക്കാട് ഇക്കോലോഗ് നടക്കുന്നത്. സ്വഭാവികമായും വി.എസായിരുന്നു ഉദ്ഘാടകന്‍. പാലക്കാട്ടെ ചന്ദനഫാക്ടറികള്‍ സന്ദര്‍ശിക്കാന്‍ പോയതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരായ ഒളിയമ്പുകളെറിഞ്ഞ് സ്വതസിന്ധമായ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി അദ്ദേഹം പ്രസംഗിച്ചത് ഇന്നുമോര്‍ക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ കുഞ്ഞികൃഷ്ണന്‍മാഷ്, വനംവകുപ്പിലെ പി.എന്‍. ഉണ്ണികൃഷ്ണന്‍, ഉണ്ണ്യാല്‍, ജെയിംസ് സഖറിയാസ്, നിര്‍മ്മല്‍ ജോണ്‍, ശിവദാസ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഇ. സോമനാഥ്, രവിവര്‍മ്മതമ്പുരാന്‍, ജയദേവ് നായനാര്‍, സുനില്‍ കുമാര്‍, ഹിന്ദുവിലെ വേണുഗോപാല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ബഷീര്‍, സുചിത്ര, എഷ്യാനെറ്റിലെ ബിജു, പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ പെരുവന്താനം, ഗുരുവായൂരപ്പന്‍, ഭാസ്‌ക്കരന്‍ അങ്ങിനെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന കുറേപേര്‍ ആ ക്യമ്പില്‍ പങ്കെടുത്തിരുന്നു. പലരെയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അവിടെ വെച്ചണ്.
പരിസ്ഥിതി പ്രവര്‍ത്തനം മറയാക്കി കുടിയേറ്റ-വനം മാഫിയക്ക് വേണ്ടി പണിയെടുക്കുന്ന കള്ളനാണയങ്ങളുടെ ഗണത്തില്‍ ചിലരെങ്കിലും കേരളീയത്തേയും ഉള്‍പ്പെടുത്തിയിരുന്നു എന്ന് മനസ്സിലായത് അന്നാണ്. കേരളീയത്തിലെ ഒരു റിപ്പോര്‍ട്ടാണ് അത്തരമൊരു ധാരണക്ക് വഴിവെച്ചത്. കോതമംഗലം ഭാഗത്തെ കേരളീയത്തിന്റെ പ്രാദേശിക പ്രതിനിധിയായിരുന്നു അതിലെ വില്ലന്‍. കൊച്ചിയില്‍ നിന്നും തട്ടേക്കാട്-പൂയംകുട്ടി-മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചില്‍ നിന്നുള്ള എല്ലാ നീക്കങ്ങളും ഇതിലൂടെയായിരുന്നു. 1924ലെ പ്രകൃതിക്ഷോഭത്തില്‍ (മലയാളമാസം 99ലെ വെള്ളപ്പൊക്കം) കരിന്തിരി മലയിടിഞ്ഞ് ഈ വഴി ഇല്ലാതായി. പൂയംകുട്ടി മുതല്‍ മാങ്കുളം വരെയുള്ള പാത ആകെ തകര്‍ന്നടിഞ്ഞു. ഹൈറേഞ്ച് ഒറ്റപ്പെട്ടു. തുടര്‍ന്നാണ് ആലുവ മുതല്‍ മൂന്നാര്‍ വരെ പുതിയ പാതയും പെരിയാറിനു കുറുകെ നേര്യമംഗലം പാലവും വരുന്നത്. തട്ടേക്കാട് വഴിയുള്ള പഴയ പാത വീണ്ടും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം പലപ്പോഴും ഉയരാറുണ്ട്. കുടിയേറ്റത്തിനും വനംകൊള്ളക്കും വേണ്ടി വനം മാഫിയയാണ് ഈ ആവശ്യം