എത്യോപ്യന്‍ ഓര്‍മ്മകള്‍... (1)
----------------------
ആഡിസ് അബാബയില്‍ നിന്ന് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ നഗരം ഇരുട്ടിന്റെ കനത്ത കരിമ്പടത്തിനുള്ളിലായിരുന്നു. പൊതുവേ പ്രകാശമാനമായ ഒരു നഗരമല്ല എത്യോപ്യയുടെ ഈ തലസ്ഥാനം. കനത്ത വൈദ്യുതക്ഷാമം മൂലം ദിവസത്തില്‍ 8 മണിക്കൂറോളം പവര്‍ക്കട്ട് എത്യോപ്യയില്‍ നിലവിലുണ്ട്. വൈദ്യുതിയുടെ ഈ ലഭ്യതക്കുറവ് മൂലമാകാം രാജ്യതലസ്ഥാനമായിട്ടും വഴിയോരങ്ങളില്‍ വെളിച്ചത്തിന്റെ സമൃദ്ധിയില്ലാത്തത്. ഡ്രൈവര്‍ അബ്ദുവും ദത്തേട്ടനുമൊഴിച്ച് മറ്റുള്ളവരെല്ലാം ഉറക്കത്തിലാണ്. അജിന്‍ ഡോക്ടറുടെ പഴയമോഡല്‍ ലാന്‍ഡ് ക്രൂയിസറില്‍ ഡൈവറടക്കം ആറ് പേര്‍ക്കിരിക്കാം. അബ്ദുവിനോടൊപ്പം മുന്‍സീറ്റിലാണ് ഡോക്ടര്‍. പുറകില്‍ അഭിമുഖമായി ദത്തേട്ടനും ജോയേട്ടനും അന്‍വറും ഞാനും.നല്ല വേഗത്തിലാണ് വണ്ടി പോകുന്നത്. പുറകിലെ ചില്ലുജാലകത്തിലൂടെ നോക്കുമ്പോള്‍ പിന്നോട്ട് ഓടി മറയുന്ന നിര്‍ജ്ജീവമായ വീഥി. എണ്ണത്തില്‍ കുറവായ വഴിവിളക്കുകളൊഴിച്ചാല്‍ തെരുവില്‍ പ്രകാശം പരത്തുന്നത് വഴിയോര സ്ഥാപനങ്ങളുടെ നെയിം ബോര്‍ഡുകളാണ്. ആ നേരത്തും നേര്‍ത്ത പ്രകാശം പരത്തുന്നതില്‍ മിക്കതും ഉഴിച്ചില്‍ കേന്ദ്രങ്ങളുടെ നാമപലകകളാണ്. തലേന്ന് ആഡിസിന്റെ ഈ തെരുവുകളിലൂടെ ഡോക്ടറുടെ ഫ്‌ളാറ്റിലേക്ക് പോകുമ്പോള്‍ ദൃശ്യമായിരുന്ന നിശാസുന്ദരികളുടെ നിര ഇപ്പോഴില്ല. തെരുവുകള്‍ വൃത്തിയാക്കുകയോ ആക്രിസാധനങ്ങള്‍ ശേഖരിക്കുകയോ ചെയ്യുന്ന ചിലരെ കാണുന്നുണ്ട്. ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിലും അലസമായും നടന്നു നീങ്ങുന്നു മറ്റു ചിലര്‍. വരാനിരിക്കുന്ന വാഹനങ്ങള്‍ക്കായാകണം ആ നേരത്തും വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുന്നുണ്ട് ഇനിയും ചിലര്‍.
ക്രമേണ പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ ചെറുകുടിലുകള്‍ക്കും പിന്നീട് വൃക്ഷച്ഛായകള്‍ക്കും വഴിമാറി. വണ്ടിയുടെ പ്രയാണം വിജന്ന വഴികളിലേക്ക് മാറി. നഗരാതിര്‍ത്തി പിന്നിട്ടിരിക്കണം. അപ്പോഴും പുലരിയുടെ ലക്ഷണങ്ങളൊന്നും കണ്ടു തുടങ്ങിയിട്ടില്ല. വശങ്ങളിലെ തെന്നിനീക്കാവുന്ന ചില്ലുജാലകത്തിന്റെ ഏതോ പാളികള്‍ക്കിടയിലൂടെ കയറുന്ന തണുത്ത കാറ്റ് പുലര്‍ച്ചയിലെ ആ പാതിയുറക്കത്തിന്റെ സുഖം കെടുത്തുന്നുണ്ട്. വായുവിന്റെ ആ ആഗമന മാര്‍ഗ്ഗം കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും പക്ഷെ ഫലവത്തായില്ല.
പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. വണ്ടി ചെറുതല്ലാത്ത ഒരു കുഴിയില്‍ കയറി ഇറങ്ങിയപ്പോഴാണ് ഉറക്കം തെളിഞ്ഞത്. നല്ല വേഗത്തിലാണ് അബ്ദു വണ്ടിയോട്ടുന്നത്. ' ഈ പോക്ക് പോയാല്‍ തണ്ടിലിന്റെ ആക്‌സലൊടിയും' ജോയേട്ടന്‍ പറയുന്നുണ്ട്. നഗരാതിര്‍ത്തി പിന്നിട്ടതോടെ വഴിയുടെ അവസ്ഥ മോശമായിട്ടുണ്ട്. ഇടക്കിടെ ചെറുതും വലുതുമായ കുഴികള്‍. അതില്ലാത്തിടത്തും സമനിരപ്പിലല്ല റോഡ്. പതുക്കെ പ്രകാശം പരന്നുതുടങ്ങി. ആഫ്രിക്കന്‍ ഭൂപ്രകൃതിയുടെ വിശാലത കണ്ടു തുടങ്ങി. കണ്ണെത്താദുരത്തോളം പരന്നുകിടക്കുന്ന സമതലപ്രദേശം, അവക്കിടയില്‍ ഒറ്റപ്പെട്ട് പടര്‍ന്നു പന്തലിച്ച വൃക്ഷങ്ങള്‍. കേരളത്തിലേത് പോലെ ട്രോപ്പിക്കല്‍ മണ്‍സൂണ്‍ കാലാവസ്ഥയാണ് എത്യോപ്യയുടെ വലിയൊരു പ്രദേശത്തും. ജൂണില്‍ മഴവരാന്‍ കാത്തുകിടക്കുന്ന കൃഷിയിടങ്ങള്‍. പെയ്തുപോയ വേനല്‍ മഴയുടെ ചെറുനനവില്‍ പുലരിയുടെ ആ ആദ്യവേളയിലും നിലമുഴുന്നുണ്ട് കര്‍ഷകര്‍. 30-35 വര്‍ഷം മുന്‍പത്തെ കേരളീയ ദൃശ്യം പോലെ കാലികളെ ഉപയോഗിച്ചാണ് നിലമുഴല്‍. ഇവിടെ അത് പോത്തുങ്ങളായിരുന്നെങ്കില്‍ അവിടെ കാളകളാണെന്ന വ്യത്യാസം മാത്രം.
തലേന്നാള്‍ ഉച്ചക്ക് 1.30ന്റെ എമിറേറ്റ്‌സ് വിമാനത്തിലാണ് എത്യോപ്യയിലെത്തിയത്. കൂടെ സുഹൃത്തുക്കളായ അന്‍വറും ജോയേട്ടനും ദത്തേട്ടനും. യാത്രയുടെ ആലോചനകളില്‍ സജീവമായുണ്ടായിരുന്ന മജീദ് പെരുമ്പിലാവിന് ഒടുവില്‍ പങ്കുചേരാനായില്ല. ദുബായില്‍ നിന്ന് 5 മണിക്കൂര്‍ യാത്ര. 10.30 ന് കയറിയാല്‍ 2.30 നാണ് ആഡിസ് അബാബയിലെത്തേണ്ടത്. എത്യോപ്യന്‍ സമയം ദുബായ് സമയത്തേക്കാള്‍ 1 മണിക്കൂര്‍ പുറകിലാണ് അങ്ങിനെ പ്രദേശിക സമയം 1.30ന് ഫ്‌ളൈറ്റ് നിലം തൊട്ടു. വിസ പതിപ്പിക്കലും എമിഗ്രേഷന്‍ നടപടികളും കറന്‍സി എകസ്‌ചേഞ്ചും കഴിഞ്ഞ് ലഗേജെടുത്ത് പുറത്തിറങ്ങാന്‍ ഒരു മണിക്കൂറില്‍ കൂടുതലെടുത്തു. 50 യു.എസ്.ഡോളറാണ് വിസ ചാര്‍ജ്ജ്. എത്യോപ്യന്‍ കറന്‍സി ബിര്‍ ആണ്. ഒരു ബിര്‍ ലഭിക്കാന്‍ 2.25 ഇന്ത്യന്‍ രൂപ കൊടുക്കണം. താമസത്തിനായി ബുക്ക്‌ചെയ്തിരുന്ന ഫാസില്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ വണ്ടി പാര്‍ക്കിങ്ങ് ഏരിയയില്‍ ഞങ്ങളെക്കാത്ത് കിടക്കുന്നുണ്ടായിരുന്നു. നഗരകേന്ദ്രമായ ബോലെയില്‍ നിന്ന് 10 കിലോമീറ്ററോളം മാറിയാണ് ഹോട്ടല്‍. അവിടെയെത്തി രേഖകള്‍ കൈമാറി മുറിയില്‍ ഭാണ്ഡങ്ങളിറക്കി ഭോജനശാലയിലേക്ക് നടന്നു. പാരമ്പര്യ എത്യോപ്യന്‍ ഭക്ഷണം നിര്‍ദ്ദേശിക്കാന്‍ അവിടത്തെ പരിചാരകയായ പെണ്‍കുട്ടിയോട് തന്നെ പറഞ്ഞു ഞങ്ങള്‍.
കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവില്‍ രുചികരമായ എത്യോപ്യന്‍ ഭക്ഷണമെത്തി. ഇഞ്ചിറയും കാളയിറച്ചിയും കോഴിക്കറിയും ചില പച്ചക്കറികളും പഴച്ചാറും. എത്യോപ്യയിലേക്കുള്ള യാത്രയെപ്പറ്റി പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും പറഞ്ഞത് ഡോ.അജിനെക്കുറിച്ചായിരുന്നു. പെരുമ്പിലാവില്‍ വടക്കന്‍ ഡെന്റല്‍ക്ലിനിക്ക് നടത്തിയിരുന്ന അജിന്‍ 7 വര്‍ഷത്തോളമായി എത്യോപ്യയിലാണ്. വൈദ്യഅദ്ധ്യാപനവും ഒപ്പം നിരവധി കച്ചവട സംരംഭങ്ങളുമായി അജിനവിടെ കഴിയുന്നു. അദ്ദേഹം എത്യോപ്യയിലെത്തിയത് ഞാനറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതാണ് അദ്ദേഹത്തെ. എത്യോപ്യയിലേക്ക് പോകുന്ന വിവരം പറഞ്ഞപ്പോള്‍ അഡ്വ.ഋത്വിക്കാണ് (സി.വി.ശ്രീരാമന്റെ മകന്‍) മജീദിനോട് അജിനെക്കുറിച്ച് ആദ്യം പറയുന്നത്. അജിന്‍ എത്യോപിയിലുണ്ടെന്ന് അറിയിച്ച് യുകെ.യില്‍ നിന്ന് മോട്ടിയേട്ടന്റെ മകള്‍ ലക്ഷ്മിയുടെ മെസേജ് വന്നു. സുഹൃത്തായ രവിയേട്ടന്‍ ഡോക്ടറെ വിളിച്ച് ഞങ്ങളുടെ വരവറിയിച്ചിരുന്നു. ധൈര്യമായി പോരാന്‍ പറഞ്ഞ് യാത്രക്ക് ദിവസങ്ങള്‍ മുന്‍പേ തന്നെ ഡോക്ടറുടെ സന്ദേശമെത്തി. സമൃദ്ധവും രുചികരവുമായ എത്യോപ്യയിലെ ആദ്യ ഭക്ഷണം കഴിഞ്ഞ് തിരികെ മുറിയിലെത്തിയ ഞങ്ങള്‍ എത്തിയ വിവരത്തിന് അജിന് മെസേജിട്ടു. ഹോട്ടലിന്റെ പേര് പറഞ്ഞതോടെ തനിച്ച് പുറത്തിറങ്ങേണ്ട എന്നായി അജിന്‍. സമീപപ്രദേശങ്ങളില്‍ മോഷണവും പിടിച്ചുപറിയുമുണ്ട്. താനുടനെ എത്താം, അവിടെ നിന്നും മാറാം.
താമസിക്കാതെ ഡോ. അജിനും അദ്ദേഹത്തിന്റെ ഡ്രൈവറും സുഹൃത്തും സഹായിയും അംഗരക്ഷകനുമെല്ലാമായ അബ്ദുവും ഹോട്ടലിലെത്തി. ബുക്കിങ്ങ് ഡോട് കോം വഴി രണ്ട് മുറി നാല് ദിവസത്തേക്കായിരുന്നു എടുത്തിരുന്നത്. മുറിയൊഴിയണമെങ്കില്‍ മുഴുവന്‍ പണവും നല്‍കണമെന്നായി ഹോട്ടലുകാര്‍. ഒടുവില്‍ 100 ഡോളറില്‍ രാജിയാക്കി. അങ്ങിനെയാണ് ആ രാത്രി നഗരത്തിലെ സമ്പന്നരായവര്‍ താമസിക്കുന്ന പ്രദേശത്തെ ഡോക്ടറുടെ ത്രീ ബെഡ്‌റും ഫ്‌ളാറ്റിലേക്ക് ഞങ്ങളെത്തുന്നത്. അന്ന് രാത്രി തന്നെ യാത്രിപരിപാടികള്‍ തയ്യാറാക്കി. പിറ്റേന്ന് പുലര്‍ച്ചെ 4 മണിക്ക് മുന്‍പായി അബ്ദുവിനൊപ്പം യാത്ര തുടങ്ങും. എത്യോപ്യയിലെ വിവിധങ്ങളായ കാഴ്ച്ചകളിലൂടെ കടന്നുപോകുന്ന മൂന്നര ദിവസത്തെ ഒരു റോഡ് ട്രിപ്പ്. ഒടുവില്‍ നീണ്ട ആലോചനകള്‍ക്കൊടുവില്‍ ഡോക്ടറും ഞങ്ങള്‍ക്കൊപ്പം വരാമെന്ന് തീരുമാനമായി. അങ്ങിനെ തുടങ്ങിയതാണ് എത്യോപ്യന്‍ മണ്ണിലൂടെയുള്ള ഈ പുലര്‍ക്കാലയാത്ര...
(തുടരും)
C1