Friday, December 22, 2023
മാരാസിംബാ - സഹജീവനത്തിന്റെ കെനിയന്‍ മാതൃകകള്‍
Monday, December 12, 2022
റിഫ്റ്റ് വാലിയുമായി വീണ്ടുമൊരു മുഖാമുഖം
Monday, October 10, 2022
നൈറോബി അഥവാ ശുദ്ധമായ ജലത്തിന്റെ പ്രദേശം.
കെനിയന്‍ കുറിപ്പുകള്‍ - 2
ആവര്‍ത്തിച്ചുള്ള അലാറം കേട്ടാണ് ആഴത്തിലുള്ള ഉറക്കത്തില്‍ നിന്ന് ഉണരുന്നത്. പരിചിതമല്ലാത്ത ചുറ്റുപാടില്‍ മതികെട്ടുറക്കം സാധാരണ ഗതിയില്‍ സാധ്യമാകാറില്ല. ഉയര്‍ന്ന ശയനസുഖം പ്രധാനം ചെയ്യുന്ന അവിടെ നിന്ന് പാതിയായ ഉറക്കം വിട്ടെഴുന്നേല്‍ക്കാന്‍ മടി തോന്നി. ഇബ്രു മുന്‍പേ തന്നെ എഴുന്നേറ്റ് ലാപ്‌ടോപ്പിന് മുന്‍പിലാണ്. ചൂടുവെള്ളത്തില്‍ കുളിച്ച് 7ന് മുന്‍പായി തന്നെ പ്രഭാതഭക്ഷണത്തിനായി താഴത്തെ നിലയിലെ റെസ്റ്റോറന്റിലെത്തി. സമൃദ്ധമായ പ്രാതല്‍ അവിടെ തയ്യാറാണ്. തല്‍ക്ഷണം തയ്യാറാക്കി നല്‍കുന്ന ചില ഭക്ഷ്യവിഭവങ്ങള്‍ക്ക് മുന്‍പില്‍ ചിലര്‍ കാത്തുനില്‍പ്പുണ്ട്. പ്രാതലിനു മുന്‍പേ തന്നെ അവിടത്തെ ചെറിയ ബാര്‍ കൗണ്ടറിനു മുന്‍പിലെ ഉയര്‍ന്ന ഇരിപ്പിടങ്ങളിലിരുന്ന് മദ്യം ആസ്വദിക്കുന്നു ചിലര്‍. ഞങ്ങള്‍ക്കൊപ്പം യാത്രാസംഘത്തിലുള്ള പലരും വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ചില്ലു ഭിത്തിക്കപ്പുറം ഹോട്ടലിന്റെ നനഞ്ഞ മുറ്റം കാണം. ഇരുണ്ട പ്രഭാതമാണ്. റെസ്‌റ്റോറന്റിനുള്ളിലും വലിയ വെളിച്ചമില്ല. മഴമേഘങ്ങള്‍ നൈറോബിക്ക് മുകളില്‍ ഉരുണ്ടു കൂടി കാത്തു നില്‍പ്പുണ്ട്. ഞങ്ങളുടെ സംഘത്തിന് പോകാനുള്ള ലാന്‍ഡ്ക്രൂയിസറുകള്‍ പുറത്ത് തയ്യാറായി കാത്തുകിടക്കുന്നു. ഭക്ഷണശേഷം മുറി ചെക്കൗട്ട് ചെയ്ത് താഴെയെത്തി. ഇബ്രു കാലേകൂട്ടി ഞങ്ങള്‍ക്ക് കയറേണ്ട വണ്ടി തിരഞ്ഞെടുത്തിട്ടുണ്ട്. ഡങ്കന്‍ എന്നാണ് ഡ്രൈവറുടെ പേര്. ഗ്രൂപ്പിലെ മുഴുവന്‍ ഡ്രൈവര്‍മാരേയും നിയന്ത്രിക്കുന്ന സംഘതലവന്‍ കൂടിയാണ് ഡങ്കന്‍.
നല്ല തണുപ്പുള്ള പുലര്‍ക്കാലമാണ്. നൈറോബിയില്‍ ഏറ്റവും കൂടുതല്‍ തണുപ്പുള്ള മാസങ്ങളിലൊന്നാണ് ജൂലായ്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഒരു ആഫ്രിക്കന്‍ നഗരമാണ് നൈറോബി. 'ഇവാസോ നൈബെറി' ['Ewaso Nai´beri'] എന്നാണ് നൈറോബിയുടെ പഴയ പേര്. മസായി ഭാഷയില്‍ തണുത്ത ശുദ്ധമായ ജലത്തിന്റെ പ്രദേശം എന്നാണ് ഇതിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാരാണ് ഉച്ചാരണ സൗകര്യത്തിനായി ഇതിനെ നൈറോബിയാക്കി മാറ്റിയത്. മസായികള്‍ തങ്ങളുടെ കന്നുകാലികള്‍ക്ക് ശുദ്ധജലം കണ്ടെത്തിയിരുന്ന പുരാതനമായ ഒരിടമായിരുന്നേ്രത ഇവിടം. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ റെയില്‍വേ ലൈന്‍ നൈറോബിയിലെത്തിയതോടുകൂടിയാണ് തദ്ദേശീയരല്ലാത്തവര്‍ ഇവിടെ വന്നെത്തുന്നതും നൈറോബി ഒരു നഗരമായി വികസിക്കുന്നതും. മൈല്‍ 327 എന്ന പേരില്‍ റെയില്‍വേ നിര്‍മ്മാണത്തിന്റെ ഒരു ബേസ് ക്യാമ്പായി അവര്‍ ഈ നഗരത്തെ മാറ്റി. പ്രധാന ഡിപ്പോയും ഇവിടെ തന്നെയായിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 1,795 മീറ്റര്‍ ഉയരത്തിലാണ് നൈറോബി നിലകൊള്ളുന്നത്. തണുപ്പുകാലത്ത് ശരാശരി താപനില 9 ഡിഗ്രി സെല്‍ഷ്യസാണ്. നെയ്റോബിയിലെ ഏറ്റവും ചൂടേറിയ മാസങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ്. ഇക്കാലത്ത് ഉയര്‍ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. സുഖകരമായ കാലാവസ്ഥയും ശുദ്ധജലത്തിന്റെ ലഭ്യതയുമാണ് ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി നൈറോബിയെ മാറ്റിയത്. 1899ലാണ് നൈറോബി നഗര പദവി കൈവരിക്കുന്നത്. റെയില്‍വേ പണിക്കാരായി കെനിയയിലെത്തിയ ഇന്ത്യക്കാരും അവരെ പിന്‍തുടര്‍ന്നെത്തിയ നിര്‍മ്മാണ തൊഴിലാളികളുമാണ് ഈ നഗരം പടുത്തുയര്‍ത്തിയത്. അതു കൊണ്ട് തന്നെ പഴയ നൈറോബിക്ക് ഇന്ത്യന്‍ മുഖച്ഛായയാണുള്ളത്. യൂറോപ്യന്‍ ആവാസസ്ഥലങ്ങളിലെത്തുന്നതോടെ ഇത് ഇന്തോ-യൂറോപ്യന്‍ സമ്മിശ്ര ശൈലിക്ക് വഴിമാറും. തലേന്ന് ജിറാഫ് സെന്റര്‍ സന്ദര്‍ശിക്കാനായി ഞങ്ങള്‍ പോയത് കൊളോണിയല്‍ കാലത്തെ ഇത്തരം വാസഗൃഹങ്ങള്ക്കിടയിലൂടെയായിരു
1905ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയുടെ തലസ്ഥാനം മെബാസയില്‍ നിന്ന് നൈറോബിയിലേക്ക് മാറ്റിയതോടെതാണ് ഈ നഗരത്തിന്റെ സുവര്‍ണ്ണകാലം തുടങ്ങുന്നത്. കെനിയയിലെ ഏറ്റവും വലിയ നഗരവും ആഫ്രിക്കയിലെ നാലാമത്തെ വലിയ നഗരവുമാണ് ഇന്ന് നൈറോബി. സ്വാതന്ത്രത്തിന് ശേഷം 1963ല്‍ നൈറോബി റിപ്പബ്ലിക്ക് ഓഫ് കെനിയയുടെ തലസ്ഥാനമായി. ഇന്ന് 4 ദശലക്ഷത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. കിഴക്കനാഫ്രിക്കയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് ഈ നഗരം. ജനസംഖ്യയിലെ വലിയൊരു ശതമാനത്തെ ഉള്‍ക്കൊള്ളുന്നത് കിബേര, മത്താരെ എന്നീ പേരുകളിലറിയപ്പെടുന്ന ചേരികളാണ്. സിറ്റി കൗണ്‍സിലിനാണ് നൈറോബി മുനിസിപ്പാലിറ്റിയുടെ ഭരണചുമതല. രാജ്യത്തെ ജി.ഡി.പി യുടെ 62% കെനിയയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഈ നഗരത്തിന്റെ സംഭാവനയാണ്.
ലോകത്തിലെ ഏക വന്യജീവി തലസ്ഥാനം എന്ന വിശേഷണം കൂടിയുണ്ട് നൈറോബിക്ക്. നഗര പരിധിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'നൈറോബി വന്യജീവി സങ്കേതമാണ് (118.സ്‌ക്വ. കിമി.) ഈ വിശേഷണം നഗരത്തിന് നേടി കൊടുത്തത്. വംശനാശഭീഷണി നേരിടുന്ന കറുത്ത കണ്ടാമൃഗങ്ങള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, ചീറ്റകള്‍, ഹൈനകള്‍, കാട്ടുപോത്തുകള്‍, ജിറാഫുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന 520-ലധികം ഇനം പക്ഷിമൃഗാദികള്‍ ഈ ദേശീയോദ്യാനത്തില്‍ ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മസായിമാര നാഷണല്‍ പാര്‍ക്കില്‍ ഉള്ളതിനേക്കാള്‍ (10 താഴെ) കൂടുതല്‍ കണ്ടാമൃഗങ്ങള്‍ ഇവിടെ ഉണ്ട്. 1946ലാണ് ഈ വന്യജീവിസങ്കേതം സ്ഥാപിക്കപ്പെടുന്നത്. നഗരഹൃദയത്തില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനത്തിന്റെ 3 വശവും വൈദ്യുത വേലികെട്ടി സംരക്ഷിച്ച് ജനവാസകേന്ദ്രങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചിരിക്കുകയാണ്. തുറന്നുകിടക്കുന്ന തെക്കന്‍ അതിരിലൂടെ വന്യമൃഗങ്ങള്‍ക്ക് കിറ്റംഗേല സമതലങ്ങള്‍ വരെ ദേശാന്തരഗമനം നടത്താം.
ക്രിസ്തുവിന് 2000 വര്‍ഷം മുന്‍പ് തന്നെ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇന്നത്തെ കെനിയ ഉള്‍പ്പെടുന്ന പ്രദേശത്തെത്തിയിരുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ അറബി വ്യാപാരികള്‍ ഈ തീരത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ക്രമേണ അവരിവിടെ അറേബ്യന്‍-പേര്‍ഷ്യന്‍ കോളനികള്‍ സ്ഥാപിച്ചു. അറേബ്യന്‍ ഉപദ്വീപിനോട് ചേര്‍ന്നുള്ള കെനിയയുടെ സ്ഥാനം അവരുടെ വ്യാപനത്തിന് കാരണമായി. നൈല്‍ തടങ്ങളില്‍ നിന്നുളള നിലോട്ടിക് വംശജരും മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ബാന്തു വംശജരും എ.ഡി.ഒന്നും സഹസ്രാബ്ദത്തില്‍ ഇവിടെ എത്തിചേര്‍ന്നു. അറബി-ബാന്തു സങ്കലനത്തില്‍ നിന്നാണ് സ്വാഹിലി ഭാഷ രൂപം കൊള്ളുന്നത്. ഈ സാംസ്‌ക്കാരിക പരിസരത്തിലേക്കാണ് 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വന്നെത്തുന്നത്. ക്രമേണ അറബ് സ്വാധീനത്തിന് മങ്ങലേറ്റു. വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമായി അവര്‍ ഒതുങ്ങി. പിന്നീട് ഒമാന്‍ സുല്‍ത്താന്‍മാരുടെ കാലത്താണ് പറങ്കികളെ പിന്തള്ളി അറബ് സ്വാധീനം ഈ മേഖലയില്‍ ശക്തമാകുന്നുത്. അത് ബ്രിട്ടീഷുകാരുടെ കടന്നുവരവ് വരെ തുടര്‍ന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് ആഫ്രിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കമാകുന്നത്. 1880 മുതല്‍ 1900 വരെയുള്ള കാലത്തിനിടക്ക് ഈജിപ്ത്, സുഡാന്‍, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ഗാംബിയ, സിയറ ലിയോണ്‍, വടക്കുപടിഞ്ഞാറന്‍ സൊമാലിയ, സിംബാബ്വെ, സാംബിയ, ബോട്സ്വാന, നൈജീരിയ, ഘാന, മലാവി എന്നിങ്ങനെ ഇന്നറിയപ്പെടുന്ന രാജ്യങ്ങളൊക്കെ നേരിട്ടോ അല്ലാതെയോ ബ്രിട്ടീഷ് നിയന്ത്രണത്തിന്‍ കീഴിലായി. ഇതില്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്നത് കെനിയ, ഉഗാണ്ട, സാന്‍സിബാര്‍, ടാന്‍സാനിയ (ടാന്‍ഗനിക്ക) എന്നീ രാജ്യങ്ങളായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കന്‍ കമ്പനിയായിരുന്നു ഈ പ്രദേശത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. 1895 ഈസ്റ്റ് ആഫ്രിക്കയുടെ ഭരണം കമ്പനിയില്‍ നിന്ന് നേരിട്ട് ബ്രിട്ടന്‍ ഏറ്റെടുത്തു. 1920ല്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും വേര്‍പ്പെടുത്തി ബ്രിട്ടനുകീഴിലുള്ള ഒരു കോളനിയായി കെനിയയെ മാറ്റി. കെനിയക്ക് മാത്രമായി ഒരു ഭരണകൂടം നിലവില്‍ വന്നു.