ഉയര്‍ത്തികൊണ്ടുവരാറുള്ളത്. ടൂറിസം വികസനം മേഖലയുടെ സമഗ്ര വികസനം എന്നിവയൊക്കെയാണ് കാരണങ്ങളായി അവതരിപ്പിക്കുക. ഇതേ ആവശ്യം ഉന്നയിച്ച് കോതമംഗലം പ്രതിനിധി അയച്ച റിപ്പോര്‍ട്ട്, ഇതിന് പുറകിലെ അപകടം മനസ്സിലാക്കാതെ കേരളീയം പ്രസിദ്ധീകരിച്ചു. ഇതാണ് വനം ലോബിക്ക് വേണ്ടിയാണോ കേരളീയം നില്‍ക്കുന്നത് എന്ന സംശയം കുഞ്ഞികൃഷ്ണന്‍ മാഷടക്കമുള്ളവര്‍ക്കുണ്ടാകുന്നത്. തട്ടേക്കാട് ക്യാമ്പില്‍ വെച്ച് പി.എന്‍.ഉണ്ണികൃഷ്ണനും മാതൃഭൂമിയിലെ സുനില്‍ കുമാറും അടക്കമുള്ളവര്‍ ഇടപെട്ടാണ് തെറ്റിദ്ധാരണകള്‍ പറഞ്ഞുതീര്‍ത്തത്. എത്രമാത്രം ജാഗ്രതയോടെ വേണം പരിസ്ഥിതി പത്രപ്രവര്‍ത്തനം എന്ന് ബോധ്യപ്പെടുത്തിയത് ഈ സംഭവമാണ്.
ശബരിമലയായിരുന്നു ആ വര്‍ഷത്തെ ഇക്കോലോഗിന്റെ പ്രധാനഫോക്കസ്. വികസനം എങ്ങിനെയാണ് ഒരു കാടിനെ അതും ലോകപ്രസിദ്ധമായ ഒരു കടുവാസങ്കേതത്തെ ഇല്ലാതാകുന്നത് എന്ന് ഉണ്ണ്യാലും ശിവദാസും ഗുരുവായൂരപ്പനും ചേര്‍ന്ന് വിവരിച്ചു. കാനനക്ഷേത്രമാണ് ശബരിമല. അവിടെ പരിപാലിക്കപ്പെടേണ്ടത് കാട്ടിലെ ധര്‍മ്മങ്ങളാണ്. അതിനെ നാടാക്കുകയല്ല കാടായി തന്നെ നിലനിര്‍ത്തി അതിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുകയാണ് വേണ്ടത്. ശബരിമലകാടുകള്‍ എന്നാല്‍ അയ്യപ്പന്റെ പൂങ്കാവനമാണ് അയ്യപ്പന്റെ കളിത്തോഴരാകട്ടെ പുലികളും അതുകൊണ്ട് തന്നെ കാടിനും വന്യജീവികള്‍ക്കും നേരെയുണ്ടാകുന്ന ഏത് കടന്നുകയറ്റവും നശിപ്പിക്കുക അയ്യപ്പചൈതന്യത്തെയായിരിക്കും. ഇത്തരമൊരു രീതിയിലായിരുന്നു വിശ്വസികളായ ശിവദാസും ഗുരുവായൂരപ്പനും അടക്കമുള്ളവര്‍ ദേവസ്വംബോര്‍ഡിന്റെ വികസനവാദത്തെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലേക്കുള്ള കടന്നുകയറ്റത്തേയും എതിരിട്ടിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്കാകട്ടെ ഏതുവിധേനെയും ശബരിമലയില്‍ കോണ്‍ക്രീറ്റ് വികസനം കൊണ്ടു വന്നേ തീരൂ. ദേവസ്വം ബോര്‍ഡ് ഖജാനകളില്‍ കുമിഞ്ഞു കൂടുന്ന പണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കമ്മീഷന്‍ എന്ന നിലയില്‍ മാത്രമേ അവരുടെ പോക്കറ്റുകളിലെത്തുമായിരുന്നുള്ളൂ. രാജന്‍ഗുരുക്കള്‍ തലവനായ മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സ്റ്റഡീസ് ശബരിമലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയിരുന്നു. ഗുരുവായിരുന്നു അതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത്.
