കെനിയന്‍ കുറിപ്പുകള്‍ - 4
---------------------
ലഘുഭക്ഷണത്തിനും ഷോപ്പിങ്ങിനും ശേഷം ഞങ്ങള്‍ യാത്ര തുടരുമ്പോള്‍ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. അതി ബൃഹത്തായിരുന്നു അവിടത്തെ കരകൗശലവില്‍പ്പനശാല. മസായികള്‍ ഉള്‍പ്പെടുന്ന പ്രാദേശിക ജനങ്ങളുടെ ഒരു സഹകരണസംഘമാണ് അതിന്റെ ഉടമസ്ഥര്‍. സമീപത്തു തന്നെ ഒരു ആര്‍ട്ട്ഗ്യാലറിയും ഭക്ഷണശാലയുമുണ്ട്. പലരും കാര്യമായി തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഈ കരകൗശലവസ്തുക്കള്‍ക്കൊന്നും പൂര്‍വ്വ നിശ്ചിതമായ വിലയില്ല എന്നുതോന്നും അതിന്റെ വില്‍പ്പന കാണുമ്പോള്‍. വിദൂരമായ രണ്ടറ്റങ്ങളില്‍ നിന്ന് വാങ്ങുന്നവരും വില്‍പ്പനക്കാരും എപ്പോഴോ ഒരു തുകയിലേക്ക് സന്ധിയാകുന്നതോടെ അതിനൊരു വില കൈവരുന്നു. വിസ്തൃതമായ ആ ഹാളില്‍ ഷെല്‍ഫുകളാല്‍ തരം തിരിച്ചിട്ടുള്ള ഓരോ വരിയിലും വില്‍പ്പനക്കാരുണ്ട് നീണ്ട വില പേശലുകള്ക്കവസാനം പരസ്പരം അര്‍ദ്ധസമ്മതത്തോടെ രാജിയാകുമ്പോള്‍ നമുക്ക് തന്നിട്ടുള്ള പുല്ലുകൊണ്ടു മെടഞ്ഞുണ്ടാക്കിയ കുട്ടകളിലേക്ക് അതാതു വരിയില്‍ നിന്നും നമ്മള് തിരഞ്ഞെടുത്ത കരകൗശലവസ്തുക്കള്‍ നിക്ഷേപിക്കപ്പെടുന്നു. അവസാന വിലപേശല്‍ കാഷ് കൗണ്ടറിന് മുന്‍പിലാണ്. ചിലര്‍ ഈ വില പേശല്‍ നന്നായി ആസ്വദിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനാകാതെ മാറി നില്‍ക്കുന്നുണ്ട്. ഇബ്രു ആവേശപൂര്‍വ്വം വില പേശലില്‍ പങ്കെടുക്കുന്നുണ്ട്.
ആഫ്രിക്കന്‍ കൈവേലകളുടെ ആ രാവണന്‍കോട്ടയില്‍ നിന്നും പുറത്തു കടന്ന ഞാന്‍ സമീപത്തെ ആര്‍ട്ട് ഗ്യാലറിയിലേക്ക് നടന്നു. വിജന്നമായിരുന്ന അവിടെ കെനിയന്‍ പ്രാദേശിക കലാകാരന്മാരുടെ ചിത്രങ്ങള്‍ വില്‍പ്പനക്കും പ്രദര്‍ശനത്തിനുമായി നിരത്തിവെച്ചിട്ടുണ്ട്. മസായിമാര പ്രൃകൃതിദൃശ്യങ്ങളും വന്യമൃഗങ്ങളും ആഫ്രിക്കന്‍ ഗ്രാമീണ ജീവിതവുമൊക്കെയാണ് ആ യഥാതഥ ചിത്രങ്ങളില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്. കാന്‍വാസിലും പേപ്പറിലുമായി വരച്ച ചിത്രങ്ങള്‍ക്ക് 35,000 ഷില്ലിങ്ങ് മുതല്‍ 50,000 ഷില്ലിങ്ങ് വരെയാണ് വില. ആഞ്ജലീന എന്ന കുറിയ ഒരു സ്ത്രീക്കാണ് ഗാലറിയുടെ ചുമതല. വാങ്ങുന്നില്ലെന്നറിഞ്ഞിട്ടും താല്പര്യപൂര്വ്വം ചിത്രങ്ങളെല്ലാം കൊണ്ടു നടന്നു കാണിച്ചു തന്നു അവര്‍. ഇന്ത്യന്‍ വിശേഷങ്ങള്‍ ചോദിച്ചു. മടക്കയാത്രയിലും അവിടെ കയറാന്‍ ക്ഷണിച്ചു. ആഞ്ജലീന കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അവിടെ നിന്നുള്ള സന്ദര്‍ശകര്‍ ഇവിടെ വരാറുണ്ട് അവര്‍ പറഞ്ഞു.