ബ്രിട്ടീഷുകാര്‍ എത്തുന്ന കാലത്ത് മസായികളുടെ വലിയൊരു കേന്ദ്രമായിരുന്നു നൈറോബി. മസായികളും അവരുടെ കന്നുകാലികളും വന്യമൃഗങ്ങളും ഇവിടെ ഇടകലര്‍ന്ന് ജീവിച്ചുപോന്നു. കികിയു ഗോത്രവര്‍ഗ്ഗക്കാര്‍ നൈറോബിക്കു മുകളിലായുള്ള വനപ്രദേശങ്ങളില്‍ കൃഷിചെയ്തു ഉപജീവനം നടത്തി. നഗരം വളര്‍ന്നു വന്നതോടെ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ത്തിന് തുടക്കമായി. കെനിയന്‍ ഉഗാണ്ടന്‍ റെയില്‍വേ നിര്‍മ്മാണത്തിനിടെ പ്രതികൂലകാലാവസ്ഥയും അപകടങ്ങളും മൂലം മരണപ്പെടുന്ന കൂലിത്തൊഴിലാളികളുടെ മൃതശരീരങ്ങള്‍ വേണ്ടും വിധം സംസ്‌ക്കരിക്കാതെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു പതിവ്. ആ ശരീരങ്ങള്‍ രുചിച്ചുനോക്കിയാണത്രെ കുപ്രസിദ്ധമായ നരഭോജി സിംഹങ്ങള്‍ കെനിയയില്‍ ഉദയം കൊള്ളുന്നത്. അവരുടെ ആക്രമണങ്ങള്‍ രാത്രികാലങ്ങളില്‍ നൈറോബി നഗരാതിര്‍ത്തിക്കുള്ളിലും അക്കാലത്ത് പതിവായിരുന്നു. അവയെ നേരിടാന്‍ യൂറോപ്യന്‍മാര്‍ തോക്കുകളുമായി ഇറങ്ങിയതോടെ ഏറെ പ്രസിദ്ധമായ കെനിയന്‍ വേട്ടകഥകള്‍ക്ക് തുടക്കമായി.
റെയില്‍വേ പണിക്കാരായി ആഫ്രിക്കയിലെത്തിയ ഇന്ത്യക്കാരെ പിന്‍തുടര്‍ന്ന് കെട്ടിടനിര്‍മ്മാണ തൊഴിലാളികളായും പലിശക്ക് പണം കടംകൊടുക്കുന്നവരായും കച്ചവടക്കാരായും കൈവേലക്കാരായും ഗുമസ്തന്‍മാരായും ഇന്ത്യക്കാര്‍ ഈ പ്രദേശങ്ങളിലേക്ക് വലിയതോതില്‍ കുടിയേറാന്‍ തുടങ്ങി. വന്‍കിട തോട്ടമുടമകളും കര്‍ഷകരുമായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍. ഇന്ത്യയും ബ്രിട്ടന്റെ ഒരു കോളനി ആയിരുന്നതിനാലും ബ്രിട്ടീഷുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യക്കാരെ ആവശ്യമുണ്ടായിരുന്നതിനാലും ഈ കുടിയേറ്റം താരതമ്യേനെ എളുപ്പമായിരുന്നു. എന്നിരുന്നാലും വംശീയമായ വിവേചനങ്ങള്‍ക്ക് ഇരകളായിരുന്നു ഇന്ത്യന്‍ കുടിയേറ്റക്കാര്‍. 1920ന്റെ തുടക്കമായപ്പോഴേക്കും കെനിയയിലെ ആകെ ബ്രിട്ടീഷുകാരുടെ ഇരട്ടിയായി അവിടത്തെ ഇന്ത്യന്‍ ജനസംഖ്യ. ഗവര്‍മെന്റ് കൃഷിക്കും തോട്ടങ്ങള്‍ക്കും വേണ്ടി ബ്രിട്ടനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വ്യാപകമായി ഭൂമി അനുവദിച്ച് നല്‍കാന്‍ തുടങ്ങി. ഇത് മസായികളുടെ മേച്ചില്‍ സ്ഥലങ്ങള്‍ ചുരുങ്ങുന്നതിനും അവരും ബ്രിട്ടീഷുകാരും തമ്മില്‍ രൂക്ഷമായ ചില സംഘര്‍ഷങ്ങള്‍ നടക്കുന്നതിനും കാരണമായി. ഇതോടെ ഭൂമി അളവില്ലാതെ അനുവദിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ ഗവര്‍മെന്റ് നിര്‍ബന്ധിതമായി.
--------------------------
ഡ്രൈവറടക്കം ഏഴുപേരുമായി ഞങ്ങളുടെ വാഹനം മസായിമാര ലക്ഷ്യമായി അതിവേഗത്തില്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു പാക്കേജ് ടൂര്‍ സംഘത്തിനൊപ്പമുള്ള സഞ്ചാരം എത്രമേല്‍ വിരസവും മടുപ്പിക്കുന്നതുമാണെന്ന് ആദ്യദിനം തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. സംഘത്തില്‍ ഒട്ടും സമയക്രമം പാലിക്കാത്ത ചില കുടുംബങ്ങളുമുണ്ടായിരുന്നു. 8 ന് 15 മിനിറ്റ് മുന്‍പേയെത്തിയ ഞങ്ങള്‍ക്ക് ഒന്നര മണിക്കൂറോളമാണ് യാത്രക്ക് മുന്‍പായി അവിടെ കാത്തുനില്‍ക്കേണ്ടി വന്നത്. ടൂര്‍ കമ്പനി അവരുടെ ബാനറിന് പുറകില്‍ ഞങ്ങളെ അണി നിരത്തി ഗ്രൂപ്പ ഫോട്ടോ എടുത്തു. പൊതുവായ നിര്‍ദ്ദേശങ്ങള്‍ തന്നു. പിന്നെ പതുക്കെ ഓരോ വാഹനങ്ങളായി ഹോട്ടല്‍ സമുച്ചയത്തില്‍ നിന്ന് പുറത്തു കടന്നു. മഴമേഘങ്ങളെ വകഞ്ഞുമാറ്റി് അപ്പോഴേക്കും സുഖകരമായ ഒരിളം വെയില്‍ പരന്നുതുടങ്ങിയിരുന്നു. വഴിയരികിലെ വെള്ളക്കെട്ടുകള്‍ക്ക് മുകളിലൂടെ ചാടി കടന്ന് പോകുന്ന കാല്‍നട യാത്രീകര്‍ കേരളത്തിന്റെ മഴക്കാലത്തെ ഓര്‍മ്മിപ്പിച്ചു. പൊതു നിരത്തിലെ വാഹനങ്ങളുടെ അച്ചടക്കരാഹിത്യം ഇന്ത്യക്കാരില്‍ നിന്നാണ് ആഫ്രിക്കന്‍ നഗരങ്ങളിലേക്ക് പടര്‍ന്നതെന്ന സക്കറിയുടെ വരികളെ ഓര്‍മ്മിപ്പിച്ചു ഗതാഗത സ്തംഭനത്തിന്റെ ചില കെനിയന്‍ നഗര ദൃശ്യങ്ങള്‍. നഗര പരിധിക്കുള്ളില്‍ തന്നെ പലയിടത്തും എക്‌സ്പ്രസ്സ് വേകളുണ്ട്. തിരക്കും സൗകര്യങ്ങളും ഉള്ളവര്‍ അത് തിരഞ്ഞെടുക്കുന്നു.
ഞങ്ങളുടെ സാരഥി ഡങ്കന്‍ രസികനാണ്. ടീം ക്യാപ്റ്റനായ അദ്ദേഹം നിരന്തരം വന്നുകൊണ്ടിരിക്കുന്ന വയര്‍ലെസ് സന്ദേശങ്ങളോട് പ്രതികരിച്ചും സംഘത്തിലെ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഏതിരെയും മറികടന്നും പോയിക്കൊണ്ടിരുന്ന മറ്റു സഫാരി വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് കൈവീശിക്കാണിച്ചും തിരക്കുകളിലാണ്. അതിനിടയില്‍ തന്നെ നഗരത്തെകുറിച്ച് വിവരിച്ച് തരുന്നുമുണ്ട്. ഓരോ സഫാരി വാഹനങ്ങളിലും കുറഞ്ഞതും കൂടിയതുമായ തരംഗദൈര്‍ഘ്യത്തോട് കൂടിയ കൂടിയ ശക്തമായ വയര്‍ലസ്സുകളുണ്ട്. ഇൗ പ്രവര്‍ത്തികള്‍ക്കിടയില്‍ തന്നെ മറ്റുവാഹനങ്ങളെ സമര്‍ത്ഥമായി മറികടക്കുന്നുമുണ്ട് ഡങ്കന്‍. വഴിയുടെ ഇടതുവശത്ത് ഒരു വൈദ്യുതവേലിക്കപ്പുറം നൈറോബി നാഷണല്‍ പാര്‍ക്ക് കണ്ടു തുടങ്ങി. നരച്ച പുല്‍മേടുകളില്‍ ഏതൊക്കയോ മൃഗങ്ങളെ ഒരു പൊട്ടുപോലെ കാണം. മാനുകളും, സീബ്രകളും, വില്‍ഡെബീസ്റ്റുകളുമാകണം. അധികം ഉയരമില്ലാത്ത ഒറ്റമരങ്ങള്‍ക്ക് കൂട്ടായി നില കൊള്ളുന്ന ജിറാഫുകളെ മാത്രമാണ് സ്പഷ്ടമായി കാണുന്നത്. നൈറോബി നഗരത്തിലെ ബഹുനിലമന്ദിരങ്ങളുടെ വിദൂരപശ്ചാത്തലത്തില്‍ വന്യമൃഗങ്ങള്‍ മേയുന്ന ഫോട്ടോകള്‍ ലഭ്യമാകുമെന്നത് ഈ അഭയാരണ്യത്തെ വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നുണ്ടത്രെ.
മുന്‍സീറ്റില്‍ ഇബ്രു ഗോപ്രോയിലും ക്യാമറയിലുമായി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലാണ്. പുറകിലെ സീറ്റില്‍ രണ്ട് ജോഡി ദമ്പതികളാണ്. നാലു പേരും മുംബൈയില്‍ നിന്നെത്തി ദുബായില്‍ ജോലി ചെയ്യുന്നവര്‍. അതില്‍ വിവേക് പൊതുവാള്‍. എന്ന ചെറുപ്പക്കാരന് മലയാളി വേരുകളുണ്ട്. തൃശ്ശൂര്‍ കൊടകരക്കടുത്ത് കോടാലിയിലാണ് വിവേകിന്റെ മുംബൈ മലയാളിയായ അച്ഛന്റെ തറവാട്. വിവേക് ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അവിടെ നിന്നു തന്നെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. രണ്ടു പേരും ഇപ്പോള്‍ യു.എ.ഇ യില്‍ ജോലി ചെയ്യുന്നു.
വഴിയിലൊരിടത്ത് ചെറിയൊരു എയര്‍ സ്ട്രിപ്പ് കണ്ടു. ഇവിടെ നിന്ന് കെനിയയിലെ പലയിടത്തേക്കും പോകാനായി എയര്‍ ടാക്‌സികള്‍ ലഭിക്കും. ഒരുപാടു വിനോദസഞ്ചാരികള്‍ മസായിമാരയിലേക്ക് ഇവിടെ നിന്ന് അത്തരം ചെറുവിമാനങ്ങളിലാണ് പോയി വരാറുള്ളത് ഡങ്കന്‍ പറഞ്ഞു. വീണ്ടും നൈറോബി വന്യജീവി സങ്കേതത്തിന്റെ വിശാലത. ഉറക്കം കണ്‍പോളകളെ ആക്രമിച്ചു തുടങ്ങി. നൈറോബിയിലെ രാത്രി ജീവിതം കണ്ടുകൊണ്ട് അലഞ്ഞ ഒരു നീണ്ട രാത്രിയുടെ കനം കണ്ണുകള്‍ക്കും തലക്കുമുണ്ട്. ഓരോ വരിയിലും ഈരണ്ടു സീറ്റുകളുണ്ട്. ഓരോ സീറ്റും ജാലകങ്ങളോട് ചേര്‍ന്ന്. അങ്ങിനെ 6 സീറ്റുകള്‍. മുന്‍പില്‍ ഡൈവര്‍ക്കൊപ്പം ഒരാള്‍ക്കൊപ്പം ഇരിക്കാം. എന്റെ വരിയിലുള്ള മറ്റേ സീറ്റില്‍ ആരുമില്ല. പുറകിലെ ദമ്പതിമാര്‍ മുന്‍പേ പരസ്പരം അറിയുന്നവരാണ് അവര്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തി തുടര്‍ച്ചയായി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. വഴിയോരക്കാഴ്ച്ചകള്‍ നോക്കിയിരിക്കുന്നതിനിടയില്‍ എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കാഴ്ന്നു.