ക്യാമ്പിന്റെ ഭാഗമായുള്ള പ്രഭാഷണങ്ങളെയും ചര്‍ച്ചകളെയും കൂടാതെ പുലരും വരും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നിരന്തരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു മുതിര്‍ന്ന പത്രപ്രവര്‍ത്തകരൊക്കെ. ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കുമൊപ്പം മദ്യവും നിറഞ്ഞൊഴുകും ആ രാവുകളില്‍. പുലര്‍ച്ചെ നേരത്തെ തന്നെ ട്രക്കിങ്ങിന് പോകും കോതമംഗലത്തെ പക്ഷിനിരീക്ഷകനായിരുന്ന എല്‍ദോസായിരുന്നു വഴികാട്ടി. കോടമഞ്ഞൊഴിഞ്ഞിട്ടുണ്ടാകില്ല, അപ്പോഴും കാട്ടിലെ നടവഴികളില്‍. ശബ്ദങ്ങളിലൂടെയായിരുന്നു പക്ഷി സാന്നിധ്യം ഏറെയും അനുഭവിച്ചിരുന്നത്. യാത്രക്കിടയില്‍ തട്ടേക്കാട് വിരുന്നെത്തുന്ന വിവിധയിനം പക്ഷികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ വാചാലരാകും ഏല്‍ദോസും ബഷീര്‍സാറും. ആ ക്യമ്പിന്റെ ഭാഗമായി തന്നെ തൊപ്പിമുടിയും കയറിയിരുന്നു. ഓര്‍മ്മകളില്‍ തെളിഞ്ഞുകിടക്കുന്ന മറ്റൊരനുഭവം പൂയ്യംകുട്ടി ഡാം പണിയാനായി കണ്ടുവെച്ചിരുന്ന ഡാം സൈറ്റിലേക്ക് നടത്തിയ യാത്രയായിരുന്നു. ആനച്ചൂരുയരുന്ന ഈറ്റക്കാടുകള്‍ക്ക് നടുവിലൂടെ. അതിസമ്പന്നമായ ഒരു ജൈവകലവറയെ ഇല്ലാതാക്കുമായിരുന്ന ആ ഡാം കൊണ്ടു വരാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിച്ചവരില്‍ പലരും ആ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നു. പൂയ്യംകുട്ടിപുഴയില്‍ നല്ലൊരു നീരാട്ട് നടത്തിയാണ് മടങ്ങിയത്. ജോണ്‍പെരുവന്താനം പുഴയെയും പൂയ്യംകുട്ടി വനമേഖലയേയും ഡാമിനെതിരായ സമരത്തെയും കുറിച്ച് വിശദമായി സംസാരിച്ചു. തട്ടേക്കാട്ടെ ക്യാമ്പ് നടക്കുന്ന ഡോര്‍മിറ്ററിയില്‍ നിന്ന് നേരെ മുന്‍പിലേക്കിറങ്ങുന്നത് ജലാശയത്തിലേക്കാണ് അവിടെ നിന്ന് നേരെ തട്ടേക്കാട് ഫെറിയിലേക്ക് വനം വകുപ്പിന്റെ ബോട്ടിലായിരുന്നു യാത്ര. വളരെ മനോഹരമായ പരിസരം. വശ്യമായ പ്രകൃതി. പക്ഷികളുടെ സംഗീതം. കോടമഞ്ഞില്‍ കുളിച്ച പ്രഭാതങ്ങള്‍. തണുപ്പരിച്ചിറങ്ങുന്ന രാവുകള്‍. പരിസ്ഥിതിയുടെ ആത്മീയത തിരിച്ചറിഞ്ഞ പി.എന്‍. ഉണ്ണികൃഷ്ണനെയും, ഇ. കുഞ്ഞികൃഷ്ണന്‍മാഷെയും പോലുള്ളവരുടെ സാമിപ്യം. പുലരും വരെ നീളുന്ന ചര്‍ച്ചകള്‍.