വഴിയില്‍ പലയിടത്തും മൃഗങ്ങള്‍ വഴി മുറിച്ചുകടക്കാന്‍ സാധ്യതയുണ്ട് എന്ന ബോര്‍ഡുകള്‍ കണ്ടു തുടങ്ങി. അകലെ ആകാശത്തൊരിടത്ത് മഴമേഘങ്ങള്‍ സംഘടിക്കുന്നുണ്ട്. ആഫ്രിക്കന്‍ സമതലങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ഒരു കാഴ്ച്ചയാണ്. തുറന്ന പ്രദേശമായതിനാല്‍ ആകാശദൃശ്യങ്ങള്‍ പലതും തടസ്സങ്ങളില്ലാതെ നമുക്ക് കാണാനാകും. ഗോതമ്പും ചോളവുമൊക്കെ കൃഷിചെയ്യുന്ന പച്ചപുതച്ച ഒരു പ്രദേശത്തേക്ക് വണ്ടിയെത്തി. നരച്ച പൊടിമണ്ണ് പറക്കുന്ന വഴിയോരം ഇപ്പോള്‍ പച്ചക്ക് വഴിമാറിയിരിക്കുന്നു. ചില ചോളപാടങ്ങളില്‍ വിളവെടുപ്പ് നടക്കുന്നുണ്ട്. മറ്റു ചില കൃഷിയിടങ്ങളില്‍ കാബേജ് പോലുള്ള ശീതകാല വിളകളാണ് വളരുന്നത്. ഡങ്കന്‍ ബലൂണ്‍ സഫാരിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇടത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പായി ഡങ്കന്‍ യാത്രാസംഘത്തിലെ എല്ലാവരുമായും സംവദിച്ചിരുന്നു. വരുന്ന രണ്ടു ദിവസത്തെ മസായിമാര പരിപാടികളെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചതിനോടൊപ്പം മസായിമാരക്ക് മുകളിലൂടെയുള്ള ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയെക്കുറിച്ചും പറഞ്ഞിരുന്നു ഡങ്കന്‍. ബലൂണ്‍ യാത്ര പാക്കേജിന്റെ ഭാഗമല്ല. താല്പര്യമുള്ളവര് അതിനായി പ്രത്യേകം ബുക്ക് ചെയ്യണം. റിസര്‍വ്വിനുള്ളിലെ വന്യമൃഗങ്ങളെ കാണാനുള്ള യാത്രക്ക് (ഗെയിം ഡൈവ്) മുന്‍പായി അവരെ ബലൂണ്‍ സഫാരി കേന്ദ്രങ്ങളിലെത്തിക്കുമെന്നും അത് കഴിയുന്നതോടെ യാത്രാസംഘത്തിനൊപ്പം ചേരാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യാമെന്നും പറഞ്ഞിരുന്നു ഡങ്കന്‍.