(തുടരും)
Wednesday, August 24, 2022
കെനിയന്‍ കുറിപ്പുകള്‍ - 1
കെനിയന്‍ കുറിപ്പുകള്‍ - 1
---------------------
ചുടും തണുപ്പും ഇടകലര്‍ന്ന ഒരു രാവ്
പാതിരാവ് പിന്നിട്ടിരിക്കണം. ചില നൈറ്റ് ക്ലബുകളും പബ്ബുകളും ഷോപ്പിങ്ങ് മാളുകളും കയറിയിറങ്ങിയാണ് വില്ലേജ് മാര്‍ക്കറ്റ് മാള്‍ എന്ന നഗര ഹൃദയത്തിലെ പേരുമായി ഒരു ബന്ധവുമില്ലാത്ത ആ കൂറ്റന്‍ മാളിലെ അപ്പോഴും തുറന്നിരിക്കുന്ന ഒരു കോഫിഷോപ്പില്‍ ഞങ്ങളെത്തിയത്. നെയ്‌റോബിയിലെ ഇറ്റാലിയന്‍ സുഹൃത്തായ ക്രിസ്സിനൊപ്പം ഇറ്റാലിയിന്‍ കോഫി കുടിച്ച് നെയ്‌റോബി വിശേഷങ്ങളും ബിസിനസ്സ് കയറ്റിറക്കളും സംസാരിച്ച് കുറച്ചുനേരംകൂടി അവിടെ തുടരാം എന്നാണ് ആലോചന. പക്ഷെ ഈ രാവ് മുഴുവന്‍ നൈറോബിയിലെ രാത്രി ജീവിതം അറിയാനായി ചിലവിടാം എന്നാണ് ക്രിസ് പറയുന്നത്. പക്ഷെ ഇബ്രാഹിമിനും എനിക്കും ആ ക്ഷണം സ്വീകരിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. രാവിലെ നേരത്തെ തന്നെ ഞങ്ങളുടെ കെനിയന്‍ യാത്ര ഏര്‍പ്പാട് ചെയ്ത ടൂര്‍ കമ്പനിയുടെ സംഘത്തിനൊപ്പം ഞങ്ങള്‍ക്ക് മസായി മാരയിലേക്ക് പുറപ്പെടേണ്ടതുണ്ട്. അതിന് മുന്‍പായി കുറച്ച് നേരമെങ്കിലും ഉറങ്ങണം.നൈറോബി രാത്രിജീവിതത്തില്‍ സജീവമായി പങ്കുകൊണ്ടിരുന്ന ഒരാളാണ് ക്രിസ് എന്ന് മനസ്സിലായി. ചെല്ലുന്നിടത്തെല്ലാം അയാള്‍ക്ക് സുഹൃത്തുക്കളുണ്ട്. അവരെല്ലാം അദ്ദേഹത്തെ അഭിവാദം ചെയ്യുകയും കുശലാന്വോഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ക്രിസ് ജനിച്ചുവളര്‍ന്നത് നെയ്‌റോബിയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ലിയോ ഒരു യാത്രികനായി കെനിയയിലെത്തുകയും പിന്നീട് ഒരു ബിസിനസ്സുകാരനായി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ഒരാളാണ്. ഏക സന്താനമായതുകൊണ്ടു തന്നെ സ്വഭാവികമായും അച്ഛന്റെ ബിസിനിസ്സില്‍ സജീവമായിരിക്കുന്നു ഇപ്പോള്‍ ക്രിസ്. തന്റെ കെനിയന്‍ ഗേള്‍ഫ്രണ്ടിനൊപ്പം മാതാപിതാക്കള്‍ക്കൊപ്പം തന്നെയാണ് ക്രിസ്സിന്റെ താമസം. ഞാനും ഇബ്രാഹിമും ജോലി ചെയ്യുന്ന Epta International എന്ന Commercial refrigarion കമ്പനിയുടെ കെനിയയിലെ വിതരണക്കാരിലൊന്നാണ് ക്രിസിന്റെ ലിയോ കൊമേഴ്‌സല്‍ റഫ്രിജറേഷന്‍ എന്ന കമ്പനി. ഞങ്ങളുടെ കെനിയന്‍ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആഫ്രിക്കന്‍ റീജിയണിന്റെ സെയില്‍സ് ചുമതലകള്‍ വഹിക്കുന്ന ഉക്രൈന്‍കാരനായ പൗലോ എന്ന എന്ന സെയില്‍സ് മാനേജരാണ് ക്രിസ്സിന്റെ നമ്പര്‍ തരുന്നതും. അദ്ദേഹത്തെ ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിയിക്കുന്നതും.
നൈറോബി അപകരമായ ഒരു നഗരമാണോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ലോകത്തെ മറേറതൊരു നഗരത്തേയും പോലെ മാത്രം എന്നാണ് കിസ്സ് മറുപടി പറഞ്ഞത്. കെനിയയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്സിന് തന്റെ ഇക്കഴിഞ്ഞകാല ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും അക്രമത്തിനോ പിടിച്ചു പറിക്കോ ഇരയാകേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു മോഷണത്തിന് ഇരയാകേണ്ടി വന്നത് ബിസിനനസ്സ് സ്‌ക്കൂള്‍ പഠനകാലത്ത് ലണ്ടന്‍ നഗരത്തില്‍ വെച്ചാണ്. സക്കറിയയുടെ ആഫ്രിക്കന്‍ യാത്രയിലൂടെയും നാട്ടുകാരനും മുന്‍പ് കെനിയയില്‍ പ്രാവാസിയുമായിരുന്നു കൊട്ടാരപ്പാട്ട് വിഷ്ണു അടക്കം പലരുടെയും അനുഭവകഥകളിലൂടെയും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരത്തിലൂടെയും നൈറോബിയെക്കുറിച്ചും കെനിയയെക്കുറിച്ചും ഒരു മുന്‍ചിത്രം മനസ്സില്‍ വരച്ചിട്ട എനിക്ക് ക്രിസ്സിന്റെ ആ വാദം ഒട്ടും സ്വീകാര്യമായി തോന്നിയില്ല. തൊട്ട് മുന്‍പ് ഞങ്ങള്‍ സന്ദര്‍ശിച്ച ചില നൈറ്റ് ക്ലബുകളുടെ മുന്‍പിലൊരിക്കിയ വലിയ സുരക്ഷയും ഷോപ്പിങ്ങ് മാളുകളിലെ ആയൂധധാരികളായ കാവല്‍ക്കാരുടെ സാന്നിധ്യവുമൊന്നും ക്രിസ്സിന്റെ ആ വാദം സാധൂകരിക്കുന്നതുമായിരുന്നില്ല.
ഒരു പക്ഷെ വെളുത്ത തൊലിയുള്ളവര്‍ അവിടെ കൂടുതല്‍ സുരക്ഷിതരായിരിക്കാം. അക്രമത്തിന്റെയും നിയമരാഹിത്യത്തിന്റെയും ഇടയില്‍ ജനിച്ചുവളര്‍ന്ന ക്രിസ്സിന് ഒരു പക്ഷെ അത് വലിയൊരു വിഷയമായി തോന്നാത്തതായിരിക്കാം. അല്ലെങ്കില്‍ തന്റെ നഗരത്തെപറ്റി, രാജ്യത്തെപറ്റി അങ്ങിനെയൊരു ചിത്രം സന്ദര്‍ശകരുടെ മനസ്സില്‍ വരച്ചിടാനോ അവരെ പരിഭ്രാന്തരാക്കാനോ അദ്ദേഹം താല്‍പര്യപ്പെടുന്നുണ്ടാകില്ല. ആ രാത്രി ഞങ്ങള്‍ കടന്നുപോന്ന മറ്റിടങ്ങളില്‍ നിന്നുമൊക്കെ ഏറെ വ്യത്യസ്തമായ ഒരിടമായിരുന്നു ആ കോഫിഷോപ്പ്. കാതടിപ്പിക്കുന്ന സംഗീതവും ദ്രൂതഗതിയിലുള്ള ഉടലാട്ടങ്ങളും അപരിചതവും വിചിത്രവുമായ ധൂമഗന്ധങ്ങളും ഇരുണ്ട പല നിറത്തിലുള്ള വെളിച്ചങ്ങളും നിറഞ്ഞ ഭ്രമാത്മക ലോകത്തില്‍ ഏറെ അകലെയായിരുന്നു ശാന്തമായ ആ സ്ഥലം. ഏറെക്കുറെ വിജന്നമായ ആ കോഫി ഷോപ്പില്‍ നിന്നും തട്ടുതട്ടായി നീണ്ടു പരന്നു കിടക്കുന്ന മാളിന്റെ ചില പുറത്തളകാഴ്ച്ചകള്‍ ദൃശ്യമായിരുന്നു. തണുപ്പ് അരിച്ചു കയറുന്നുണ്ട്.
മോച്ച എന്ന ഇറ്റാലിയന്‍ കോഫി ആസ്വദിച്ച് കുടിക്കുകയാണ് ഇബ്രാഹിം. ഞാനും ലിയോയും തിരഞ്ഞെടുത്തത് എക്‌സ്പ്രസ്സോയാണ്. ഒരു ദശകത്തിലധികമായി ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ ഇറ്റാലിയന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്തു വരുന്ന ഞങ്ങള്‍ ഇബ്രു എന്നു വിളിക്കുന്ന ഇബ്രാഹിം ഇക്കഴിഞ്ഞ കാലം കൊണ്ട് പല ഇറ്റാലിയന്‍ ശീലങ്ങളും ഉപചാരവാക്കുകളും സ്വായത്തമാക്കുകയും സ്വാംശീകരിക്കുകയും ചെയ്തിരുന്നു. കെനിയന്‍ രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യജീവിത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ക്രിസ്സില്‍ നിന്ന് കാര്യമായ മറുപടികളുണ്ടായില്ല. ഒരു പക്ഷെ അതിലയാള്‍ അജ്ഞനോ അതിലേറെ വിമുഖനോ ആയിരുന്നു. ഞങ്ങള്‍ റഫിജറേഷന്‍ ബിസിനസ്സിനെക്കുറിച്ചും കെനിയന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും കെനിയന്‍ വന്യജീവി സമ്പത്തിനെക്കുറിച്ചും രാത്രി ജീവിതത്തെക്കുറിച്ചും ഇറ്റാലിയന്‍ ഭക്ഷണ ശീലത്തെക്കുറിച്ചും സംസാരിച്ചു.
വില്ലേജ് മാളിന്റെ അകത്തളത്തിലെ ഏതോ ഇടനാഴിയില്‍ വെച്ച് ക്രിസ്സിന്റെ പഴയ ഗേള്‍ഫ്രണ്ടായ മാര്‍ത്തയെ ഞങ്ങള്‍ കണ്ടിരുന്നു. പ്രസന്നവദനയും കുലീനയുമായ മെലിഞ്ഞ ഒരു കെനിയന്‍ പെണ്‍കുട്ടി. മറ്റൊരു ഇറ്റാലിയന്‍ യുവാവിനൊപ്പം നടന്നു വരികയായിരുന്നു അവള്‍. ലൂയിയിക്ക് വിദൂരമായ ഒരു പരിചയമുണ്ടായിരുന്നു ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഇടക്കൊക്കെ കെനിയയിലെത്തുന്ന അയാളെ. അവര്‍ സംസാരിച്ചു നില്‍ക്കുന്നതിനിടക്ക് മാര്‍ത്ത ഞങ്ങളുമായി സംസാരിച്ചു. നെയ്‌റോബിയില്‍ ഒരാഴ്ച്ചയെങ്കിലും തങ്ങണമെന്നാണ് മാര്‍ത്തയുടെ പക്ഷം. ഇറ്റാലിയന്‍ സുഹൃത്ത് നാളെ മടങ്ങും പിന്നെ കെനിയയുടെ കാഴ്ച്ചകളിലേക്ക് അവര്‍ ഞങ്ങള്‍ക്കൊപ്പം വരാം. ഒരു ടൂര്‍ കമ്പനിയുടെ പൂര്‍വ്വനിശ്ചിതമായ വഴികളിലൂടെയും കാഴ്ച്ചകളിലൂടെയുമുള്ള ഒരു യാത്രയാണിതെന്നും പിറ്റേന്ന് രാവിലെ തന്നെ ഈ നഗരം വിടുമെന്നും ഞങ്ങള്‍ അവരെ അറിയിച്ചു. യാത്ര പറയുമ്പോഴും നൈറോബിയില്‍ കൂടുതല്‍ ദിവസം തങ്ങാന്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അവരിപ്പോള്‍ പലരുടെയും ഒരു താല്‍ക്കാലിക ഗേള്‍ഫ്രണ്ടാണ് മാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിസ്സ് പറഞ്ഞു.