ഇപ്പോഴും ഇക്കോലോഗ് ഇങ്ങിനെയൊക്കെയാണോ, അറിയില്ല. എന്തായാലും കേരളത്തിലെ പത്രപ്രവര്‍ത്തകരില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തി എടുക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചിട്ടുണ്ട് ഇക്കോലോഗുകള്‍. കുടിയേറ്റപാര്‍ട്ടികളുടെയും ക്വാറിമാഫിയയുടെയും നിരന്തരമായ ആക്രമണത്തിനിടയിലും പശ്ചിമഘട്ടത്തില്‍ സ്വല്‍പ്പമെങ്കിലും പച്ചപ്പ് ശേഷിച്ചിട്ടുണ്ടെങ്കില്‍ അത് പ്രകൃതിയെ സ്‌നേഹിക്കുന്ന കുറച്ച് വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും, പത്രക്കാരും, ടോണിതോമാസിനെപ്പോലെയുള്ള പരിസ്ഥിതിപ്രവര്‍ത്തകരും സെക്രട്ടറിയേറ്റ് ഗ്രീന്‍സ് പോലുള്ള ഉദ്യോഗസ്ഥതലത്തിലുള്ള സംഘടനകളും അനിലജോര്‍ജ്ജിനെയും ഹരീഷിനെപ്പോലുള്ള അഭിഭാഷകരും ഉള്ളതു കൊണ്ട് തന്നെയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാധ്യമ പിന്തുണ ഇറപ്പുവരുത്തുക കൂടിയായിരുന്നു ഇക്കോലോഗ് ചെയ്തിരുന്നത്. അത് ആക്ടിവിസ്റ്റുകളും വനംവകുപ്പ് ഉദ്ദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അകലം കുറക്കുകയും ഏകോപനം സാധ്യമാക്കുകയും ചെയ്തിരുന്നു. തങ്ങള്‍ ജോലി ചെയ്യുന്ന മാധ്യമസ്ഥാപനങ്ങളുടെ താല്‍പര്യം പലപ്പോഴും വിഘാതമായി നില്‍ക്കുമ്പോഴും പരിസ്ഥിതി സംരക്ഷണം എന്ന ഒളിയജണ്ട അവര്‍ തങ്ങള്‍ക്കാകും വിധം നടപ്പിലാക്കി. അതിനായി തങ്ങളുടെ ബന്ധങ്ങളും ഉറവിടങ്ങളും ഉപയോഗിച്ചു.
ഇന്നും പൂയ്യംകുട്ടി പൂയ്യംകുട്ടി എന്ന മന്ത്രം ഇടക്കൊക്കെ കാലാകാലത്തെ വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ ഉരുവിടാറുണ്ട്. പഴയ മൂന്നാര്‍ രാജപാത പുനര്‍നിര്‍മ്മിക്കണമെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്. രാജ്യാന്തര സുഗന്ധവ്യജ്ഞന വാണിജ്യ പാതയുടെ ഭാഗമായി കേരളത്തിന്റെ ചരിത്ര നിര്‍മിതിയില്‍ നിര്‍ണായക പങ്കു വഹിച്ച സ്‌പൈസ്‌റൂട്ടാണിത്. ബ്രിട്ടീഷ്‌കാര്‍ക്ക് മുന്‍പും മുസരിസിലേക്ക് മലനാട് നിന്നും നീണ്ടു കിടന്നിരുന്ന കാനന സുഗന്ധ പാത തന്നെയാണിത്. ഇതിന്റെ അവശിഷ്ടങ്ങള്‍ പൈതൃകസ്മാരകമായി സംരക്ഷിക്കപ്പെടണം. എന്നാലിത് ആ പാത പുനര്‍ നിര്‍മ്മിച്ചുകൊണ്ടാകരുത്. ഈ കാനനപാത കടന്നു പോകുന്നിടം ജൈവവൈവിധ്യത്താല്‍ അതിസമ്പന്നമായ പ്രദേശമാണ്. തനതു ജീവി വര്‍ഗങ്ങള്‍ കണ്ടുവരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബയോ ഡൈവെഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ടുകളിലൊണത്. മനുഷ്യരുടെ അനിയന്ത്രിതമായ കടന്നു കയറ്റം ആ വനമേഖലയെ തകര്‍ക്കും. പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിക്ഷോഭം എത്ര മാത്രം ഭീകരമാണെന്ന് 1924 ലെ വെള്ളപ്പൊക്കം തെളിയിച്ചതാണ്. ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിന് മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൂടി കാരണമായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതി ഭീകരമായിരിക്കും. അതുകൊണ്ടു തന്നെ വികസനഭ്രമത്തില്‍ നിന്ന് ദുരയില്‍ നിന്ന് ഈ മലനിരകളെ ഒഴിവാക്കിയേ തീരു.