എന്നാല്‍ ഡങ്കന്‍ പറയുന്ന ബലൂണ്‍ സഫാരിക്ക് നിരക്ക് കൂടുതലാണെന്നും കമ്മീഷനുവേണ്ടി ആളെക്കൂട്ടുകയാണ് ഡങ്കനെന്നുമായിരുന്നു യാത്രാസംഘത്തിലെ പലരും അടക്കം പറഞ്ഞുകൊണ്ടിരുന്നത്. എന്തായാലും 2 പേര് മാത്രമാണ് ഡങ്കന്റെ സഫാരിക്കുവേണ്ടി തയ്യാറായത്. സംഘാംഗങ്ങളില്‍ ചിലര്‍ നിരക്കു കുറഞ്ഞ മറ്റുചില ബലൂണ്‍ സഫാരി കേന്ദ്രങ്ങളുമായി മുന്‍പ് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അങ്ങോട്ട് പോകാനുള്ള സൗകര്യം ചെയ്തു തരാന്‍ ഡങ്കന്‍ തയ്യാറായിരുന്നില്ല. അങ്ങിനെ ബലൂണ്‍ സഫാരി എന്ന പരിപാടി ഉപേക്ഷിക്കപ്പെട്ടു. താന്‍ വഴി ബുക്ക് ചെയ്യാവുന്ന ബലൂണ്‍ സഫാരിയുടെ മേന്മകളും മറ്റ് തുക കുറഞ്ഞ സഫാരികളുടെ ഗുണമില്ലായ്മയും അപകടസാധ്യതകളും പലരും പലയിടത്തേക്കായി പോയാല്‍ യാത്രാ സംഘത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെയാണ് ഡങ്കന്‍ പറയുന്നത്. മറ്റു ഡ്രൈവര്‍മാരില്‍ നിന്നും വയര്‍ലെസ്സിലൂടെ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി പറയുന്നുമുണ്ട് അതിനിടയില്‍ ഡങ്കന്‍. റോജ, കൂജ എന്നീ വാക്കുകളാണ് അതിനിടയില്‍ ഏറ്റവും ആവര്‍ത്തിക്കപ്പെടുന്നത്. റോജ എന്നാല്‍ ശരി എന്നും കൂജ എന്നാല്‍ വരുന്നു അല്ലെങ്കില്‍ വരൂ എന്നുമാണ് അര്‍ത്ഥം എന്ന് ഡങ്കന്‍ പറഞ്ഞു തന്നു.
ഈ കൂജയെപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ടല്ലോ എന്നോര്‍ത്തു. പെറ്റേക്കാട്ട് കൂജയെ പറ്റി എഴുതിയിട്ടുണ്ട് കാപ്പിരികളുടെ നാട്ടില്‍. കിഴക്കനാഫ്രിക്കയില്‍ ജോലിതേടിയെത്തിയ ഒരു സായിപ്പ് അതിനുവേണ്ടി സ്വാഹിലി പരീക്ഷക്ക് പോകുന്നു. വാചാപരീക്ഷയാണ് പരീക്ഷകനെ മുന്‍പേ തന്നെ കണ്ട് ചട്ടം കെട്ടിയിട്ടുണ്ട് പക്ഷെ രണ്ട് ചോദ്യത്തിനെങ്കിലും ഉത്തരം പറയണം. പരീക്ഷയുടെ സമയമായി മുറിയുടെ പുറത്ത് നില്ക്കുന്ന കുട്ടിയെ അകത്തേക്ക് സ്വാഹിലി ഭാഷയില്‍ വിളിക്കാനാവശ്യപ്പെടുന്നു പരീക്ഷകന്. 'കൂജ ഹാപ്പാ' സായിപ്പ് പറഞ്ഞു. കുട്ടി അകത്തേക്ക് വന്നു. ഇനി പുറത്തേക്ക് പോകാന്‍ പറയൂ വീണ്ടും പരീക്ഷകന് പറഞ്ഞു അത് പറയാന്‍ സായിപ്പിനറിയില്ല അയാളൊരു കൗശലം പ്രയോഗിച്ചു മുറിക്ക് പുറത്ത് കടന്ന് അയാള്‍ കുട്ടിയെ വിളിച്ചു കൂജ ഹാപ്പാ കുട്ടി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് വന്നു. സായിപ്പ് പരീക്ഷ ജയിച്ചു. ആ കൂജ തന്നെയാണ് ഡങ്കന്റെ കൂജയും
വഴിയില്‍ ചെമരിയാടിന്‍ പറ്റങ്ങളെ കണ്ടു തുടങ്ങി. ഇടക്കൊരു സ്ഥലനാമം വായിക്കാനായി Ngoswani village. നാരോക്ക് പട്ടണത്തെ സെകെനാനി കവാടവുമായി ബന്ധിപ്പിക്കുന്ന C12 റോഡിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. 85 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഹൈവേ വരുന്നതിന് മുന്‍പ് നാരോക്കില്‍ നിന്നും സെകെനാനി വരെയുള്ള യാത്ര ദുഷ്ക്കരമായിരുന്നത്രേ. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം നിര്‍മ്മിക്കപ്പെട്ട ഈ റോഡ് മസാരിമായ ടൂറിസത്തെ വലിയ രീതിയില്‍ ഉത്തേജിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കെനിയയിലും അടിസ്ഥാന സൗകര്യവികസന രംഗത്ത് ചൈന വന്‍തോതില്‍ മുതല്‍ മുടക്കിക്കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക ആശ്രിതത്വം വളര്‍ത്തിയെടുത്ത് തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ നേടുകയും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്ന ചൈനീസ് നയം ആഫ്രിക്കന്‍ വന്‍കരയിലും വിജയകരമായി തന്നെ നടപ്പിലാകുന്നുണ്ട്.