സഞജയ് ഷാ എന്ന ഒരു ഇന്ത്യന്‍ വംശജന്റേതാണ് വില്ലേജ് മാള്‍ എന്ന ആ അതി ഗംഭീരനിര്‍മ്മിതിയെന്ന് ക്രിസ്സ് ഞങ്ങളോട് പറഞ്ഞു. കെനിയന്‍ സാമ്പത്തികരംഗം കയ്യടക്കി വെച്ചിരിക്കുന്നത് ഇന്ത്യന്‍ വംശജരാണ്. 1896ല്‍ മൊമ്പാസ തുറമുഖം തൊട്ട് ഉഗാണ്ടയിലെ വിക്ടോറിയ തടാകം വരെ നിര്‍മ്മിക്കാന്ന റെയില്‍വേപാളത്തിന്റെ പണിക്കായാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യക്കാരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെത്തിക്കുന്നത്. അവരുടെ പിന്‍മുറക്കാര്‍ ഇന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും വലിയ സാമ്പത്തിക ശേഷിയും സ്വാധീനശേഷിയുമുള്ള ആഭിജാത വര്‍ഗ്ഗമായി വളര്‍ന്നിരിക്കുന്നു. ബില്ലും ടിപ്പും നല്‍കി ഞങ്ങള്‍ മടങ്ങി. പൈസ കൈയ്യില്‍ കൊണ്ടു നടക്കുന്ന ഒരാളല്ല ക്രിസ്സ്. എം പൈസോ എന്ന ഒരു ആപ്പാണ് സാമ്പത്തിക വിനിമയങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിക്കിക്കുന്നത്. നഗരത്തില്‍ ഓരോയിടത്തും കാര്‍ പാര്‍ക്കുചെയ്യുമ്പോള്‍ സമീപത്തുള്ള കടകളുടെ സെക്യൂരിറ്റി ജീവനക്കാരെ അയാള്‍ തന്റെ വാഹനത്തിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിക്കുന്നതും തിരിച്ചെടുക്കാനായി എത്തുമ്പോള്‍ അവര്‍ക്കെല്ലാം പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുന്നതും കണ്ടു. മടങ്ങുമ്പോള്‍ വഴി തെറ്റി മാളിന്റെ വിജന്നമായ ചില ഔട്ട്‌ഡോര്‍ പ്രദേശങ്ങളിലേക്ക് ഞങ്ങളെത്തി. പരിസരം മറന്ന് പരസ്പരം അറിഞ്ഞുകൊണ്ടിരുന്ന ഒരു ആഫ്രിക്കന്‍ പ്രണയജോഡിയോട് ക്ഷമചോദിച്ചുകൊണ്ട് പാര്‍ക്കിങ്ങ് പ്രദേശത്തേക്ക് ഞങ്ങള്‍ നടന്നു.
പാതകളെല്ലാം തികച്ചും വിജന്നമായിരുന്നു. നൈറോബിയില്‍ തന്നെ വനസമാനമായ ചില മേഖലകളുണ്ട്. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ശീതികരണ സൂക്ഷിപ്പ് സംവിധാനങ്ങള്‍ തകരാറിലാകുമ്പോള്‍ ചിലപ്പോഴൊക്കെ ടെക്‌നീഷ്യന്‍മാരെ അവിടെ കൊണ്ടെത്തിച്ച് അസമയത്ത് നഗരപ്രാന്തത്തിലെ വിജന്നവും അപകടകരവുമായ വഴികളിലൂടെ തനിച്ച് സഞ്ചരിക്കേണ്ടി വരാറുള്ളതിനെക്കുറിച്ച് ക്രിസ്സ് പറഞ്ഞു. അസ്വാഭാവികമായി ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ ഇടിച്ചുതെറിപ്പിച്ച് പോയിക്കൊള്ളാനാണ് നെയ്‌റോബി പോലിസിന്റെ നിര്‍ദ്ദേശമത്രേ. പതുക്കെ നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് വെളിപ്പെടുത്താന്‍ തുടങ്ങി ക്രിസ്സ്. നഗരത്തിലെ പ്രധാനവീഥി കടന്നുപോകുന്നത് കിബേര (kibera) എന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശത്തിന് മുകളിലൂടെയാണ്. പ്രഥാന വീഥിയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത തരത്തില്‍ ഇരുവശങ്ങളിലും ഉയര്‍ത്തി നിര്‍മ്മിച്ച കനത്ത കോണ്‍ക്രീറ്റ് ഭിത്തികളുള്ളതുകൊണ്ടു തന്നെ അവിടേക്കുള്ള കാഴ്ച്ച അസാധ്യമായിരുന്നു.
ഒടുവില്‍ ഞങ്ങള്‍ നൈറോബിയില്‍ തങ്ങുന്ന കോണ്‍കോഡ് ഹോട്ടലിന്റെ (The Concord Hotel & Suites) അടഞ്ഞ ഗെയ്റ്റിന് മുമ്പില്‍ കാറെത്തി. സെക്യൂരിറ്റിക്കാര്‍ ഗെയിറ്റ് തുറന്നു. ഇറ്റാലിയന്‍ ഉപചാരവാക്കുകള്‍ പറഞ്ഞ് ആശംസകള്‍ നേര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു. നഗരഹൃദയത്തില്‍ തന്നെയുള്ള 4.5 സ്റ്റാര്‍ റേറ്റിങ്ങുള്ള ഒരു ആഡംബര ഹോട്ടലാണത്. ഉയര്‍ന്ന അഭിരുചിയോടും കലാപരതയോടും എല്ലാവിധ അനുബന്ധസൗകര്യങ്ങളോടും കൂടി ഒരുക്കപ്പെട്ടിട്ടുള്ള ഒരു വിശ്രമഗേഹം. സുഭിക്ഷമായ ഒരു അത്താഴം കഴിഞ്ഞാണ് ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്.
ഉച്ചഭക്ഷണം സബ്‌വേയില്‍ നിന്നായിരുന്നു. നെയ്‌റോബിയിലെ ജോമോകെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ മനംമടുപ്പിക്കുന്ന എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കുമുന്നിലെ നീണ്ട വരിക്കും വിമാനത്താവളത്തിനു പുറത്ത് ടൂര്‍ കമ്പനി പ്രതിനിധികളോടൊത്ത് സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള മുഷിഞ്ഞ കാത്തുനില്‍പ്പിനും ശേഷം ഞങ്ങളെ ഗലേറിയ മാള്‍ എന്ന നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളില്‍ കൊണ്ടിറക്കുകയായിരുന്നു. ആദ്യ ദിനത്തിലെ ഉച്ചഭക്ഷണം ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നതല്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആവശ്യസാധനങ്ങള്‍ വാങ്ങി. ഒരു മണിക്കുറിനുള്ളില്‍ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് എത്തണമെന്നും പറഞ്ഞാണ് ടൂര്‍ ഗൈഡ് ട്രീസ ഞങ്ങളെ അവിടെ ഇറക്കിയത്. സാന്‍ഡ്‌വിച്ചും സലാഡും കോഫിയും പെട്ടെന്ന് കഴിച്ച് മാളിലെ carrefour market ല്‍ നിന്നും കുറച്ച് ബിസ്‌ക്കറ്റുകളും ബ്രഡും നട്‌സുമൊക്കെ വാങ്ങി മാള്‍ പെട്ടെന്നൊന്ന് ചുറ്റി നടന്ന് കണ്ട് ഞങ്ങള്‍ മടങ്ങി. തുടര്‍ന്ന് നഗരത്തില്‍ തന്നെയുള്ള ജിറാഫ് സെന്ററും സന്ദര്‍ശിച്ചാണ് വൈകീട്ട് 6 മണിയോടെ ഞങ്ങളീ ഹോട്ടലിലെത്തുന്നതും അത്താഴം കഴിഞ്ഞ് യാത്രാസംഘത്തിലെ മറ്റുള്ളവരുമായി പിരിഞ്ഞ് ക്രിസ്സിനൊപ്പം നൈറോബിയിലെ രാത്രി പര്യവേക്ഷണത്തിനിറങ്ങുന്നതും.
ഹോട്ടല്‍ ലോബിയുടെ വലതുവശത്തായുള്ള റെസ്‌റ്റോറന്റിന്റെ ഒരു വശത്ത് തന്നെയാണ് ബാര്‍. അവിടെ നിന്ന് മലയാളത്തിലുള്ള സംസാരം കേള്‍ക്കുന്നുണ്ട്. ദൂബായില്‍ നിന്നുള്ള ആ ടൂര്‍ സംഘത്തില്‍ പകുതിയോടടുത്ത് മലയാളി കുടുംബങ്ങള്‍ തന്നെയാണെന്ന് ടൂര്‍ ഓപ്പറേറ്ററുടെ പ്രതിനിധി ഇബ്രുവിനോട് പറഞ്ഞിരുന്നു. പെരുന്നാള്‍ അവധിക്കാലം കെനിയയില്‍ ചിലവഴിക്കാനായി കുടുംബവുമായി എത്തിയവര്‍. ലിഫ്റ്റില്‍ കയറി. രണ്ടാം നിലയിലാണ് മുറി. മനോഹരമായി സജ്ജീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും അവിടെ നിന്നും പുറത്തേക്കുള്ള കാഴ്ച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ തടയപ്പെട്ടിരുന്നു. നല്ല തണുപ്പുണ്ട്. നഗരത്തിലെ ഒരു നൈറ്റ് ക്ലബില്‍ നിന്നും പ്രവേശനസമയത്ത് കൈത്തണ്ടയില്‍ ബന്ധിച്ചിരുന്ന വളയം അപ്പോഴും ഞങ്ങളുടെ കൈകളിലുണ്ടായിരുന്നു. അത് പറിച്ചുമാറ്റേണ്ടെന്നും പിറ്റേന്ന് പുലര്‍ച്ച നാലുവരെ എപ്പോഴും വീണ്ടും അവിടേക്ക് കയറിവരാം എന്നും അവിടെ നിന്നിറങ്ങുമ്പോള്‍. പ്രവേശനകവാടത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ക്യാമറ ബാറ്ററികളും ഫോണുകളും ചാര്‍ജ്ജിങ്ങില്‍ വെച്ച് ചൂടുവെള്ളത്തില്‍ മേല്‍കഴുകി കിടക്കയിലേക്ക് ചായ്ഞ്ഞു. നാളത്തെ രാത്രി മസായിമാര നാഷണല്‍ പാര്‍ക്കിനകത്താണ്.
(തുടരും)
Saturday, June 20, 2020
മുള്ളുകമ്പികളില്‍ കുരുങ്ങിപ്പോയ സംഗീതവും സ്വാതന്ത്ര്യസ്വപ്നങ്ങളും ....
-------------------------------------------------
ഓഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിതമായതിന്റെ 80-ാം വര്‍ഷമാണ് കടന്നുപോയത്. 1940 ജൂണ്‍ പതിനാലിനായിരുന്നു അവിടേക്കുള്ള തടവുകാരേയും കൊണ്ട് ആദ്യ തീവണ്ടിയെത്തുന്നത്. ജൂതന്‍മാര്‍, കമ്മ്യൂണിസ്റ്റുകള്‍, റഷ്യന്‍ യുദ്ധത്തടവുകാര്‍, ജിപ്‌സികള്‍, യഹോവ സാക്ഷികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ലാവുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഹിറ്റ്‌ലറുടെ വംശശുദ്ധിക്കാലത്ത് യൂറോപ്പില്‍ പലയിടത്തായുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടവര്‍ 11 ദശലക്ഷമാണ്. ഇതില്‍ രണ്ടരലക്ഷത്തോളം (അനൗദ്യോഗിക കണക്കുകള്‍ 5 ലക്ഷം വരെ) പേര്‍ റൊമാനികളെന്നറിയപ്പെടുന്ന ജിപ്‌സികളായിരുന്നു. യുദ്ധാരംഭത്തില്‍ യൂറോപ്പിലെ ജിപ്‌സികളുടെ ജനസംഖ്യ ഇരുപത് ലക്ഷമായിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊത്തം റൊമാനി ജനസംഖ്യയുടെ നാലിലൊന്നോളം പേര്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ഒരു യുദ്ധത്തിലും അവകാശതര്‍ക്കങ്ങളിലും ഭാഗഭാക്കായിരുന്നില്ല അവര്‍. ഒരധികാര വടംവലികളിലും അവരിടപെട്ടിരുന്നില്ല. എന്നിട്ടും. വംശീയതയും യുദ്ധവും എന്നും എപ്പോഴും അങ്ങിനെ തന്നെയായിരുന്നു. ഹോളോകോസ്റ്റ് ചരിത്രത്തില്‍ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയ ജിപ്‌സി വംശഹത്യയെ ഓര്‍മ്മിപ്പിക്കുകയാണ് ടോണിഗാറ്റ്‌ലിഫിന്റെ കൊര്‍കൊറോ എന്ന ഫ്രഞ്ച് സിനിമ. സ്വാതന്ത്രം എന്നാണ് റൊമാനി (ജിപ്‌സി) ഭാഷയില്‍ കൊര്‍കൊറോ എന്ന പദത്തിനര്‍ത്ഥം. വീടകങ്ങളോ അതിര്‍ത്തിരേഖകളോ നല്‍കുന്ന സുരക്ഷിതത്വമല്ല നീണ്ടു കിടക്കുന്ന വഴികളും അവിരാമമായ യാത്രകളും വിശാലമായ തുറസ്സിടങ്ങളുമാണ് അവര്‍ക്ക് സ്വാതന്ത്രം.