തട്ടേക്കാട് ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ നടന്നുകണ്ട് ഞങ്ങള്‍ ശലഭോദ്യാനത്തിലേക്ക് യാത്രയായി. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി അവിടം. ഷിബുവും നിത്യയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായി. അപ്പുവും കല്യാണിയും അച്ചുവും സാവിയുമൊക്കെ പൂക്കള്‍ക്കിടയിലൂടെ പൂമ്പാറ്റകള്‍ക്ക് പുറകെ ഓടി. സ്മിതയും അമ്മയും അച്ഛനുമൊക്കെ ആ ശാന്തതയില്‍ മരത്തണലിലെ കല്‍ബെഞ്ചുകളിലിരുന്നു. ഒരു ഹെര്‍ബേറിയവും, ചെറിയൊരു മൃഗശാലയുമൊക്കെയാണ് ഇവിടത്തെ മറ്റു കാഴ്ച്ചകള്‍. പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് വനംവകുപ്പിന്റെ അനുമതിയോടെ കാടിന്റെ ടൂറിസ്റ്റ് സോണിലൂടെ പക്ഷികളെ തേടി കാല്‍നട യാത്ര നടത്താം. വനം വകുപ്പ് വാച്ചര്‍മാരും കൂടെയുണ്ടാകും. അച്ഛനും അമ്മയുമൊക്കെ ഏറെ ക്ഷീണിതരായിട്ടുണ്ട്. അതു കൊണ്ട് തന്നെ കാട്ടിലേക്ക് ഒരു യാത്ര വേണ്ടെന്ന് വെച്ചു. ഇനി ഉച്ചഭക്ഷണ ശേഷം വാഗമണ്ണിലേക്കാണ്. ഇന്നത്തെ രാവവിടെയാണ്.
വസ്തുതകളെ മനസ്സിരുത്തി പഠിച്ച് കാര്യകാരണസഹിതം വിവരിച്ചെതിയ നല്ലൊരു ലേഖനം....
ReplyDeleteആശംസകള്‍
Good. Informative and committed to ecology.
ReplyDelete'പരിസ്ഥിതി പ്രവര്‍ത്തനം മറയാക്കി
ReplyDeleteകുടിയേറ്റ-വനം മാഫിയക്ക് വേണ്ടി പണിയെടുക്കുന്ന
കള്ളനാണയങ്ങളുടെ ഗണത്തില്‍ ചിലരെങ്കിലും കേരളീയത്തേയും
ഉള്‍പ്പെടുത്തിയിരുന്നു എന്ന് മനസ്സിലായത് അന്നാണ്. കേരളീയത്തിലെ
ഒരു റിപ്പോര്‍ട്ടാണ് അത്തരമൊരു ധാരണക്ക് വഴിവെച്ചത്. കോതമംഗലം
ഭാഗത്തെ കേരളീയത്തിന്റെ പ്രാദേശിക പ്രതിനിധിയായിരുന്നു അതിലെ
വില്ലന്‍. കൊച്ചിയില്‍ നിന്നും തട്ടേക്കാട്-പൂയംകുട്ടി-മാങ്കുളം വഴിയായിരുന്നു
മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചില്‍ നിന്നുള്ള എല്ലാ നീക്കങ്ങളും ഇതിലൂടെയായിരുന്നു.'
എല്ലാ കാര്യകാരണങ്ങളും വിലയിരുത്തി എല്ലാം വിശദമാക്ക വിവരിച്ചെഴുതിയ അസ്സൽ ലേഖനം....
വിജ്ഞാനപ്രദമായ അറിവുകൾ ...
വനമൊന്നുമല്ല പ്രധാനം, കറണ്ടാണ് എന്ന് പറയുന്ന മന്ത്രിമാരുള്ള കാലമാണ്. പരിസ്ഥിതിയെപ്പറ്റി പറയുന്നവരെ തീവ്രവാദികളെന്ന് വിളിക്കുന്ന കാലവും
ReplyDelete