ഒരു മണിയോടെ ഞങ്ങള്‍ ആദ്യ ജിറാഫിനെ കണ്ടു. വന്യജീവി സങ്കേതത്തോടടുക്കുകയാണ്. 1.20ന് മസായിമാര നാഷണല്‍ പാര്‍ക്കിന്റെ സെകെനാനി ഗെയിറ്റില്‍ ഞങ്ങളെത്തി. ഓരോ വാഹനത്തിലെയും ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ പാസ്പോര്‍ട്ടുകളുമായി പാര്‍ക്കിന്റെ ഓഫീസിലേക്ക് ടിക്കറ്റെടുക്കാനായി പോകുന്നുണ്ട്. ധാരാളം മസായി വനിതകള്‍ അവിടെ കരകൗശലവസ്തുക്കളും പ്രശസ്തമായ മസായി പുതപ്പുകളും നടന്നു വില്‍ക്കുന്നു. കവാടം മനോഹരമാണ്. സീസണ് ആരംഭിക്കുന്നതുകൊണ്ടാവും ഗെയ്റ്റിന് മുന്പിലെ റോഡില്‍ സഫാരി വാഹനങ്ങളുടെ നീണ്ട നിര കാത്തുകിടക്കുന്നുണ്ട്. ആറ് ഗേറ്റുകളാണ് മസാരി മാര നാഷണല്‍ പാര്‍ക്കിനുളളത്. കെനിയയുടെ ഏത് ഭാഗത്തുനിന്നുമുള്ള സഞ്ചാരികള്‍ക്ക് എളുപ്പം മസായിമാരയിലെത്തിച്ചേരാന്‍ ഇത് സഹായിക്കുന്നു. ഞങ്ങള്‍ കാത്തുകിടക്കുന്ന സെകെനാനി ഗേറ്റാണ് നാഷണല്‍ പാര്‍ക്കിന്റെ പ്രധാന പ്രവേശന കവാടം. മസായ് മാര നാഷണല്‍ റിസര്‍വിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ വിശാലമായ സവന്ന സമതലങ്ങള്‍ക്കിടയിലാണ് സെകെനാനി ഗേറ്റ്. അടുത്തത് തലേക് ഗേറ്റ് ഇതിനടുത്താണ് ഞങ്ങള്‍ താമസിക്കാന്‍ പോകുന്ന മാരാസിംബാ ലോഡ്ജ്. മുസിയാര, ഒലൂലോലോ, സാന്‍ഡ് റിവര്‍, ഒലൂലൈമുതിയ തുടങ്ങിയവയാണ് മറ്റു പ്രവേശന കവാടങ്ങള്‍ ഇതില്‍ സാന്‍ഡ് റിവര്‍ ഗേറ്റ് കടന്നാണ് ടാന്‍സാനിയയിലേക്കുള്ള യാത്രികര്‍ അതിര്‍ത്തി കടക്കുക. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന സമയം.
താമസിക്കാതെ ഡങ്കന്‍ ഞങ്ങളുടെ പാസ്പോര്‍ട്ടുകളുമായി എത്തി. ഞങ്ങള്‍ മസായിമാര നാഷണല്‍ പാര്‍ക്കിനകത്തേക്ക് പ്രവേശിച്ചു. കാലങ്ങളായി ആഫ്രിക്കന്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പുല്‍മേടുകള്‍ സ്വപ്നം കാണുമ്പോഴും എന്നെങ്കിലുമൊരിക്കല്‍ ഇവിടെ എത്തിപ്പെടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുന്നംകുളം അടുപ്പുട്ടി സ്ക്കൂളില്‍ നിന്ന് സിസ്റ്റര്മാര് ബ്യൂട്ടിഫുള്‍ പീപ്പിള്‍ (Animals Are Beautiful People 1974) എന്ന സിനിമ കാണിക്കാനായി ഞങ്ങളെ കൊണ്ടുപോകുന്നത്. താവൂസ് തിയ്യറ്ററിലിരുന്ന് ആഫ്രിക്കന്‍ സമതലങ്ങളും മരുപ്രദേശങ്ങളും ആനകളും വന്യമൃഗങ്ങളും നിറഞ്ഞ ആ സിനിമ കണ്ണുചിമ്മാതെ കണ്ടിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആഫിക്കന്‍ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ സ്ഥാനങ്ങളിലെത്തി കാണാനാകും എന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആഫ്രിക്കയെക്കുറിച്ചും നൈറോബിയെക്കുറിച്ചും ആദ്യം വായിക്കുന്നത് എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളിലൂടെയായിരുന്നു. തട്ടിന് പുറത്തെ പാപ്പന്റെ പുസ്തകശേഖരത്തില്‍ കാപ്പിരികളുടെ നാടിന്റെ ഏത്രയോ വര്‍ഷം പഴക്കമുള്ള ഒരു കോപ്പിയുണ്ടായിരുന്നു.