ഇളകുന്ന മുള്ളുകമ്പികള്‍ നിന്ന് ഗിറ്റാറില്‍ നിന്നെന്ന പോലെ സംഗീതം പൊഴിയുന്ന ദൃശ്യത്തോടെയാണ് സിനിമ തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയോട് അടിയറവ് പറഞ്ഞ ഫ്രാന്‍സില്‍ സ്ഥാപിതമായ ഒരു നാസി തടങ്കല്‍പാളയമാണ് ആ കനത്ത വേലിക്കപ്പുറം. അവിടെയാണ് ഫ്രാന്‍സില്‍ പലയിടത്തുനിന്നുമായി പിടികൂടിയ ജിപ്‌സികളുള്ളത്. പിന്നീട് മറ്റൊരു ദൃശ്യത്തിലേക്ക് ക്യാമറ വഴി മാറുന്നു. കാലം 1943, ജര്‍മ്മന്‍ അധിനിവേശ ഫ്രാന്‍സിലെ ഒരു ചെറു പ്രവിശ്യയിലേക്ക് മൂന്ന് കാരവാനുകളിലായി റെയില്‍വേ തുരങ്കം കടന്നുവരുന്ന 15 അംഗ ജിപ്‌സി കുടുംബം. ജര്‍മ്മന്‍ ഭടന്‍മാരെ ഭയന്ന് കാട്ടുപാതകളിലൂടെയാണ് ഇത്തവണത്തെ അവരുടെ യാത്ര. യുദ്ധം അനാഥനാക്കിയ ഷെലോ ക്ലോഡ് എന്ന ഒരു കുട്ടി അവരെ പിന്‍തുടരുന്നുണ്ട്. അവരവനെ ആട്ടി അകറ്റുന്നുണ്ടെങ്കിലും താലോഷ് എന്ന മതിഭ്രമമുള്ള ജിപ്‌സി അവനെ കൂടെക്കൂട്ടുന്നു. ചെറോറോ (ഭിക്ഷക്കാരന്‍) എന്നാണ് അവരവനെ വിളിക്കുന്നത്. എല്ലാവര്‍ഷവും മുന്തിരി വിളവെടുപ്പ് കാലത്ത് ബര്‍ഗുണ്ടി എന്ന ആ ചെറുപട്ടണത്തില്‍ വിളവെടുപ്പ് ജോലിക്കായി അവരെത്തും. നഗരത്തിന്റെ മേയര്‍ ഒരു മൃഗഡോക്ടര്‍ കൂടിയായ റോസിയര്‍ തിയോഡോറാണ്. സെക്രട്ടറി സ്‌ക്കൂള്‍ ടീച്ചര്‍ കൂടിയായ മിസ് ലുണ്ടി. ഇരുവരും ജിപ്‌സികളോട് അനുഭാവമുള്ളവരാണ്. കാര്യങ്ങള്‍ പഴയതുപോലെ അല്ല. ജിപ്‌സികളുടെ യാത്ര അധികാരികള്‍ വിലക്കിയിരിക്കുകയാണെന്നും ഇവിടെ തന്നെ തുടരണമെന്നും മേയര്‍ ജിപ്‌സികളെ അറിയിക്കുന്നു. അനാഥബാലനായ ക്ലോഡിന്റെ സംരക്ഷണവും തിയഡോര്‍ ഏറ്റെടുക്കുന്നു. യുദ്ധം നിങ്ങളുടേതല്ലേ, ജിപ്‌സികള്‍ ഒരു യുദ്ധത്തിനും പോയിട്ടില്ലല്ലോ എന്ന് അവര്‍ മേയറോട് ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം നിസ്സഹായനാണ്. വിസക്കൊപ്പം അവര്‍ക്ക് റേഷന്‍ കാര്‍ഡും നല്‍കുന്നു മേയര്‍.
തുറസ്സില്‍ കൂടാരമൊരുക്കുന്ന അവര്‍ കാലികമായ കാര്‍ഷിക ജോലിക്കൊപ്പം ചെറിയ കച്ചവടങ്ങള്‍ ചെയ്തും വിശേഷവേളകളിലും ചില ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായും സംഗീതഉപകരണങ്ങള്‍ മീട്ടിയും പാട്ടും നൃത്തവുമവതരിപ്പിച്ചും പാത്രങ്ങള്‍ ഓട്ടയടച്ചുകൊടുത്തും ഉലകളില്‍ ഇരുമ്പുപകരണങ്ങള്‍ നിര്‍മ്മിച്ചുമൊക്കെ ജീവിക്കുന്നു. ജിപ്‌സികളെ തേടിയെത്തിയ പട്ടാളക്കാര്‍ ആദ്യം അവരുടെ കുതിരകളെ ബലമായി പിടിച്ചു കൊണ്ടുപോകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 50 മൈല്‍ അകലെയുള്ള നാസി തടങ്കല്‍പാളയത്തിലേക്ക് അവരെയും അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. എന്തിനാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് ഫ്രാന്‍സില്‍ നിന്നും വിഷം ഒഴിവാക്കാനാണെന്നാണ് നാസി അനുകൂല ഫ്രഞ്ച് ഉദ്യോഗസ്ഥനായ പിയര്‍ പെന്റ്‌കോട്ട് പറയുന്നത്. ഫ്രാന്‍സില്‍ സ്വന്തമായി വീടുള്ള ജിപ്‌സികളെ തല്‍ക്കാലം നടപടികളില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. തിയോഡോര്‍ ഒഴിഞ്ഞുകിടക്കുന്ന തന്റെ കുടുംബവീടും സ്ഥലവും വെറും പത്ത് ഫ്രാങ്കിന് ജിപ്‌സികളാവശ്യപ്പെടാതെ തന്നെ കൈമാറി അവരെ തടവറയില്‍ നിന്ന് മോചിപ്പിക്കുന്നു. എന്നാല്‍ അത്തരമൊരു ജീവിതം ഒട്ടും ഇഷ്‌പ്പെടുന്നവരായിരുന്നില്ല ജിപ്‌സികള്‍.
മിസ് ലുണ്ടി രഹസ്യമായി നാസികള്‍ക്കെതിരെ പടപൊരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ്. അവരുടെ രണ്ട് സഹോദരങ്ങളും ജയിലിലാണ്. ഒളിവിലുള്ള പ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും അവരാണ്. സഹപ്രവര്‍ത്തക എന്നതില്‍ നിന്ന് പ്രണയത്തോളം ബന്ധം വളര്‍ന്നിട്ടും തിയോഡോര്‍ ഇത് മനസ്സിലാക്കിയിട്ടില്ല. പെന്റ്‌കോട്ട് ജര്‍മ്മന്‍ പട്ടാളക്കാരുമായെത്തി വീട് റെയ്ഡ് ചെയ്ത് ലുണ്ടിയെ അറസ്റ്റുചെയ്യുന്നു. തടയാനെത്തിയ തിയഡോറിനെയും അവര്‍ കസ്റ്റഡിയിലെടുക്കുന്നു. ഇതോടെ ജിപ്‌സികള്‍ നാടു വിടുകയാണ്. ജിപ്‌സികളറിയാതെ താലോഷിന്റെ സഹായത്തോടെ കാരവാനുകളിലൊന്നിന്റെ അടിയില്‍ ഒളിച്ചിരുന്ന് ക്ലോഡും അവര്‍ക്കൊപ്പം യാത്രയിലുണ്ട്. അവനെ കണ്ടു പിടിക്കുന്ന മറ്റുള്ളവരോട് ക്ലോഡിന് ഒരു ജിപ്‌സി ആകാനാണാഗ്രഹമെന്ന് താലോഷ് പറയുന്നു. ജിപ്‌സി എന്നത് ഒരു തൊഴിലോ മറ്റോ ആണോ ആയിതീരാനെന്ന് മറ്റ് ജിപ്‌സികള്‍ ചോദിക്കുന്നുണ്ട്. വഴിയിലൊരിടത്ത് വെച്ച് നാസികളവരെ വളയുന്നു. എല്ലാവരെയും അറസ്റ്റുചെയ്ത് തടങ്കല്‍ പാളയത്തിലേക്ക് കൊണ്ടുപോകുന്നു. മനോവിഭ്രാന്തികളുള്ള താലോഷ് ഓടുന്നതിനിടെ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു.
ജിപ്‌സിവേരുകളുള്ള അള്‍ജീരിയന്‍ വംശജനാണ് ഫ്രഞ്ച് സംവിധായകനായ ടോണിഗാറ്റ്‌ലിഫ്. ജിപ്‌സി ജീവിതങ്ങളും സ്വാതന്ത്രവും സംഗീതവും യാത്രയും പ്രണയവുമൊക്കെയാണ് ഗാറ്റ്‌ലിഫ് സിനിമകളുടെ മുഖമുദ്ര. ഒപ്പം അതിനടിലിയൂടെ അന്തര്‍ലീനമായി ഒഴുകുന്ന രാഷ്ട്രീയവും. സിനിമകളിലെ സ്ഥിരം വാര്‍പ്പ് മാതൃകകളില്‍ നിന്ന് ജിപ്‌സികളെ മോചിപ്പിക്കുന്നതും അവരുടെ യഥാര്‍ത്ഥജീവിതം സിനിമയിലേക്ക് കൊണ്ടു വന്നതും ഗാറ്റ്‌ലിഫിന്റെ സിനിമകളാണ്. ലാച്ചോ ഡ്രോം എന്ന ജിപസി സംഗീതത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി/സിനിമ അതിമനോഹരമായ ഒരു കലാസൃഷ്ടിയാണ്. ഹോളോകോസ്റ്റിന്റെ ഭീകരതകളിലേക്ക് കടക്കാതെ തന്നെ അതിന്റെ ഒരിരകള്‍കൂടി നിശബ്ദമായി ഇവിടെ ജീവിക്കുന്നുണ്ടെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു ഗാറ്റ്‌ലിഫ്. ജിപ്‌സികളുടെ ജീവിതവും അവരുടെ നിസ്സഹായാവസ്ഥയും കൈയ്യടക്കത്തോടെ വരച്ചു കാട്ടുന്നുണ്ട് അദ്ദേഹം.
ജിപ്‌സി വംശഹത്യ വേണ്ടും വിധം രേഖപ്പെടുത്തപ്പെടാതെ പോയത് ജിപ്‌സിയായ ഒരു എഴുത്തുകാരനോ, ചരിത്രകാരനോ ഇല്ലാത്തതുകൊണ്ട് കൂടിയാണിത്. ടോണി ഗാറ്റ്‌ലിഫ് എന്ന ജിപ്‌സി വേരുകളുള്ള ഒരു സംവിധായകനുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ആ കാലം ചലചിത്രരംഗത്തും അടയാളപ്പെടുത്തുമായിരുന്നില്ല. രേഖപ്പെടുത്തപ്പെട്ടത് മാത്രം ചരിത്രമാകുമ്പോള്‍ അതിനപ്പുറമുള്ള ദേശവും കാലവും ഓര്‍മ്മയും അനുഭവങ്ങളുമൊക്കെ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടും. യുദ്ധാനന്തരം സഖ്യകക്ഷികള്‍ ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ വിചാരണക്കോടതി സ്ഥാപിച്ച് നാസിയുദ്ധക്കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കുകയുണ്ടായി. അതിഭീകരമായ വംശഹത്യക്കും ക്രൂരതകള്‍ക്കും ഇരയായിട്ടും ഒരൊറ്റ ജിപ്‌സിയും അവിടേക്ക് വിളിക്കപ്പെട്ടില്ല. ഒരൊറ്റ ജിപ്‌സിപോലും സ്വമേധയാ സാക്ഷിപറയാനും കേസില്‍ പങ്കുചേരാനുമായി അവിടെ എത്തിചേര്‍ന്നതുമില്ല. ദുഃഖവും രോഷവും കടിച്ചമര്‍ത്തി അവരവരുടെ നിരന്തരമായ യാത്രകളിലേക്കും സംഗീതത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുപോയി. മടങ്ങിപോകാനായി ഒരു വാഗ്ദത്ത ഭൂമിയോ പടുത്തുയര്‍ത്താന്‍ ഒരു രാജ്യമോ ഇല്ലാത്തവരായിരുന്നു അവര്‍.
അതിമനോഹരമായ ചില ദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട് അതിലൊന്നാണ് തടവില്‍ നിന്ന് മോചിതരായ ജിപ്‌സികളുടെ തിയോഡോറിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്ര. തിയോഡോറും താലോഷും മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ വേലിക്കപ്പുറത്ത് കൂടി സമാന്തരമായി കുതിരയെ ഓട്ടിയാണ് ജിപ്‌സികുടുംബത്തിലെ വിധവയായ പെണ്‍കുട്ടിയുടെ യാത്ര. മറ്റു ജിപസികള്‍ അഹ്‌ളാദാരവങ്ങളോടെ തിയഡോറിന്റെ ബൈക്കിന് പുറകിലായി ഓടി വരുന്നുണ്ട്. ജിപ്‌സി കുട്ടികള്‍ക്കൊപ്പം ലുണ്ടിയുടെ ക്ലാസിലേക്ക് പഠിക്കാനെത്തുന്ന താലോഷ് സംഗീതവും തമാശകളും കൊണ്ട് അവിടത്തെ അന്തരീക്ഷം തന്നെ മാറ്റിമറിക്കുന്നുണ്ട്. ക്ലോഡിനൊപ്പം തിയഡോറിന്റെ വീട്ടിലെത്തുന്ന താലോഷ് അവിടത്തെ കുളിമുറിയിലെ പൈപ്പ് തുറക്കുമ്പോള്‍ പുറത്തുവരുന്ന വെള്ളം കണ്ട് അതിനെ സ്വതന്ത്രമാക്കാന്‍ തീരുമാനിക്കുന്നു. വെള്ളത്തിന്റെ ധര്‍മ്മം ഒഴുകുക എന്നതാണെന്നും അതിന് വിരുദ്ധമായി തടഞ്ഞുവെക്കപ്പെടുന്നതോടെ അതിന്റെ സ്വാതന്ത്രം നഷ്ടമാകുകയാണ്. വെള്ളം സിങ്ക് നിറഞ്ഞ് ബാത്ത് റൂമിലേക്കും അവിടെ നിന്ന് മുറിയിലേക്കും കോണിപടവുകളിലൂടെ താഴത്തെ നിലയിലേക്കും ഒഴുകിപരന്ന് സ്വതന്ത്രമാകുമ്പോള്‍ സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നുണ്ട് താലോഷ്.
സ്വാതന്ത്രത്തിന്റെ വിളനിലമായിരുന്ന ഫ്രാന്‍സ് നാസി അധീനതയില്‍ എങ്ങിനെയാണ് മാറുന്നതെന്ന് പല രംഗങ്ങളിലൂടെ വെളിവാകുന്നുണ്ട് ചിത്രത്തില്‍. ഭൂമി കൈമാറാനായി രേഖപ്പെടുത്തേണ്ട വിവരങ്ങളിലൊന്ന് ജൂതനാണോ അല്ലയോ എന്നതാണ്. മുന്‍ വരവുകളില്‍ ജിപ്‌സികളോട് സൗഹൃദത്തിലായിരുന്ന പിയര്‍ പെന്റ്‌കോട്ടാണ് ഇത്തവണ അവരെ ദ്രോഹിക്കുന്നതും ഫ്രാന്‍സിന്റെ വിഷമാണവരെന്ന് പറയുന്നതും. ജിപ്‌സികളോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന ഗ്രാമീണരും പുതിയ സാഹചര്യത്തില്‍ അവരോട് അകലം പാലിക്കുന്നുണ്ട്.
യെവെറ്റ് ലുണ്ടി (Yvette Lundy) എന്ന നാസി വിരുദ്ധ ഇടതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ പ്രവര്‍ത്തകയാണ് മിസ് ലുണ്ടിയുടെ കഥാപാത്രത്തിന് പ്രചോദനമായത്. വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കി ജൂതന്‍മാരെയും നാസികളുടെ രാഷ്ടീയ എതിരാളികളെയും രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തി 24-ാം വയസ്സില്‍ ലുണ്ടി തടവിലടക്കപ്പെട്ടു. നാസിതടങ്കല്‍ പാളയങ്ങളെ ലുണ്ടി അതിജീവിച്ചെങ്കിലുംഒരു സഹോദരന്‍ ഓഷ് വിറ്റ്‌സില്‍ വെച്ച് കൊല്ലപ്പെട്ടു. ഫാസിസത്തിനും യുദ്ധത്തിനുമെതിരായി കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ തന്റെ ശിഷ്ടജീവിതം നീക്കിവെച്ച ലുണ്ടി 2019 നവംബറില്‍ തന്റെ 103-ാം വയസ്സിലാണ് മരിക്കുന്നത്. നാസിസത്തോട് സന്ധിചെയ്യാതെ ചെറുത്തുനിന്ന ഒരു തലമുറയുടെ പ്രതിനിധിയായി യെവെറ്റ് ലുണ്ടി ഫ്രാന്‍സില്‍ ഓര്‍മ്മിക്കപ്പെടുന്നു.
ടോണിയുടെ മറ്റു സിനിമകളെപോലെ ജിപ്‌സി സംഗീതമാണ് ഈ ചിത്രത്തിന്റെയും ജീവന്‍. വയലിനും ഗിറ്റാറുമുപയോഗിച്ചുള്ള റൊമാനി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ടോണി ഗാറ്റ്‌ലിഫും ഡെല്‍ഫിന്‍ മാന്റൗലറ്റും ചേര്‍ന്നാണ്. ചാര്‍ലി ചാപ്ലിന്റെ ചെറുമകനായ ജെയിംസ് തിയറിയാണ് (James Thiérrée) താലോഷ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നത്. സിനിമയില്‍ ജിപ്‌സി കുടുംബാംഗങ്ങളായി അഭിനിയിക്കുന്നവരില്‍ പലരും യഥാര്‍ത്ഥ ജിപ്‌സികളാണ്. ഫ്രഞ്ച് റൊമാനി ഭാഷകളിലായുള്ള ഈ ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ടോണി ഗാറ്റ്‌ലിഫ് തന്നെയാണ്. ജൂലിയന്‍ ഹിര്‍ഷിന്റെതാണ് ക്യാമറ. മാര്‍ക്ക് ലാവോയിന്‍ (Marc Lavoine) തിയാഡോറിന്റെ വേഷം അനശ്വരയാക്കിയപ്പോള്‍ മാരിജോസി ക്രോസ് മിസ് ലുണ്ടിയെ ഭംഗിയായി അവതരിപ്പിച്ചു.
ജലത്തെ ഒഴുകാന്‍ വിടുന്നത് പോലെ സംഗീതം ചുറ്റും പരക്കുന്നതുപോലെ ഭൂമിയില്‍ പാറി നടക്കാന്‍ കഴിയുക എന്ന റൊമാനി സ്വപ്നം ഇപ്പോഴും അകലെയാണ്. അതിര്‍ത്തികള്‍ കൂറേകൂടി കൊട്ടിയടക്കപ്പെടുകയും ലോകത്താകമാനമുള്ള വലതുപക്ഷം കൂടുതല്‍ ശക്തമാകുകയും നവനാസി പ്രസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലം അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നുമില്ല. ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, ഉക്രെയിന്‍, ഇറ്റലി, യു.എസ്.എ എന്നിവിടങ്ങളിലെല്ലാം ജിപ്‌സികള്‍ക്കെതിരായ നവനാസി-മുഖംമൂടി സംഘങ്ങളുടെ ആക്രമണങ്ങള്‍ സമീപകാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണഭീഷണികളും പുറത്താക്കല്‍ ശ്രമങ്ങളുമൊക്കെ സമീപകാല യാഥാര്‍ത്ഥ്യങ്ങളായി അവര്‍ക്ക് മുന്നിലുള്ളപ്പോള്‍ ഹോളോകോസ്‌റ്റെന്നത് മുമ്പെങ്ങോ കണ്ട ഒരു ദു:സ്വപ്നം മാത്രമായി മറക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല...
ആരാണ് ജിമ്മി ലീ ജാക്‌സനെ കൊലപ്പെടുത്തിയത്
[128min | Director: Ava DuVernay | Biography, Drama, History | 2015 | USA]
-------------------------------------------------
1963 ഓഗസ്റ്റ് 28ന് വാഷിങ്ങ്ടണ്‍ ഡി.സി.യിലെ ലിങ്കണ്‍മെമ്മോറിയല്‍ പടവുകളില്‍ നിന്ന് രണ്ടരലക്ഷത്തിലധികം പേരെ സാക്ഷിയാക്കി നടത്തിയ 'എനിക്കൊരുസ്വപനമുണ്ട്' എന്ന പ്രസംഗത്തില്‍ 100 വര്‍ഷം പഴക്കമുള്ള ഒരു ചെക്ക് മാറ്റികിട്ടുന്നതിനായാണ് തങ്ങളിന്നുമിങ്ങനെ കാത്തുകെട്ടി നില്‍ക്കുന്നതെന്ന് ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ പറയുന്നുണ്ട്. എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ച് 100 വര്‍ഷം പിന്നിടുന്ന ആ വേളയില്‍ ലിങ്കന്റെ ഓര്‍മ്മകളുറങ്ങുന്നിടത്തുവെച്ച് പഴയ വാഗ്ദാനങ്ങളെക്കുറിച്ച് അമേരിക്കയെ ഓര്‍മ്മിപ്പിക്കുകയാണ് മാര്‍ട്ടിന്‍. തുടര്‍ന്ന് 1964ല്‍ സിവില്‍ റൈറ്റ്‌സ് ആക്ടില്‍ അമേരിക്കയുടെ 36-ാം പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സന്‍ ഒപ്പുവെച്ചു. പിന്നെയും ചര്‍ച്ചകളും റാലികളും പ്രക്ഷോഭങ്ങളും നിവേദനങ്ങളും നിയമങ്ങളും ഉണ്ടായി. തെരുവുകളില്‍ ഏറെ ചോര ഒഴുകി. പക്ഷെ ഇന്നും ആഫ്രോ-അമേരിക്കന്‍സിന് ആ ചെക്ക് പൂര്‍ണ്ണമായി മാറ്റികിട്ടിയിട്ടുണ്ടോ ?. ഇല്ലെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്ക വീണ്ടും പുകയുകയാണ്. ഇന്നും തുടരുന്ന വംശീയ പീഡനങ്ങള്‍ ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ അനാവൃതമാകുകയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ, എന്നാല്‍ അവസാനത്തേതല്ലാത്ത സംഭവമായി വെള്ളക്കാരനായ ഡെറിക് ഷോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ജീവന്‍നഷ്ടപ്പെട്ട ജോര്‍ജ് ഫളോയിഡിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറയുമ്പോള്‍, കറുത്തവര്‍ഗ്ഗക്കാര്‍ ഒരിക്കല്‍ കൂടി നീതിക്കായി തെരുവിലിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ അതിന് പിന്‍തുണയുമായി രംഗത്ത് വരുമ്പോള്‍ അറുപതുകളിലെ ആഫ്രോ-അമേരിക്കന്‍ രാഷ്ട്രീയത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു അത്. മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂതര്‍കിങ്ങും കൊല്ലപ്പെട്ടത് 1960കളുടെ രണ്ടാം പകുതിയിലാണ്. ഹിപ്പികളും സമാധാനപ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികളും വംശീയതക്കും വിയറ്റ്‌നാമിലെ അമേരിക്കന്‍ ക്രൂരതകള്‍ക്കെതിരെ ചിക്കാഗോയിലെ തെരുവുകള്‍ കീഴടക്കിയതും അതേ കാലത്തു തന്നെ. ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പതിനായിരങ്ങള്‍ തെരുവില്‍ ചോരകൊടുത്ത ആ കാലം ഇന്നും അവസാനിക്കാതെ തുടരുന്നു.
ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' സംവിധാനം ചെയ്ത സെല്‍മ എന്ന ചലചിത്രം കറുത്തവരുടെ അവകാശപ്പോരാട്ടങ്ങളുടെ സുപ്രധാനമായ ഒരു കാലഘട്ടത്തെയും മാര്‍ട്ടിന്‍ലൂതര്‍ കിങ്ങിന്റെ ജീവിതത്തെയും കുറിച്ചുള്ളതാണ്. ഒരു ജീവചരിത്രസിനിമ(Biopic)യെന്നതിലുപരി അമേരിക്കന്‍ വംശവെറിയെയും കറുപ്പിന്റെ രാഷ്ട്രീയത്തെയും വരച്ചുകാട്ടുന്ന ചിത്രമാണിത്. 1964ല്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് സമാധാനത്തിനുള്ള നോബല്‍സമ്മാനം ഏറ്റുവാങ്ങി നടത്തുന്ന പ്രഭാഷണത്തോടുകൂടിയാണ് സിനിമ തുടങ്ങുന്നത്. പ്രഭാഷണം തുടരുമ്പോള്‍ തന്നെ അമേരിക്കയില്‍ വംശീയവാദികളായ വെള്ളക്കാരുടെ തീവ്രവാദിസംഘടനയായ കു ക്ലക്‌സ് ക്ലാന്റെ പ്രവര്‍ത്തകര്‍ നടത്തിയ ഒരു ബോബാംക്രമണത്തില്‍ 4 പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യത്തിലേക്ക് ക്യാമറ വഴിമാറുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ മാര്‍ട്ടിന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സനെ കാണാനെത്തുന്നു. അലബാമ ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതും അവരെ അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതും ഇനിയും അംഗീകരിക്കാനാകില്ലെന്നും ഉടനടി വേണ്ടത് ചെയ്യണമെന്നുമാണ് മാര്‍ട്ടിന്റെ ആവശ്യം. എന്നാല്‍ ലിങ്കണ്‍ ചെയ്തതുപോലെ തെക്കന്‍സംസ്ഥാനങ്ങളുമായി ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിക്കാനോ തിരക്കുപിടിച്ചൊരു നിയമം കൊണ്ടുവരാനോ തനിക്ക് കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് മാര്‍ട്ടിനോട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഗാന്ധിയന്‍ സമരമെന്ന തന്റേതായ വഴി തേടുകയാണ് മാര്‍ട്ടിന്‍.