ഇനിയങ്ങോട്ട് പുല്‍പ്പരപ്പിനും കുറ്റിക്കാടിനുമിടയിലൂടെയുള്ള മണ്‍വഴികളാണ്. താമസിക്കാതെ ആദ്യ വില്‍ഡെബീസ്റ്റ് കൂട്ടത്തെ കണ്ടു ഞങ്ങള്‍. തുടര്‍ന്ന് സീബ്രകളും ജിറാഫും ഗസല്ലകളും (തോംസണ്‍സ് ഗസല്‍). ഓരോ മൃഗക്കുട്ടങ്ങളെ കാണുമ്പോഴും ഫോട്ടോയെടുക്കാനയി വണ്ടി നിറുത്താനാവശ്യപ്പെടുന്നുണ്ട് ഇബ്രുവും മറ്റുള്ളവരും. വീണ്ടും വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ ഡങ്കന്‍ അസ്വസ്ഥനായി. 'ഇന്ന് വൈകീട്ടും നാളെ പകല്‍ മുഴുവനും നമ്മള് ഇവര്‍ക്കിടിയില്‍ തന്നെയാണ് ഒടുവില്‍ ഈ കാഴ്ച്ച കണ്ട് നിങ്ങള്‍ക്ക് മടുക്കും ഇപ്പോള്‍ എത്രയും പെട്ടെന്ന് ലോഡ്ജിലെത്തി ഭക്ഷണം കഴിച്ച് ഇന്നത്തെ ഗെയിം ഡ്രൈവിന് പോകാം' ഡങ്കന്‍ നിര്‍ദ്ദേശിച്ചു. ഡങ്കന്‍ മുന്‍പ് പറഞ്ഞതു പോലെ തന്നെ രണ്ടരക്കുമുന്‍പായി മാരാംസിംബാ ലോഡ്ജില്‍ ഞങ്ങളെത്തി. വിജന്നമായ ഒരു പ്രദേശത്ത് മരങ്ങള്‍ വളര്‍ന്നു നില്ക്കുന്ന വലിയൊരു തൊടിയില്‍ മരം കൊണ്ട് കൊളോണിയില്‍ ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ കെട്ടിടങ്ങള്‍. അതി മനോഹരമായ പരിസരം. ഗസലുകളും മാനുകളും മേഞ്ഞു നടക്കുന്നുണ്ട് തൊടിയില്‍. ഹോട്ടല്‍ ജീവനക്കാര്‍ ലഗേജുമെടുത്ത് ഞങ്ങളേയും കൂട്ടി റിസപ്ഷന് ഏരിയയിലേക്ക് നടന്നു.