വംശീയഭ്രാന്തിന് കുപ്രസിദ്ധമായിരുന്ന അലബാമയിലെ സെല്‍മയിലെത്തിച്ചേര്‍ന്ന മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് അവിടെ വെച്ച് വര്‍ണ്ണവെറിയന്‍മാരുടെ പരസ്യമായ ആക്രമണത്തിനിരയാകുന്നുണ്ട്. സെല്‍മയില്‍ നിന്ന് മോണ്ട്‌ഗോമറിയിലേക്ക് മാര്‍ട്ടിന്‍ ഒരു മാര്‍ച്ച് പ്രഖ്യാപിക്കുന്നു. 1955 ല്‍ മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്റെ തന്നെ നേതൃത്വത്തില്‍ 385 ദിവസം നീണ്ടു നിന്ന ബസ് ബഹിഷ്‌കരണസമരത്തെ തുടര്‍ന്നായിരുന്നു ബസ്സുകളില്‍ വെള്ളക്കാര്‍ക്കുണ്ടായിരുന്ന പ്രത്യേക സീറ്റുകള്‍ നിര്‍ത്തലാക്കിയത്. 1965 മാര്‍ച്ച് 7ന് നടന്ന ആദ്യ മാര്‍ച്ചിനെ അല്‍ബാമ ഭരണകൂടം അതിക്രൂരമായി നേരിടുന്നു. വര്‍ണ്ണവിവേചനത്തിനെതിരായി നടന്ന സമരങ്ങളുടെ ചരിത്രത്തിലെ 'ബ്ലഡി സന്‍ഡേ' എന്നറിയപ്പെടുന്നത് ഈ ദിനമാണ്. തുടര്‍ന്നുള്ള ഒരു രാത്രിയില്‍ പ്രക്ഷോഭത്തിനായി എത്തിച്ചേര്‍ന്ന ജിമ്മി ലീ ജാക്‌സണ്‍ എന്ന യുവാവിനെ പോലീസുകാര്‍ ഒരു റെസ്‌റ്റോറന്റിലിട്ട് മാതാപിതാക്കളുടെ മുന്നില്‍വെച്ച് വെടിവെച്ച് കൊല്ലുന്നു. സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പലവിധ സമ്മര്‍ദ്ദങ്ങളും മാര്‍ട്ടിന് നേരിടേണ്ടി വരുന്നുണ്ട്. പിന്‍മാറാന്‍ തയ്യാറല്ലാതിരുന്ന മാര്‍ട്ടിന്‍ തുടര്‍ന്നുള്ള മാര്‍ച്ചിന് ജനാധിപത്യവിശാസികളുടെ പിന്തുണ തേടുന്നു. തുടര്‍ന്ന് അതില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന വെളുത്തവര്‍ഗ്ഗക്കാരനായ ജെയിംസ് റീബ് എന്ന പുരോഹിതനെ ഇരുട്ടിന്റെ മറവില്‍ വര്‍ണ്ണവെറിയന്‍മാര്‍ വെളുത്ത നീഗ്രോ എന്നാക്ഷേപിച്ച് അടിച്ചുകൊല്ലുന്നു. അഹിംസാത്മകമായ സമരത്തെക്കുറിച്ച് അനുയായികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കാത്തിരിക്കാനുള്ള മാര്‍ട്ടിന്റെ തീരുമാനത്തിനെതിരെയും ഏതിര്‍ ശബ്ദങ്ങളുയരുന്നുണ്ട്. തുടര്‍ന്ന് മാര്‍ച്ചിന് കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാകാതെ അമേരിക്കന്‍ പ്രസിഡന്റ് എല്ലാ സംസ്ഥാനങ്ങളിലും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്ലിന് രൂപം നല്‍കുന്നു. ഒടുവില്‍ മാര്‍ട്ടിനും അനുയായികളും സെല്‍മയില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെയുള്ള അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്‌ഗോമറിയിലേക്ക് എൈതിഹാസികമായ ആ മാര്‍ച്ച് നടത്തുകയാണ്.
ആഫ്രോ-അമേരിക്കന്‍ വനിതാസംവിധായകയായ 'എവ ഡുവേണേ' യാണ് സല്‍മയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ആഫ്രിക്കന്‍അമേരിക്കന്‍ വനിത സംവിധാനം ചെയ്ത സിനിമ ആദ്യമായി ഓസ്‌ക്കാര്‍ നോമിനേഷന്‍ നേടുന്നത് സെല്‍മയിലൂടെയാണ്. 'ഡേവിഡ് ഒയെലോവോ'യാണ് മാര്‍ട്ടിന്‍ലൂതര്‍കിങ്ങ് ജൂനിയറായി വേഷമിട്ടിരിക്കുന്നത്. 'ടോം വില്‍കിന്‍സണ്‍' ലിന്‍ഡന്‍ ജോണ്‍സനെ അനശ്വരമാക്കിയിരിക്കുന്നു. നടിയും ടെലിവിഷന്‍ അവതാരകയുമൊക്കെയായിരുന്ന 'ഓപ്ര വിന്‍ഫ്രി' യാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഉജ്വലമായ പ്രകടനാണ് ഡേവിസ് ഒയെലോവോ ഈ സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. സമരത്തിനൊരുങ്ങുന്ന മാര്‍ട്ടിന് കുടുംബത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍, ജിമ്മി ലീ ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം, ലിന്‍ഡന്‍ ജോണ്‍സനുമായുള്ള കൂടിക്കാഴ്ച്ചകള്‍, സംഘടനക്കുളളിലെ സംഘര്‍ഷങ്ങള്‍ ഇതൊക്കെ മികച്ചരീതിയില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ഡേവിസ് ഒയെലോവോക്കായി. ചരിത്രത്തോട് വേണ്ടത്ര നീതി പുലര്‍ത്തിയില്ല എന്ന ബയോപിക്ക്-ചരിത്ര സിനിമകള്‍ എല്ലാ കാലത്തും നേരിടേണ്ടി വരുന്ന ആരോപണം ഈ ചിത്രത്തിന് നേരേയും ഉയര്‍ന്നിരുന്നു. ലിന്‍ഡന്‍ ജോണ്‍സനെ തെറ്റായി അവതരിപ്പിച്ചു, സെല്‍മ സമരത്തില്‍ മാര്‍ട്ടിനൊപ്പം മുന്‍നിരയിലുണ്ടായിരുന്ന ചിലരെ വിട്ടുകളഞ്ഞു, കാലഗണന കൃത്യമായി പാലിച്ചില്ല ഇതൊക്കെയായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. എന്നാല്‍ ഇതൊരു ഡോക്യുമെന്ററിയല്ല, താനൊരു ചരിത്രകാരിയുമല്ല, എന്ന് പറഞ്ഞാണ് എവ ഈ വിമര്‍ശനങ്ങളെ നേരിട്ടത്.
വിയറ്റ്‌നം യുദ്ധം, മാല്‍ക്കം എക്‌സ്, എന്നിങ്ങനെ സമകാലിക സംഭവങ്ങളും വ്യക്തിത്വങ്ങളും ഈ സിനിമയുടെ പശ്ചാത്തലത്തില്‍ വന്നു പോകുന്നുണ്ട്. 1920കളില്‍ ജനിച്ച് ഒരേ കാലഘട്ടത്തില്‍ ജീവിച്ച് ഒരു വര്‍ഗ്ഗത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടും ഒരിക്കല്‍ പോലും സഹകരിച്ച് മുന്നോട്ട് പോകാന്‍ മാല്‍ക്കത്തിനും മാര്‍ട്ടിനും കഴിയാതിരുന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ ഈ ചിത്രത്തില്‍ കണ്ടെടുക്കാം. സെല്‍മയില്‍ വെച്ച് മാര്‍ട്ടിന്‍ അറസ്റ്റിലായ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ 'കോരറ്റാ സ്‌കോട്ട്' മാല്‍ക്കം എക്‌സിനെ കാണുന്നുണ്ട്. പിന്നീട് കൊരറ്റയുമായുള്ള സംഭാഷണത്തില്‍ മാല്‍ക്കത്തിന്റെ സഹായം തേടിയതിനെ കുറ്റപ്പെടുത്തുന്നുണ്ട് മാര്‍ട്ടിന്‍. വിവരമില്ലാത്ത ഉപദേശിയായും വെള്ളക്കാരനില്‍ നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്നവനായും പുതിയ കാലത്തെ അങ്കിള്‍ ടോമായുമൊക്കെയാണ് മാല്‍ക്കം തന്നെ ചിത്രീകരിച്ചിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ കൊരറ്റയോട് പറയുന്നു. ലിന്‍ഡന്‍ ജോണ്‍സന്റെ സംഭാഷണങ്ങളില്‍ മാല്‍ക്കത്തെ രണോത്സുകമായ ചെറുത്തുനില്‍പ്പിന്റെ പ്രതിനിധിയായാണ് കാണുന്നത്. ജീവിത്തിലൊരിക്കല്‍മാത്രമാണ് മാര്‍ട്ടിനും മാല്‍ക്കവും കണ്ടു മുട്ടുന്നത്. 1964 മാര്‍ച്ച് 26ന് വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ വെച്ചായിരുന്നു ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട് ആ കൂടിക്കാഴ്ച്ച. സിവില്‍ റൈറ്റ്‌സ് ബില്ലിന്‍മേലുള്ള അമേരിക്കന്‍ സെനറ്റിലെ ചര്‍ച്ച കേള്‍ക്കാനെത്തിയതായിരുന്നു ഇരുവരും.
ഹിംസാത്മകമായ ചെറുത്തുനില്‍പ്പിനെ പറ്റി മാല്‍ക്കം സംസാരിച്ചപ്പോള്‍, സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട് വെളുപ്പിനോട് കഠിനമായ എതിര്‍പ്പ് മാല്‍ക്കം വെച്ച് പുലര്‍ത്തിയപ്പോള്‍ ഗാന്ധിയായിരുന്നു ലൂതറുടെ വഴികാട്ടി. മാര്‍ട്ടിന്‍ ലൂതറിന്റെ അഹിംസാത്മകസമരമാര്‍ഗ്ഗം മെല്ലെപ്പോക്കാണെന്ന വിമര്‍ശനം മാല്‍ക്കത്തിനുണ്ടായിരുന്നു. വെള്ളക്കാരെ മൊത്തത്തില്‍ വംശീയമായി എതിര്‍ക്കുന്ന മാല്‍ക്കത്തിന്റെ നയങ്ങളോടും അതിരൂക്ഷമായ എഴുത്തിനോടും പ്രസംഗത്തോടും ലുഥറിനും തികഞ്ഞ വിയോജിപ്പായിരുന്നു. അത് കറുത്തവര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങളെ അക്രമത്തിലേക്കെത്തിക്കുമെന്നും അതു വഴി അവരുടെ നില കൂടുതല്‍ പരിതാപകരമാക്കുമെന്നും ലൂഥര്‍ കരുതി. ലൂഥറിന്റെ ഭാര്യയോട് നേരിട്ട് കാണുക പോലും ചെയ്യാത്ത തങ്ങള്‍ക്ക് എങ്ങിനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്നാണ് മാല്‍ക്കം ചോദിക്കുന്നത്. വ്യത്യസ്ഥ അഭിപ്രായമുണ്ട് എന്നതിനര്‍ത്ഥം അദ്ദേഹം തന്റെ ശത്രുവാണ് എന്നതല്ല എന്നും മാല്‍ക്കം പറയുന്നുണ്ട്. പിന്നീട് സെല്‍മ സമരം നടക്കുന്നതിന്റെ ഇടയിലൊരുനാളാണ് മാല്‍ക്കം കൊല്ലപ്പെടുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമേ സിനിമയിലുണ്ടാകുന്നുള്ളൂ. അത് തന്റെ പ്രഭാഷണത്തിനിടക്ക് അമേരിക്കയില്‍ ഒഴുകുന്ന ചോരയെക്കുറിച്ചും ചില ഉന്‍മൂലനങ്ങളെക്കുറിച്ചും പറയുന്നതിനിടയില്‍ ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാല്‍ക്കത്തിന്റെ കൊലപാതകവും പരാമര്‍ശിച്ച് കടന്നുപോകുന്നു എന്ന് മാത്രം.