മസായിമാര വന്യജീവി സങ്കേതത്തിനകത്ത് ടൂറിസ്റ്റുകള്‍ക്കായി നിരവധിയായ ഇക്കോ-ലോഡ്ജുകളും ഫോറസ്റ്റ് ക്യാപുകളുമുണ്ട്. മിക്കതിന്റെയും പേരിനൊപ്പം മസായി എന്നോ മാര എന്നോ സിംബാ എന്നോ ഉണ്ടാകും. സിംബാ എന്നാല്‍ സിംഹം എന്നാണര്‍ത്ഥം. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന വന്യജീവികള്‍ക്ക് പ്രശസ്തമാണ് മസായിമാര സങ്കേതമെങ്കിലും സിംഹമാണ് കെനിയക്കാരുടെയും പ്രത്യേകിച്ച് ആഫ്രിക്കക്കാരുടെയും ഇഷ്ടമൃഗം. അവരുടെ പൗരാണികമായ ഒട്ടേറെ മിത്തുകളും എൈതിഹ്യങ്ങളും പഴംകഥകളും ഈ മൃഗരാജനുമായി ബന്ധപ്പെട്ടതാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്. നാഷണല്‍ പാര്‍ക്കിന്റെ ഗെയിറ്റിലും സിംഹം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയില്‍ കുത്തിനിര്‍ത്തിയ മരത്തടികളില്‍ നിര്‍മ്മിച്ച വിശാലമായ ഒരിടമാണ് ഹോട്ടലിന്റെ സ്വീകരണകേന്ദ്രം. അതിനോട് ചേര്‍ന്ന് തന്നെ റെസ്റ്റോറന്റും ബാറും. മരക്കഴകള്‍ക്കുമുകളില്‍ നിര്‍മ്മിച്ച ഓരോ ഭാഗത്തെയും കൂട്ടിയിണക്കി നടവഴികളുണ്ട്. മരപ്പലകകള്‍ പാകിയ നിലവും ചെരിഞ്ഞ മേല്‍ക്കൂരയുമുള്ള ഈ നിര്‍മ്മിതികള്‍ക്ക് അരഭിത്തികള്‍ക്ക് മുകളിലായി തുറന്ന വശങ്ങളാണുള്ളത്. താഴെ മാരാനദിയുടെ പോഷകനദിയായ തലേക് നദി വളരെ മന്ദഗതിയില്‍ ഒഴുകുന്നു. നദിയുടെ കരയിലെ മണ്‍പരപ്പില്‍ കിടന്ന് വെയിലുകായുന്ന ചീങ്കണ്ണികളെ കാണിച്ചു തന്നു ചില സഹയാത്രികര്‍. റെസ്റ്റോറന്റില്‍ ഞങ്ങളുടെ യാത്രാസംഘത്തെ കാത്ത് ഭക്ഷണം തയ്യാറായി ഇരിക്കുന്നുണ്ട്. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമാണ്. അല്‍പ്പം പച്ചരിച്ചോറും ചിക്കനും ദാലും കാളയിറച്ചിയും പച്ചക്കറികളും പഴങ്ങളും കഴിച്ചു തിരിച്ച് റിസ്പ്ഷനിലെത്തിയപ്പോഴേക്കും പാസ്പോര്‍ട്ടും മുറിയുടെ താക്കോലുമായി ജീവനക്കാര്‍ തയ്യാറാണ്. ലഗേജുമായി വഴികാട്ടി മുന്നില്‍ നടന്നു അവര്‍.
വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ തൊടിയുടെ ഒരു വശത്ത് അതിര്‍ത്തി തലേക് നദിയാണ് അതിന് അഭിമുഖമായാണ് മരക്കെട്ടിങ്ങള്‍. ഓരോകെട്ടിടത്തിലും താഴെയും മുകളിലും രണ്ടു വീതം ആകെ നാല് കുടുംബങ്ങള്‍ക്ക് താമസിക്കാം. വലിയൊരു മുറി ഒരു ബാത്ത് റൂം. നദിക്കഭിമുഖമായി ഒരു ബാല്‍ക്കണി ഇത്രയുമാണ് ഓരോ ഭാഗത്തുമുള്ളത്. വൃക്ഷച്ഛായകള്‍ക്കിടയിലൂടെ കടന്നുപോകുന്ന കല്ലുപാകിയ ആ വഴിയും അതിനു സമീപത്തായി വേണ്ടത്ര അകലത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും, അതി മനോഹരമായൊരു പരിസരമാണ്. ലോഡ്ജിന്റെ വളപ്പിന് ചുറ്റും കമ്പി വേലിയുണ്ടെങ്കിലും സസ്യബുക്കുകളായ വന്യമൃഗങ്ങള്‍ അവിടെയാക്കെ വിഹരിക്കുന്നുണ്ട്. രാത്രി ഒരു കാരണവശാലും തനിച്ച് പുറത്തിറങ്ങി നടക്കരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശം ചെക്കിന്സമയത്ത് ലഭിച്ചിരുന്നു. മസായി ഗോത്രവര്ഗ്ഗത്തില് ഉള്‍പ്പെട്ടവരാണ് എല്ലാ തട്ടിലുമായുള്ള ഹോട്ടല്‍ ജോലിക്കാരില്‍ ഭൂരിഭാഗവും. ഇന്ത്യന്‍ വംശജരാണ് ഹോട്ടലിന്റെ ഉടമസ്ഥരെങ്കിലും ജോലിക്കാരായി ഒരൊറ്റ ഇന്ത്യന്‍ വംശജരെ പോലും കാണാനായില്ല.