വിയറ്റ്‌നാം യുദ്ധത്തിന്റെ വിമര്‍ശകനായിരുന്നു മാര്‍ട്ടിന്‍. സ്വന്തം നാട്ടിലെ ഒരു വിഭാഗം പൗരന്‍മാരുടെ പൗരവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത അമേരിക്ക വിയറ്റ്‌നാമിലെ ജനാധിപത്യം സംരക്ഷിക്കാനാണെന്ന പേരില്‍ നടത്തുന്ന യുദ്ധത്തിന്റെ കാപട്യം സെല്‍മ പ്രക്ഷോഭകാലഘട്ടത്തും ഉന്നയിക്കുന്നുണ്ട് മാര്‍ട്ടിന്‍. സെല്‍മ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വാഷിങ്ങ്ടണ്‍ പോസ്റ്റ് പ്രതിനിധിയും അതിക്രൂരമായി സര്‍ക്കാര്‍ സത്യഗ്രഹികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വിയറ്റ്‌നാം യുദ്ധത്തെ പരാമര്‍ശിച്ച് കടന്നുപോകുന്നു. മോണ്ട്‌ഗോമറിയില്‍ മാര്‍ട്ടിന്‍ലൂഥര്‍കിങ്ങ് ജൂനിയര്‍ പ്രസംഗിക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്. പക്ഷെ ഈ സമരം ആഫ്രോ-അമേരിക്കന്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം അതോടുകൂടി തീരുന്നില്ല. ഇത് സൃഷ്ടിച്ച പൊതുജനാഭിപ്രായം തന്നെയാണ് മാസങ്ങള്‍ക്ക് ശേഷം വോട്ടിങ്ങ് റൈറ്റ് ആക്ടില്‍ ലിന്‍ഡന്‍ ബി ജോണ്‍സനെക്കൊണ്ട് ഒപ്പ് വെപ്പിക്കുന്നത്. 1968 ഏപ്രില്‍ 4ന് തന്റെ 39-ാം വയസ്സില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടുന്നതിന് കാരണമായതും സല്‍മയടക്കമുള്ള വിമോചനപോരാട്ടങ്ങളുടെ വിജയം എതിര്‍പക്ഷത്ത് സൃഷ്ടിച്ച വെറുപ്പായിരുന്നു.
ആ മാറ്റങ്ങള്‍ക്കും വിജയങ്ങള്‍ക്കുമൊക്കെ ഇപ്പുറം ഇപ്പോഴും കാതലായ പ്രശ്‌നം പരിഹരിക്കപ്പെടാതെ തന്നെ കിടക്കുന്നു. 1525ലാണ് ആഫ്രിക്കയില്‍ നിന്നുള്ള അടിമകളുമായി ആദ്യകപ്പല്‍ അമേരിക്കയിലെത്തുന്നത്. സല്‍മ അടക്കമുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷവും എബ്രഹാം ലിങ്കന്റെയും മാല്‍ക്കം എക്‌സിന്റെയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും പേരറിയുന്നവരും അറിയാത്തവരുമായ നിരവധി പേരുടെ രക്തസാക്ഷിത്വത്തിന് ശേഷവും 500 വര്‍ഷത്തിനിപ്പുറം അവരിപ്പോഴും അമേരിക്കയിലെ രണ്ടാം തരം പൗരന്‍മാര്‍ തന്നെയായി തുടരുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ ?. ജിമ്മി ലി ജാക്‌സന്റെ മരണത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ നടത്തുന്ന പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെയാണ്.
'' Who murdered Jimmie Lee Jackson? We know a state trooper acting under the orders of George Wallace pointed the gun and pulled the trigger, but how many other fingers were on that trigger? Every white lawman who abuses the law to terrorize! Every white politician who feeds on prejudice and hatred! Every white preacher who preaches the Bible and stays silent before his white congregation! Who murdered Jimmie Lee Jackson? Every Negro man and woman who stands by without joining this fight as their brothers and sisters are humiliated, brutalized, and ripped from this earth! ''
Monday, May 25, 2020
എത്യോപ്യയോട് യാത്ര പറയുന്നു.
--------------------
ആഡിസിലെ ഗതാഗതക്കുരുക്കുകളില്‍ നിന്ന് കുതറി മാറി 12.30ഓടെ ഞങ്ങള്‍ ഡോ. അജിന്റെ ഫ്‌ളാറ്റിലെത്തി. പെട്ടെന്ന് തന്നെ ലഗേജുകളെടുത്ത് യാത്ര പറഞ്ഞിറങ്ങി. അജിന്‍ ഞങ്ങള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലേക്ക് വന്നില്ല. നിരവധി ജോലികള്‍ അദ്ദേഹത്തെ കാത്തുകിടപ്പുണ്ടായിരുന്നു.
നഗരത്തിരക്കുകളില്‍ നിന്നുംമാറി ബോലെയില്‍ സമ്പന്നരായവര്‍ താമസിക്കുന്ന ഒരിടത്താണ് അജിന്റെ ഫ്‌ളാറ്റ്. രണ്ട് കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക്. പക്ഷെ ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയമെടുത്തു ആ യാത്രക്ക്. തെരുവോരങ്ങളിലെ കച്ചവടം, യാതൊരു ട്രാഫിക്ക് മര്യാദകള്‍ക്കും വഴിപ്പെടാത്ത ഡ്രൈവര്‍മാര്‍, വാഹനങ്ങളെ ഒട്ടും കൂസാതെ നടന്നുനീങ്ങുന്ന കാല്‍നടയാത്രികര്‍, നഗരത്തിരക്കുകളില്‍ സ്വതന്ത്രമായി അലയുന്ന കന്നുകാലികളും നായ്ക്കളും. ആഡിസിന്റെ ചില വഴികളിങ്ങനെയാണ്.
മ്യൂസിയങ്ങളുടെ നഗരം കൂടിയാണ് എത്യോപ്യ. ലൂസി മുത്തശ്ശിയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന എത്യോപ്യന്‍ നാഷണല്‍ മ്യൂസിയം, എത്യോപ്യന്‍ എത്‌നോളജിക്കല്‍ മ്യൂസിയം, അഡിസ് അബാബ മ്യൂസിയം, എത്യോപ്യന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, എത്യോപ്യന്‍ റെയില്‍വേ മ്യൂസിയം, നാഷണല്‍ പോസ്റ്റല്‍ മ്യൂസിയം എന്നിവയൊക്കെ ഇവിടെയാണ്.
മെസ്‌കല്‍ സ്‌ക്വയര്‍, മെനെലിക് രാജാവിന്റെ ഇംപീരിയല്‍ കൊട്ടാരം (പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിതിന്ന്) ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ജൂബിലി കൊട്ടാരം. പാര്‍ലമെന്റ് മന്ദിരമായ ഷെന്‍ഗോ ഹാള്‍ എന്നിവയാണ് നഗരത്തിലെ മറ്റ് കാഴ്ച്ചകള്‍.
പ്രധാനനഗര വീഥികള്‍ക്ക് ഇരുപുറവുമായി കൂറ്റന്‍ കെട്ടിടങ്ങളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിങ്ങ് മാളുകളും നക്ഷത്രഹോട്ടലുകളും ഗവര്‍മെന്റ് കെട്ടിടങ്ങളും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും അതിന് പുറകില്‍ ചേരികളും അഴുക്കുചാലുകളും ചവറുകൂനകളും നിറഞ്ഞ മനുഷ്യര്‍ ഇടതിങ്ങി കഴിയുന്ന മറ്റൊരു ആഡിസ് ഒളിഞ്ഞിരിക്കുന്നുണ്ട്. 3 ദശലക്ഷത്തിലധികമാണ് ഈ മഹാനഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ.
ലൈംഗികതൊഴിലിന് കുപ്രസിദ്ധമായ നഗരം കൂടിയാണ് ആഡിസ്. ക്ഷാമങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും വംശീയകലാപങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പട്ടിണിയും ഈ നഗരത്തില്‍ കൊണ്ടു ചെന്നെത്തിച്ച സ്ത്രീകളുടെ എണ്ണം വളരെ വലുതാണ്. അനാഥകുട്ടികളും യാചകരും തെരുവു വേശ്യകളും അടക്കം ആഡിസില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരത്തോളമാണ്. ഇതിന് 90% ത്തോളം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്നവരാണ്.
പുതുക്കിയ നിയമപ്രകാരം ഭിക്ഷാടനവും വേശ്യാവൃത്തിയും ആഡിസില്‍ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും അതിന് തടയിടാനോ തിലേര്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനോ സര്‍ക്കാരിനായിട്ടില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടേയും പ്രതിദിനവരുമാനം 1 ഡോളറില്‍ താഴെയാണ്. അതു തന്നെയാണ് അവരെ ഭിക്ഷാടനത്തിലേക്കും വേശ്യാവൃത്തിയിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതും. പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെ കുറ്റകരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ലൈംഗികത ഉപയോഗിക്കുന്നതിനെയാണ് 2005ലെ നിയമം തടയുന്നത്. ബാലലൈംഗിക ചൂഷണത്തിന്റെ ലോകത്തിലെ തന്നെ കുപ്രസിദ്ധ കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ആഡിസ് ഇന്ന്.
തെരുവുജീവിതങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും വിദേശ ഏജന്‍സികളും ചേര്‍ന്ന് നടത്തുന്നുണ്ടെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ഈ തെരുവില്‍ എത്തിപ്പെടുന്നവരുടെ ഏണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ ഒരു മനുഷ്യക്കടത്ത് കേന്ദ്രം കൂടിയാണ് ആഡിസ്. മിഡില്‍ ഈസ്റ്റിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നിര്‍ബന്ധിതജോലിക്കും ലൈംഗികതൊഴിലിനും മറ്റുമായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിഗ്രാമങ്ങളില്‍ നിന്നെത്തുന്നവരെ കടത്തിക്കൊണ്ടുപോകുന്നുണ്ട് ഇവിടെ നിന്നും.
മനുഷ്യന്‍ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകള്‍ക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍. എത്യോപ്യന്‍ മണ്ണില്‍ നിരവധിയായ കാഴ്ച്ചകള്‍ ഇപ്പോഴും ബാക്കികിടക്കുകയാണ്. ലാലിബെല്ല തന്നെയാണ് അതില്‍ പ്രധാനം. ഗോണ്ടേര്‍ കോട്ട, ബ്ലൂനൈലിന്റെ ഉത്ഭവ കേന്ദ്രം, ഉപ്പു തടാകം, അഗ്നിപര്‍വ്വത മുഖം. പുരാതനമായ മൊണാസ്ട്രികള്‍ അങ്ങിനെ ഒട്ടനവധി കാഴ്ച്ചകള്‍. ആഡിസ് അബാബ നഗരത്തിലെ നിരവധിയായ കാഴ്ച്ചകളും ബാക്കിയുണ്ട്. പക്ഷെ കണ്ടു തീര്‍ത്തതെല്ലാം തികച്ചും ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ച്ചകളും അനുഭവങ്ങളായിരുന്നു. അടുത്തറിയുമ്പോഴാണ് നമ്മുടെ മുന്‍ധാരണകള്‍ പലതും തെറ്റായിരുന്നെന്ന് തിരിച്ചറിയികുക. മനസ്സുപൊള്ളിക്കുന്ന മുഖങ്ങളും കാഴ്ച്ചകളും ബാക്കിയുണ്ടെങ്കിലും ശേഷിക്കുന്നത് പ്രത്യാശ തന്നെയാണ്. ഗോത്രസംഘര്‍ഷങ്ങളെയും അഴിമതിയെയും രാഷ്ട്രീയ അസ്ഥിരതയെയും പുത്തന്‍ കോളനിവല്‍ക്കരണത്തേയും മറികടക്കാന്‍ തീര്‍ച്ചയായും എത്യോപ്യക്കാകും. പുതിയ യുഗത്തില്‍ ആഫ്രിക്കന്‍ വന്‍കരക്ക് വെളിച്ചം വീശുന്നത് എത്യോപ്യയായിരിക്കും.
വിമാനത്തിലെ യാത്രക്കാരില്‍ അധികവും എത്യോപ്യന്‍ സ്വദേശികള്‍ തന്നെയാണ്. മലയാളികളെപ്പോലെ എത്യോപ്യക്കാരില്‍ വലിയൊരു വിഭാഗവും പ്രവാസികളാണ്. രണ്ടാം ലോകമഹായുദ്ധകാലത്തും പിന്നീട് പലപ്പോഴായുണ്ടായ ക്ഷാമങ്ങളുടെ കാലത്തും റെഡ് ടെറര്‍ കാലത്തും ഏറിത്രിയയുമായുണ്ടായ യുദ്ധകാലത്തും വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുമൊക്കെ നാടുവിട്ടവര്‍. അവരില്‍ പലരും ഇന്ന് എത്യോപ്യയിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്നു. അവരുടെ മുന്‍കൈയ്യില്‍ പല വാണിജ്യ-വ്യവസായ പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു. ആഡിസിന്റെ മുഖച്ഛായ മാറ്റുന്നതും അവരാണ്.
എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്റെ നേതൃത്വത്തില്‍ എറിത്രിയയുമായി ദീര്‍ഘകാലം തുടര്‍ന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിയത് രാജ്യത്തിന്റെ കുതിപ്പിന് വലിയ രീതിയില്‍ സഹായകരമാകും. വലിയ ടൂറിസം സാധ്യതകളുള്ള നാടാണ് എത്യോപ്യ സമാധാനം പുലരുന്നത് ആ രംഗത്തേയും വലിയ രീതിയില്‍ സഹായിക്കും. ബ്ലൂനൈലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഡാം എത്യോപ്യയുടെ മുഖച്ഛായ മാറ്റും
(അവസാനിച്ചു)