മസായിമാരാ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മാരാ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂരിപക്ഷം മസായി വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന 'ദി മാരാ കണ്‍സര്‍വന്‍സി'ക്കാണ് ഇൗ പ്രദേശത്തിന്റെ നിയന്ത്രണ ചുമതല. മസായിമാര നാഷണല്‍പാര്‍ക്കിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് മാരാ മദിയാല്‍ വിഭജിക്കപ്പെട്ടു കിടക്കുന്ന വലിയൊരു പ്രദേശമാണ് മാര ട്രയാംഗിള്‍. ടാന്‍സാനിയയിലെ സെറിന്‍ഗെറ്റി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള മൃഗങ്ങളുടെ കുടിയേറ്റം നടക്കുന്നത് പ്രധാനമായും ഈ പ്രദേശത്തു കൂടിയാണ്. 510 സ്വ.കി.മി വിസ്തീര്‍ണ്ണമുള്ള നാഷണല്‍ പാര്‍ക്കിന്റെ മൂന്നിലൊന്നോളം മാരാട്രയാംഗിളാണ്. ഇതിന്റെ ഒരതിര്‍ത്തി ടാന്സാനിയയാണ്. നാഷണല്‍ പാര്‍ക്കിനകത്തെ വലിയൊരു ഭാഗം ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നതും മാരാട്രയാംഗിളിനകത്താണ്.
നാല് മണിക്കുമുന്പായി ഗെയിറ്റിനടുത്തെത്താന്‍ ഡങ്കന്റെ നിര്‍ദ്ദേശമുണ്ട്. ഇന്നത്തെ ഗെയിം ഡ്രൈവ് 4ന് തന്നെ തുടങ്ങും. ഒരു മണിക്കൂറോളം സമയമുണ്ട്. ബാല്‍ക്കണിയിലെ കസേരയില്‍ ചാരിയിരുന്നു. ഞങ്ങളുടെ ബാല്‍ക്കണയില്‍ നിന്ന് നദിയുടെ വിശദമായ കാഴ്ച്ച ലഭ്യമല്ല. നദിക്കപ്പുറം കുറ്റിക്കാടും അതിനുമപ്പുറം വലുതല്ലാത്ത ഒരു മേടും കാണാം. അവിടെ കന്നുകാലികളുമായി ചിലരെ കാണാനുണ്ട്. അവിടെയെവിടെയെങ്കിലും മസായി സെറ്റില്‍മെന്റുണ്ടാകണം. അതിനുമപ്പുറം ആഫ്രിക്കന്‍ ആകാശം. ബാല്‍ക്കണിയില്‍ നിന്ന് അധികം അകലെയല്ലാതെ ഒരു ഗസല്‍ പുല്ലുതിന്നുണ്ട്. ഇബ്രു ലാപ്പ്ടോപ്പുമായി റേഞ്ച് നോക്കി നടപ്പാണ്. കമ്പനിയുടെ മിഡില്‍-ഈസ്റ്റ് ആഫ്രിക്കന്‍ പ്രദേശങ്ങളുടെ മുഴുവന്‍ സാമ്പത്തിക വിനിമയങ്ങള്‍ ഇബ്രുവിന്റെ വിരല്‍ തുമ്പുകളിലാണ്.
നോങ്ങല്ലൂര് നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് മസായിമാര വന്യജീവിസങ്കേതത്തിനകത്തെ ഒരു വാസഗേഹത്തില്‍ സ്വാസ്ഥമായിരിക്കുമ്പോള് യാതൊരു അപരിചിതത്വവും തോന്നിയില്ല ആ പരിസരത്തോടും വനപ്രകൃതിയോടും, ഒരു പക്ഷെ മാരയുടെ മുഖമുദ്രയായ പുല്‍മേടുകളില്‍ നിന്നും മാറി കുറ്റിക്കാട് നിറഞ്ഞ വന പ്രകൃതിയായതുകൊണ്ടാകാം. മൗനിയായി പകല്സ്വപ്നങ്ങള് കണ്ട് സ്വസ്ഥമായി അങ്ങിനെയിരിക്കുന്നതിനിടയില്‍ എപ്പോഴോ ഉറക്കത്തിലേക്കാണ്ടു പോയി.
(തുടരും)